ചോലനായ്ക്കർ കാടുവിടുമോ?

തെക്കൻ വയനാട്ടിൽ മേപ്പാടി ഫോറസ്റ്റ് റേഞ്ചിൽ പരപ്പൻപാറ മേഖലയിൽ  നൂറ്റാണ്ടുകളായി  താമസിക്കുന്ന ചോലനായ്ക്കർ എന്ന  ആദിവാസി വിഭാഗം കാടുവിടാൻ തീരുമാനിച്ചതായി അറിയുന്നു.

വ്യാപകമായ ഉരുൾപൊട്ടലും മലയിടിച്ചിലും വരുത്തി വച്ച കൊടും ദുരന്തത്തെ തുടർന്നാണ്  നാളിതുവരെയുള്ള കടുംപിടുത്തം ഉപേക്ഷിക്കാൻ അവർ തയ്യാറാവുന്നത്.

ലോകത്ത് തന്നെ അത്യപൂർവ്വമായ ജീവിത രീതി പിന്തുടരുന്ന  ആദിമ ജനവിഭാഗമാണ് ചോലനായ്ക്കർ . വയനാടിന് പുറമേ മലപ്പുറം ജില്ലയിലെ  നിലമ്പൂരിൽ  നെടുങ്കയം , കരുവാരക്കുണ്ട് , കാളികാവ്  വനമേഖലയിലും ഈ വിഭാഗക്കാർ  ഉണ്ട്.

നിബിഡ വനങ്ങളാണ് ചോലകൾ. നായ്ക്കൻ നേതാവാണ്. ആ അർത്ഥത്തിൽ  നിബിഡ വനങ്ങളുടെ നായകരാണ് ചോല  നായ്ക്കന്മാർ.

ലിപിയില്ലാത്ത ചോലനായ്ക്കൻ  എന്ന പ്രത്യേക ഭാഷയിലാണ് ഇവരുടെ  സംസാരം.

വേട്ടയാടിയും തേനും  കായ്കനികളും മറ്റും  ശേഖരിച്ചുമാണ് ഉപജീവനത്തിനുള്ള വക കണ്ടെത്തുന്നത്. മൂപ്പൻ എന്ന് വിളിക്കുന്ന ഗ്രാമമുഖ്യനാണ് കൂട്ടത്തിനുവേണ്ടി  തീരുമാനങ്ങൾ എടുക്കുന്നത്.

പണ്ട് കാലത്ത് ഇവർക്കിടയിൽ  വസ്ത്ര ധാരണ ശീലം ഉണ്ടായിരുന്നില്ല. എന്നാൽ വനവിഭവങ്ങൾ വിൽക്കാനായി നാട്ടിലേക്ക്  വന്നും കൂപ്പുകളിൽ വേലക്ക്  പോയും മറ്റും ക്രമേണ നാട്ടുജീവിതവുമായി  അടുപ്പം വന്നതോടെ ജീവിത രീതിയിൽ മാറ്റങ്ങൾ വന്നു തുടങ്ങി.

കാട്ടിനുള്ളിലെ കല്ലുലൈ എന്ന് വിളിക്കുന്ന  ഗുഹകളിലും അളകളിലും മാത്രം ജീവിച്ച് ശീലമുള്ള ഈ  ജന വിഭാഗത്തെ  മുഖ്യ ധാരയിലേക്ക് എത്തിക്കാനുള്ള പലവിധത്തിലുള്ള  ശ്രമങ്ങൾ മാറിമാറിവന്ന സർക്കാരുകളുടെ ഭാഗത്തുനിന്നുണ്ടായിരുന്നു.  എന്നാൽ അവരതിന് വഴങ്ങിയിരുന്നില്ല. നാട്ടുജീവിതത്തോട്  അവർ ഒട്ടും താല്പര്യം പ്രകടിപ്പിച്ചില്ല.

എന്നാൽ 2009 ലെ വെള്ളപ്പൊക്കം ചില മാറ്റങ്ങൾ കൊണ്ടുവന്നിരുന്നു. വെള്ളം കയറിയ ഗുഹകളിൽ നിന്നും  മാറി  വച്ച് കെട്ടിയ കുടിലുകളിൽ താമസിക്കാൻ ചിലരെല്ലാം  നിർബന്ധിതരായി.

ഇപ്പോൾ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തോടെ ഭൂരിഭാഗം പേരും മാറിചിന്തിക്കുകയാണ്.

സർക്കാർ അവർക്കായി  നൽകാം എന്ന് പറയുന്ന ഇടത്തിലേക്ക്  മാറിത്താമസിക്കാൻ അവർ സന്നദ്ധരാണെന്നാണ്   റിപ്പോർട്ട് പറയുന്നത്.

