ബിനാലെക്കാലത്തെ കാർട്ടൂണുകളുമായി സുനില്‍ നമ്പു

കൊച്ചി: കഴിഞ്ഞ മൂന്ന് മാസമായി സുനില്‍ നമ്പു എന്ന എന്‍ജിനീയര്‍ കൊച്ചി ബിനാലെ പശ്ചാത്തലമാക്കി വരയ്ക്കുന്ന കാര്‍ട്ടൂണുകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ പ്രശംസ പിടിച്ചു പറ്റുകയാണ്. നിയതമായ പ്രമേയങ്ങളില്ലാതെയാണ് സുനിലിന്‍റെ ഈ വരകളെന്നത് ഏറെ കൗതുകകരമാണ്.
 
പാലക്കാട് സ്വദേശിയായ സുനില്‍ നമ്പു കളിയായി തുടങ്ങിയതാണ് കാര്‍ട്ടൂണ്‍ വരകള്‍. പിന്നീടത് കാര്യമാവുകയും അദ്ദേഹം വര തുടരുകയും ചെയ്തു. 
 
കഴിഞ്ഞ ബിനാലെയിലെ പ്രമുഖരായ ആര്‍ട്ടിസ്റ്റുകള്‍ മുതല്‍ ഫോര്‍ട്ട്കൊച്ചിയിലെ സാധാരണക്കാര്‍ വരെ അദ്ദേഹത്തിന്‍റെ കാര്‍ട്ടൂണിലെ കഥാപാത്രങ്ങളാണ്. കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ ദിവസം തോറും അദ്ദേഹത്തിന്‍റെ കാര്‍ട്ടൂണ്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിച്ചതോടെയാണ് നമ്പുവിന്‍റെ കാര്‍ട്ടൂണിന് ആരാധകരേറിയത്.
 
പിന്നീട് ഓരോ ദിവസവും അദ്ദേഹം വരയ്ക്കുന്ന കാര്‍ട്ടൂണ്‍ എന്താണെന്നറിയാനുള്ള ആകാംക്ഷ സാമൂഹ്യമാധ്യമത്തില്‍ ദൃശ്യമായിരുന്നു.

തുടക്കത്തില്‍ സമകാലീന കലാചരിത്രത്തെക്കുറിച്ച് വരയയ്ക്കാനാണ് പദ്ധതിയിട്ടത്. അങ്ങിനെയാണ് വിന്‍സന്‍റ് വാന്‍ഗോഗും പാബ്ലോ പിക്കാസോയുമൊക്കെ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളായത്. എന്നാല്‍ ബിനാലെ നാലാം ലക്കം അടുത്തതോടെ അനീഷ് കപൂറിനെപ്പോലുള്ള ആര്‍ട്ടിസ്റ്റുകളും അദ്ദേഹത്തിന്‍റെ കാര്‍ട്ടൂണില്‍ കഥാപാത്രങ്ങളായി വന്നു.

ആവര്‍ത്തനമായി മാറുന്നുവെന്ന തോന്നലില്‍ നിന്നാണ് വരയുടെ പ്രമേയങ്ങള്‍ മാറ്റാന്‍ തീരുമാനിച്ചതെന്ന് സുനില്‍ നമ്പു പറഞ്ഞു. അങ്ങിനെയാണ് ഒരു കാക്കയുടെ വീക്ഷണത്തിലൂടെ കാര്‍ട്ടൂണുകള്‍ വരച്ച് തുടങ്ങിയത്. ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡന്‍റ് ബോസ് കൃഷ്ണമാചാരിയുടെ ഉപദേശങ്ങള്‍ ഏറെ സഹായകരമായി എന്നും അദ്ദേഹം ഓര്‍ക്കുന്നു.
കൗതുകമുണര്‍ത്തുന്ന പക്ഷിയായതിനാലാണ് കാക്കയെ പ്രധാന കഥാപാത്രമാക്കിയതെന്ന് സുനില്‍ നമ്പു പറഞ്ഞു. ഒരു കാര്‍ട്ടൂണില്‍ കാക്ക വരയ്ക്കുന്നത് ശ്രദ്ധിക്കുമ്പോള്‍ മറ്റൊന്നില്‍ കാര്‍ട്ടൂണിസ്റ്റിന്‍റെ ബ്രഷ് തട്ടിയെടുക്കുന്നത് വരച്ചിരിക്കുന്നു.

ബിനാലെ നാലാം ലക്കം തുടങ്ങാറാകുമ്പോഴേക്കും ഈ കാര്‍ട്ടൂണ്‍ പരമ്പര ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. കാക്കയുടെ കാഴ്ചയിലാണ് വര പുരോഗമിക്കുന്നത്. അതില്‍ ഫോര്‍ട്ടകൊച്ചിയിലെ ബിനാലെ ഒരുക്കങ്ങള്‍ മുതല്‍ ആഗസ്റ്റ് മാസത്തിലെ പ്രളയം വരെ പ്രദിപാദിച്ചിരിക്കുന്നു.

ഒറ്റപ്പാലത്തിനടുത്ത എടത്തറ ഗ്രാമത്തിന്‍റെ നദീതീരഭംഗി സുനില്‍ നമ്പു തന്‍റെ തുടക്കകാലത്ത് വരച്ചിട്ടുണ്ട്. കാര്‍ട്ടൂണ്‍ രചനാമത്സരങ്ങളിലൊന്നും പങ്കെടുത്തിട്ടില്ലെങ്കിലും അദ്ദേഹത്തിന്‍റെ കാര്‍ട്ടൂണുകള്‍ 1990 മുതല്‍ പത്രങ്ങളില്‍ അച്ചടിച്ചു വന്നിട്ടുണ്ട്.

ജോലി തേടി മുംബൈയിലേക്ക് പോയ സുനില്‍ നമ്പു കാര്‍ട്ടൂണ്‍ വര ജീവിതോപാധിയാക്കിയിട്ടില്ല. 15 വര്‍ഷത്തോളം കാര്‍ട്ടൂണ്‍ വരയ്ക്കാതിരുന്നിട്ടുണ്ടെന്ന് സുനില്‍ ഓര്‍ക്കുന്നു. സ്വയം പഠിക്കുകയും ഗാലറികള്‍ തോറും കയറിയിറങ്ങി വര കാണുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

2014 ലെ ലോക്സഭ തെരഞ്ഞെടുപ്പിനു മുമ്പ് രാഷ്ട്രീയ ആക്ഷേപ ഹാസ്യം വരച്ചു കൊണ്ടാണ് അദ്ദേഹം വീണ്ടും സജീവമാകുന്നത്. കാര്‍ട്ടൂണുകള്‍ പെട്ടന്ന് ജനപ്രിയമാവുകയും ക്രമേണ വലിയ മുതല്‍ക്കൂട്ടാവുകയും ചെയ്തു.

നിലവില്‍ വിവിധ പത്രങ്ങളില്‍ സുനില്‍ നമ്പുവിന്‍റെ കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിക്കാറുണ്ട്. ഏറെ താമസിയാതെ ഗ്രാഫിക് നോവലുകള്‍ പുറത്തിറക്കാനും അദ്ദേഹത്തിന് പദ്ധതിയുണ്ട്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ആവിഷ്‌കാര വിലക്ക് കണ്ടില്ലെന്ന് നടിക്കരുതെന്ന് ബുദ്ധദേബ് ദാസ്ഗുപ്ത

ആഗ്രഹിച്ചത് നൊബേല്‍ ലഭിച്ചത് ഓസ്‌കാര്‍: റസൂല്‍ പൂക്കുട്ടി