തിരുവനന്തപുരം: അത്യാധുനികമായ ബ്ലോക്ചെയിന്‍ സാങ്കേതികവിദ്യയെ എങ്ങനെ ബിസിനസ് ആവശ്യങ്ങള്‍ക്കും വിപണിയ്ക്കും അനുയോജ്യമായി മാറ്റാമെന്നത് ചര്‍ച്ച ചെയ്യുന്ന നൂതനമായ ബ്ലോക്ചെയിന്‍ ത്രിദിന ഉച്ചകോടി ഡിസംബര്‍ ആറിന് ആരംഭിക്കും.
ലോകപ്രശസ്തരായ ബ്ലോക്ചെയിന്‍ ബിസിനസ് വിദഗ്ധരെ ഉള്‍പ്പെടുത്തി സര്‍ക്കാരിന്റെ ഐടി ഉന്നതപഠന-ഗവേഷണ സ്ഥാപനമായ ഐഐഐടിഎം-കെയുടെ ആഭിമുഖ്യത്തിലുള്ള കേരള ബ്ലോക്ചെയിന്‍ അക്കാദമിയാണ് ‘ബ്ലോക്ഹാഷ് ലൈവ് 2018’ എന്ന ത്രിദിനസമ്മേളനം കോവളം ഉദയസമുദ്ര ഹോട്ടലില്‍ ഡിസംബര്‍ 8 വരെ സംഘടിപ്പിക്കുന്നത്.
ബ്ലോക്ചെയിന്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ബിസിനസ് സ്ഥാപനങ്ങള്‍ക്ക് കേരളത്തിലേയ്ക്ക് അവയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിനുള്ള സാധ്യതകളും സമ്മേളനത്തില്‍ ആരായും. ഇവിടെയുള്ളവര്‍ക്ക് ഈ സാങ്കേതികവിദ്യ പ്രായോഗികമാക്കി തങ്ങളുടെ സംരംഭകത്വം എങ്ങനെ രാജ്യാന്തര തലത്തിലേയ്ക്ക് വ്യാപിപ്പിക്കാം എന്നതിനെക്കുറിച്ചുള്ള ആശയവിനിമയവും നടക്കും.
ബാങ്കുകളടക്കമുള്ള സ്ഥാപനങ്ങള്‍ വിദേശത്ത് എങ്ങനെയാണ് ബ്ലോക്ചെയിന്‍ ഫലപ്രദമായി ഉപയോഗിക്കുന്നുവെന്നുള്ളതിനെക്കുറിച്ചുള്ള ചര്‍ച്ചകളും സമ്മേളനത്തിന്റെ ഭാഗമാണ്.
കാനഡ ബ്ലോക്ചെയിന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ബോബ് ടാപ്സ്കോട്ട് ഉള്‍പ്പെടെ സമ്മേളനത്തില്‍ പങ്കെടുക്കുന്ന പലരും ഇതാദ്യമായാണ് ഇന്ത്യയിലെത്തുന്നത്. ന്യൂറിയല്‍ സ്ഥാപകയും സിഇഒയുമായ ജനിഫര്‍ ഗ്രെയ്സണ്, റിലയന്‍സ് ജിയോ ഇന്‍ഫോകോം വൈസ് പ്രസിഡന്റ് ഡോ. ദിലീപ് കൃഷ്ണസ്വാമി, ഗ്ലോബല്‍ ഐടി ഇന്നവേഷന്‍ അഡ്വൈസര്‍ സുദിന് ബരോക്കര്, കൊല്‍ക്കത്ത ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.സുഷ്മിത രുജ്, ഡിജിലെഡ്ജ് സിഇഒ മഹേഷ് ഗോവിന്ദ്, ഡിസിബി ബാങ്ക് ഇന്നവേഷന്‍ മേധാവി പ്രസന്ന ലോഹര്‍, ബ്ലോക്ക്ഗീക്ക്സ് ബ്ലോക്ക്ചെയിന്‍ രാജര്‍ഷി മിത്ര, ബ്ലോക്ചെയിന്‍ എജ്യൂക്കേഷന്‍ നെറ്റ്വര്‍ക്ക് ഡയറക്ടര്‍ ഓഫ് ടെക് ആകര്‍ഷ് അഗര്‍വാള്‍, കാനഡ എംഎല്‍ജി ബ്ലോക്ചെയിന്‍ പ്രതിനിധി നവാസ് ഇബിന് മുഹമ്മദ് എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് കാല് ലക്ഷം ബ്ലോക്ചെയിന്‍ പ്രൊഫഷനലുകളെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ബ്ലോക്ചെയിന്‍ അക്കാദമിയും സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള കെ-ഡിസ്കും ചേര്‍ന്ന് ആക്സിലറേറ്റഡ് ബ്ലോക്ചെയിന്‍ കോംപീറ്റന്‍സി ഡവലപ്മെന്റ് പ്രോഗ്രാം എന്ന പേരില്‍ വിപുലമായ പരിശീലന പരിപാടി നടത്തുന്നുണ്ട്. ബ്ലോക്ചെയിന്‍ ഉച്ചകോടിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കും.
Comments
0 comments