in ,

ഒരു മാസത്തിലധികമായി ഭൂമി സ്‌കൂളിൽ പോകുന്നില്ലെന്ന് ബിന്ദു തങ്കം കല്ല്യാണി 

ശബരിമല പ്രവേശനത്തിന് ശ്രമിച്ച അധ്യാപിക ബിന്ദു തങ്കം കല്യാണിക്കെതിരെ സംഘ്പരിവാർ പ്രവർത്തകർ രൂക്ഷമായ ആക്രമണമാണ് നടത്തിയത്. സോഷ്യൽ മീഡിയയിലെ തെറി വിളികൾക്കും കൊലവിളികൾക്കും പുറമേ അവർ ജോലി ചെയ്യുന്ന സ്ഥാപനം വരെയെത്തി അക്രമികളുടെ തേർവാഴ്ച. സ്‌കൂളിലേക്കുള്ള വഴി നീളെ  നാമജപികളുടെ അശ്ളീല പേക്കൂത്തുകൾ അരങ്ങേറി. ഇപ്പോൾ മകൾ ഭൂമിയുടെ വിദ്യാഭ്യാസവും മുടങ്ങിയിരിക്കുന്നു. പരിഹാസവും കുത്തുവാക്കും മൂലം കടുത്ത മാനസിക സമ്മർദ്ദത്തിനടിപ്പെട്ട ഭൂമി തന്നെയാണ് സ്‌കൂളിൽ പോകേണ്ട എന്ന തീരുമാനത്തിൽ എത്തിയതെന്ന് ബിന്ദു പറയുന്നു. അഗളിയിൽ നിന്ന് ആനക്കട്ടി വിദ്യാവനം സ്‌കൂളിലേക്ക് ഭൂമിയെ മാറ്റാൻ ശ്രമിക്കുമ്പോഴും അഗളി സ്‌കൂളിനെതിരെ താൻ മോശമായി ഒന്നും പറഞ്ഞിട്ടില്ല. മറിച്ചുള്ള പ്രചരണങ്ങളെല്ലാം അസത്യമാണ്. അനക്കട്ടിയിൽ നാമജപക്കാർ കൂടിയത് എങ്ങിനെ എന്ന് അന്വേഷണത്തിലൂടെ പുറത്ത് കൊണ്ടുവരണം. ഒരു കുഞ്ഞിന്റെ വിദ്യാഭ്യാസം മുടക്കി എന്ന ക്രൂരത ചെയ്തവരെ വെറുതെ വിടരുത്.

ബിന്ദു തങ്കം കല്യാണി എഴുതുന്നു 


ഒരു മാസത്തിലധികമായി ഭൂമി സ്കൂളിൽ പോകുന്നില്ല. അത് Lack of interest കൊണ്ടല്ല.. പൊതു വിദ്യാലയത്തിൽ തന്നെയാണ് ഭൂമി എൽ കെ ജി  മുതൽ ഇതുവരെ പഠിച്ചത്. ഞാൻ കോഴിക്കോട് നിന്ന് അട്ടപ്പാടിക്ക് ട്രാൻസ്ഫർ ആയി വന്നപ്പോഴും ഭൂമിയെ ഞാൻ പഠിപ്പിക്കുന്ന സ്കൂളിൽ തന്നെയാണ് ചേർത്തത്. ഭൂമിക്ക് അവിടെ നിന്നും നേരിടേണ്ടി വന്ന മാനസിക സമ്മർദ്ദങ്ങളും മറ്റ് മോശമായ അനുഭവങ്ങളും കൊണ്ടാണ് ആ സ്കൂളിലേക്ക് പോകുന്നില്ല എന്ന് അവൾ തീരുമാനിച്ചത്..

