in ,

ചർച്ച് സ്ട്രീറ്റിലെ പുസ്തക ശാലകൾ 

​​കഷ്ടി ഒരു കിലോമീറ്ററോളം നീളമേയുള്ളൂ ബെംഗളൂരുവിലെ ചർച്ച് സ്ട്രീറ്റിന്.  പത്തുമിനിറ്റുകൊണ്ടോ മറ്റോ നടന്ന് തീർക്കാവുന്ന ദൂരം.  എന്നാൽ ഒരു വായനക്കാരന് അതൊരു വലിയ ലോകമാണ്. പുസ്തകങ്ങളുടെ  മഹാ ഭൂഖണ്ഡത്തിലൂടെയുള്ള ഒരു ദീർഘ ദൂര യാത്ര.  ഒരായുസ്സ് മുഴുവനെടുത്തു വായിച്ചാലും തീരാത്തത്ര പുസ്തകങ്ങൾ. ലക്ഷക്കണക്കിന് പുസ്തകങ്ങൾ അടുക്കിവെച്ച  വിസ്മയിപ്പിക്കുന്ന  ലോകമാണ് ആ തെരുവ് അയാൾക്ക്‌ മുൻപിൽ തുറന്നു വയ്ക്കുന്നത്. ബോർഹസ് പറഞ്ഞത് പോലെ ഒരു സ്വർഗ്ഗമുണ്ടെങ്കിൽ അതിതുതന്നെ  എന്ന്  അറിയാതെ പറഞ്ഞുപോകും! 

രാജ്യത്തിൻറെ ഏതുഭാഗത്തുനിന്നും ബെംഗളൂരുവിൽ എത്തിച്ചേരുന്ന  വായനക്കാരെല്ലാം ചർച്ച് സ്ട്രീറ്റിൽ എത്താതെ മടങ്ങാറില്ല. ചർച്ച് സ്ട്രീറ്റിലെ അരഡസനോളം വരുന്ന ബുക്ക് സ്റ്റോളുകളിലൂടെ നടന്ന് ഒടുവിൽ  സെന്റ് മാർക്ക് റോഡിലെ കോശീസ് കഫെയിൽ നിന്നുള്ള  കാപ്പി കൂടി കുടിച്ചാലേ  ആ യാത്ര പൂർണമാകൂ.

ബെംഗളൂരു ചർച്ച് ഗേറ്റിന് മുംബൈയിലെ  കാല ഖോടയുടെയത്ര  പ്രൗഢിയൊന്നുമില്ല . ഡൽഹിയിലെ ഹൌസ് ഖാസ് വില്ലേജിന്റെ ഗരിമയോ കൊൽക്കത്തയിലെ  പാർക്ക് സ്ട്രീറ്റിന്റെ ഗതകാല പൊലിമയോ ഇല്ല . എന്നാൽ മുംബൈയിലെയോ ഡെൽഹിയിലെയോ കൊൽക്കത്തയിലെയോ കേൾവികേട്ട മെട്രോപൊളിറ്റൻ  സിറ്റി  സ്ട്രീറ്റുകൾക്കില്ലാത്ത അസാധാരണമായ ഒരു  മഹത്വം ഈ തെന്നിന്ത്യൻ നഗരത്തിലെ  തെരുവിനുണ്ട്.  മറ്റൊന്നുമല്ല , പുസ്തകങ്ങളുടെ ഒരു മഹാ പ്രപഞ്ചമാണ് കഷ്ടി ഒരു കിലോമീറ്റർ നീളമുള്ള ആ തെരുവ് ശേഖരിച്ചു വച്ചിരിക്കുന്നത്. ചർച്ച് ഗേറ്റിനെ രാജ്യമെങ്ങുമുള്ള വായനാപ്രേമികളുടെ പ്രിയപ്പെട്ട  ഇടമാക്കി മാറ്റുന്നത്  സാംസ്ക്കാരികമായ ഈ  ഔന്നത്യം തന്നെ.

