ക്യാപ്റ്റൻ മാർവെൽ: പ്രതീക്ഷ വർധിപ്പിക്കുന്ന ട്രെയ്‌ലർ 

ലോകമെമ്പാടും ആരാധകരെ സൃഷ്‌ടിച്ച മാർവെൽ ഇതാ മറ്റൊരു സൂപ്പർ ഹീറോയെക്കൂടി ആരാധകർക്ക് സമ്മാനിക്കുന്നു. ബ്രീ ലാർസൺ ക്യാപ്റ്റൻ മാർവെൽ ആയെത്തുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങിക്കഴിഞ്ഞു.

അമാനുഷിക ശക്തികളുമായെത്തുന്ന കരോൾ ഡാൻവേഴ്സ് എന്ന കഥാപാത്രമായി ലാർസൺ പ്രത്യക്ഷപ്പെടുന്ന ചിത്രം അത്തരം കഴിവുകൾ നേടിയെടുക്കുന്നതിനെക്കുറിച്ചല്ല, മറിച്ച് അത്തരം സവിശേഷതകൾ കൈവശമുള്ള നായികയെയാണ് അവതരിപ്പിക്കുക എന്ന്  മുൻപ് തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. അത്തരം വാർത്തകളെ ശരിവയ്ക്കുന്നതാണ് പുറത്തിറക്കിയിരിക്കുന്ന ട്രെയ്‌ലർ.

അപകടത്തിലൂടെ അന്യഗ്രഹത്തിലെ ഡി എൻ എ ശരീരത്തിൽ കയറുന്നത് വഴിയാണ്  മുൻ യു  എസ് എയർ ഫോഴ്സ് പൈലറ്റായിരുന്ന ഡാൻവേഴ്‌സിന്റെ കഥാപാത്രത്തിന് അമാനുഷിക ശക്തികൾ കൈവരുന്നത്.  സൈനിക ടീമായ സ്റ്റാർഫോഴ്‌സിൽ ചേരുന്നതിനായി പൈലറ്റ് ജോലിയവസാനിപ്പിച്ച് മടങ്ങവേ ഭൂമിയിൽ താൻ  ചിലവഴിച്ച സമയം കണ്ടെത്തുകയാണ് നായിക.

1990ൽ സംഭവിക്കുന്നതായാണ് ചിത്രം അവതരിപ്പിക്കുന്നതെന്ന് ഔദ്യോഗിക ലോഗ്‌ലൈൻ വ്യക്തമാക്കുന്നു. ലോകത്തിലെ തന്നെ ഏറ്റവും ശക്തമായ കഥാപാത്രത്തിന്റെ തുടർന്നുള്ള യാത്രയാകും  പിന്നീട് ചിത്രം പ്രേക്ഷകർക്ക് സമ്മാനിക്കുക.

ഗാർഡിയൻസ് ഓഫ് ദി ഗാലക്‌സി എന്ന ചിത്രത്തിലൂടെ അവതരിപ്പിക്കപ്പെട്ട ലീ പേസിന്റെ റൊണൻ, ജീമോൻ ഹോൺസോവിന്റെ കൊറാത്ത് എന്നിവരും ചിത്രത്തിലുണ്ടെന്ന് ട്രെയ്‌ലർ വ്യക്തമാക്കുന്നു. മാർവെൽ കോമിക്കിൽ എക്കാലത്തും ശ്രദ്ധിക്കപ്പെടുന്ന സ്ക്രൾസ് എന്ന അന്യഗ്രഹജീവികൾ ചിത്രത്തിലെ പ്രതിനായക കഥാപാത്രമായെത്തും . സ്ക്രൾസ് തലവനായ താലോസായി ബെൻ മെൻഡേൽസൺ പ്രത്യക്ഷപ്പെടുന്നു.

വരാനിരിക്കുന്ന അവഞ്ചേഴ്‌സ് പതിപ്പിൽ  ക്യാപ്റ്റൻ മാർവെൽ ഉൾപ്പെടുമെന്ന് അവഞ്ചേഴ്‌സിന്റെ മൂന്നാം ഭാഗത്തിൽ നിന്ന് തന്നെ വ്യക്തമായിരുന്നു.

അന്ന ബോഡൻ, റയാൻ ഫ്ലെക്ക് എന്നിവർ ചേർന്നൊരുക്കിയ ക്യാപ്റ്റൻ മാർവെൽ അടുത്ത  വർഷം മാർച്ചോടെ ഇന്ത്യയിൽ പ്രദർശനതിനെത്തുമെന്നാണ്  അണിയറപ്രവർത്തകർ വ്യക്തമാക്കുന്നത്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ഏഷ്യൻ യോഗ സ‌്പോർട‌്സ‌് ചാമ്പ്യൻഷിപ്പ‌്: ഇന്ത്യൻ ടീം അംഗങ്ങൾ എത്തിത്തുടങ്ങി

പ്രളയബാധിതര്‍ക്കുള്ള ധനസഹായവും സാധനസാമഗ്രി വിതരണവും 29 നുള്ളില്‍ പൂര്‍ത്തിയാക്കും