in ,

അതിനാൽ സനാതനാ, നീ എഴുതിയിട്ട കമന്റ് ഒന്നുകൂടി സ്വബുദ്ധിയോടെ വായിക്കുക


‘മീശ’ നോവൽ വിവാദത്തിൽ നോവലിസ്റ്റ്  എസ്. ഹരീഷിനെ പിന്തുണച്ചുകൊണ്ടെഴുതിയ തന്റെ   ഫേസ്ബുക് പോസ്റ്റിൽ  വന്ന ഒരു കമന്റിന് കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി  സി. നാരായണൻ നൽകിയ മറുപടി. 


Sanathanan Anand: Narayanettan, does this writer have the balls to write or speak a single word against any of the other two religions? No, he won’t dare do it, because they are organised and the implications will be so damn bad…Hindu beliefs are not a public toilet.. if he is not religious, he should shut his filthy mouth. Freedom to express ideas does not mean that any bastard can abuse the feelings of the majority of the country under the label of being intellectual..

പ്രിയപ്പെട്ട സനാതനന്‍,

സി. നാരായണൻ

എന്റെ ഫേസ്‌ബുക്ക്‌ പേജില്‍ നീ എഴുതിയ ഈ കമന്റ്‌ വേണമെങ്കില്‍ എനിക്ക്‌ തണുത്ത ഒരു പുഞ്ചിരിയോടെ അവഗണിച്ച്‌ സൈന്‍ ഔട്ടാകാം. കാരണം, നീ എനിക്ക്‌ കുഞ്ഞനുജനാണ്‌. ആനന്ദേട്ടന്റെ മകനെ കൗമാരകാലം തൊട്ട്‌ അറിയുന്നതാണല്ലോ. എന്നെ അങ്കിള്‍ എന്നാണല്ലോ നീ എപ്പോളും ഇഷ്ടത്തോടെ വിളിക്കാറുള്ളത്‌. നീ സംവാദപ്രിയനും അതില്‍ നല്ല പക്വത സൂക്ഷിക്കുന്നവനും ആയിരുന്നല്ലോ.  ആ സ്‌നേഹവാല്‍സല്യങ്ങള്‍  നിലനിര്‍ത്തിക്കൊണ്ടുതന്നെ, നിന്റെ മേല്‍പ്പറഞ്ഞ കുറിപ്പ്‌ ബുദ്ധിപരമായ അന്ധതയുടെ ഒന്നാംതരം ഒരുദാഹരണമായി ഉയര്‍ത്തിക്കാണിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു; വിദ്യാസമ്പന്നരായിട്ടും അന്ധത ബാധിച്ച, മതത്തിന്റെ നിഴലില്‍ നീണ്ടു കിടക്കുന്ന വര്‍ഗീയചിന്ത കൊണ്ടു മാത്രം എല്ലാറ്റിനെയും അളക്കുകയും ദുര്‍വ്യാഖ്യാനിക്കുകയും ചെയ്യുന്ന കേരളത്തിലെ ശരാശരി സംഘപരിവാര്‍ ചിന്തയുടെ കൃത്യമായ അടയാളമായി അത്‌ മാറിയിരിക്കുന്നു.

എസ്‌.ഹരീഷിന്റെ ‘മീശ’ ഒരു ഫിക്‌ഷന്‍ ആണ്‌. അത്‌ ഒരു ഇമാജിനേഷന്‍ ആണ്‌. യഥാര്‍ഥ ലോകത്തില്‍ ആ കൃതിയിലെ സംഭവങ്ങള്‍ക്കോ കഥാപാത്രങ്ങള്‍ക്കോ വല്ല മാതൃകയും ഉണ്ടാകുമോ… ആവോ. ഇമാജിനേഷനും യാഥാര്‍ഥ്യവും, ഭാവനയും ചരിത്രവും – ഇത്‌ രണ്ടും രണ്ടായിരുന്നു ഇക്കാലം വരെയും. പക്ഷേ സംഘപരിവാറിന്‌ അത്‌ രണ്ടും ഒന്നാണ്‌. അവര്‍ക്ക്‌ കഥ തന്നെയാണ്‌ ചരിത്രം. അതിനാല്‍, ഇതിഹാസകഥയിലെ എല്ലാ ഭാവനകളും അവര്‍ ലോകചരിത്രമായി വ്യാഖ്യാനിക്കും. വിമാനവും മിസൈലും കമ്പ്യൂട്ടറുമെല്ലാം, മനുഷ്യവംശത്തിന്റെ ബുദ്ധിപരമായ കണ്ടുപിടുത്തങ്ങളെല്ലാം, ത്രേതായുഗത്തിലും അതിനു മുമ്പും ഈ ലോകത്തിലുണ്ടായിരുന്നു എന്ന്‌ യാതൊരു ലജ്ജയും ഇല്ലാതെ സ്ഥാപിച്ചുകളയും. സംഘികള്‍ക്ക്‌ കഥകളില്ല, ചരിത്രമാണെല്ലാം.