തിരക്കോടു തിരക്കാണ് ചർച്ച് സ്ട്രീറ്റിന്. വർക്കിങ് ഡെയ്‌സ് എന്നോ ഒഴിവുദിനങ്ങളെന്നോ വ്യത്യാസമില്ല. പുസ്തകങ്ങൾ വാങ്ങാനും വിൽക്കാനുമായി വരുന്നവരുടെ തിരക്ക്. പഴയതും പുതിയതുമായ ആയിരക്കണക്കിന് പുസ്തകങ്ങൾ,  വായിച്ചു പഴകിയതും വാങ്ങിവെച്ചിട്ടും നിവർത്തിനോക്കിയിട്ടില്ലാത്തതുമായ  പതിനായിരക്കണക്കിന് സെക്കൻഡ് ഹാൻഡ് ബുക്കുകൾ ,  മറ്റെവിടെയും കിട്ടാത്ത പൗരാണിക കളക്‌ഷനുകൾ , റെയർ പീസുകൾ …  പുസ്തകങ്ങളുടെ  ഒരു പടുകൂറ്റൻ  കലവറയാണ് ചർച്ച് ഗേറ്റിൽ  വായനക്കാരെ കാത്തിരിക്കുന്നത്.

പ്രമുഖ ഇ കൊമേഴ്‌സ് പ്ലാറ്റഫോമായ ആമസോൺ കഴിഞ്ഞ വർഷം നടത്തിയ ഒരു സർവ്വേ പ്രകാരം ഏറ്റവുമധികം വായനക്കാരുള്ള ഇന്ത്യൻ നഗരം ബെംഗളൂരുവാണ് . ഓൺലൈൻ വില്പനയിലെ  ട്രെൻഡുകളെ അടിസ്ഥാനമാക്കിയുള്ള നിഗമനമാണെങ്കിലും ബാംഗ്ളൂർ നഗരം ഏതുകാലത്തും വായനയെ ഗൗരവത്തോടെ എടുക്കുന്നവരുടെ ഇടമാണെന്നു  പറയാം.  

ശാഖോപശാഖകളായി പടർന്നു നിൽക്കുന്ന ചർച്ച സ്ട്രീറ്റിലെ ഈ വായനാ സംസ്ക്കാരത്തിന്റ അടി വേരുകൾ ചെന്ന് തൊട്ടു  നിൽക്കുന്നത് വളരെ പഴയ ഒരു  ബുക്ക് സ്റ്റോളിലാണ് ;  പ്രീമിയർ ബുക്ക് സ്റ്റാളിൽ . ഒരു കാലത്ത് ഏറെ  പ്രശസ്തമായിരുന്നു  പ്രീമിയർ ബുക്ക് സ്റ്റാൾ.  ബുദ്ധിജീവികളുടെ സ്ഥിരം കേന്ദ്രങ്ങളിൽ ഒന്ന്.

ഏതാണ്ട് പത്തുവർഷമാകുന്നു പ്രീമിയർ ബുക്ക്സിന്  താഴുവീണിട്ട്. കൃത്യമായി പറഞ്ഞാൽ 2009 ൽ . പ്രീമിയർ അടച്ചുപൂട്ടുന്നതിന് ഏതാനും നാളുകൾക്കു മുൻപ് പ്രമുഖ ചരിത്രകാരൻ രാമചന്ദ്ര ഗുഹ തന്റെ ഇഷ്ടനഗരമായ ബെംഗളൂരുവിനെ  കുറിച്ച്  ഒരു പുസ്തകം എഴുതിയിരുന്നു. നഗരത്തെ കുറിച്ചുള്ള ലേഖനങ്ങളുടെ ഒരു സമാഹാരം.  മൾട്ടിപ്പിൾ സിറ്റി  –  റൈറ്റിംഗ്‌സ് ഓൺ ബാംഗ്ളൂർ എന്ന ആ  പുസ്തകത്തിൽ അദ്ദേഹം ബെംഗളൂരുവിന്റെ ഗൃഹാതുരമായ ഈ  പ്രീമിയർ പാരമ്പര്യത്തെ ഓർത്തെടുക്കുന്നുണ്ട്.  

