ചാമ്പ്യന്‍സ് ബോട്ട് ലീഗ്: ലേലം മാറ്റിവച്ചു, മത്സരങ്ങള്‍ക്ക് മാറ്റമില്ല

കൊച്ചി: കൂടുതല്‍ പങ്കാളിത്തം ഉറപ്പാക്കാനും ഫ്രാഞ്ചൈസികള്‍ക്ക് കൂടുതല്‍ സമയം നല്‍കാനുമായി പ്രഥമ ചാമ്പ്യന്‍സ് ബോട്ട് ലീഗിന്‍റെ (സിബിഎല്‍) ലേലം മാറ്റിവച്ചു. എന്നാല്‍ ലീഗ് അടിസ്ഥാനത്തിൽ  ചുണ്ടന്‍ വള്ളം കളി മത്സരങ്ങള്‍ നേരത്തെ നിശ്ചയിച്ചിരുന്ന പ്രകാരം ഓഗസ്റ്റ് 10നു തന്നെ ആരംഭിക്കും.
  
പുതിയ ലേലം പിന്നീടു നടത്തുമെന്ന് ടൂറിസം സെക്രട്ടറി  റാണി ജോര്‍ജ് അറിയിച്ചു. അതുവരെ ടീമുകളുടെ ഉടമസ്ഥാവകാശം ലീഗിന്‍റെ സംഘാടകരായ സംസ്ഥാന ടൂറിസം വകുപ്പിനു തന്നെയായിരിക്കും.  എല്ലാ മത്സരങ്ങളും കര്‍ശനമായി ഐപിഎല്‍ മത്സരഘടന പ്രകാരം നടത്തുമെന്നും സിബിഎല്‍-നോട് ബോട്ട് ക്ലബ്ബുകളുടെയും ബോട്ട് ഉടമകളുടെയും പ്രതികരണം ആവേശം പകരുന്നതാണെന്നും  സെക്രട്ടറി അറിയിച്ചു. 

വ്യാഴാഴ്ച കൊച്ചി ഗ്രാന്‍ഡ് ഹയാത്തിലാണ് സിബിഎല്ലിലെ ഒന്‍പതു ടീമുകളുടെ ലേലം നിശ്ചയിച്ചിരുന്നത്. ലേലത്തിനുള്ള രേഖകള്‍ വാങ്ങിയ 11 ഫ്രാഞ്ചൈസികളില്‍ മിക്കവര്‍ക്കും എത്തിച്ചേരാന്‍ കഴിയാത്തതുകൊണ്ടാണ് കൂടുതല്‍ പങ്കാളിത്തം ഉറപ്പാക്കാനായി  ലേലം മാറ്റിവച്ചത്. എല്ലാ മത്സരങ്ങളും ലീഗിന്‍റെ ദേശീയ സംപ്രേഷണാവകാശം ലഭിച്ച ചാനല്‍ സംപ്രേഷണം ചെയ്യും. അപ്പോഴേയ്ക്കും കൂടുതല്‍ ഫ്രാഞ്ചൈസികളെത്തുമെന്നാണ് പ്രതീക്ഷ. ഐപിഎല്‍ സമ്പ്രദായത്തില്‍ നടത്തുന്ന പുത്തന്‍ മത്സരമായതിനാല്‍ സിബിഎല്ലിനെക്കുറിച്ച് കൂടുതല്‍ പഠിക്കാനും  സാമ്പത്തികമെച്ചങ്ങളും പ്രൊഫഷനല്‍ സ്വഭാവവും മനസിലാക്കാനുമാണ് കൂടുതല്‍ സമയം നല്‍കുന്നതെന്ന്  സെക്രട്ടറി വ്യക്തമാക്കി. 

CBL logo2

ടൂറിസം വകുപ്പ് അടുത്ത ലേലത്തില്‍ സിബിഎല്ലിന്‍റെ സാമ്പത്തിക മാതൃക പുനരാവിഷ്കരിച്ച്  ഫ്രാഞ്ചൈസികള്‍ക്ക് സമര്‍പ്പിക്കുമെന്ന് കേരള ടൂറിസം ഡയറക്ടര്‍ പി. ബാല കിരണ്‍ പറഞ്ഞു.

മൂന്നു മാസം നീളുന്ന സിബിഎല്ലിന്‍റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിട്ടുണ്ടെന്ന് ബാല കിരണ്‍ അറിയിച്ചു. ഓഗസ്റ്റ് 10 ന് ആലപ്പുഴ നെഹ്റു ട്രോഫിയില്‍ തുടങ്ങി  നവംബര്‍ ഒന്നിന് കൊല്ലം പ്രസിഡന്‍റ്സ് ട്രോഫി മത്സരം വരെ 12 ശനിയാഴ്ചകളിലായി ഉച്ചയ്ക്കുശേഷം രണ്ടു മുതല്‍ അഞ്ചുമണി വരെ ഓരോ മത്സരം ഓരോ സ്ഥലത്തുവച്ചാണ് നടത്തുന്നത്. 

പള്ളാത്തുരുത്തി ബോട്ട് ക്ലബ്, പൊലീസ് ബോട്ട് ക്ലബ്, യുണൈറ്റഡ് ബോട്ട് ക്ലബ് കുട്ടമംഗലം കൈനകരി,  എന്‍സിഡിസി/കുമരകം,  വില്ലേജ് ബോട്ട് ക്ലബ് എടത്വ, കെബിസി/എസ്എഫ്ബിസി കുമരകം, വേമ്പനാട് ബോട്ട് ക്ലബ് കുമരകം, ടൗണ്‍ ബോട്ട് ക്ലബ് കുമരകം, ബ്രദേഴ്സ് ബോട്ട് ക്ലബ് എടത്വ എന്നിവയാണ് സിബിഎല്ലില്‍ മത്സരിക്കുന്ന ടീമുകള്‍.

മുഖ്യമന്ത്രി  പിണറായി വിജയനാണ് നെഹ്റു ട്രോഫി വേദിയില്‍ സിബിഎല്‍ ഉദ്ഘാടനം ചെയ്യുന്നത്. ക്രിക്കറ്റ് ഇതിഹാസം  സച്ചിന്‍ ടെന്‍ഡുല്‍കര്‍ ചടങ്ങില്‍ സന്നിഹിതനായിരിക്കും. 

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ഉജ്ജ്വല പദ്ധതിയുടെ നടത്തിപ്പിന് 20 ലക്ഷം അനുവദിച്ചു

സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷത്തിന് കരുത്തേകാന്‍ വനിതാ  പങ്കാളിത്തം അനിവാര്യം: വിദഗ്ധര്‍