in

ഉദ്യോഗസ്ഥർ ജനപ്രതിനിധികളുടെ അടിമകളല്ല  

ഉദ്യോഗസ്ഥരിലെ ഉദ്യോഗസ്ഥമേധാവിത്ത പ്രവണതകൾ തിരിച്ചറിയുന്ന സംസ്കാര വിമർശകർ പലപ്പോഴും രാഷ്ട്രീയത്തിലെ ഉദ്യോഗസ്ഥമേധാവിത്തത്തെ തിരിച്ചറിയുന്നില്ല എന്നത് വിചിത്രമാണ്. അഴിമതി രഹിതവും ചട്ടവിധേയവുമായി നിലപാടെടുക്കുന്ന ഉദ്യോഗസ്ഥരോട് നീതിബോധവും ആത്മസമർപ്പണവുമുള്ള രാഷ്ട്രീയക്കാർക്ക് വിരോധം തോന്നേണ്ട കാര്യമെന്താണ്? അതിസാങ്കേതികത്വം ഉയർത്തിക്കാട്ടി അവരുടെ ആത്മബോധവും അന്തസ്സും തകർത്തിട്ട് ആർക്കാണ് ഗുണം ? നിയമം നടപ്പിലാക്കാൻ ബാധ്യസ്ഥരായ ബ്യൂറോക്രസി അകാരണമായി വിമർശിക്കപ്പെടുന്നതിനെപ്പറ്റി ഷിജു ദിവ്യ എഴുതുന്നു .

ഭരണകൂടത്തിന്റെ ശിപ്പായിമാർ മാത്രമാണ് ഉദ്യോഗസ്ഥരെന്നത് ബ്രിട്ടീഷ് ഭരണകൂടത്തിന്റെ നിലപാടാണ്. ജനാധിപത്യ കാലത്തും അതേ നിലപാടാണ് നാം തുടരുന്നതെങ്കിൽ പിന്നെ, ഉദ്യോഗസ്ഥർ എങ്ങനെയാണ് സർവ്വീസ് സംഘടനകളിൽ പ്രവർത്തിക്കുന്നത് ? കൂലിക്കൂടതലിന് വേണ്ടി സർക്കാരിനോട് യാചിക്കുന്ന ഭിക്ഷാടന സംഘങ്ങൾ മാത്രമാണോ അവ? അല്ലല്ലോ ! ഭരണകൂടത്തിന്റെ സാമ്പത്തിക / തൊഴിൽ നയങ്ങൾക്കെതിരെ അവ എങ്ങനെയാണ് പൊരുതുന്നത്? തൊഴിലവാകാശങ്ങൾക്കു വേണ്ടിയെന്ന പോലെ ഭരണകൂടനയങ്ങൾക്കെതിരെയും പൊരുതിയതിന്റെ ധീര ചരിത്രമുള്ളവയാണ് ജീവനക്കാരുടെ സംഘങ്ങൾ .

അഴിമതിക്കാരായ ഉദ്യോഗസ്ഥരും ആളെക്കൊല്ലുന്ന പോലീസുകാരും എപ്പോഴെങ്കിലും രാഷ്ട്രീയക്കാരുടെ ശത്രുക്കളാവുന്നത് നമ്മൾ കണ്ടിട്ടുണ്ടോ? എല്ലാ നിയമങ്ങളും കാറ്റിൽ പറത്തുന്ന നിർമ്മാണ പ്രവൃത്തികൾ, അനധികൃത കുന്നിടിക്കലുകൾ, പാടം നികത്തലുകൾ തുടങ്ങിയവ നിർബാധം നടക്കുന്നത് ഉദ്യോഗസ്ഥരെ മാത്രം ബാധിച്ച അഴിമതിയും ജീർണ്ണതയും കൊണ്ടാണെന്ന് മനസ്സിലാക്കണോ? സോ കോൾഡ് രാഷ്ട്രീയക്കാർക്കും ജനപ്രതിനിധികൾക്കും അതിൽ റോളില്ലെന്നാണോ ?

