ചെമ്പകത്തൈകൾ പൂത്ത മാനത്ത് പൊന്നമ്പിളി ചുംബനം കൊള്ളാനൊരുങ്ങീ  

കൗതുകമുള്ള ആ  കഥ വിവരിച്ചുകേട്ടപ്പോൾ കമൽഹാസൻ സ്വതസിദ്ധമായ ശൈലിയിൽ ഉറക്കെ  ചിരിച്ചു. “വലിയ സന്തോഷമുണ്ട്. സിനിമക്ക് നല്ല രീതിയിലും   ജീവിതത്തെ സ്വാധീനിക്കാൻ  കഴിയുമെന്നു തെളിയിക്കുന്ന സംഭവമാണല്ലോ.  മാത്രമല്ല, എനിക്കേറ്റവും പ്രിയപ്പെട്ട മലയാളം പാട്ടുകളിൽ ഒന്നാണ് ചെമ്പകത്തൈകൾ. ഞാൻ അഭിനയിച്ചതു കൊണ്ടല്ല. ആ വരികളും സംഗീതവും യേശുദാസിന്റെ ആലാപനവും ചേർന്ന് സൃഷ്ടിക്കുന്ന മാന്ത്രികാന്തരീക്ഷമുണ്ടല്ലോ. അതിനു പകരം വെക്കാവുന്നവ അധികമില്ല മലയാളത്തിൽ. ആ  പാട്ടിന്റെ വരികൾ ഇന്നും കാണാപ്പാഠമാണെനിക്ക്..”  ചെമ്പകത്തൈകളുടെ ചരണം ഓർമ്മയിൽ നിന്ന് വീണ്ടെടുത്ത് പതുക്കെ  മൂളുന്നു കമൽ: “അത്തറിൻ സുഗന്ധവും പൂശിയെൻ മലർചെണ്ടീ മുറ്റത്ത് വിടർന്നില്ലല്ലോ, വെറ്റില മുറുക്കിയ ചുണ്ടുമായ് തത്തക്കിളി ഒപ്പന പാടിയില്ലല്ലോ…”

 1978 ൽ പുറത്തിറങ്ങിയ കാത്തിരുന്ന നിമിഷം എന്ന ചിത്രത്തിലേതാണ്  യേശുദാസ് ആലപിച്ച ” ചെമ്പകത്തൈകൾ പൂത്ത മാനത്ത് പൊന്നമ്പിളി ചുംബനം കൊള്ളാനൊരുങ്ങീ ” എന്ന മനോഹര ഗാനം . ശ്രീകുമാരൻ തമ്പി രചിച്ച് അർജുനൻ മാസ്റ്റർ ഈണമിട്ട പ്രണയാർദ്രമായ ആ ഗാനം കാലമേറെ കഴിഞ്ഞിട്ടും സംഗീത പ്രേമികളുടെ ഹൃദയത്തിൽ ഒളിമങ്ങാതെ നിറഞ്ഞു  നിൽക്കുന്നു. 

 പ്രശസ്ത ‘ പാട്ടെഴുത്തുകാരൻ ‘ രവി മേനോന്റെ   മൺവിളക്കുകൾ പൂത്ത കാലം എന്ന പുസ്തകത്തിൽ നിന്ന്

—————————————————————————

പെണ്ണ് ഫോർട്ടുകൊച്ചിക്കാരി; പയ്യൻ ആലുവക്കാരൻ. ഇരുവരും ആദ്യം കണ്ടതും  അനുരാഗബദ്ധരായതും ബോൾഗാട്ടി പാലസ്  പരിസരത്തു വെച്ച്. അതിനു നിമിത്തമായതാകട്ടെ  “ചെമ്പകത്തൈകൾ പൂത്ത മാനത്ത് പൊന്നമ്പിളി ചുംബനം കൊള്ളാനൊരുങ്ങീ…” എന്ന സിനിമാപ്പാട്ടും. “കാത്തിരുന്ന നിമിഷം” (1978) എന്ന ചിത്രത്തിൽ ശ്രീകുമാരൻ തമ്പി എഴുതി എം കെ അർജുനൻ ഈണമിട്ട് യേശുദാസ് പാടിയ ഗാനം.