തമിഴ്നാട് അതിർത്തിയോടു ചേർന്നുള്ള കാടിനുള്ളിലാണ് ഇപ്പോൾ ഈ വിഭാഗം തങ്ങുന്നത്.  മൂപ്പൈനാട് ഗ്രാമ പഞ്ചായത്തിന് കീഴിലാണ് വയനാട്ടിലെ ചോലനായ്ക്കർ അഥവാ കാട്ടുനായ്ക്കർ  ട്രൈബൽ സെറ്റിൽമെന്റ് വരുന്നത്.

ഇക്കൂട്ടത്തിൽ ആകെയുള്ള 42 പേരിൽ  12  പുരുഷന്മാരും 17  സ്ത്രീകളും 13 കുട്ടികളുമാണുള്ളത് .  ഭൂരിഭാഗം പേരും  മാറാനുള്ള സന്നദ്ധത പ്രകടിപ്പിച്ചതായി  പറയുന്നു. 71 വയസ്സ് പ്രായമുള്ള ചെറിയ വെളുത്തയാണ് ഇപ്പോഴത്തെ ഇവരുടെ ഊരു മൂപ്പൻ.

2009 വരെ ഗുഹാ ജീവിതമാണ് എല്ലാവരും നയിച്ചിരുന്നത്. എന്നാൽ അക്കൊല്ലത്തെ അപ്രതീക്ഷിതമായ കനത്ത  വെള്ളപ്പൊക്കം അവരെ പുറത്തെത്തിച്ചു. വെള്ളം പൊങ്ങിയ ഗുഹകളിൽ താമസിക്കാൻ കഴിയാതായതോടെ പുല്ലും ഇലകളും  കാട്ടുവടികളും മറ്റും  വെച്ച് കെട്ടിയ താൽക്കാലിക താവളങ്ങളിലേക്കു മാറി . പലരും പിന്നീട് അവിടെ തന്നെ തങ്ങുകയായിരുന്നു.

എന്നാൽ ഇത്തവണത്തെ ഭീകരമായ  മലയിടിച്ചിലും ഉരുൾപൊട്ടലും കാര്യങ്ങൾ കൈവിട്ടുപോകുന്ന അവസ്ഥയിലാക്കി. ഊരിലാകെ അപകട  ഭീതി പടർന്നു.

ആഗസ്റ്റ് 17 ന് തന്നെ ആകെയുള്ള  പന്ത്രണ്ടു കുടുംബങ്ങളെയും വടുവഞ്ചാലിനടുത്തുള്ള കടശ്ശേരിയിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിരുന്നു.  കൂട്ടത്തിലെ ചെറുപ്പക്കാരാണ് തങ്ങൾക്കു താമസിക്കാനുള്ള ബദൽ സംവിധാനം ഒരുക്കണം എന്ന നാളിതുവരെ പ്രകടിപ്പിക്കാത്ത  ആവശ്യവുമായി ജില്ലാ ഭരണ കൂടത്തെ സമീപിച്ചതെന്ന് പറയുന്നു.

” ചിന്തിക്കാൻ പോലും പോലും  ആവാത്തത്ര ദുരിതമാണ് ഞങ്ങൾക്ക് .  ഇതുപോലെ   മഴപെയ്താൽ ഇനി കാട്ടിൽ  കഴിയാനാവില്ല ”  കൂട്ടത്തിലുള്ള  ശ്രീജ എന്ന സ്ത്രീ പറയുന്നു. അഞ്ചാം ക്‌ളാസ് വരെ പഠിച്ചിട്ടുള്ള ശ്രീജ സ്‌കൂളോ ആസ്പത്രിയോ പോലെ  അടിസ്ഥാന സൗകര്യങ്ങൾ ഒന്നും ഇല്ലാത്ത തങ്ങളുടെ  ജീവിതത്തിന്റെ ദുരിതങ്ങളും  കഷ്ടപ്പാടും  വിവരിച്ചു.

കാട്ടുനായ്ക്കൻ ട്രൈബൽ കുട്ടികൾക്ക് മാത്രമായുള്ള  മോഡൽ റെസിഡൻഷ്യൽ സ്‌കൂളിൽ ഇത്തവണ  ട്രൈബിലെ  13 കുട്ടികളും എത്തിയിരുന്നു. എന്നാൽ  4 പേർ ഇടയ്ക്കുവച്ച് വരാതായി. കാടുവിട്ടു പോയെങ്കിൽ കുട്ടികളുടെ പഠിപ്പെങ്കിലും നടന്നേനെ എന്ന അഭിപ്രായമാണ്  നാലാം ക്‌ളാസ് വരെ പഠിച്ചിട്ടുള്ള ചെറിയ മിനി പ്രകടിപ്പിക്കുന്നത്.