ഹരീഷിന്റെ നോവലിനെ എന്നല്ല, ഈ ലോകത്തിലെ ഏത്‌ കാര്യത്തെ വിലയിരുത്തുമ്പോഴും അവര്‍ ഇമാജിനേഷനെ പിടിച്ച്‌ ചരിത്രവും യാഥാര്‍ഥ്യവുമാക്കിക്കളയും. അതിനാല്‍ ‘മീശ’ക്കാര്യത്തില്‍ സംഘപരിവാര്‍ എടുത്ത നിലപാട്‌ അവരുടെ മനശ്ശാസ്‌ത്രത്തിന്റെ കൃത്യം പ്രകടനമാണ്‌. അതിനാല്‍ അതില്‍ ഞാന്‍ യാതൊരു അസാധാരണത്വവും കാണുന്നില്ല.

എന്നാല്‍, പ്രിയപ്പെട്ട സനാതനന്‍, വേറെ ചില അസാധാരണത്വങ്ങള്‍ എനിക്ക്‌ കാണാന്‍ കഴിയുന്നത്‌ അല്‍പം തുറന്നുതന്നെ പറയട്ടെ. നമുക്ക്‌ സദാചാരത്തില്‍ തുടങ്ങാം. വാല്‍സ്യായനന്റെ കാമശാസ്‌ത്രം കൗമാരക്കാര്‍ തൊട്ട്‌ വൃദ്ധജനങ്ങള്‍ വരെ പച്ചയായി വായിക്കുകയും ആസ്വദിക്കുകയും ചെയ്‌തു പോരുന്ന നാടാണിത്‌ എന്ന്‌ തനിക്കറിയാമല്ലോ.

ഈ ആസ്വാദനമെല്ലാം രുചികരമായിത്തീരുന്നത്‌ മറ്റൊന്നു കൊണ്ടുമല്ല, സ്‌ത്രിയെ പ്രാപിക്കുന്നതിന്റെ, അവളെ പല രീതിയില്‍ ഭോഗിക്കുന്നതിന്റെ രസം മനസ്സില്‍ കണ്ടും സ്വയം ആ ഭോഗിയായ പുരുഷനായി സ്വയം പ്രതിഷ്‌ഠിച്ചു കൊണ്ടുമാണ്‌. ഈ ഭോഗവസ്‌തുവായ സ്‌ത്രീ ആരുടെയെങ്കിലും അമ്മയോ ഭാര്യയോ സഹോദരിയോ മകളോ ഒക്കെ ആയിരിക്കണമല്ലോ. അതിന്‌ കുഴപ്പമില്ല നമുക്ക്‌.

ഇനി മറ്റൊരു ഭാഗം നോക്കാം. പുരാണങ്ങളിലെയും ഇതിഹാസകഥകളിലെയും കാമ, ഭോഗ, ക്രീഡാ രംഗങ്ങളും ഭാവനകളും. തനി കാമകേളീലോലരായ ദേവഗണങ്ങള്‍, പെണ്ണിനെ കണ്ടാല്‍ തല്‍സമയം സ്‌ഖലിക്കുന്നതായി വിവരിക്കപ്പെട്ടിട്ടുള്ള ദേവന്‍മാരും രാജാക്കന്‍മാരും, എന്തിന്‌, ഋഷിവര്യന്‍മാരും. തന്നെ പ്രാപിക്കാന്‍ സഹോദരനോട്‌ യാചിക്കുന്ന യമിമാര്‍, ഊഴമിട്ട്‌ അഞ്ച്‌ പേര്‍ക്ക്‌ കാമം നല്‍കുന്ന പതിവ്രതമാര്‍…..എന്തെല്ലാം വിവരണങ്ങള്‍. ഹരീഷിന്റെ ഭാവനയിലെ ഒരു കഥാപാത്രം പറയുന്ന കമന്റ്‌ യാഥാര്‍ഥ്യത്തിന്റെ ദുര്‍വ്യാഖ്യാനമെന്ന്‌ ആക്ഷേപിക്കുന്ന സനാതനന്‍ ആദ്യം പോയി ഈ ഇതിഹാസകഥകളെല്ലാം ചുട്ടെരിക്കുക. ഹിന്ദു ധര്‍മത്തെ അവഹേളിക്കുന്നതെല്ലാം നശിപ്പിക്കേണ്ടതല്ലേ…!!

