പൗരത്വ ബിൽ; അസമിൽ മോദിക്കെതിരെ രണ്ടാം ദിനവും കരിങ്കൊടി 

ഗുവാഹത്തി: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ സന്ദർശനത്തിന്റെ രണ്ടാം ദിവസവും മോദിക്കെതിരെ കരിങ്കൊടി കാട്ടിയതായി  റിപ്പോർട്ടുകൾ. പൗരത്വ ബിൽ വിഷയത്തിൽ മേഖലയിലെങ്ങും കനത്ത പ്രതിഷേധം ഉയരുന്നതിനിടെയിലാണ്  മോദിയുടെ സന്ദർശനം. ഇന്ന് രാജ്ഭവനിൽ നിന്ന് ഗുവാഹത്തി വിമാനത്താവളത്തിലേക്കുള്ള വഴിയിലാണ് പ്രതിഷേധക്കാർ കരിങ്കൊടി ഉയർത്തിക്കാണിച്ചത്. നഗരത്തിലെ ജലക്ബാരി പ്രദേശത്തുവച്ചും കരിങ്കൊടി പ്രതിഷേധം ഉണ്ടായി. ഗുവാഹത്തി സർവകലാശാല വിദ്യാർത്ഥികളാണ് പ്രതിഷേധക്കാർ എന്നും സമരക്കാരെ അറസ്റ്റ് ചെയ്തു നീക്കിയെന്നും പൊലീസ് പറഞ്ഞു.

വെള്ളിയാഴ്ച വൈകുന്നേരം വിമാനത്താവളത്തിൽനിന്ന് രാജ്ഭവനിലേക്കുള്ള യാത്രയ്ക്കിടയിലും നാലിടങ്ങളിൽ പ്രതിഷേധക്കാർ സംഘടിച്ചതായും കരിങ്കൊടി കാണിച്ചതായും  റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. സർവകലാശാല വിദ്യാർത്ഥികളും കൃഷക് മുക്തി സൺഗ്രാം പ്രവർത്തകരും അസം യുവ ഛത്ര പരിഷദ് , ഓൾ അസം സ്റ്റുഡന്റസ് യൂണിയനും പൗരത്വ ബില്ലിനെതിരെ ശക്തമായി രംഗത്തുണ്ട്.

അഫ്ഗാനിസ്താൻ, പാകിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള  ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്സി കുടിയേറ്റക്കാർക്ക് പൗരത്വം നൽകാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെയാണ് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ പ്രതിഷേധം പുകയുന്നത്. ബിൽ പാസായാൽ ‘ നിയമവിരുദ്ധ ‘ കുടിയേറ്റക്കാരായി അവരെ കണക്കാക്കില്ല. ആറു വർഷം  രാജ്യത്ത് തുടർച്ചയായി താമസിച്ചു പോരുന്നവർക്ക് പൗരത്വം നൽകും. മുസ്ലിം ജനവിഭാഗത്തെ മാത്രം ഒഴിവാക്കാനുള്ള നീക്കത്തിനെതിരെ വിമർശനങ്ങൾ ശക്തമാണ്. മതത്തിന്റെ പേരിൽ മനുഷ്യരെ വിഭജിക്കാനുള്ള നീക്കമാണ് മോദി സർക്കാരിന്റേതെന്ന് വിമർശകർ ആരോപിക്കുന്നു.

അനധികൃത കുടിയേറ്റക്കാർക്ക് നിയമസാധുത നൽകി പൗരത്വം അനുവദിക്കാനുള്ള നീക്കത്തിനെതിരെ പ്രക്ഷോഭം ശക്തമാക്കാനുള്ള നീക്കത്തിലാണ് വിവിധ സംഘടനകൾ. ബി ജെ പി സഖ്യ കക്ഷികളും ബില്ലിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. ശക്തമായി ചെറുക്കുമെന്ന്  ശിവസേനയും നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.

എന്നാൽ രാജ്യസഭയിൽ ഒരു കാരണവശാലും പാസാകാൻ ഇടയില്ലാത്ത ബില്ല് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട്  ബി ജെ പി ഇറക്കുന്ന വർഗീയ കാർഡ് മാത്രമാണെന്നും  നിയമമാവാൻ ഇടയില്ലെന്നും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

സർക്കാർ ആശുപത്രികളിൽ തിരക്ക് കൂടുന്നു

മത്സ്യത്തൊഴിലാളികളുടെ ആനുകൂല്യങ്ങൾ സമയബന്ധിതമായി നൽകും