പ്രീമിയർ ബുക്സിന്റെ നടത്തിപ്പുകാരനായിരുന്ന ഷാൻബാഗിനെ കുറിച്ചുളള ദീപ്തമായ സ്മരണകളോടൊപ്പം പ്രീമിയറിനെ ചുറ്റിപ്പറ്റി  അക്കാലത്ത് നടന്ന ചില രസകരമായ അനുഭവങ്ങളും അദ്ദേഹം അതിൽ പങ്കുവെയ്ക്കുന്നുണ്ട് . ഉപരി പഠനാർത്ഥം കൊൽക്കത്തയ്ക്കുള്ള യാത്ര നിശ്ചയിച്ച സമയം. അന്നത്തെ കാമുകിയും പിന്നീട്  അദ്ദേഹത്തിന്റെ ഭാര്യയുമായി മാറിയ സുജാത കേശവന് ഒരു മോഹം. പോകുന്നതിനു മുൻപ് ഗുഹയ്ക്ക് ഒരു ഉപഹാരം സമ്മാനിക്കണം. പ്രീമിയറിലേക്കാണ് അവർ അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോയത്. ഇസയ്യ ബെർലിൻ എഴുതിയ  കാൾ മാർക്സിന്റെ ജീവചരിത്രമാണ്  അവർ സമ്മാനമായി  തെരെഞ്ഞെടുത്തത്. പുസ്തകം സമ്മാനിച്ചതോടൊപ്പം  ഷെൽഫുകളുടെ  മറപറ്റി തന്റെ കവിളിൽ  ഒരു  ഉമ്മ കൂടി തരാൻ  സുജാത  ധൈര്യം കാണിച്ചതായി  അദ്ദേഹം  എഴുതി. എന്നാൽ കടയുടമ ആ കള്ളത്തരം കണ്ടെത്തി. അതിൽ അല്പം  നീരസം പ്രകടിപ്പിക്കുകയും ചെയ്തു. 

പിന്നീട് വർഷങ്ങൾക്ക് ശേഷം ഡി.ജി ടെണ്ടുൽക്കർ എഴുതിയ എട്ടു വോള്യങ്ങളുള്ള  ഗാന്ധിജിയുടെ ജീവചരിത്രം ഗുഹ കണ്ടെത്തുന്നതും പ്രീമിയറിൽ നിന്നാണ്. ആയിരത്തി തൊള്ളായിരത്തി അമ്പതുകളിലാണ് ടെണ്ടുൽക്കറുടെ  പുസ്തകം പ്രസിദ്ധീകരിച്ചിരുന്നത്. പലയിടത്തും തിരഞ്ഞിട്ടും കിട്ടാതെപോയ ആ പുസ്തകത്തിൽ അപൂർവമായ ചിത്രങ്ങൾ കൂടി ഉണ്ട്. ഗുഹയെ സംബന്ധിച്ച് വളരെ പ്രധാനമായിരുന്നു ആ പുസ്തകം കണ്ടെത്തുക എന്നുള്ളത്. ഗാന്ധിജിയെ അന്വേഷിച്ചുള്ള ആ യാത്രയുടെ ഒടുവിലാണ് അദ്ദേഹത്തിന്റെ ജീവചരിത്ര രചനയിലേക്ക് ഗുഹ കടക്കുന്നത്. 

പ്രമുഖ വിവർത്തക ആർഷിയ സാറ്ററിനും പ്രീമിയറിനെ പറ്റിയുള്ള ഗൃഹാതുരമായ ഒട്ടേറെ  ഓർമകൾ ഉണ്ട്. തൊണ്ണൂറുകളുടെ ഒടുവിൽ ചെയ്ത വാല്മീകി രാമായണത്തിന്റെ സ്വന്തം വിവർത്തനം വാങ്ങാൻ പലതവണ അവർ പ്രീമിയറിൽ കയറിയിറങ്ങി. ഓരോ തവണ ചെല്ലുമ്പോഴും ഒരു പുഞ്ചിരിയോടെ ഷാൻ ബാഗ് പറയും.  “എഴുത്തുകാരി  മാത്രമേ ആ പുസ്തകം ഇവിടെനിന്നു  വാങ്ങുന്നുള്ളൂ ”  