എട്ടു വർഷം മുൻപായിരുന്നു  ആലുവക്കാരൻ ജോൺസന്റെ ഫോൺ വിളി. മലയാളത്തിലെ ഏറ്റവും പ്രിയപ്പെട്ട പ്രണയഗാനങ്ങളിൽ ഒന്നായി  ചെമ്പകത്തൈകൾ തിരഞ്ഞെടുത്തുകൊണ്ട്‌ ഒരു വാരികയിൽ എഴുതിയ ലേഖനം വായിച്ച്  വിളിച്ചതാണ്  വിദേശത്ത് ലിഫ്റ്റ്‌ ഓപ്പറേറ്റർ ആയി ജോലി ചെയ്യുന്ന ജോൺസൺ. “ ആ പാട്ട് പുറത്തിറങ്ങിയിട്ട് മുപ്പതു കൊല്ലമായി എന്നറിഞ്ഞപ്പോൾ അത്ഭുതം തോന്നി . കാലം എത്ര പെട്ടെന്ന് കടന്നുപോകുന്നു.,”  ജോൺസൺ പറഞ്ഞു. “പക്ഷെ  എനിക്കും എന്റെ ഭാര്യക്കും ഒരു പരിഭവമുണ്ട്.  ചെമ്പകത്തൈകളുടെ  ചിത്രീകരണത്തെ കുറിച്ചു മാത്രം നിങ്ങൾ എന്തുകൊണ്ട് ഒന്നും എഴുതിയില്ല?  അതിലും റൊമാന്റിക് ആയി ചിത്രീകരിക്കപ്പെട്ട മറ്റൊരു മലയാളം പാട്ടുണ്ടോ?  കമൽഹാസനും വിധുബാലയും എത്ര ഇഴുകിച്ചെർന്നാണ് അഭിനയിച്ചിരിക്കുന്നത്. യഥാർത്ഥ ജീവിതത്തിലും കാമുകീകാമുകന്മാർ ആണെന്ന് തോന്നും അവരുടെ അഭിനയം കാണുമ്പോൾ…” നിമിഷനേരത്തെ മൗനത്തിനു  ശേഷം ജോൺസൺ  തുടർന്നു: “ ആ ഗാനചിത്രീകരണമാണ് എന്നെയും ആൻസിയെയും (പേര് ഓർമ്മയിൽ നിന്ന്) ഒന്നിപ്പിച്ചത് എന്നറിയുമോ?  അന്ന് ആ  ഷൂട്ടിംഗ് കാണാൻ പോയിരുന്നില്ലെങ്കിൽ  ജീവിതത്തിൽ ഒരിക്കലും പരസ്പരം കാണുക പോലുമില്ലായിരുന്നു ഞങ്ങൾ…”