ഇനി അമ്പലങ്ങളിലേക്കും ആരാധനയിലേക്കും വരാം. ഞാന്‍ കൂടുതലൊന്നും പറയുന്നില്ല, കൊടുങ്ങല്ലൂരും കൊണാരക്കും മാത്രം എടുക്കാം. “കൊടുങ്ങല്ലൂരമ്മയെ കൊതിതീരെ…” എന്നു തുടങ്ങുന്ന ചെവി പൊട്ടുന്ന പൂരപ്പാട്ടുകള്‍ കേള്‍ക്കാന്‍ നല്ല ഹിന്ദുധാര്‍മികതയുള്ള നൂറുകണക്കിനുപേര്‍ വട്ടമിട്ട്‌ ആര്‍ത്തിയോടെ മണിക്കൂറുകള്‍ തിക്കിത്തിരക്കുന്നത്‌ ഞാന്‍ എത്രയോ തവണ കണ്ടിട്ടുണ്ട്‌. അതിലൊന്നും ആര്‍ക്കും വ്രണപ്പെടലുമില്ല, സദാചാരക്കുരുവും ഉണ്ടാവാറ്‌ പതിവില്ല.

കൊണാരക്കിലെ (മാത്രമല്ല, ഇന്ത്യയിലെ പല ക്ഷേത്രങ്ങളിലെയും പുരാതന ആരാധനാ കേന്ദ്രങ്ങളിലെയും ഗുഹകളിലെയും) സൂര്യക്ഷേത്രത്തില്‍ മുഴുക്കെ കൊത്തിവെച്ചിട്ടുള്ള രതിശില്‍പങ്ങള്‍ സനാതനന്‍ കണ്ടിട്ടുണ്ടോ എന്ന്‌ അറിയില്ല. ഞാന്‍ കണ്ടിട്ടുണ്ട്‌.

ആ ക്ഷേത്രം 13-ാം നൂറ്റാണ്ടില്‍ പണിതതാണ്‌. സൂര്യദേവന്‍ ആരാധനാമൂര്‍ത്തിയായ ഹിന്ദുക്ഷേത്രം. നിങ്ങള്‍ പറയുന്നപോലെ, സാഹിത്യവും സൗന്ദര്യവും മായ്‌ച്ചുകളഞ്ഞ ശേഷം പറഞ്ഞാല്‍ സ്‌ത്രീകളെ അതികഠിനമായി ഭോഗിക്കുന്നതിന്റെ ചിത്രീകരണങ്ങളാണ്‌ കൊണാരക്കിലെ ക്ഷേത്രച്ചുമരില്‍ നിറയെ. ഒരു സ്‌ത്രീയെ മൂന്നു പുരുഷന്‍മാര്‍ ഒരേ സമയം ഭോഗിക്കുന്ന ശില്‍പമൂണ്ട്‌. ക്ഷേത്രത്തിലെത്തുന്നവര്‍ ഇതൊക്കെ നോക്കിനിന്ന്‌ ആസ്വദിക്കുന്നതും കണ്ടിട്ടുണ്ട്‌. ഈ ശില്‍പങ്ങളിലെ രതിരീതികളൊക്കെ വെറും ഭാവനയോ ഹിന്ദു സ്‌ത്രീകളെ, അവഹേളിക്കുന്നതോ?  ആദ്യം അതൊക്കയങ്ങ്‌ തകര്‍ക്കേണ്ടിവരും ഈ ഹിന്ദു ധാര്‍മികത പഠിപ്പിക്കാന്‍ തുടങ്ങണമെങ്കില്‍. രതിയും രതിചിന്തയും കാമകലയുമൊക്കെ, എത്രയോ സ്വതന്ത്രമായ രീതിയില്‍, പരസ്യമായ രീതിയില്‍ നിലനിന്നതായിരുന്നു നമ്മുടെ പാരമ്പര്യം എന്ന്‌ നമ്മള്‍ ഈ സത്യാനന്തര കാലത്ത്‌ മറന്നു പോയിരിക്കുന്നു സനാതനാ.

