കുറ്റവാളികളില്ലാത്ത കേരളം സൃഷ്ടിക്കാന്‍ സാമൂഹ്യനീതി വകുപ്പ്

തിരുവനന്തപുരം: കുറ്റവാളികളില്ലാത്ത കേരളം സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി സാമൂഹ്യനീതി വകുപ്പ് ദ്വിദിന ശില്‍പശാല സംഘടിപ്പിക്കുന്നു.

ഒക്‌ടോബര്‍ 11, 12 തീയതികളില്‍ തിരുവനന്തപുരം പി.എം.ജി.യിലുള്ള ഹോട്ടല്‍ പ്രശാന്തിലാണ് ശില്‍പശാല സംഘടിപ്പിക്കുന്നത്. ജുഡീഷ്യറി, പോലീസ്, പ്രൊബേഷന്‍, ജയില്‍ വെല്‍ഫയര്‍ തുടങ്ങിയ വിവിധ മേഖലയിലെ വിദഗ്ദര്‍ ഈ ശില്‍പശാലയില്‍ പങ്കെടുക്കും.

ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി. കെ.കെ. ശൈലജ ടീച്ചര്‍ ശില്‍പശാല ഉദ്ഘാടനം ചെയ്യും. സാമൂഹ്യനീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍ ഐ.എ.എസ്, ഡി.ജി.പി. ലോകനാഥ് ബെഹ്‌റ ഐ.പി.എസ്, ജയില്‍ ഡി.ജി.പി. ആര്‍. ശ്രീലേഖ ഐ.പി.എസ്, തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും. പുതുതായി ആരംഭിക്കേണ്ട വിവിധ പദ്ധതികളും നിയമങ്ങളും കരട് രൂപത്തില്‍ അവതരിപ്പിച്ച് ചര്‍ച്ച നടത്തും.

കുറ്റവാളികളില്ലാത്ത കേരളം സൃഷ്ടിക്കാനായി സാമൂഹ്യനീതി വകുപ്പ് നിരന്തര പരിശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ജയിലുകളിലെ ആള്‍പെരുപ്പം കുറക്കുക, ആദ്യമായി കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നവരുടെ കുടുംബ സാമൂഹ്യ സാഹചര്യങ്ങളില്‍ നിരന്തരം ഇടപെട്ട് വീണ്ടും കുറ്റക്യത്യങ്ങളിലേക്ക് പോകുന്ന പ്രവണത ഇല്ലാതാക്കുക, ചെറിയ കുറ്റകൃത്യങ്ങള്‍ക്ക് ജയിലിലേക്ക് അയയ്ക്കുന്നതിന് പകരം ‘സാമൂഹ്യ സേവന ശിക്ഷ’ എന്ന ആശയം നടപ്പില്‍ വരുത്തുക, കുറ്റകൃത്യത്തിനിരയാവുന്നവര്‍ക്കും ആശ്രിതര്‍ക്കും ജയിലില്‍ കിടക്കുന്നവരുടെ ആശ്രിതര്‍ക്കും ആവശ്യമായ സാമൂഹ്യ മന:ശാസ്ത്ര സംരക്ഷണം ഒരുക്കുക തുടങ്ങി സാമൂഹ്യ പ്രതിരോധ മേഖലയില്‍ വികസിത രാജ്യങ്ങളോട് കിടപിടിക്കുന്ന പദ്ധതികള്‍ രൂപപ്പെടുത്താന്‍ സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു. സാമൂഹ്യ നീതി വകുപ്പിന്റെ വിഭജനം പൂര്‍ത്തിയായ സാഹചര്യത്തില്‍ കൂടുതല്‍ ദുര്‍ബലരിലേക്ക് നീതി എത്തിക്കാനുള്ള സര്‍ക്കാറിന്റെ തീരുമാനമാണ് പദ്ധതിക്ക് നിദാനം.

സാമൂഹ്യനീതി വകുപ്പില്‍ നിലവിലുള്ള പ്രൊബേഷന്‍ (നല്ലനടപ്പ്) സംവിധാനം ശക്തിപ്പെടുത്തി വിവിധ വകുപ്പുകളെയും അക്കാദമിക സ്ഥാപനങ്ങളെയും സന്നദ്ധ സംഘടനകളെയും സഹകരിപ്പിച്ച് പദ്ധതി നടപ്പാക്കാനാണ് ആലോചിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ശില്‍പശാല സംഘടിപ്പിക്കുന്നത്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

നവോത്ഥാന മുന്നേറ്റങ്ങളെ ഓർമ്മിപ്പിച്ച് മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം  

ഇന്ധന വിലയിൽ വീണ്ടും വർദ്ധനവ്