in

22 യാർഡ് നീളുന്ന സ്വപ്നം

എത്രയേറെ തവണ കണ്ടാലും മതിയാകാത്ത, വീണ്ടും വീണ്ടും കാണാൻ കൊതിക്കുന്ന, കണ്ടു കൊണ്ടേയിരിക്കുന്ന, ഒരു സിനിമയുണ്ട്. നാഗേഷ് കുക്കുനൂർ അണിയിച്ചൊരുക്കിയ ‘ഇക്‌ബാൽ’. എത്രയോ തവണ കണ്ടിട്ടുണ്ട്, കണ്ടു മതിയായിപ്പോകും എന്ന നിലയിൽ കണ്ടുകണ്ട്‌ ഇഷ്ടം കൂടിയ ഒരു സിനിമ. ഇന്നലെ വീണ്ടും കണ്ടു.

എന്ത് കൊണ്ട് ഈ സിനിമ ഇഷ്ടം കൂട്ടുന്നു എന്ന ചോദ്യത്തിന് ഒരുത്തരമേയുള്ളു. ഒരു സിനിമയെന്ന നിലയിൽ എല്ലാ മേഖലകളിലും ആസ്വാദനം ഉറപ്പാക്കിയ സിനിമ എന്നത് തന്നെ. കണ്ടു കണ്ട്, ആ സിനിമയിലോട്ട് ഇറങ്ങി ചെല്ലുന്നത് പല വേഷങ്ങളിലാണ്, ഭാവങ്ങളിലാണ്.

സ്പോർട്സ് സിനിമകളോട് പ്രത്യേക മമത എന്നും ഉള്ളിൽ കൊണ്ട് നടക്കുന്നയാളാണ്‌ ഞാൻ. വിദേശ-സ്വദേശ നിർമ്മിതങ്ങളായ ഒട്ടനവധി സ്പോർട്സ് ചിത്രങ്ങൾ കാണാനും കഴിഞ്ഞിട്ടുണ്ട്. അത്തരം ചില സിനിമകളിൽ കണ്ടു മറന്നവയുണ്ട്, കൂക്കി വിളിച്ചും കയ്യടിച്ചും പ്രോത്സാഹിപ്പിച്ചവയുണ്ട്, കൈകെട്ടിയിരുന്ന് ഇതൊന്നു കഴിഞ്ഞെങ്കിൽ വേറെ എന്തെങ്കിലും ചെയ്യാമായിരുന്നുവെന്നു തോന്നിപ്പിച്ചവയുണ്ട്, ഉറക്കം വരുത്തിയവയുണ്ട്.

എന്നാൽ ഉറക്കം കെടുത്തുന്ന, മസ്തിഷ്ക്കത്തിനും മനസ്സിനും ഒരുപോലെ ഉത്സവപ്രതീതിയുളവാക്കുന്ന സിനിമയാണെനിക്ക് എന്നും ഇക്‌ബാൽ. 1983 ൽ ഇന്ത്യയുടെ ആദ്യ ക്രിക്കറ്റ് ലോകകപ്പ് വിജയം പോലെ. ഒരിക്കലെങ്കിലും ബാറ്റും ബോളും കയ്യിലെടുത്തിട്ടുള്ള ഓരോ ഇന്ത്യക്കാരനും ഓർമയിൽ സൂക്ഷിച്ചു നെഞ്ചേറ്റി നടക്കുന്ന വർഷമാണ് 1983. ക്രിക്കറ്റ് മൂലം ഇന്ത്യൻ ജനത ദേശസ്നേഹികളായി മാറിയ വർഷം. കപിൽ ദേവിന്റെ കയ്യിൽ അന്നാദ്യമായി ലോകകപ്പ് സഹർഷം പുഞ്ചിരിതൂകി നെഞ്ച് നിവർത്തി നിന്ന വർഷം. അന്ന് മുതൽ ഇന്ന് വരേയ്ക്കും, ക്രിക്കറ്റ് ദേശീയതയുടെ മായാത്ത ചിന്ഹമായി നിലകൊള്ളുന്നു. ഇക്‌ബാൽ, പക്ഷെ,വെറും ദേശീയതയുടെ പ്രതീകമായി പടച്ചു വിട്ട അഭ്ര സൃഷ്ടിയല്ല.

അതിലും മേലെ, നിവർന്നു ഒറ്റക്കെട്ടായി നിന്ന് വെല്ലുവിളിക്കുന്ന മൂന്ന് സ്റ്റമ്പുകൾക്കു മേൽ ഒരു മീഡിയം പേസ് ബോളിന്റെ ഇൻസ്വിങ്ങർ പോലെ തറഞ്ഞിറങ്ങുന്ന അനുഭവമാണ്.

കളിയുടെ വാണിജ്യകാര്യദുരിതങ്ങളിലുടക്കി ദുരന്തം ചെറിയ കുപ്പികളിലലിഞ്ഞ് വലിയ സമാധാനം കണ്ടെത്തി ഏതെങ്കിലുമൊരു വൈക്കോൽക്കൂനയിൽ മുഖമമർത്തി ദിനരാത്രങ്ങൾ തള്ളിനീക്കാൻ വിധിക്കപെട്ട പഴയകാല ക്രിക്കറ്ററുടെയും, ചുറ്റുമുള്ള ലോകം കരുതുന്നതും പറയുന്നതും കേൾക്കാനോ, പ്രതികരിക്കാനോ കഴിയാത്ത, ക്രിക്കറ്റാണ് ജീവിതം എന്ന് വിശ്വസിച്ചു നടക്കുന്ന യുവാവിന്റെയും ജീവിതമാണ് ഇക്‌ബാൽ പറയുന്നത്. “മുഷ്കിൽ, പർ നാ മുംകീൻ നഹീ” (പ്രയാസമെങ്കിലും അസാധ്യമല്ല) എന്ന തത്വചിന്തയാണ് കഥയുടെ തന്തു.