ഗൂബേസിന്റെ രവി മെനിസെസ് വളരെയേറെ ആദരവോടെയാണ് ഷാൻ ഭാഗിനെ ഓർത്തെടുക്കുന്നത്. 2009 ൽ പ്രീമിയർ അടച്ചുപൂട്ടിയതിനു ശേഷമാണ് രവി ഗൂബേസ് തുടങ്ങുന്നത്. ലോകത്തെ  കടുത്ത സാമ്പത്തിക പ്രതിസന്ധി ഉടലെടുത്ത സമയം. ഗൂബേസ്  എന്ന് പേരിടാൻ ഞങ്ങൾ തീരുമാനിച്ചു. ഗൂബേ എന്ന കന്നഡ വാക്കിനർത്ഥം മൂങ്ങയെന്നാണ്. ഒരു മൂലയിൽ ആരുടേയും കണ്ണിൽ പെടാൻ സാധ്യതയില്ലാത്ത ഒരിടത്താണ് ബുക്ക് ഷോപ് ഉള്ളത് . അങ്ങോട്ടേക്കുള്ള സൈനേജ് ബോഡും മറ്റും ഇല്ലെങ്കിൽ മിക്കവാറും ഗൂബേസ് മിസ് ചെയ്യാനാണ് സാധ്യത. ബെംഗളൂരുവിലെ അഭിഭാഷകനായ മാത്യൂ ഇടിക്കുള ഗൂബെയുടെ സ്ഥിരം ഇടപാടുകാരനാണ്.  പുസ്തകശാലകളോടുള്ള പ്രണയം മൂലം  ഓൺലൈനിൽ പുസ്തകം വാങ്ങില്ല എന്ന തീരുമാനവും അദ്ദേഹം എടുത്തിട്ടുണ്ട്. ” പഴയതും പുതിയതുമായ പുസ്തകങ്ങൾ തിരഞ് ഞാനവിടെ പോകാറുണ്ട്. സയൻസ് ഫിക്ഷൻ,ഫാന്റസി നോവലുകളുടെ നല്ലൊരു കളക്ഷൻ ഗൂബെയിൽ ഉണ്ട്. ” അദ്ദേഹം പറയുന്നു. 

ബ്രിഗേഡ് റോഡിലെ ഒരു ഗലിയിലാണ് സെലക്ട് ബുക്ക് ഷോപ് ഉള്ളത്. 1945 ൽ കെ ബി കെ റാവുവാണ് അതിനു തുടക്കമിട്ടത്. അദ്ദേഹത്തിന്റെ മകൻ കെ കെ എസ് മൂർത്തിയും മൂർത്തിയുടെ മകൻ സഞ്ജയുമാണ് ഇന്നതിന്റെ നടത്തിപ്പുകാർ. പഴയ എഡിഷൻ പുസ്തകങ്ങൾക്കായി ഒട്ടേറെ വായനക്കാർ  സെലെക്ടിൽ എത്തിച്ചേരുന്നു. ഓൺലൈൻ ബുക്ക് ഷോപ്പുകളുടെ കടന്നുവരവിൽ ഇവരെല്ലാം ആശങ്കപ്പെടുന്നുണ്ട് എന്നത് വാസ്തവമാണ്. 

1977 ൽ ചർച്ച് സ്ട്രീറ്റിലെ ഒരു പഴയ കെട്ടിടത്തിന്റെ ഒരു നില മുഴുവൻ വാടകക്കെടുത്ത് തുടങ്ങിയതാണ് ഗംഗാറാംസ്‌ ബുക്ക് ബ്യൂറോ.  2011 ഓടെ വ്യാപാരം മന്ദീഭവിച്ചതായി  കടയുടമ പ്രകാശ് ഗംഗാറാം പറയുന്നു. ഇ കൊമേഴ്‌സ് കച്ചവടത്തെ കാര്യമായി കുറച്ചെന്ന് അയാൾ സാക്ഷ്യപ്പെടുത്തുന്നു. റിയൽ എസ്റ്റേറ്റ് മേഖലയിൽ വന്ന കുതിപ്പും വിനയായി. വാടക താങ്ങാനാവാത്തതിനാൽ ചർച്ച് ഗേറ്റിലെ തന്നെ ചെറിയൊരു ഇടത്തേക്ക് മാറാൻ ഗംഗാറാം  നിർബന്ധിതരായി.  

അരലക്ഷത്തോളം ടൈറ്റിലുകളുള്ള  ഗംഗാറാമിൽ പക്ഷേ   സെക്കൻഡ് ഹാൻഡ് പുസ്തകങ്ങളുടെ വില്പനയില്ല.  ആവശ്യക്കാർക്കായി വിദേശത്തുനിന്നും പുസ്തകങ്ങൾ വരുത്തി കൊടുക്കാറുണ്ടെന്ന് ഗംഗാറാം പറയുന്നു. 