ഇനി സാഹിത്യത്തിലേക്കോ എഴുത്തിലേക്കോ വരാം. മണിപ്രവാള ചമ്പുക്കള്‍ എന്നൊക്കെ സനാതനന്‍ കേട്ടിട്ടുണ്ടാകുമല്ലോ, വിശദമായി വായിച്ചിട്ടില്ലെങ്കിലും. ഞാന്‍ സാഹിത്യവിദ്യാര്‍ഥിയായിരുന്ന കാലത്ത്‌ കുറഞ്ഞ മട്ടില്‍ വായിച്ചിട്ടുണ്ട്‌. അതിലെ കാമലീലാരസവര്‍ണനകളുടെ പച്ചമാംസരുചി ആവോളം ആസ്വദിക്കാന്‍ തടസ്സം അതിന്റെ സംസ്‌കൃതജടിലമായ ഭാഷയാണ്‌. അതില്‍ സുഖശയന ലഹരിയുടെ അര്‍ധമയക്കത്തില്‍ കവിയോ, അല്ലെങ്കില്‍ കഥാപാത്രമോ കാണുന്ന രതിഭാവനകള്‍, അയ്യോ ഭാവനയല്ല അന്നത്തെ അകായിയിലെ പെണ്ണുങ്ങളെ ഭോഗിച്ചതിന്റെ വിവരണം നാട്ടാര്‍ക്കു മുഴുവന്‍ വായിക്കാന്‍ എഴുതിവിടുന്നതാണെന്ന്‌ ഒരു വ്യാഖ്യാനം കാച്ചിയാലോ…

മണിപ്രവാളചമ്പുക്കള്‍ ദഹിക്കില്ലെങ്കില്‍ വേണ്ട പച്ചമലയാള ചമ്പുക്കളുണ്ട്‌ കുറേ…അതില്‍ പച്ചമലയാളത്തില്‍ സ്‌ത്രീഭോഗഭാവനകളും ഉണ്ട്‌ കേട്ടോ…മുഴുത്ത മുലകളെയും നിതംബത്തെയും അതിന്റെ കൈകാര്യസുഖത്തെയും പ്രത്യേകം വിവരിക്കുന്ന ശ്ലോകങ്ങള്‍ വെണ്‍മണി നമ്പൂരിമാര്‍ സുഖിപ്പിച്ചെഴുതി വിട്ടിട്ടുണ്ട്‌. അങ്കത്തിലിരുത്തിയുള്ള ലീലകളും ധാരാളം. ഇതിലെല്ലാം ഈ അമ്മ-സഹോദരി-ഭാര്യ-മകള്‍ ഇവരുടെ ശരീരങ്ങള്‍ തന്നെയല്ലോ ഉള്ളത്‌.

