സ്റ്റാര്‍ട്ടപ് യാത്ര ഗ്രാന്‍ഡ് ഫിനാലെ: അരുണിമ സി ആര്‍ മികച്ച വനിതാ സംരംഭക 

തിരുവനന്തപുരം: ജലാശയങ്ങളിലെ ഖരമാലിന്യം മനുഷ്യസഹായമില്ലാതെ നീക്കം ചെയ്യുന്നതിനുള്ള ഉപകരണം നിര്‍മിക്കാന്‍  ആശയം അവതരിപ്പിച്ച് അരുണിമ സി.ആര്‍ സ്റ്റാര്‍ട്ടപ് യാത്ര ഗ്രാന്‍ഡ് ഫിനാലെയില്‍ മികച്ച വനിതാ സംരംഭകയ്ക്കുള്ള പുരസ്കാരം നേടി.  വയനാട് മീനങ്ങാടി സര്‍ക്കാര്‍ പോളിടെക്നിക് കോളേജിലെ മെക്കാനിക്കല്‍ ഡിപ്ലോമ വിദ്യാര്‍ത്ഥിനിയാണ് അരുണിമ.

വന്‍നഗരങ്ങളില്‍നിന്ന്  സംസ്ഥാനത്തെ ഇടത്തരം, ചെറുകിട പട്ടണങ്ങളിലേയ്ക്കും  സംരംഭകത്വത്തിന്‍റെ വഴി തുറക്കുകയെന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കാരിന്‍റെ  കേരള സ്റ്റാര്‍ട്ടപ് മിഷനും (കെഎസ്യുഎം) കേന്ദ്ര സര്‍ക്കാരിന്‍റെ സ്റ്റാര്‍ട്ടപ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിച്ച സ്റ്റാര്‍ട്ടപ് യാത്രയുടെ ഗ്രാന്‍ഡ് ഫിനാലെയില്‍ ആശയങ്ങളുടെ മികവില്‍ ഇരുപതോളം സംഘങ്ങളാണ് ജേതാക്കളായത്. 

കര്‍ഷകര്‍ക്കായി ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ തയ്യാറാക്കി കാസര്‍ഗോഡുനിന്നെത്തിയ റഷീദ വിപി വനിതാ സംരംഭക വിഭാഗത്തില്‍ രണ്ടാം സ്ഥാനവും തലച്ചോര്‍ നിയന്ത്രിത വീല്‍ചെയര്‍ ആശയം അവതരിപ്പിച്ച് കോട്ടയത്തു നിന്നെത്തിയ ആന്‍ഡ്രിയ ആന്‍റണി മൂന്നാം സ്ഥാനവും നേടി.

മികച്ച വനിതാ സംരംഭകര്‍ ഉള്‍പ്പെടെ ഹീറോ ഓഫ് ദ സ്റ്റേറ്റ്, മികച്ച ടെക്നോളജി സ്റ്റാര്‍ട്ടപ്, മികച്ച സാമൂഹ്യ സ്റ്റാര്‍ട്ടപ്, മികച്ച സുസ്ഥിര സ്റ്റാര്‍ട്ടപ് എന്നീ വിഭാഗങ്ങളിലായാണ് ഇരുപതോളം സംഘങ്ങളെ ജേതാക്കളായി തിരഞ്ഞെടുത്തത്.

ഹീറോ ഓഫ് ദ സ്റ്റേറ്റ് ആയി ദേവി വിഎസ് (തിരുവനന്തപുരം), ജിതിന്‍ ജെ (കൊല്ലം), തോമസ് സിറിയക് (കോട്ടയം), സച്ചു ശിവറാം എസ് (കൊച്ചി), വര്‍ഷ ജെ. (തൃശൂര്‍), മുഹമ്മദ് സഹീര്‍ മരക്കാത്തേല്‍ (കോഴിക്കോട്), അനീഷ് ബ്ലസന്‍റ് (വയനാട്), ഹാരിസ് (കാസര്‍ഗോഡ്) എന്നിവരുടെ സംഘത്തെ തെരഞ്ഞെടുത്തു.

മികച്ച ടെക്നോളജി സ്റ്റാര്‍ട്ടപ് വിഭാഗത്തില്‍ അമല്‍ സി സജി ഒന്നാം സ്ഥാനവും രാഹുല്‍ കെ.എസ് രണ്ടാം സ്ഥാനവും അനി സാം വര്‍ഗീസ് മൂന്നാം സ്ഥാനവും നേടി. മികച്ച സാമൂഹ്യ സ്റ്റാര്‍ട്ടപ് വിഭാഗത്തില്‍ റിസ്വാന്‍ അഹമ്മദ് കെ ഒന്നാം സ്ഥാനവും ഉഷാ നന്ദിനി രണ്ടാം സ്ഥാനവും നോറീന്‍ എന്‍ മൂന്നാം സ്ഥാനവും നേടി. മികച്ച സുസ്ഥിര സ്റ്റാര്‍ട്ടപ് വിഭാഗത്തില്‍ കെവിന്‍ ആര്‍ ഒന്നാം സ്ഥാനവും  അമല്‍ജിത് എസ്ബി രണ്ടാം സ്ഥാനവും രാഗേഷ് മൂന്നാം സ്ഥാനവും നേടി.