പതിനഞ്ച് ദിവസം തുടർച്ചയായി അവധിയിലായാൽ ആ കുട്ടിയെ റോളിൽ  നിന്ന് നീക്കം  ചെയ്യാൻ നിയമമുണ്ട്. പതിനഞ്ച് ദിവസമോ അതിൽ കൂടുതലോ ദിവസങ്ങൾ ഭൂമി ഈ സ്കൂൾ അന്തരീക്ഷത്തിൽ നിന്ന് അനുഭവിച്ച മാനസിക സമ്മർദ്ദം മാത്രമാണ് അങ്ങനെ ഒരു തീരുമാനത്തിന് കാരണം. ഭൂമിയെ Roll Remove ചെയ്യുന്നു എന്ന് പ്രധാന അധ്യാപികയോ ക്ലാസ് ടീച്ചറോ രേഖാ മൂലം എന്നെ അറിയിച്ചിട്ടില്ല. ഭൂമിയുടെ മാനസികാവസ്ഥ മോശമാവാൻ ഈ സ്കൂൾ അന്തരീക്ഷത്തിൽ കാരണമായതെല്ലാം വിദ്യാഭ്യാസ അവകാശ നിയമനിഷേധമാണ്. ഭൂമിയുടെ സ്വസ്ഥത പരിഗണിച്ച് അവളെ മറ്റൊരു സ്കൂളിലേക്ക് മാറ്റാൻ ഞാൻ നിർബന്ധിതയാവുകയാണുണ്ടായത്. ഇതിനെതിരെ ഞാൻ കൂടി പഠിപ്പിക്കുന്ന സ്കൂൾ എന്ന നിലക്കും ശബരിമല പ്രവേശനത്തിന് ശ്രമിച്ചു എന്നതിന്റെ കാരണത്താൽ നിലനിൽക്കുന്ന സംഘർഷങ്ങളും പരിഗണിച്ചും തന്നെയാണ് സ്കൂളിലെ അധ്യാപകനെതിരെ പോലും പരാതി പറയാതെ ഭൂമിയെ സ്വസ്ഥമായ ഒരന്തരീക്ഷത്തിലേക്ക് മാറ്റി നിർത്താൻ പുതിയ സ്കൂൾ അന്വേഷിച്ച് പോയത്.

നാമജപക്കാരുടെ ശരണംവിളി / തെറിവിളി ഭീഷണികൾ നിലനിന്നപ്പോൾ ഒരധ്യാപിക എന്ന നിലയിൽ എനിക്ക് വേണ്ടി ശക്തമായ പിന്തുണയുമായി വന്ന പി ടി എ  ഉള്ള സ്കൂൾ കൂടിയാണിത്. ആ പിന്തുണ  ഇപ്പോഴും എനിക്കുണ്ട്.. അഗളി സ്കൂളിൽ നിന്നുണ്ടായ ചില സാഹചര്യങ്ങൾ, അവിടെയുള്ള ചില ആളുകൾ ഭൂമിയോട് മോശമായി പെരുമാറുന്നു എന്നതുകൊണ്ട് ഒരു സ്കൂൾ മുഴുവൻ അതിന് ഉത്തരവാദിയാവുന്നില്ല. പക്ഷേ വിദ്യാഭ്യാസ അവകാശ നിഷേധത്തിന് ഇത്തരം ചില പ്രവർത്തികൾ കാരണമായിട്ടുണ്ട് എന്നത് തന്നെയാണ് സത്യം.

ആനക്കട്ടി വിദ്യാവനം സ്കൂളിൽ സംഘപരിവാർ എത്തി പ്രിൻസിപ്പാളിനെ ഭീഷണിപ്പെടുത്തിയതിന് പിന്നാലെ താൽക്കാലികമായി അവർ അഡ്മിഷൻ പരിപാടികൾ നിർത്തിവെച്ചു.’അത് എന്നെ അറിയിക്കുകയും ചെയ്തിരുന്നു.. പിന്നീടാരും അവിടുന്ന് എന്നെ വിളിച്ചിട്ടില്ല..

എന്നാൽ ഞാൻ അഗളി സ്കൂളിനെ മോശമാക്കി നശിപ്പിക്കാൻ ശ്രമിക്കുന്നു എന്നൊരു വ്യാപകമായ പ്രചരണം നടക്കുന്നതായി അറിഞ്ഞു.. എന്നാൽ അങ്ങനെ ഒന്ന് ഞാനെവിടെയും പറഞ്ഞിട്ടില്ല. കാരണം അങ്ങനെയെങ്കിൽ ഭൂമിയെ മാറ്റാൻ ശ്രമിക്കും മുൻപേ  എനിക്ക് പരാതി നൽകാമായിരുന്നു.. ഭൂമിയെ മാറ്റുന്ന വിവരം എനിക്കും സ്കൂളിലെ ചില അധ്യാപകർക്കും മാത്രമേ അറിവുണ്ടായിരുന്നുള്ളൂ. ടി സി  യെക്കുറിച്ച് ചർച്ച ചെയ്തപ്പോൾ വിദ്യാവനം സ്കൂളിലാണ് ചേർക്കുന്നതെന്ന് സ്കൂളിലെ ചില അധ്യാപകരോട് പറഞ്ഞിരുന്നു. അടിയന്തിരമായി അഗളിയിലേക്ക് പോരേണ്ടി വന്നപ്പോൾ  കോഴിക്കോട് സ്കൂളിൽ നിന്ന് ചില സാങ്കേതിക കാരണങ്ങളാൽ TC കിട്ടിയില്ല. എന്നാൽ അതിനുള്ള അപേക്ഷ കൊടുക്കുകയും ചെയ്തിട്ടുണ്ട്. അടിയന്തിര ഘട്ടത്തിൽ കുട്ടിയെ ചേർക്കുന്നതിന് TC അപ്പോൾത്തന്നെ ആവശ്യവുമില്ല. അത് പിന്നീട് വാങ്ങി കൊടുത്താൽ മതിയാവും.. കോഴിക്കോട് പോവാനും ടി സി വാങ്ങാനും  ചെയ്യാനും പറ്റാത്ത സാഹചര്യത്തിലുമായിരുന്നു ഞാനും ഭൂമിയും ഇതുവരെ.