അതെല്ലാം വിടൂ….തനിനിറവും കേരളശബ്ദവും എത്താന്‍ കാത്തു നിന്ന തലമുറയൊന്നും ഈ ഭൂമിമലയാളത്തില്‍ നിന്നും മുഴുവനായും മറഞ്ഞിട്ടില്ലല്ലോ. ഇക്കിളി കിട്ടുന്ന നോവലുകള്‍ വായിക്കുമ്പോള്‍ അതിലെ സ്‌ത്രീകളെ മനസ്സു കൊണ്ട്‌ ഭോഗിക്കുന്നവരാരും സ്‌ത്രീവിരുദ്ധതയൊന്നും പ്രാക്ടീസു ചെയ്യാറില്ല. പെട്ടിക്കടകളില്‍ നിന്നും കൊച്ചുപുസ്‌തകങ്ങള്‍ ഒളിച്ചു വാങ്ങി വീട്ടില്‍ കിതച്ചെത്തി മുറിയിലോ തൊടിയിലോ മറഞ്ഞിരുന്ന്‌ വായിക്കുമ്പോള്‍ അതില്‍ ഭോഗിക്കപ്പെടുന്ന അവയവങ്ങള്‍ നമ്മുടെ വീട്ടിലേതുപോലുള്ള പെണ്ണുങ്ങളുടെതാണെന്ന്‌ ചിന്തിച്ച യൗവ്വനമൊന്നുമല്ലല്ലോ നമ്മുടെത്‌. അയ്യോ ഇത്‌ എന്റെ അമ്മയാണെങ്കില്‍, മകളാണെങ്കില്‍, സഹോദരിയാണെങ്കില്‍ എന്നൊന്നും വ്യാകുലപ്പെട്ട്‌, ഇല്ലാ…ഞാനിത്‌ വായിക്കുകയില്ല, എന്നാരും പ്രതിജ്ഞയൊന്നും എടുത്തതായി അറിവില്ല.

അതിനാല്‍ എ്‌ന്റെ സനാതനാ, ഭാവന ഭാവനയാണ്‌. അതായി വേണം കാണാന്‍. അങ്ങനെയേ കണ്ടിട്ടുള്ളൂ നമ്മള്‍ ഇന്ത്യക്കാര്‍ ഇക്കാലം വരെയും. അത്‌ ദൈവത്തിലായാലും മനുഷ്യനിലായാലും. 

മാട്രിമോണിയല്‍ സൈറ്റുകള്‍ ഇല്ലാതിരുന്ന കാലത്ത്‌, വിവാഹവേളകളും ഉല്‍സവങ്ങളും ക്ഷേത്രച്ചടങ്ങുകളുമൊക്കെ സുന്ദരികളായ പെണ്ണുങ്ങളെ കാണാനും ആസ്വദിക്കാനും കല്യാണം ആലോചിക്കാനുമൊക്കെയുള്ള അവസരങ്ങള്‍ തന്നെയായിരുന്നു. കന്യകമാര്‍ ഉടുത്തൊരുങ്ങി വന്നിരുന്നതും, അവരെ വീട്ടുകാര്‍ ഇത്തരം ചടങ്ങുകളില്‍ ഉടുത്തൊരുക്കി അയച്ചിരുന്നതും പുരുഷന്റെ കണ്ണില്‍ക്കൊത്തണമെന്ന ആഗ്രഹത്തോടെ തന്നെയായിരുന്നു. വടക്കന്‍ പാട്ടിലൊക്കെ ഇതൊക്കെ എത്രയോ വിവരിക്കുന്നുണ്ട്‌. ഇന്നും, അതേ ഇന്നും ഈ അമ്പലത്തിലും പള്ളിയിലുമൊക്കെ വരുന്ന പെണ്ണുങ്ങളെ നയനഭോഗം നടത്താനും അംഗവര്‍ണന നടത്തി ആത്മരതി അനുഭവിക്കാനും എത്ര തിക്കിത്തിരക്കുകള്‍ ഉണ്ട്‌ എന്നത്‌ സദാചാര ധര്‍മക്കാര്‍ക്ക്‌ അറിയുകയേ ഇല്ലല്ലോ.

സുപ്രസിദ്ധമായ തൃശ്ശൂര്‍ പൂരത്തിന്‌ പോയ പെണ്ണുങ്ങള്‍ പറയുന്ന കഥ കേട്ടാല്‍ നമ്മള്‍ നാണിച്ചു പോകുന്നതെന്തു കൊണ്ട്‌. പൂരത്തിന്റെ പിറ്റേന്ന്‌ പെണ്ണുങ്ങള്‍ക്കായി ഒരു പൂരം ഉണ്ട്‌. തലേന്നത്തെ എല്ലാം ചടങ്ങും ഘോഷവും അതിന്റെ ചെറിയ രൂപത്തില്‍  അന്ന്‌ ആവര്‍ത്തിക്കും. അന്ന്‌ പോയാല്‍ പെണ്ണുങ്ങള്‍ക്ക്‌ അത്യാവശ്യം തലയും മുലയും അതിന്റെ പാട്ടിനു വിട്ട്‌ നടക്കാം എന്ന്‌ തൃശ്ലൂരിലെ പല സ്‌ത്രീകളും പറയാറുണ്ട്‌. ഇത്‌ എന്തു കൊണ്ടാവാം….സനാതനാ..!!!

