കശുവണ്ടി: പുനരുദ്ധാരണ പാക്കേജ് ഈ മാസം നടപ്പാക്കും

തിരുവനന്തപുരം: പ്രതിസന്ധിയിലായ സ്വകാര്യ കശുവണ്ടി ഫാക്ടറികള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കുന്നതിന് പ്രത്യേക പാക്കേജ് അംഗീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത ബാങ്ക് പ്രതിനിധികളുടെ യോഗം തീരുമാനിച്ചു.

യോഗത്തില്‍ ഫിഷറീസ്-കശുവണ്ടി വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ, ചീഫ് സെക്രട്ടറി ടോം ജോസ്, ധനകാര്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മനോജ് ജോഷി എന്നിവരും പങ്കെടുത്തു. പുതിയ വായ്പകള്‍ക്ക് ഒമ്പതു ശതമാനം ഏകീകരിച്ച പലിശ ഈടാക്കാനുള്ള തീരുമാനമാണ് പ്രധാനം. നിലവിലുള്ള വായ്പയുടെ പിഴപ്പലിശ പൂര്‍ണ്ണമായും ഒഴിവാക്കും. പുനരുദ്ധരിക്കുന്ന യൂണിറ്റുകള്‍ക്ക് കേരള കാഷ്യു ബോര്‍ഡ് വഴി തോട്ടണ്ടി ലഭ്യമാക്കും.

ഒറ്റത്തവണ തീര്‍പ്പാക്കലിന് ശുപാര്‍ശ ചെയ്യപ്പെട്ട 58 യൂണിറ്റുകളുടെ കാര്യം പുനഃപരിശോധിക്കുവാന്‍ തീരുമാനിച്ചു. പലിശ കുറച്ചും പിഴപ്പലിശ ഒഴിവാക്കിയും ഈ യൂണിറ്റുകള്‍ പുനരുദ്ധരിക്കാന്‍ കഴിയും. പുതിയ വായ്പകള്‍ക്ക് ഒരു വര്‍ഷത്തേക്ക് പലിശ സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതിന് വേണ്ടി 25 കോടി രൂപ ബജറ്റില്‍ നീക്കിവെച്ചിട്ടുണ്ട്. ബാങ്കുകള്‍ എത്ര വായ്പ നല്‍കിയാലും പലിശ സബ്‌സിഡി സര്‍ക്കാര്‍ നല്‍കും.

ആറ് കമ്പനികളുടെ കാര്യം അസറ്റ് റീസ്ട്രക്ചറിങ്ങ് കമ്മിറ്റിക്ക് വിട്ടിരുന്നു. ഈ തീരുമാനം പുനഃപരിശോധിക്കാന്‍ ബന്ധപ്പെട്ട ബാങ്കുകളോട് ആവശ്യപ്പെടാന്‍ യോഗം തീരുമാനിച്ചു. ഫെഡറല്‍ ബാങ്കില്‍ നിന്ന് വായ്പയെടുത്ത 5 കമ്പനികളുടെ കാര്യവും സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്ന് വായ്പയെടുത്ത ഒരു യൂണിറ്റിന്റെ കാര്യവുമാണ് പുനഃപരിശോധിക്കുന്നത്. പ്രതിസന്ധിയിലായ യൂണിറ്റുകളുടെ സംസ്ഥാന നികുതി കുടിശ്ശികയ്ക്ക് ഒരു വര്‍ഷത്തേക്ക് മൊറട്ടോറിയം നല്‍കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. കൂടാതെ, പ്രൊവിഡന്റ് ഫണ്ട്, ഇ.എസ്.ഐ എന്നിവയുടെ വിഹിതം കുടിശ്ശിക തീര്‍ക്കുന്നതിന് സാവകാശം ലഭിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടും.

ഫെബ്രുവരി 28ന് മുമ്പ് അമ്പത് ഫാക്ടറികള്‍ക്ക് പുനര്‍വായ്പ നല്‍കണമെന്ന നിര്‍ദ്ദേശം ബാങ്ക് പ്രതിനിധികള്‍ അംഗീകരിച്ചു. ബാക്കിയുള്ള യൂണിറ്റുകളുടെ പുനരുദ്ധാരണ പാക്കേജ് നടപടികള്‍ മാര്‍ച്ച് 15ന് മുമ്പ് പൂര്‍ത്തിയാക്കും.

