കൊതുകുകളിലൂടെ കൊളോണിയല്‍ ചരിത്രം വിവരിച്ച്  ബ്രസീലിയന്‍ ആര്‍ട്ടിസ്റ്റ് വിവിയന്‍ കക്കൂരി

കൊച്ചി: കൊച്ചിയും ബ്രസീലും തമ്മിലുള്ള ബന്ധമെന്താണെന്ന് കുറച്ചു ദിവസത്തെ സന്ദര്‍ശനത്തിനുള്ളില്‍ തന്നെ ബിനാലെ ആര്‍ട്ടിസ്റ്റ് വിവിയന്‍ കക്കൂരിക്ക് മനസിലായി. അത് മറ്റൊന്നുമല്ല, രണ്ടിടങ്ങളിലെയും കൊതുകുകള്‍ തന്നെ. ബ്രസീലിന്‍റെയും ഫോര്‍ട്ട്കൊച്ചിയുടെയും കൊളോണിയല്‍ ചരിത്രം കൊതുകുകളിലൂടെ പറയുന്ന പ്രതിഷ്ഠാപനമാണ് വിവിയന്‍ കക്കൂരി ബിനാലെയില്‍ ഒരുക്കിയത്.

ശബ്ദവും വെളിച്ചവും കൊണ്ടൊരുക്കിയിരിക്കുന്ന ഈ പ്രതിഷ്ഠാപനം കൊച്ചി-മുസിരിസ് ബിനാലെയുടെ വേദിയായ ഫോര്‍ട്ട്കൊച്ചി പെപ്പര്‍ഹൗസിലാണ് പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. മുറിക്കുള്ളിലേക്ക് കടക്കുമ്പോള്‍ തന്നെ കൊതുകിന്‍റെ മൂളലാണ്  കേള്‍ക്കാനാകുന്നത്.

കൊതുകുകള്‍ പരത്തുന്ന രോഗം വിവിധ ചരിത്രഘട്ടങ്ങളുടെ ഭാഗമായിട്ടുണ്ട്. അതോടൊപ്പം എന്തു കൊണ്ടാണ് കൊതുകുകളുടെ മൂളല്‍ മനുഷ്യനെ ഇത്രമാത്രം അലോസരപ്പെടുത്തുന്നതെന്ന ചോദ്യവും വിവിയന്‍ കക്കൂരി ഉയര്‍ത്തുന്നു.

ബ്രസീലിലെ റിയോ ഡി ജനീറോ സ്വദേശിനിയായ വിവിയന്‍ ആഫ്രിക്കന്‍ രാജ്യമായ ഘാനയില്‍ താമസിക്കുമ്പോഴാണ് കൊതുകുകളെ കുറിച്ച് കൂടുതല്‍ അറിയുന്നത്. കൊളോണിയല്‍ ഭരണത്തിന്‍റെ ആധുനികതയില്‍ നിന്നാണ് കൊതുകുകള്‍ പെറ്റുപെരുകാനുള്ള സാഹചര്യം ദരിദ്ര രാഷ്ട്രങ്ങളില്‍ ഉണ്ടായത്. പക്ഷെ ഈ രാജ്യങ്ങളില്‍ കൊതുകുകടി അത്രയ്ക്ക് അപകടകരമല്ലെന്ന് വിവിയന്‍ സമര്‍ത്ഥിക്കുന്നു. എന്നാല്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ അസഹനീയമായ ഒന്നായി കൊതുകുകള്‍ മാറി. അതോടൊപ്പം അവയുടെ ഉൻമൂലനവും ആരംഭിച്ചു.

മുമ്പും ഇത്തരം പ്രതിഷ്ഠാപനങ്ങള്‍ വിവിയന്‍ ചെയ്തിട്ടുണ്ട്. അന്നൊക്കെ മൂളലിന് കഠോര ശബ്ദമായിരുന്നെങ്കില്‍ കൊച്ചി ബിനാലെയില്‍ എത്തുമ്പോള്‍ അത് കുറച്ചു കൂടി മൃദുമായ ശബ്ദത്തിന് വഴിമാറി.

ശബ്ദത്തിലെ വൈവിദ്ധ്യങ്ങള്‍ കൊണ്ടും ഈ  പ്രതിഷ്ഠാപനം  ശ്രദ്ധേയമാണ്. ഒരിടത്ത് കൊതുകുകള്‍ ഇണചേരുമ്പോള്‍ പുറപ്പെടുവിക്കുന്ന ശബ്ദമാണ് ഉപയോഗിച്ചിരിക്കുന്നത്. കൊതുകുവല കൊണ്ടുണ്ടാക്കിയ പ്രതിമയും ഉപയോഗിച്ചിരിക്കുന്നു. ശാസ്ത്രീയവും സാങ്കല്‍പ്പികവുമായ അംശങ്ങള്‍ കോര്‍ത്തിണക്കിയതാണ് ഈ പ്രതിഷ്ഠാപനം. അള്‍ട്രാവയലറ്റ് രശ്മികള്‍ കൊണ്ട് കൊതുകുള്‍ ശൂന്യാകാശത്തെത്തുന്നതായും ചിത്രീകരിച്ചിരിക്കുന്നു.

കൊതുകുകളെ അംഗീകരിച്ചിരിക്കുകയാണ് താനെന്ന് വിവിയന്‍ പറഞ്ഞു. മുതലാളിത്ത അധിഷ്ഠിത നവ കോളനി കേന്ദ്രീകൃതമായ സമൂഹത്തിലെ സാംസ്ക്കാരികതയെ ആണ് അത് പ്രതിനിധാനം ചെയ്യുന്നത്.

കൊതുകുകളോടുള്ള വെറുപ്പ് ഉപബോധമനസില്‍ ആഴത്തിലുള്ള അര്‍ത്ഥങ്ങള്‍ ഉണ്ടാക്കിയിരിക്കാമെന്ന് വിവിയന്‍ കരുതുന്നു. വ്യത്യസ്തമായ ഭൂതകാലത്തില്‍ നാം ഓര്‍ക്കുന്നതു മുഴുവന്‍ രോഗത്തെ കുറിച്ചുള്ള ആശങ്കകളാണെന്ന് അവര്‍ പറഞ്ഞു.

സാവോ പോളോ ആര്‍ട്ട് ബിനാലെയില്‍ 2016 ല്‍ വിവിയന്‍ കക്കൂരി പങ്കെടുത്തിട്ടുണ്ട്. ഇതു കൂടാതെ ഫോട്ടോബോക്സ് ഇന്‍സ്റ്റാഗ്രാം ഫോട്ടോഗ്രാഫി പുരസ്ക്കാരത്തിന്‍റെ അവസാന പട്ടികയിലും ഇവര്‍ ഇടം നേടി. ലാറ്റിന്‍ അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെ പത്തോളം  സ്ഥലങ്ങളില്‍ വിവിയന്‍ കലാപ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്.

 

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ശംഖുമുഖം അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക്

പാരമ്പര്യത്തനിമ നഷ്ടപ്പെടാതെ ക്ഷേത്രങ്ങളും സ്മാരകങ്ങളും സംരക്ഷിക്കുമെന്ന് മന്ത്രി