കുരുടൻ ആനയെക്കണ്ടതു പോലെ എന്നത് ഗാന്ധിയന്മാർ ഗാന്ധിജിയെ കണ്ട പോലെ എന്നു തിരുത്താം

ഇന്ന് ഗാന്ധിജയന്തി.  ഗാന്ധിജിയെക്കുറിച്ച് ഒരു പോസ്റ്റിടാതെ മനസാക്ഷിയോട് നീതി പുലർത്താവില്ല. മാർക്സിനെപ്പോലെ താത്വികമായല്ലെങ്കിലും മുതലാളിത്തത്തിന്റെ അന്ത്യം അദ്ദേഹവും പ്രവചിച്ചു.  എല്ലാവരുടെയുംആവശ്യത്തിനുള്ളത് പ്രകൃതിയിലുണ്ട്, ആർത്തിക്കുള്ളതില്ല എന്നദ്ദേഹം പറഞ്ഞു.

നിരന്തര വളർച്ചക്കായി കൃത്രിമമായ ആവശ്യങ്ങൾ സൃഷ്ടിച്ച്, അതിനെ ആർത്തിയാക്കി വളർത്തി, അവ നിവൃത്തിക്കാൻ ഉല്പാദനത്തെ വഴിതിരിച്ചുവിടുന്നത്  ഇനി  മുന്നോടു കൊണ്ടുപോകാൻ കഴിയാത്ത വിധം മുതലാളിത്ത വ്യവസ്ഥ ലോകത്തെ ഒരു പാരിസ്ഥിതിക പ്രതിസന്ധിക്കു മുന്നിൽ കൊണ്ടു നിർത്തിയിരിക്കുന്നു.

കുരുടൻ ആനയെക്കണ്ടതു പോലെ എന്ന ചൊല്ല് ഗാന്ധിയന്മാർ ഗാന്ധിജിയെ കണ്ട പോലെ എന്നു തിരുത്താമെന്നു തോന്നുന്നു.

ഗാന്ധിജി ആരായിരുന്നു?

ഒന്നാമതും രണ്ടാമതും, മൂന്നാമതും ഒരു രാഷ്ട്രീയ നേതാവായിരുന്നു.

ഇന്ത്യൻ ജനതയെ ഹിന്ദു-മുസ്ലിം വിഭജനത്തിനുപരിയായി ബ്രിട്ടീഷുകാർക്കെതിരെ ഒറ്റ ചരടിൽ കോർത്തു നിർത്തിയ മനുഷ്യൻ. ഫാസിസത്തിന്റെ ലോക വിജയത്തിന്റെ അപകടം ബോധ്യപ്പെട്ട രണ്ട് ഇന്ത്യൻ നേതാക്കളിലൊരാളാണദ്ദേഹം (മറ്റേയാൾ എം.എൻ.റോയി).

ഇന്ത്യൻ ജനത ബ്രിട്ടനെ തുരത്തിയ ശേഷം ജർമ്മൻ – ജപ്പാൻ സഖ്യത്തിൽ ചേർന്ന് അച്ചുതണ്ട്  ശക്തികളുടെ ലോക വിജയം സാധ്യമാക്കുക എന്ന സാധ്യതയെ ഇല്ലാതാക്കാൻ അദ്ദേഹം സ്വീകരിച്ച തന്ത്രങ്ങളും അതിന്റെ ചതുരതയും ഇന്നും അരക്കഴഞ്ചുപോലും മനസ്സിലാക്കാത്ത ഗാന്ധിയന്മാർ ഗാന്ധിയെ ഖാദിയുടുക്കലും തൊപ്പിയുമാക്കി മാറ്റി.

അതു നല്കിയ സൗകര്യമുപയോഗിച്ച് ഹിന്ദുത്വം ഗാന്ധിജിയെ കൃഷ്ണനും പട്ടേലിനെ അർജുനനുമാക്കി തങ്ങളുടെ ഹിന്ദുത്വ രഥമോടിക്കാൻ നോക്കുന്നു.

ഹിന്ദുത്വം വിജയിപ്പിക്കാൻ ഗാന്ധിയുടെ നെഞ്ചിൽ നിറയൊഴിച്ചേ പറ്റൂ എന്ന് ഗോഡ്സേയും ഹിന്ദുത്വവും ശരിയായിത്തന്നെ തീരുമാനിച്ചു.

പിന്നീടുള്ള അരനൂറ്റാണ്ട് കാലം മരിച്ച ഗാന്ധിയോട് ഏറ്റുമുട്ടിയിട്ടും അവർക്ക് ജയം നേടാനായില്ല. ഗാന്ധിജിയുടെ കക്കൂസ് വൃത്തിയാക്കിയ ആധുനിക വശത്തെ സ്വച്ഛഭാരതത്തിന്റെ പോസ്റ്റർ ബോയ് ആക്കി പരമാവധി അപമാനിക്കാൻ ശ്രമിക്കുന്നു.

കക്കൂസ് വൃത്തിയാക്കുന്നത് സവർണന് വരാവുന്ന ഏറ്റവും വലിയ നാണക്കേടാണെന്ന ചിന്തയിൽ ഗാന്ധിജിയെ കക്കൂസ് പോസ്റ്റർ ബോയി ആക്കുമ്പോഴും ഗാന്ധിജി ജയിക്കുന്നു.

സ്വന്തം വിസർജ്യം വാരി വിതറി അന്തരീക്ഷം ദുർഗന്ധപൂരിതമാക്കുന്നവനല്ല, അത് മാന്യമായി സംസ്കരിക്കുന്നവനാണ് ഉന്നതനായ മനുഷ്യൻ എന്നദ്ദേഹം ഓരോ പോസ്റ്ററിലുമിരുന്ന് മനസ്സിൽ കക്കൂസ് കൊണ്ടു നടക്കുന്ന ഹിന്ദുത്വ വാദിയെ ഓർമ്മിപ്പിക്കുന്നു.

അതേ സമയം ഗാന്ധിജി മരിച്ച് 70 കൊല്ലം കഴിയുമ്പോഴും ആർത്തവം അയിത്തമാണ് എന്ന ബ്രാഹ്മണ്യ – സവർണ ബോധം കോൺഗ്രസുകാർ ഏറ്റുപറയുമ്പോൾ, ഗാന്ധിജി തോറ്റു പോകുന്നു, കേരളത്തിലെ കോൺഗ്രസുകാർക്ക് മുന്നിൽ.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

8 മിനിറ്റ് ദൈർഘ്യമുള്ള യുദ്ധ രംഗത്തിനായി  54 കോടി രൂപ 

സമഗ്രമായ റെസിപ്പിയായിരുന്നു ആ സിനിമകളുടേത്