വിചിത്രമായി തോന്നിയേക്കാവുന്ന  ആ പ്രണയകഥ ഇങ്ങനെ. കമൽഹാസന്റെ കടുത്ത ആരാധകരാണ് ജോൺസണും ആൻസിയും. ഏറണാകുളത്തിന്റെ രണ്ടു വ്യത്യസ്ത കോണുകളിൽ നിന്ന്  “കാത്തിരുന്ന നിമിഷ”ത്തിന്റെ ഷൂട്ടിംഗ് കാണാൻ അവർ ഒരേ ദിവസം ബോൾഗാട്ടിയിൽ ചെന്നതിനു പിന്നിൽ ഒരൊറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ: പ്രിയതാരത്തെ ഒരു നോക്കു കാണുക. പറ്റുമെങ്കിൽ ഒരു ഓട്ടോഗ്രാഫ് വാങ്ങുക.  ചെന്നപ്പോൾ ഉത്സവത്തിനുള്ള ആൾക്കൂട്ടം ഉണ്ടവിടെ .  പക്ഷേ വെറുംകയ്യോടെ മടങ്ങാനാകുമോ? ഷൂട്ടിംഗിന്റെ ഇടവേളയിൽ ഇടിച്ചുകയറി കമലിനെ കണ്ടു; ഓട്ടോഗ്രാഫും വാങ്ങി. എനിക്കും ഒരു ഓട്ടോഗ്രാഫ് സംഘടിപ്പിച്ചു തരുമോ എന്ന അപേക്ഷയുമായി പിന്നാലെ വന്ന പെൺകുട്ടിയെ ജോൺസൺ അപ്പോഴാണ്‌ ശ്രദ്ധിച്ചത്. “ആദ്യനോട്ടത്തിൽ അനുരാഗം എന്നൊക്കെ പറയില്ലേ. അതാണ്‌ ഞങ്ങൾക്കിടയിൽ സംഭവിച്ചതെന്ന്  തോന്നുന്നു.  അന്നത്തെ ആ ഗാനചിത്രീകരണവും ഞങ്ങളെ സ്വാധീനിച്ചിരിക്കാം. അത്ര കണ്ട് സ്വാഭാവികമായിരുന്നു കമലിന്റെയും വിധുബാലയുടെയും അഭിനയം.  ഉറ്റ സുഹൃത്തുക്കളായിട്ടാണ് അന്നു വൈകുന്നേരം ഞാനും ആൻസിയും  പിരിഞ്ഞത്…” രണ്ടു മാസത്തിനകം ഇരുവരും വിവാഹിതരായി എന്നത്  കഥയുടെ രത്നച്ചുരുക്കം.  അഭിരുചികളും ചിന്താഗതികളും  ഏതാണ്ട് ഒരേ ജനുസ്സിൽ പെട്ടതായിരുന്നതിനാൽ അപശ്രുതികൾ കുറവായിരുന്നു ദാമ്പത്യത്തിൽ എന്ന് സാക്ഷ്യപ്പെടുത്തുന്നു ജോൺസൺ.

കൗതുകമുള്ള ആ  കഥ വിവരിച്ചുകേട്ടപ്പോൾ കമൽഹാസൻ സ്വതസിദ്ധമായ ശൈലിയിൽ ഉറക്കെ  ചിരിച്ചു. “വലിയ സന്തോഷമുണ്ട്. സിനിമക്ക് നല്ല രീതിയിലും   ജീവിതത്തെ സ്വാധീനിക്കാൻ  കഴിയുമെന്നു തെളിയിക്കുന്ന സംഭവമാണല്ലോ.  മാത്രമല്ല, എനിക്കേറ്റവും പ്രിയപ്പെട്ട മലയാളം പാട്ടുകളിൽ ഒന്നാണ് ചെമ്പകത്തൈകൾ. ഞാൻ അഭിനയിച്ചതു കൊണ്ടല്ല. ആ വരികളും സംഗീതവും യേശുദാസിന്റെ ആലാപനവും ചേർന്ന് സൃഷ്ടിക്കുന്ന മാന്ത്രികാന്തരീക്ഷമുണ്ടല്ലോ. അതിനു പകരം വെക്കാവുന്നവ അധികമില്ല മലയാളത്തിൽ. ആ  പാട്ടിന്റെ വരികൾ ഇന്നും കാണാപ്പാഠമാണെനിക്ക്..”  ചെമ്പകത്തൈകളുടെ ചരണം ഓർമ്മയിൽ നിന്ന് വീണ്ടെടുത്ത് പതുക്കെ  മൂളുന്നു കമൽ: “അത്തറിൻ സുഗന്ധവും പൂശിയെൻ മലർചെണ്ടീ മുറ്റത്ത് വിടർന്നില്ലല്ലോ, വെറ്റില മുറുക്കിയ ചുണ്ടുമായ് തത്തക്കിളി ഒപ്പന പാടിയില്ലല്ലോ…”