തിരിച്ചടികൾക്കിടയിലും പുസ്തക വിൽപ്പന  രംഗത്തേക്ക് യുവാക്കൾ കടന്നു വരുന്നുണ്ടെന്നാണ് ചർച്ച് സ്ട്രീറ്റ് സാക്ഷ്യപ്പെടുത്തുന്നത്. കൃഷ്ണ ഗൗഡയുടെ ബന്ധുവായ കേശവ് ആണ് പുതുതായി ഈ രംഗത്തേക്ക് കടന്നുവന്നിട്ടുള്ളത്. ഏഴുവർഷത്തോളം ബുക്ക് വേമിലാണ് കേശവ് ജോലി ചെയ്തിരുന്നത്. ഏതാനും ആഴ്ചമുൻപ് ബുക്ക് വേമിന് അത്ര ദൂരെയല്ലാത്ത ഒരിടത്ത് അയാൾ ബുക്ക് ഹൈവേ എന്ന ഷോപ് ആരംഭിച്ചിട്ടുണ്ട്. 

ഓൺലൈൻ മേഖല  മുന്നോട്ടുവയ്ക്കുന്ന കടുത്ത  മത്സരത്തെപ്പറ്റി തീരെ  ആശങ്കയില്ലെന്നാണ് കേശവ് പറയുന്നത്. ആളുകൾ പുസ്തകങ്ങൾ വാങ്ങാൻ ഇപ്പോഴും ഇവിടെയെത്തുന്നുണ്ട്. ഓഫ്‌ലൈനിൽ വാങ്ങുന്നതിന്റെ ആനന്ദം ഒന്നുവേറെയാണ്.  ഏറെ നേരം പുസ്തകങ്ങൾക്കിടയിലൂടെ നടന്ന്  ഇഷ്ടപ്പെട്ട ടൈറ്റിലുകൾ തിരഞ്ഞു കണ്ടെത്തി സംതൃപ്തിയോടെയാണ് അവർ മടങ്ങുന്നത്.” ഒരു പുഞ്ചിരിയോടെ കേശവ് പറയുന്നു. 

ചർച്ച് ഗേറ്റിൽ നിന്ന് പത്തടി അപ്പുറത്ത്  സപ്നയും ഹിഗ്ഗിൻ ബോതംസും ഉണ്ട് ;  അത് പക്ഷേ  എം ജി റോഡിലാണ് . ടെക്സ്റ്റ് ബുക്കുകളും   സ്റ്റേഷനറി വസ്തുക്കളും ഇ റീഡറുകളും എല്ലാം സജ്ജീകരിച്ച മിക്സഡ് മാർക്കറ്റാണ് എം ജി റോഡിലേത് . എന്നാൽ ചർച്ച് ഗേറ്റിലെ സ്ഥിതി അതല്ല. പുസ്തകങ്ങളുടെ മാത്രം ‘ എക്‌സ്‌ക്‌ളൂസീവ് ‘ ലോകമാണത്. സാഹിത്യവും ശാസ്ത്രവും ചരിത്രവും ഒക്കെ കലർന്നുകിടക്കുന്ന പതിറ്റാണ്ടുകളുടെ ചരിത്രവഴികളിലൂടെ  കടന്നുപോകുന്ന പുസ്തക ലോകം. 

രാവിലെ വന്ന് നേരം ഏറെ ഇരുട്ടുന്നതുവരെ ചർച്ച് ഗേറ്റിൽ സമയം ചിലവഴിക്കുന്നവരുണ്ട്. പുസ്തകങ്ങൾ വാങ്ങാനായി മാത്രമല്ല ചിലരൊന്നും വരുന്നത്. മറിച്ച് കണ്ടും തൊട്ടും മണത്തും മറി ച്ചു നോക്കിയും അവയോടു സല്ലപിച്ച് സമയം ചിലവഴിക്കാൻ എത്തുന്നവർ.  കാലപ്പഴക്കം കൊണ്ട് പൊടിഞ്ഞു പോയ ചില പുസ്തകങ്ങളുടെ പേജുകളിൽ പൊടുന്നനെയാണ് വിസ്മയിപ്പിക്കുന്ന ചില കൗതുകങ്ങൾ പൊന്തിവരുന്നത്. ചിലതിൽ  ആരോ മറന്നു വെച്ച  പൂക്കളുടെ പൊടിഞ്ഞുപോയ  ദലങ്ങളോ ഇലകളുടെ പച്ചവറ്റിയ  ഞരമ്പുകളോ കാണാം. ചിലതിൽ നിന്നെല്ലാം ആരോ , ഏതോകാലത്ത്  ഒളിച്ചു വെച്ച പ്രണയ കുറിപ്പുകളും  പുറത്തുവരും . വായിച്ചു പോയ പേജുകളിൽ ചിലതിലൊക്കെ  നിറച്ചും അടിവരയിട്ടുവെച്ച ആകർഷകമായ വരികൾ…ചർച്ച് സ്ട്രീറ്റിലെ പുസ്തകങ്ങൾ  പുസ്തകപ്രണയികൾക്ക്  സമ്മാനിക്കുന്നത് പലതരം അനുഭവങ്ങൾ. 