ശ്രീജയും ചെറിയ മിനിയുമൊക്കെ ഇത്തരം മാറിയ  കാഴ്ചപ്പാടുകൾ ഉള്ളവരാണെങ്കിലും ഒരു  പൊതു അഭിപ്രായ രൂപീകരണത്തിലേക്ക് എത്താനുള്ള  ബുദ്ധിമുട്ടാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്.

കഴിഞ്ഞ ശനിയാഴ്ച രാവിലെ ചേർന്ന ഊരുകൂട്ടത്തിൽ വിഷയം ചർച്ച ചെയ്തിരുന്നു.  പത്തോളം കുടുംബക്കാർ  കാടുവിടാനുള്ള സന്നദ്ധത പ്രകടിപ്പിച്ചതായി അറിയുന്നു. കാടിനോട് ചേർന്ന് വട്ടത്തുവയലിൽ സർക്കാർ ഒരുക്കുന്ന താമസ സ്ഥലത്തേക്ക് മാറി  താമസിക്കാൻ  അവർ ഒരുക്കമാണ്.

കാടുവിടാൻ മടികാട്ടുന്നവരിൽ മുൻപന്തിയിൽ തന്നെയുള്ളത്  ഊരു മൂപ്പൻ ചെറിയ വെളുത്ത തന്നെ.  തങ്ങളുടെ  ദൈവങ്ങളെയും പൂർവികരെയും  വിട്ട് ഒരിടത്തേക്കും പോകാനാവില്ല എന്നാണ് വെളുത്തയുടെ  പക്ഷം.

ഈ ആഴ്ച ആദ്യം വയനാട് ജില്ലാ സെഷൻസ് ജഡ്ജ് വി. വിജയകുമാർ ചോലനായ്ക്കർ വിഭാഗക്കാരെയും റവന്യു ഫോറസ്റ്റ് അധികൃതരെയും പഞ്ചായത്ത് അംഗങ്ങളെയും  ഒന്നിച്ചു വിളിച്ചുകൂട്ടി ഇക്കാര്യങ്ങൾ  ചർച്ച ചെയ്തിരുന്നു.

വട്ടത്തുവയൽ വനപ്രദേശത്തോടു  ചേർന്ന് ഓരോ ചോലനായ്ക്കർ കുടുംബത്തിനും ഓരോ ഏക്കർ ഭൂമിയും വീടും  നൽകാം എന്ന സർക്കാർ  നിർദേശവും അദ്ദേഹം  മുന്നോട്ടു വെച്ചു.

” നൽകാനുള്ള ഭൂമി  കണ്ടെത്തിയിട്ടുണ്ട്.  മാർച്ച്  അവസാനത്തോടെ പഞ്ചായത്ത്  അവിടെ വീടുകൾ നിർമിച്ചു നൽകും. കുടിവെള്ളവും വൈദ്യുതിയും ഉൾപ്പെടെയുള്ള എല്ലാ സൗകര്യങ്ങളും അവർക്കവിടെ ഉറപ്പുവരുത്തും. ” മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റ് ആർ. യമുന പറഞ്ഞു.

” പുതിയ വീടുകളുടെ  പണികഴിയും വരെ കടശ്ശേരിയിലെ താൽക്കാലിക താവളത്തിൽ അവർ തങ്ങും . വനോൽപ്പന്നങ്ങൾ ശേഖരിക്കാനുള്ള അവകാശം അതേപടി സംരക്ഷിക്കപ്പെടും. ചാലിയാറിൽ മീൻ പിടിക്കാനുള്ള  അവകാശത്തിനും മാറ്റം വരില്ല. ” പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യാഹ്യാഖാൻ തലക്കൽ പറഞ്ഞു.

ഊരുമൂപ്പൻ ചെറിയ വെളുത്തയുടേത് ഉൾപ്പെടെ രണ്ടു കുടുംബങ്ങളാണ് ഇപ്പോഴും മടിച്ചു നിൽക്കുന്നതെന്നും അവരെ കാര്യങ്ങൾ ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

” കാടുവിടാൻ അവരും തയ്യാറാവും എന്നാണ് ഞങ്ങളുടെ പ്രതീക്ഷ ” അദ്ദേഹം പറയുന്നു.

കടപ്പാട്: ദ ഹിന്ദു 

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

പ്രളയ ദുരന്തം: സാമൂഹ്യ മന:ശാസ്ത്ര ഇടപെടലുകള്‍ക്ക് 6000 വിദഗ്ധര്‍

ആരോഗ്യം വർധിപ്പിക്കണോ? വളർത്തു നായ്ക്കളെ ഒപ്പം കൂട്ടൂ