ഒരു വിഷയത്തിന്റെ മെറിറ്റ് നമുക്കൊപ്പമില്ലാത്തപ്പോഴാണ് അഥവാ  അതിൽ നമുക്ക് താല്പര്യമില്ലാത്തപ്പോഴാണ് നാമതിൽ സാങ്കേതികത്വത്തിന്റെ ഒഴികഴിവുകൾ തിരയുക. ‘വെടക്കാക്കി തനിക്കാക്കുക ‘ എന്നൊരു മന: ശാസ്ത്ര പ്രതിരോധ തന്ത്രമാണത്. ശബരിമല വിധിയുടെ പശ്ചാത്തലത്തിൽ ‘കോടതിയാണോ ആചാരം തീരുമാനിക്കേണ്ടത് ? ‘, ‘ കോടതി വിധിയിലൂടെ വിപ്ലവം വരുമോ ? ‘ തുടങ്ങിയ കുറെ ചോദ്യങ്ങൾ കേട്ടിരുന്നു. ശബരിമല വിധിയിലെ ലിംഗനീതിയുടെ അംശത്തെ നേരിട്ടെതിർക്കാൻ ധൈര്യമില്ലാത്തവരുടെ മുട്ടാപ്പോക്ക് ന്യായങ്ങൾ മാത്രമാണവ.

സതി സമ്പ്രദായം രാജാറാം മോഹൻ റോയ് അടക്കമുള്ളവരുടെ ശ്രമഫലമായ് ബ്രിട്ടീഷ് ഗവൺമെന്റ് നിരോധിച്ചപ്പോൾ ബാലഗംഗാധര തിലകൻ ” ബ്രിട്ടീഷ് സർക്കാറിന് അതിന് അവകാശമില്ല. അതുകൊണ്ട് ഈ നിയമം അംഗീകരിക്കില്ല ” എന്ന് പറഞ്ഞതു ബ്രിട്ടീഷ് വിരുദ്ധത കൊണ്ടൊന്നുമല്ല, ഉള്ളിലെ ഹിന്ദുത്വാംശങ്ങളുടെ ശക്തി കൊണ്ടാണ് .

ജഡതുല്യമായ ചട്ടങ്ങളുടെയും നിയമങ്ങളുടെയും യാന്ത്രികതയെ മനുഷ്യസ്നേഹത്തിന്റെയും സഹജമനോഭാവത്തിന്റെയും ആർദ്രത കൊണ്ട് ജീവനുള്ളതാക്കുകയാണ് ഉദ്യോഗസ്ഥരുടെ ജോലി. അത് ഏറ്റവും വലിയ രാഷ്ട്രീയ പ്രവർത്തനമാണ്. അവർ ജനപ്രതിനിധികളുടെ അടിമകളല്ല. ജനതയുടെ അടിമകളാണ് . ജനപ്രതിനിധികളും ജനതയുടെ അടിമകളാണ് . യജമാനന്മാരല്ല. പക്ഷേ ഉദ്യോഗസ്ഥരിലെ ഉദ്യോഗസ്ഥമേധാവിത്ത പ്രവണതകൾ തിരിച്ചറിയുന്ന സംസ്കാര വിമർശകർ പലപ്പോഴും രാഷ്ട്രീയത്തിലെ ഉദ്യോഗസ്ഥമേധാവിത്തത്തെ തിരിച്ചറിയുന്നില്ല എന്നത് വിചിത്രമാണ് .

നാട്ടിൽ പാലങ്ങളും ആശുപത്രികളും റോഡുമടക്കമുള്ളവ അനുവദിക്കൽ ജന പ്രതിനിധികളുടെ ഉത്തരവാദിത്തമാണ്. അതു ചെയ്യുന്നതിന്റെ പേരിൽ ജനപ്രതിനിധികൾക്ക് അഭിവാദ്യബാനർ വയ്ക്കുകയും പൊതുവേദികളിൽ പുകഴ്ത്തുകയും ചെയ്യുന്നവർ രാഷട്രീയത്തിലെ ഉദ്യോഗസ്ഥ മേധാവിത്തത്തിന് കുഴലൂതുകയാണ് ചെയ്യുന്നത്. അതുകൊണ്ടു തന്നെ പിറകെ നടന്ന് കരഞ്ഞ് ‘ജനപ്രതിനിധികളെ ‘ പ്രസാദിപ്പിക്കുന്നവർക്ക് ലഭിക്കുന്ന ‘കാരുണ്യ’ മായി വികസനമെന്നത് മാറുന്നു. ചെയ്യുന്ന കാര്യങ്ങളുടെ പതിന്മടങ്ങ് ഔദാര്യ / ആശ്രിത മനോഭാവമാണ് ഓരോ വികസന പദ്ധതിയിലൂടെയും രാഷ്ട്രീയ നേതൃത്വങ്ങൾ സൃഷ്ടിക്കുന്നത്. തങ്ങളുടെ ഏകാധിപത്യ പ്രവണതകളോട് വിയോജിക്കുന്ന വിമതശബ്ദങ്ങളെ ഒതുക്കിയും പുറത്താക്കിയും വേണമെങ്കിൽ ഇല്ലാതാക്കി പ്പോലും അധികാരമുറപ്പിക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങൾ ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിന്റെ ഉത്തമോദ്ദാഹരണങ്ങൾ കൂടിയാണ് .