എക്കാലത്തും താനൊരു പുസ്തക സ്നേഹിയായിരുന്നെന്ന് കൃഷ്ണ ഗൗഡ പറയുന്നു. ഇരുപതു കൊല്ലം മുൻപ്  എം ജി റോഡിലെ നടപ്പാതയിലിരുന്നു പുസ്തകം വിറ്റാണ് ഗൗഡയുടെ  തുടക്കം.  മൈസൂരുവിലെ ഒരു വിദൂര ഗ്രാമത്തിൽ നിന്ന് വരുന്ന അദ്ദേഹം പറയുന്നു. രണ്ടായിരത്തിൽ ഞാൻ അവിടെ തന്നെ ചെറിയരീതിയിൽ   ഒരു ഷോപ് തുടങ്ങി. 2007 ലാണ് ചർച്ച ഗേറ്റിലേക്ക് വരുന്നത്. ഗൗഡയുടെ ബുക്ക് വേമിൽ 75 ശതമാനവും ഉപയോഗിച്ച പുസ്തകങ്ങളാണ്. ചരിത്രവും ജീവചരിത്രവും സാഹിത്യവുമാണ് ബുക്ക് വേമിന്റെ ശക്തി. ആ വിഭാഗത്തിൽ പെട്ട പുസ്തകങ്ങൾ തിരഞ്ഞാണ് മിക്കവാറും ആളുകൾ  ഇവിടെ എത്തിച്ചേരുന്നത്. പുതിയ പുസ്തകങ്ങൾക്ക് എല്ലാവരെയും പോലെ 15 മുതൽ 20 ശതമാനം വരെ ഡിസ്‌കൗണ്ട് നൽകാറുണ്ടെന്ന് അദ്ദേഹം പറയുന്നു. പഴയ പുസ്തകങ്ങളാകട്ടെ  വായിച്ച് മടക്കി നൽകിയാൽ 50 ശതമാനം തുക മടക്കി നൽകും. 

2016 ലായിരുന്നു ന്യൂ ബ്ലോസം ബുക്സിന്റെ തുടക്കം. ഒറ്റ നിലയിൽ എല്ലാ പുസ്തകങ്ങളും സജ്ജീകരിച്ചു തുടങ്ങിയതാണ്. എന്നാൽ ഒഴിവു ദിവസങ്ങളിൽ അഭൂതപൂർവമായ തിരക്ക് അനുഭവപ്പെട്ടതോടെ  നിന്ന് തിരിയാൻ  ഇടമില്ലാതായി . അങ്ങിനെയാണ് മുകൾനിലകൾ കൂടി എടുക്കുന്നത്. കടയുടമ മായി ഗൗഡ പറയുന്നു.  കൃഷ്ണ ഗൗഡയെപ്പോലെ എം ജി റോഡിലെ നടപ്പാതയിൽ ഇരുന്ന് പുസ്തക വിൽപ്പന നടത്തിയാണ് മായിയുടെയും തുടക്കം. 2002 ൽ ബ്രിഗേഡ് ഗാർഡൻസിലാണ്  ആദ്യത്തെ ബ്ലോസം സ്റ്റോർ തുറന്നത്. പിന്നീടാണ് ചർച്ച് ഗേറ്റിലേക്ക് കൂടി സ്ഥാപനം വികസിപ്പിക്കുന്നത്. 