രണ്ടു ജീവിതങ്ങൾ ഒന്നാകുന്ന കഥപറച്ചിൽ. ദുരന്തംപേറി വന്ന കളിയുടെ കള്ളക്കളികളിൽ മനം നൊന്ത് ‘ദിൽ ഔർ ദിമാഗ് സെ’ ക്രിക്കറ്റിനെ പടിയടച്ചു പുറത്താക്കിയ പഴയകാല ക്രിക്കറ്റ് കളിക്കാരൻ. ഒരു ഡ്രോപ്പ്ഡ് ക്യാച്ച് പോലെ ജീവിതത്തിലും കളിക്കളത്തിലും മൂക്കുകുത്തി മുഖമടച്ചു വീണുപോയയാൾ. വർഷങ്ങൾക്കു ശേഷം ഒരുച്ചനേരത്ത് ചുവപ്പിന്റെ ലാഞ്ചന മാത്രം പേറുന്ന തുകൽ പന്ത് കയ്യിലെടുത്ത് മണം പിടിച്ച്, ഒരിറ്റു തുപ്പൽ ചേർത്ത്, മുഷിഞ്ഞ ട്രൗസറിനു മീതെ ഇയാൾ മെല്ലെയൊന്നുരയ്ക്കുമ്പോൾ, നസീറുദ്ദിൻ ഷാ എന്ന മഹാനടന്റെ മുഖത്തും മനസ്സിലും മിന്നിമറയുന്ന ഒരു ഭാവമുണ്ട്. ആ ഭാവ തീവ്രതയാണ് ഇക്‌ബാലിന്റെ കാതൽ. ഒരു തരത്തിലും അനുകരണീയമല്ലാത്ത നടന്റെ ഭാവം. മഹാനടന് ഒപ്പം നിൽക്കുന്നുണ്ട്, ക്രിക്കറ്റ് ഉള്ളിൽ കൊണ്ട് നടക്കുന്ന മൂകനും ബധിരനുമായ ഇളമുറക്കാരനായി ശ്രേയസ് താൽപ്പഡേയും, ചേട്ടന്റെ സ്വപ്നം സാക്ഷാത്കരിക്കാനായി എന്തും ചെയ്യാനൊരുങ്ങി നടക്കുന്ന കുഞ്ഞനുജത്തിയായി ശ്വേതാ പ്രസാദും.

ഇക്‌ബാൽ സ്വപ്നഭംഗത്തിന്റെ, സ്വപ്നസാക്ഷാത്കാരത്തിന്റെ, പ്രതീക്ഷയുടെ വിജയപർവമാണ്. തുകലുകൊണ്ടു നിർമ്മിച്ച ‘റെഡ് ചെറി’ സ്വപ്ന ഗോളമായി, ലോകഗോളമായി മാറുന്നതു കാണുന്ന, അനുഭവിക്കുന്ന  ഇക്‌ബാൽ. ‘ദിൽ ഔർ ദിമാഗ് സെ‘ കാര്യങ്ങൾ ചെയ്തു വിക്കറ്റുകൾ കൊയ്യുന്ന മനസ്സിന്റെ, മനസ്സുകളുടെ ഇക്‌ബാൽ. സിനിമ വീണ്ടും കണ്ടു കഴിയുമ്പോൾ ഉള്ളിൽ റീപ്ളേ ചെയ്യപ്പെടുന്ന രംഗങ്ങളുടെ നീണ്ട റീവൈൻഡിനിടയ്ക്കു വീണ്ടും വീണ്ടും മുഴങ്ങുന്നത് ഇത് കൂടിയാണ്: “എല്ലാ പന്തും വിക്കറ്റ് വീഴ്ത്താൻ വേണ്ടി എറിയുന്നവയാവരുത്”. പല്ലു കൊഴിഞ്ഞിട്ടും ശൗര്യം വിടാത്ത പഴയ കളിക്കാരന്റെ മനസ്സ് മഥിക്കുന്ന ഭാഷ്യം. ക്രിക്കറ്റ് മനസ്സിൽ കൊണ്ടു നടക്കുന്ന, സ്വപ്‌നങ്ങൾ മനസ്സു നിറയെ കൊണ്ട് നടക്കുന്ന ഓരോ മനുഷ്യനും ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട ചിത്രം. ഇക്‌ബാൽ അതാണ്. അതിലേറെയുമാണ്.

  • സഞ്ജീവ്  രാമചന്ദ്രൻ 

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Mohan Lal, press conference, AMMA, actress attack case, Dileep, Thilakan, film industry, explanation, WCC, 

മോഹൻ ലാൽ നയം വ്യക്തമാക്കവെ

traffic rules, violation, roads, fines, penalty, Kerala, helmet, Behra, Kummanam, kodiyeri, Ummen Chandy, Kanam, Chief Minister, over speed, 

കാരണവന്മാർ അടുപ്പത്ത് തുപ്പുമ്പോൾ