ഒരു ജനതയെ വിശ്വാസത്തിലെടുക്കാതെയും അടിമകളാക്കി നിർത്താനും ഇവിടുത്തെ വിഭവങ്ങൾ കൊള്ളയടിക്കുന്നതിന് കുടപിടിച്ചു കൊടുക്കാനുമായി ബ്രിട്ടീഷുകാരുണ്ടാക്കിയതാണ് നമ്മുടെ ബ്യൂറോക്രാറ്റിക് ഘടന. അവിശ്വാസവും യജമാനബോധവുമാണ് അതിന്റെ മുഖമുദ്ര. അതുകൊണ്ടുതന്നെ ബഹുജന സേവകരായല്ല, യജമാനന്മാരായാണ് ഉന്നതോദ്യോഗസ്ഥർ പെരുമാറുക. ഉദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും തങ്ങളുടെ സേവകർ മാത്രമായി കാണാനുള്ള ഒരു സിവിൽ ബോധം ബഹുജനങ്ങൾക്കും പ്രാപ്തമല്ല .

അതുകൊണ്ട് രാജവാഴ്ചക്കാലത്തെ രാജാക്കന്മാരോടും നികുതി പിരിവുകാരോടുമെന്നപോലെ പഞ്ച പുച്ഛമടക്കി നിൽക്കുകയാണ് നമ്മുടെ ശീലം . അതുകൊണ്ട് രാഷ്ട്രീയത്തിലേയും ബ്യൂറോക്രസിയിലെയും അധികാരപ്രകടനങ്ങളെ വണങ്ങുന്നതിലും വഴങ്ങുന്നതിലും പൊതുവേ നമുക്ക് ലജ്ജ തോന്നാറില്ല . ഈ പൊതുബോധത്തിന്റെ ഒഴുക്കിനെതിരെ നീന്തിയാണ് നല്ല രാഷ്ട്രീയക്കാരായാലും ജീവനക്കാരായാലും പിടിച്ചു നിൽക്കുന്നത്. സ്വന്തം സിസ്റ്റത്തിനകത്തെ പ്രലോഭനങ്ങളും സമ്മർദ്ദങ്ങളും നന്നായി അതിജീവിക്കുന്നണ്ടാവുമവർ .

അഴിമതി രഹിതവും ചട്ടവിധേയവുമായി നിലപാടെടുക്കുന്ന ഉദ്യോഗസ്ഥരോട് നീതിബോധവും ആത്മസമർപ്പണവുമുള്ള രാഷ്ട്രീയക്കാർക്ക് വിരോധം തോന്നേണ്ട കാര്യമെന്താണ് . അതിസാങ്കേതികത്വം ഉയർത്തിക്കാട്ടി അവരുടെ ആത്മബോധവും അന്തസ്സും തകർത്തിട്ട് ആർക്കാണ് ഗുണം ?

 

എഫ് ബി പോസ്റ്റ്

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

വ്യവസായങ്ങൾ നാടിനെ ചൂഷണം ചെയ്യുകയാണെന്ന മനോഭാവം മാറണം-മുഖ്യമന്ത്രി പിണറായി വിജയന്‍

സി ബി ഐ ഇടക്കാല ഡയറക്ടർ ശിക്ഷിക്കപ്പെട്ട് കോടതി മൂലയിൽ