പങ്കെടുത്ത നൂറ്റിയെണ്‍പതോളം പേരില്‍ നിന്നുള്ള  എണ്‍പതോളം ആശയങ്ങളില്‍ നിന്നാണ് 20 ആശയങ്ങള്‍ സമ്മാനാര്‍ഹമായത്. പത്തരലക്ഷം രൂപയുടെ സമ്മാനങ്ങളാണ് ഈ ആശയങ്ങള്‍ കരസ്ഥമാക്കിയത്. ഗ്രാന്‍ഡ് ഫിനാലെയിലെത്തിയ എല്ലാ ആശയങ്ങളും കെഎസ്യുഎമ്മിന്‍റെ ഇന്‍കുബേഷനും അര്‍ഹമായി.

കേരളത്തിനു പുറത്തുള്ള സ്റ്റാര്‍ട്ടപ്പുകളെ ഇവിടേയ്ക്ക് ആകര്‍ഷിക്കാനും ദേശീയതലത്തില്‍ കേരള സ്റ്റാര്‍ട്ടപ് മിഷന്‍റെ  (കെഎസ്യുഎം) പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിനുമായുള്ള ദേശീയ ഇന്‍കുബേഷന്‍ സഹകരണ കരാറില്‍  ഗുഡ്ഗാവ് ആസ്ഥാനമായുള്ള സിന്‍ജെക്സ് എക്സിബിഷന്‍ (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡും കേരള സ്റ്റാര്‍ട്ടപ് മിഷനും ഒപ്പുവച്ചു. സ്റ്റാര്‍ട്ടപ് ഇന്ത്യ പ്രതിനിധി ദീക്ഷാ സിംഗും കെഎസ്യുഎം സിഇഒ ഡോ. സജി ഗോപിനാഥുമാണ് കരാറില്‍ ഒപ്പുവച്ചത്.

മികച്ച സംരംഭകത്വ ആശയങ്ങളുടെ സമാഹരണ യാത്രയായ സ്റ്റാര്‍ട്ടപ് യാത്ര സാങ്കേതികേതിര കലാലയങ്ങളിലും എത്തിയതായും അത്തരം സ്ഥാപനങ്ങളില്‍ നിന്നാണ് മൂല്യവത്തായ ആശയങ്ങള്‍ ലഭ്യമായതായും കെഎസ്യുഎം സിഇഒ ഡോ. സജി ഗോപിനാഥ് പറഞ്ഞു. സ്റ്റാര്‍ട്ടപ് ഇന്ത്യ പ്രതിനിധിയായ അമിത് ശര്‍മ്മയും സമാപന സമ്മേളനത്തില്‍ പങ്കെടുത്തു.

സ്റ്റാര്‍ട്ടപ് സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാനായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള പദ്ധതിയായ സ്റ്റാര്‍ട്ടപ് ഇന്ത്യയുടെ സഹകരണത്തോടെയാണ് കെഎസ്യുഎം യാത്ര നടത്തിയത്. നൂതനത്വത്തിലൂടെയും രൂപകല്‍പനയിലൂടെയും സ്റ്റാര്‍ട്ടപ് ആശയങ്ങളെ യാഥാര്‍ഥ്യമാക്കാനുളള പദ്ധതിയാണ് സ്റ്റാര്‍ട്ടപ് ഇന്ത്യ.

നവംബര്‍ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ പച്ചക്കൊടി കാണിച്ച യാത്ര കാസര്‍കോട് വരെ സഞ്ചരിച്ചാണ് മടങ്ങിയത്. 14 കേന്ദ്രങ്ങളില്‍ യാത്ര യുവജനങ്ങളുമായി സംവദിച്ചു. വിദ്യാര്‍ഥികളെയടക്കം പങ്കെടുപ്പിച്ച്  എട്ട് ബൂട്ട് ക്യാമ്പുകള്‍ നടത്തി. ഈ ക്യാമ്പുകളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട ആശയങ്ങളാണ് സംരംഭകത്വത്തിലേയ്ക്കുള്ള പ്രതീക്ഷയുമായി എത്തിയത്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

വിദ്യാഭ്യാസ രംഗത്ത് സ്വാശ്രയപൂർണമായ  ആവാസവ്യവസ്ഥ സൃഷ്ടിക്കണം: മന്ത്രി സി. രവീന്ദ്രനാഥ്

സമ്പൂർണ മാലിന്യ നിർമാർജനം ലക്ഷ്യമിട്ട് ശുചിത്വ മിഷൻ