സ്വകാര്യ ഫാക്ടറികള്‍ പുനരുദ്ധരിക്കുന്നതിന് രൂപീകരിച്ച കമ്മിറ്റിയുടെ മുമ്പാകെ പുനരുദ്ധാരണ പാക്കേജ് സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ക്ക് ഒരു അവസരം കൂടി നല്‍കാനും തീരുമാനിച്ചു. സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്‌സ് കമ്മിറ്റിയുടെയും (എസ്.എല്‍.ബി.സി) ബന്ധപ്പെട്ട ബാങ്കിന്റെയും സര്‍ക്കാരിന്റെയും പ്രതിനിധികളുള്ള കമ്മിറ്റി മുമ്പാകെ 175 യൂണിറ്റുകളാണ് പ്രശ്‌നങ്ങള്‍ അവതരിപ്പിച്ചത്.

ധനസഹായം ലഭ്യമാക്കിയാല്‍ 76 യൂണിറ്റുകള്‍ (ബാധ്യത 218 കോടി രൂപ) തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റി കണ്ടെത്തിയത്. നിലവിലുള്ള വായ്പ ദീര്‍ഘകാല വായ്പയാക്കി മാറ്റുകയും പിഴപ്പലിശ ഒഴിവാക്കുകയും പലിശനിരക്ക് കുറയ്ക്കുകയും ചെയ്താല്‍ 35 യൂണിറ്റുകള്‍ (ബാധ്യത 216 കോടി) പുനരുദ്ധരിക്കാന്‍ കഴിയും. കൊളാറ്ററല്‍ സെക്യൂരിറ്റി സംബന്ധിച്ച് ബാങ്ക് നിലപാടില്‍ അയവു വേണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. മുടങ്ങിയ അക്കൗണ്ടുകള്‍ ക്രമവത്ക്കരിക്കുകയും വേണം.

കശുവണ്ടി വ്യവസായം പുനരുദ്ധരിക്കുന്നതിന് ഫലപ്രദമായി സഹായിക്കുക എന്നതാണ് സര്‍ക്കാരിന്റെ നയമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അതിന് ഉതകുന്ന സമീപനം ബാങ്കുകള്‍ സ്വീകരിക്കണം.

യോഗത്തില്‍ എസ്.എല്‍.ബി.സി. കണ്‍വീനര്‍ ജി.കെ. മായ (കനറാ ബാങ്ക്), കേരള കാഷ്യു ബോര്‍ഡ് സി.എം.ഡി പി. മാരാപാണ്ഡ്യന്‍ എന്നിവരും വിവിധ ബാങ്കുകളുടെ പ്രതിനിധികളും പങ്കെടുത്തു.

മൂന്ന് ലക്ഷത്തോളം തൊഴിലാളികള്‍ പണിയെടുക്കുന്ന കശുവണ്ടി വ്യവസായം പുനരുദ്ധരിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെയും നടത്തുന്ന ഇടപെടലുകളുടെയും ഭാഗമായാണ് പ്രതിസന്ധിയിലായ സ്വകാര്യ ഫാക്ടറികള്‍ക്ക് പുനരുദ്ധാരണ പാക്കേജ് നടപ്പാക്കാന്‍ തീരുമാനിച്ചത്.

കേന്ദ്രസര്‍ക്കാര്‍ ചുമത്തിയ ഇറക്കുമതി ചുങ്കവും തോട്ടണ്ടിയുടെ ദൗര്‍ലഭ്യവുമാണ്  കശുവണ്ടി   വ്യവസായത്തെ പ്രതിസന്ധിയിലാക്കിയത്. ബാങ്ക് വായ്പയെടുത്ത സ്വകാര്യ കമ്പനികള്‍ ഇതേതുടര്‍ന്ന് കടക്കെണിയിലായി. നാനൂറിലധികം ഫാക്ടറികള്‍ പൂട്ടി. ഇവയിലധികവും കൊല്ലം ജില്ലയിലാണ്. പ്രതിസന്ധി പരിഹരിക്കുന്നതിന് 2016 ഡിസംബര്‍ മുതല്‍ സര്‍ക്കാര്‍ ശ്രമിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെയും  കശുവണ്ടി   മന്ത്രിയുടെയും നേതൃത്വത്തില്‍ നടന്ന തുടര്‍ച്ചയായ ഇടപെടലുകളുടെ ഫലമായാണ് പ്രതിസന്ധിക്ക് പരിഹാരമാവുന്ന പാക്കേജ് അംഗീകരിക്കപ്പെട്ടത്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

കായിക രംഗത്ത് അടിസ്ഥാന സൗകര്യ വികസനത്തിന് മുന്‍തൂക്കം: മന്ത്രി

അസെന്‍ഡ് 2019 : ‘ഇന്‍വെസ്റ്റ് കേരള ഗൈഡ്’ മുഖ്യമന്ത്രി പ്രകാശനം ചെയ്യും