കുട്ടികൾക്കുള്ള കോമിക് ബുക്കുകളുടെയും ഗ്രാഫിക് നോവലുകളുടെയും വലിയൊരു ശേഖരമാണ്  ബ്ലോസമിലുള്ളത് . ചാൾസ് ഷൂൾസിന്റെ പീ നട്സ് , ബിൽ വാട്ടേഴ്സന്റെ കാൽവിൻ ആൻഡ് ഹോബ്സ് തുടങ്ങി അത്യപൂർവമായ  കളക്ടേഴ്‌സ് എഡിഷനും  ക്രൈം സ്റ്റോറീസും മാർവെൽ കോമിക്‌സുമെല്ലാം   റേക്കിൽ  ഇടം പിടിച്ചിട്ടുണ്ട്. വിസ്തൃതവും വായു സഞ്ചാരം കൂടിയതുമായ പുതിയ സ്റ്റോറിൽ ഭൂരിഭാഗവും പുത്തൻ പുസ്തകങ്ങൾ തന്നെ. ആവശ്യക്കാർക്ക്‌ യു എസിൽ നിന്നും യു കെ യിൽ നിന്നും  പുസ്തകങ്ങൾ എത്തിക്കാനുള്ള സംവിധാനവും  ഇവിടെയുണ്ട്.  

അതെ; പ്രീമിയറിൽ മുളപൊട്ടിയ പുസ്തകങ്ങളുടെ ഈ ലോകം ഗൂബേയിലൂടെ, സെലെക്ടിലൂടെ, ഗംഗാറാമിലൂടെ, ബ്ലോസമിലൂടെ  പടർന്നു പന്തലിക്കുകയാണ്. വേരുകളാഴ്ത്തി, ശാഖോപശാഖകളായി  വികസിക്കുകയാണ്. ആമസോണിന്റെയും ഫ്ലിപ്കാർട്ടിന്റെയും പുതിയ കാലത്ത് അതുമൊരു  വാർത്ത തന്നെ. ഓൺലൈൻ കാലത്ത് , അത് തുറന്നു തരുന്ന സാധ്യതകളുടെ  ലോകത്തേക്ക് പൂർണമായും വഴിമാറി സഞ്ചരിക്കുന്ന വായനക്കാരുണ്ടാവാം. കിൻഡിലിന്റെ കാലം  അവരുടെ എണ്ണം കൂടുകയും ചെയ്യാം.

എന്നാൽ ചർച്ച് ഗേറ്റിലെത്തുന്നവർ, അവിടെ പുതുതായി തുറന്നു വെയ്ക്കുന്ന പുസ്തക ശാലകൾ,  ഇത്തരം  ഷോപ്പുകളിൽ  വിശ്വാസമർപ്പിക്കുന്ന  ചെറുപ്പക്കാർ പുസ്തക ലോകത്തെ  മറ്റൊരു സന്ദേശവും പകർന്നു തരുന്നു.  അത് തീർച്ചയായും പ്രത്യാശയുടേതാണ്. ഇ ബുക്കുകളുടെയും ഇ വായനയുടെയും വ്യാപനത്തിനിടയിലും ഇത്തരം പുസ്തകശാലകളും അതിജീവിക്കുന്നുണ്ട് എന്ന ആഹ്ലാദകരമായ സന്ദേശം. പുതിയ കാലത്തെ ചെറുപ്പക്കാർക്ക് ടൈം പാസ് എന്നത് ഷോപ്പിംഗ് മാളുകളും മൾട്ടിപ്ലെക്സുകളും മാത്രമായി ചുരുങ്ങുന്നില്ല എന്ന ആശ്വാസം കൂടിയാണത്. ലോകമെങ്ങും പുസ്തകശാലകൾ അടച്ചു പൂട്ടുന്ന വാർത്തകൾ വരുന്നതിനിടയിൽ എഴുത്തുകാർക്കും വായനക്കാർക്കും  അത് പകരുന്ന പ്രത്യാശ ഒന്ന് വേറെയാണ്. 

കടപ്പാട്. മിൻറ്റ്  

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ദുരനുഭവത്തെ പിന്നിലുപേക്ഷിക്കുവാൻ സെറീന വില്യംസ് 

ഡോ. എ.പി.ജെ. അബ്ദുള്‍ കലാം പുരസ്‌കാരം മന്ത്രി ശൈലജ ടീച്ചര്‍ക്ക്