അതിനാല്‍, പ്രിയപ്പെട്ട അനിയാ, മീശയിലെ സുഹൃത്തിനെപ്പോലെ ചിന്തിക്കുന്നവര്‍ ഇഷ്ടം പോലെ ഇവിടുണ്ടാവും എന്ന്‌ ഞാന്‍ പറഞ്ഞാല്‍ നീ എന്നെ ഹിന്ദുവിരുദ്ധനാക്കേണ്ടതില്ല. ക്ഷേത്രത്തില്‍ പോകുന്ന വെളുത്ത സുന്ദരിമാരെ കാണുമ്പോള്‍ സുഹൃത്തിന്‌ ഉണരുന്ന ഭാവനയായി മാത്രം ആ കമന്റിനെ കണ്ടാല്‍ പോലും, അതില്‍ ഒരു ഹിന്ദുവിരുദ്ധതയും മണ്ണാങ്കട്ടയും ഇല്ല. ഉള്ളതോ പെണ്‍വിരുദ്ധതയാണ്‌. അതാവട്ടെ ഈ സമൂഹത്തില്‍ കുരുപൊട്ടി ഒലിച്ചുകൊണ്ടിരിക്കുന്നതുമാണ്‌. തലയില്‍ നരയുള്ളവര്‍ കണ്ണാടി നോക്കിയാല്‍ മതിയല്ലോ. 

പിന്നെ ആര്‍ത്തവത്തിന്റെ ആ അഞ്ച്‌ ദിനങ്ങളെപ്പറ്റി…ആര്‍ത്തവം ഇല്ലാത്ത കാലത്തെ പെണ്ണിനെ മാത്രമേ മനുഷ്യനും ദേവനും ഇന്ന്‌ വേണ്ടൂ എന്നാണല്ലോ. ആര്‍ത്തവം തീട്ടത്തെക്കാളും അറപ്പാണ്‌. പക്ഷേ ആര്‍ത്തവരക്തം ഒഴിഞ്ഞ്‌ ശുദ്ധയായെത്തുന്ന പെണ്ണേ  പുരുഷാധിപത്യസമൂഹത്തിന്‌ കാമ്യയാകൂ. എന്തൊരു ലോകം! ഈ ലോകത്തില്‍ നിന്നാണ്  ഒരു കഥാപാത്രം നടത്തുന്ന സ്‌ത്രീവിരുദ്ധസ്വഭാവമുള്ള കമന്റിനെതിരെ  ധാര്‍മികര്‍ വാളെടുക്കുന്നത്‌.

ഇപ്പോള്‍, ഇത്രയും എഴുതിക്കഴിഞ്ഞപ്പോള്‍ എനിക്കു തോന്നുന്നു, നോവലിലെ സുഹൃത്ത്‌ എന്ന കഥാപാത്രം ഒരര്‍ഥത്തില്‍ ഭാവനയേയല്ല, അയാള്‍ ഇവിടെ ഈ കേരളത്തില്‍ ഒന്നല്ല, ധാരാളം ഉണ്ട്‌. നമ്മളില്‍ ഉണ്ട്‌, നിങ്ങളില്‍ ഉണ്ട്‌.

അവസാനമായി എന്റെ സനാതനാ, നീ എനിക്കായി എഴുതിയിട്ട കമന്റ്‌ ഇനി ഒന്നു കൂടി സ്വബുദ്ധിയോടെ വായിക്കുക.

നിനക്ക്‌ നല്ലതു വരട്ടെ.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

waste disposal , Kerala, plastic,clean and green trivandrum, garden, citizens, pollution, Sabarimala, High Court, corporation, Haritha Keralam Mission, green protocol,

മാലിന്യക്കൂമ്പാരങ്ങൾ: ഭീഷണി മാറ്റാൻ അധികൃതർക്കൊപ്പം പൗരന്മാരും രംഗത്ത്

സൈബര്‍ പോരാളികള്‍ മൃതദേഹങ്ങളെ പോലും അപമാനിക്കുന്നു: കെ.യു.ഡബ്ല്യു.ജെ