
തിരുവനന്തപുരം: കാർട്ടൂണിസ്റ്റ് ഹക്കുവിന്റെ (cartoonist Haku) കാർട്ടൂൺ സമാഹാരങ്ങളായ ‘കാർട്ടൂണിലെ പിണറായി’യും ‘ചിരി വരയിലെ മോഡി’യും ആഗസ്റ്റ് 5-ന് ഒരേ വേദിയിൽ വച്ച് പ്രകാശനം ചെയ്യുന്നു. പിണറായി കഥാപാത്രമാകുന്ന നൂറ്റി നാൽപ്പത്തിയേഴ് കാർട്ടൂണുകളും, മോഡിയെ കഥാപാത്രമാക്കുന്ന നൂറ്റിമൂന്നു കാർട്ടൂണുകളും ഈ കാർട്ടൂൺ സമാഹാരത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പ്രമുഖ രാഷ്ട്രീയ നേതാക്കളെപ്പറ്റിയുള്ള ഹക്കുവിന്റെ അഞ്ചാമത്തെ കാർട്ടൂൺ സമാഹാരമാണിത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെപ്പറ്റിയുള്ള കാർട്ടൂൺ സമാഹാരമായ ‘അതിവേഗം ബഹുദൂരം’, വി എസ് അച്യുതാനന്ദനെ പറ്റിയുള്ള ‘വരയിൽ വിരിയുന്ന വി എസ്’ മുൻ പ്രധാനമന്ത്രി മൻ മോഹൻ സിംഗിനെ കുറിച്ചുള്ള ‘വരച്ച വരയിൽ മൻമോഹൻ’ എന്നിവയാണ് മുൻപ് പുറത്തിറങ്ങിയത്.
ചരിത്രത്തിലാദ്യമായാണ് മൂന്നു മുഖ്യമന്ത്രിമാരെപ്പറ്റിയും, രണ്ടു പ്രധാനമന്ത്രിമാരെ പറ്റിയും ഒരു കാർട്ടൂണിസ്റ്റിന്റെ സമാഹാരങ്ങൾ പുറത്തിറങ്ങുന്നത്. സാമൂഹ്യ പ്രതിബദ്ധതയും, ബോധവൽക്കരണവും മുന്നിട്ടു നിൽക്കുന്ന ഹക്കുവിന്റെ കാർട്ടൂണുകൾ ശ്രദ്ധേയമാണ്.
മദ്യപാനം, പുകവലി, മാലിന്യ പ്രശ്നം, സ്ത്രീ പീഡനം, പരിസ്ഥിതി, റോഡ് സുരക്ഷ എന്നീ വിഷയങ്ങളിൽ നാൽപ്പതോളം കാർട്ടൂൺ പ്രദർശനങ്ങൾ ഹക്കു നടത്തിയിട്ടുണ്ട്. ഹക്കുവിന്റെ കാർട്ടൂണുകൾ കെഎസ്ഇബിയും, തിരുവനന്തപുരം നഗരസഭയും ബോധവൽക്കരണത്തിനായി പ്രയോജനപ്പെടുത്തുന്നുണ്ട്.