ഓർമ്മവന്നത് അർജുനൻ മാസ്റ്റർ വിവരിച്ചുകേട്ട  ഒരനുഭവമാണ്. ചെന്നൈയിൽ ഒരു സിനിമാ സംഘടനയുടെ വാർഷികം നടക്കുന്നു.  മലയാളത്തിലെ തലമുതിർന്ന സംഗീത സംവിധായകരെ ആദരിക്കലാണ് പ്രധാന ചടങ്ങ്. മുഖ്യാതിഥി കമൽഹാസൻ. ഏറ്റവും അവസാനമായിരുന്നു അർജുനൻ മാസ്റ്ററുടെ ഊഴം. അവതാരകയുടെ ക്ഷണത്തിന് പിന്നാലെ മാസ്റ്റർ സഹായിയുടെ കൈ പിടിച്ച് വേച്ചു വേച്ചു വേദിയിലേക്ക് നടക്കവേ,   കമൽ മൈക്ക് കയ്യിലെടുത്തു പാടുന്നു: ചെമ്പകത്തൈകൾ പൂത്ത മാനത്ത് പൊന്നമ്പിളി…. “അത്ഭുതവും സന്തോഷവും ഒരുമിച്ചു വന്ന നിമിഷമായിരുന്നു അത്.”– അർജുനൻ മാസ്റ്റർ പിന്നീട് പറഞ്ഞു.  “വിവിധ ഭാഷകളിലായി നൂറായിരം പാട്ടുകൾ സിനിമയിൽ പാടി അഭിനയിച്ചിട്ടുണ്ടാകും അദ്ദേഹം. എന്നിട്ടും, ഇത്ര കാലം കഴിഞ്ഞിട്ടും ഒരു മലയാളം പാട്ടിന്റെ വരികളും ഈണവും ഓർത്തിരിക്കുക എന്നത് അതിശയകരമല്ലേ? പിന്നെയും പല വേദികളിലും ഈ പാട്ട് പാടി എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട് കമൽ.” ശ്രീകുമാരൻ തമ്പിയുടെ ഓർമ്മയിലും ഉണ്ട് സമാനമായ ഒരനുഭവം.  ജൂറി തലവൻ എന്ന നിലയിൽ  റേഡിയോ മിർച്ചിയുടെ അവാർഡ് നിശയിൽ  പങ്കെടുക്കാൻ  പോകവേ ഹൈദരാബാദ് വിമാനത്താവളത്തിൽ വെച്ച്  കണ്ടുമുട്ടിയപ്പോൾ തമ്പി കമലിനോട്  വെറുതെ ചോദിച്ചു: “എന്നെ ഓർമ്മയുണ്ടോ?”  ചിരിച്ചുകൊണ്ട്  പഴയൊരു പാട്ടിന്റെ പല്ലവി മൂളുന്നു കമൽ: ചെമ്പകത്തൈകൾ പൂത്ത മാനത്ത് പൊന്നമ്പിളി…… “ആ പാട്ടും, എന്റെ സംവിധാനത്തിൽ ഇരുപതാം വയസ്സിൽ താൻ അഭിനയിച്ച  തിരുവോണം എന്ന ചിത്രത്തിന്റെ പേരും ഇത്ര വർഷങ്ങൾക്കു ശേഷവും  കമലിനെ പോലൊരു നടൻ  ഓർമ്മയിൽ സൂക്ഷിക്കുന്നു എന്ന അറിവ് അത്ഭുതകരമായിരുന്നു; ആഹ്ലാദകരവും.” തമ്പി പറയുന്നു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

നോട്ട് നിരോധനത്തിന് രണ്ടു വർഷം: വിടരുതവരെ !!

ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ സൊല്യൂഷനുകൾ: യു എസ് ടി ഗ്ലോബൽ ആമസോൺ ധാരണ