അഗളിയിൽ നിന്ന് ആരോ ആനക്കട്ടിയിലേക്ക് ഫോൺ വിളിച്ച് ഞങ്ങൾ അഡ്മിഷന് ചെല്ലുന്ന വിവരം അറിയിച്ചതിൻ പ്രകാരമാണ് അവിടെ നാമജപക്കാർ കൂടിയത് എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.. അപ്പോൾ ആരാണ് വിദ്യാവനം സ്കൂളിൽ ഞങ്ങളെ തടയാൻ ആളെ ഏർപ്പാടാക്കാൻ അഗളിയിൽ നിന്ന് ഫോൺ വിളിച്ച് പറഞ്ഞത് എന്ന് അന്വേഷിക്കപ്പെടണം. സൈബർ സെല്ലിന് പരാതി കൊടുക്കുന്നുണ്ട്. സത്യം പുറത്ത് വരണം. ഒരു കുഞ്ഞിന്റെ വിദ്യാഭ്യാസം മുടക്കി ഞങ്ങളെ അപമാനിക്കാൻ വഴിമരുന്നിട്ടത് ആരാണെന്ന് പുറത്ത് വരണം. ആ കൊടും ക്രൂരതയെ, കുറ്റവാളിയെ പൊതു സമൂഹം അറിയണം.

വിദ്യാവനത്തിൽ നാമജപക്കാരുടെ ഭീഷണിയെത്തുടർന്ന് തിരിച്ചു പോരേണ്ടി വന്നപ്പോഴാണ് എന്തുകൊണ്ട് ഭൂമിയെ അഗളി ജി എച്ച് എസ്സിൽ നിന്ന് മാറ്റേണ്ടി വന്നു എന്ന് പറയാൻ ഞാൻ നിർബന്ധിതയായത്.. അതും ഭൂമി ക്ലാസ് ടീച്ചറിൽ നിന്നും കൂട്ടുകാരിൽ നിന്നും നേരിട്ട പ്രശ്‌നങ്ങൾ മാത്രമേ പറഞ്ഞിട്ടുള്ളൂ.  സ്കൂൾ മോശമാണെന്ന പ്രചരണം ഞാൻ എവിടേയും നടത്തിയിട്ടില്ല. അത് ഒരു കുപ്രചരണമാണ്.

അഗളി സ്കൂളിൽ ഒരു മാസത്തിലേറെയായി പോകാൻ പറ്റാത്തതും ഒരുപാട് പ്രതീക്ഷയോടെ ആഗ്രഹിച്ചു പോയ വിദ്യാവനത്തിൽ അഡ്മിഷൻ കിട്ടാതെ പോയതും ഭൂമിയെ മാനസികമായി ബാധിച്ചിട്ടുണ്ട്.. തൽക്കാലം അവൾ സ്വസ്ഥയാവും വരെ പഴയ സ്കൂളിലേക്കോ പുതിയ സ്‌കൂളിലേക്കോ മൂന്നാമതൊരു സ്കൂളിലേക്കോ അവളെ പറഞ്ഞയക്കുന്നില്ല.. അവളുടെ മാനസിക സ്വസ്ഥത തന്നെയാണ് ഈ ഘട്ടത്തിൽ എനിക്ക് ഏറ്റവും പ്രധാനം. തൽക്കാലം ഭൂമി കമലിനൊപ്പം തൃശൂർക്ക് പോവുകയാണ്. ‘കടലി’ന്റെ കൂടെ നിൽക്കാൻ. ബാക്കിയൊക്കെ വഴിയേ ആലോചിക്കും..പരീക്ഷ എഴുതാൻ ഒരു സ്കൂളിൽ re-admission എടുക്കും. ഏത് സ്കൂളെന്ന് തീരുമാനിച്ചിട്ടില്ല.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

മേഘാലയ ഖനിയില്‍ അവസാന മിടിപ്പുകളുമായി രക്ഷകരെ കാത്ത് ആരെങ്കിലും ഉണ്ടാവുമോ? 

ഏഷ്യയിലെ ആദ്യ സ്‌പോര്‍ട്‌സ് ആയുര്‍വേദ ആശുപത്രി മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു