Movie prime

ഹൃദയത്തിലെ സുഷിരം ശസ്ത്രക്രിയ കൂടാതെ അടയ്ക്കാന്‍ ചിത്ര എ. എസ്. ഡി ഒക്ലൂഡര്‍

വികസിപ്പിച്ചെടുത്തത് ശ്രീചിത്രയിലെ ഗവേഷകസംഘം ഹൃദയത്തിലെ മേല് അറകളെ തമ്മില് വേര്തിരിക്കുന്ന ഭിത്തിയില് ജന്മനായുണ്ടാകുന്ന സുഷിരം ശസ്ത്രക്രിയ കൂടാതെ അടയ്ക്കാനുള്ള ഉപകരണവും അത് സ്ഥാപിക്കുന്നതിനുള്ള സംവിധാനവും വികസിപ്പിച്ചെടുത്ത് ശ്രീചിത്ര തിരുനാള് ഇന്സ്റ്റിറ്റ്യൂട്ട് ഫോര് മെഡിക്കല് സയന്സസ് ആന്റ് ടെക്നോളജി. ചിത്ര എ.എസ്.ഡി ഒക്ലൂഡര് എന്ന് പേരിട്ടിരിക്കുന്ന ഉപകരണം നിര്മ്മിച്ചിരിക്കുന്നത്, നിറ്റിനോള് കമ്പികളും നോണ്-വോവണ് പോളിസ്റ്ററും ഉപയോഗിച്ചാണ്. ചിത്ര എ.എസ്.ഡി ഒക്ലൂഡറിന്റെ രൂപകല്പ്പനയുടെ ഇന്ത്യന് പേറ്റന്റിനായി അപേക്ഷയും സമര്പ്പിച്ചുകഴിഞ്ഞു. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന് (ഡിഎസ്ടി) കീഴില് പ്രവര്ത്തിക്കുന്ന ദേശീയ More
 
ഹൃദയത്തിലെ സുഷിരം ശസ്ത്രക്രിയ കൂടാതെ അടയ്ക്കാന്‍ ചിത്ര എ. എസ്. ഡി ഒക്ലൂഡര്‍

വികസിപ്പിച്ചെടുത്തത് ശ്രീചിത്രയിലെ ഗവേഷകസംഘം

ഹൃദയത്തിലെ മേല്‍ അറകളെ തമ്മില്‍ വേര്‍തിരിക്കുന്ന ഭിത്തിയില്‍ ജന്മനായുണ്ടാകുന്ന സുഷിരം ശസ്ത്രക്രിയ കൂടാതെ അടയ്ക്കാനുള്ള ഉപകരണവും അത് സ്ഥാപിക്കുന്നതിനുള്ള സംവിധാനവും വികസിപ്പിച്ചെടുത്ത് ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്റ് ടെക്‌നോളജി. ചിത്ര എ.എസ്.ഡി ഒക്ലൂഡര്‍ എന്ന് പേരിട്ടിരിക്കുന്ന ഉപകരണം നിര്‍മ്മിച്ചിരിക്കുന്നത്, നിറ്റിനോള്‍ കമ്പികളും നോണ്‍-വോവണ്‍ പോളിസ്റ്ററും ഉപയോഗിച്ചാണ്. ചിത്ര എ.എസ്.ഡി ഒക്ലൂഡറിന്റെ രൂപകല്‍പ്പനയുടെ ഇന്ത്യന്‍ പേറ്റന്റിനായി അപേക്ഷയും സമര്‍പ്പിച്ചുകഴിഞ്ഞു.

കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന് (ഡിഎസ്ടി) കീഴില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ പ്രാധാന്യമുള്ള സ്ഥാപനമായ ശ്രീചിത്രയിലെ ബയോമെഡിക്കല്‍ ടെക്‌നോളജി വിഭാഗത്തിലെ ടെക്‌നിക്കല്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ ബയോമെഡിക്കല്‍ ഡിവൈസസ് എന്ന പ്രോജക്ടിലൂടെ ഡിഎസ്ടി നല്‍കിയ ഫണ്ടില്‍ കൂടിയാണ് ചിത്ര എ.എസ്.ഡി ഒക്ലൂഡര്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്.

ലോഹചട്ടക്കൂടും അതിനകത്തുള്ള വൈദ്യശാസ്ത്ര ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള തുണിയുമാണ് ചിത്ര എ.എസ്.ഡി ഒക്ലൂഡറിന്റെ പ്രധാന ഭാഗങ്ങള്‍. നിറ്റിനോള്‍ വയറുകള്‍ പ്രത്യേക രീതിയില്‍ പരസ്പരം ബന്ധിച്ചാണ് ലോഹചട്ടക്കൂട് നിര്‍മ്മിച്ചിരിക്കുന്നത്. നിറ്റിനോളിന് മികച്ച ഇലാസ്തികതയുള്ളതിനാല്‍ അനുയോജ്യമായ വലുപ്പമുള്ള കത്തീറ്ററിന് അകത്താക്കി ഹൃദയത്തില്‍ എത്തിച്ച് സുഷിരത്തില്‍ സ്ഥാപിക്കാന്‍ കഴിയും. കത്തീറ്ററില്‍ നിന്ന് പുറത്തെത്തിയാലുടന്‍ നിറ്റിനോള്‍ ചട്ടക്കൂട് വികസിച്ച സ്ഥിതിയില്‍ എത്തും. ഇതില്‍ സ്ഥാപിച്ചിരിക്കുന്ന തുണി രക്തവുമായി സമ്പര്‍ക്കത്തില്‍ വരുമ്പോള്‍ രക്തത്തെ ആഗിരണം ചെയ്യും. ഇതോടെ തുണിക്ക് മുകളില്‍ ഒരു ആവരണം രൂപപ്പെട്ട് സുഷിരം അടയുന്നു. കാലക്രമേണ തുണിയുടെ ഉപരിതലത്തില്‍ കൂടുതല്‍ കോശങ്ങള്‍ വളരുകയും ചെയ്യും.

ഉപകരണത്തിന്റെ സ്ഥാനചലനം, ഹൃദയത്തിന്റെ മേല്‍ അറയുടെ മുകള്‍ ഭാഗത്തിന് ഉണ്ടാകുന്ന ഉരസല്‍ മൂലമുള്ള ചതവ് എന്നിവയാണ് ഇപ്പോള്‍ ലഭ്യമായ എ.എസ്.ഡി ഒക്ലൂഡര്‍ ഉപകരണവുമായി ബന്ധപ്പെട്ട് ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍. ഈ പ്രശ്‌നങ്ങള്‍ മുന്നില്‍ കണ്ട് ഇവ ഒഴിവാക്കുന്ന രീതിയിലാണ് ചിത്ര എ.എസ്.ഡി ഒക്ലൂഡര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഉപകരണം കൃത്യസ്ഥലത്ത് സ്ഥാപിക്കുന്നതിനായി നിര്‍മ്മിച്ചിരിക്കുന്ന സംവിധാനത്തെ കുറിച്ചും എടുത്തുപറയേണ്ടതാണ്. ഉപകരണം അനായാസം സുഷിരത്തില്‍ സ്ഥാപിക്കാന്‍ സഹായിക്കുന്ന വിധത്തിലാണ് ഇതിന്റെ രൂപകല്‍പ്പന. ഉപകരണം സ്ഥാപിക്കുന്നതിനായി നിര്‍മ്മിച്ചിരിക്കുന്ന സംവിധാനത്തിന്റെ ഇന്ത്യന്‍ പേറ്റന്റിനും അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.

ഡോ. സുജേഷ് ശ്രീധരന്‍ (സയന്റിസ്റ്റ്- എഫ്, ഡിവിഷന്‍ ഓഫ് ആര്‍ട്ടിഫിഷ്യല്‍ ഇന്റേണല്‍ ഓര്‍ഗന്‍സ്, ബിഎംടി വിങ്), കാര്‍ഡിയോളജി വിഭാഗം പ്രൊഫസര്‍മാരായ ഡോ. എസ്. ബിജുലാല്‍, ഡോ. കൃഷ്ണമൂര്‍ത്തി കെ എം തുടങ്ങിയവര്‍ അടങ്ങിയ സംഘമാണ് ചിത്ര എ.എസ്.ഡി ഒക്ലൂഡര്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്.

ജനിതക- പാരിസ്ഥിതിക കാരണങ്ങളാലാകാം ജന്മനാ ഹൃദയത്തില്‍ സുഷിരങ്ങള്‍ ഉണ്ടാകുന്നതെന്ന് കരുതപ്പെടുന്നു. ഇവയില്‍ ചിലത് കുട്ടികള്‍ വളരുന്നതിന് അനുസരിച്ച് സ്വയം അടയും. അല്ലാത്തവ ശസ്ത്രക്രിയയിലൂടെയോ എ.എസ.്ഡി ഒക്ലൂഡര്‍ പോലുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ചോ അടയ്‌ക്കേണ്ടിവരും. യഥാസമയം ചികിത്സിച്ചില്ലെങ്കില്‍ വലിയ സുഷിരങ്ങള്‍ ഹൃദയത്തിനും ശ്വാസകോശത്തിനും കേടുവരുത്താന്‍ സാധ്യതയേറെയാണ്.

ആയിരം ശിശുക്കളില്‍ എട്ടുപേര്‍ ജന്മനായുള്ള ഹൃദയരോഗങ്ങളുമായാണ് ജനിക്കുന്നതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. പ്രതിവര്‍ഷം ഇത്തരത്തിലുള്ള രണ്ടുലക്ഷം കുട്ടികളാണ് ജനിക്കുന്നത്. ഇവരില്‍ അറുപത് ശതമാനം പേരും നേരിടുന്ന പ്രശ്‌നം ഹൃദയത്തിലെ സുഷിരങ്ങളാണ്.

ഇറക്കുമതി ചെയ്യുന്ന ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് നിലവില്‍ ഹൃദയത്തിലെ സുഷിരങ്ങള്‍ ചികിത്സിക്കുന്നത്. ഒരു ഉപകരണത്തിന്റെ ഏകദേശ വില 60000 രൂപയാണ്. ചിത്ര എ.എസ്.ഡി ഒക്ലൂഡര്‍ വിപണിയില്‍ എത്തുന്നതോടെ ഇവയുടെ വില കുറയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഈ ഉപകരണം വ്യവസായികള്‍ക്ക് കൈമാറുകയും, അവരുമായി ചേര്‍ന്ന് മൃഗങ്ങളിലും മനുഷ്യരിലുമുള്ള പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കിയ ശേഷം അതിന്റെ ഫലങ്ങള്‍ അനുസരിച്ചും, അനുമതി ലഭ്യമാകുന്നതിന്റെയും അടിസ്ഥാനത്തില്‍ കമ്പനി ഇത് വ്യാവസായിക അടിസ്ഥാനത്തില്‍ നിര്‍മ്മിക്കുകയും വിപണിയില്‍ എത്തിക്കുകയും ചെയ്യും.