Movie prime

ക്രിസ്മസ് കൊഴുപ്പിക്കാൻ മലയാളിക്ക് അഞ്ചു സിനിമകൾ

ക്രിസ്മസ് വരവായി. ആഘോഷങ്ങൾക്ക് തിരി കൊളുത്താൻ ഇത്തവണ തീയറ്ററുകളിൽ എത്തിയിട്ടുള്ളത് മാമാങ്കം, ഡ്രൈവിംഗ് ലൈസൻസ്, പ്രതി പൂവൻകോഴി, തൃശൂർ പൂരം, വലിയ പെരുന്നാൾ എന്നീ ചിത്രങ്ങളാണ്. മമ്മൂട്ടി, പൃഥ്വിരാജ്, മഞ്ജു വാര്യർ, ജയസൂര്യ, ഷെയ്ൻ നിഗം എന്നിവരുടെ ചിത്രങ്ങൾ തീയറ്ററുകളിൽ ഉത്സവ പ്രതീതിയുണ്ടാകുന്ന കാഴ്ചയാണ് ഇപ്പോൾ ഉള്ളത്. മാമാങ്കം മലയാളിയുടെ മൺമറഞ്ഞ ചരിത്രം ഏച്ചുകെട്ടലുകളില്ലാതെ സത്യസന്ധമായി അവതരിപ്പിക്കുന്ന ചിത്രമാണ് മാമാങ്കം. മമ്മൂട്ടിയുടെ ലേബലിലാണ് ചിത്രമെത്തിയതെങ്കിലും കഥയാണ് മാമാങ്കത്തിലെ ഹീറോ. പന്ത്രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന മാമാങ്കത്തിന് ചാവേറുകളായി പോകുന്ന കുടുംബത്തിലെ More
 
ക്രിസ്മസ് കൊഴുപ്പിക്കാൻ മലയാളിക്ക് അഞ്ചു സിനിമകൾ

ക്രിസ്മസ് വരവായി. ആഘോഷങ്ങൾക്ക് തിരി കൊളുത്താൻ ഇത്തവണ തീയറ്ററുകളിൽ എത്തിയിട്ടുള്ളത് മാമാങ്കം, ഡ്രൈവിംഗ് ലൈസൻസ്, പ്രതി പൂവൻകോഴി, തൃശൂർ പൂരം, വലിയ പെരുന്നാൾ എന്നീ ചിത്രങ്ങളാണ്. മമ്മൂട്ടി, പൃഥ്വിരാജ്, മഞ്ജു വാര്യർ, ജയസൂര്യ, ഷെയ്ൻ നിഗം എന്നിവരുടെ ചിത്രങ്ങൾ തീയറ്ററുകളിൽ ഉത്സവ പ്രതീതിയുണ്ടാകുന്ന കാഴ്ചയാണ് ഇപ്പോൾ ഉള്ളത്.

മാമാങ്കം

മലയാളിയുടെ മൺമറഞ്ഞ ചരിത്രം ഏച്ചുകെട്ടലുകളില്ലാതെ സത്യസന്ധമായി അവതരിപ്പിക്കുന്ന ചിത്രമാണ് മാമാങ്കം. മമ്മൂട്ടിയുടെ ലേബലിലാണ് ചിത്രമെത്തിയതെങ്കിലും കഥയാണ് മാമാങ്കത്തിലെ ഹീറോ. പന്ത്രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന മാമാങ്കത്തിന് ചാവേറുകളായി പോകുന്ന കുടുംബത്തിലെ അംഗങ്ങളാണ് മമ്മൂട്ടിയും, ഉണ്ണി മുകുന്ദനും, മാസ്റ്റർ അച്യുതനും അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ. ഭ്രഷ്ട് കൽപ്പിക്കപ്പെട്ട മമ്മൂട്ടിയുടെ കഥാപാത്രമായ ചന്ത്രോത്ത് വലിയ പണിക്കർ എന്ന പേരുച്ചരിക്കുന്നതു പോലും വള്ളുവനാട്ടിലെ നാട്ടുകാർക്കും മരുമക്കളായ ചന്ത്രോത്ത് പണിക്കർക്കും, ചന്തുണ്ണിക്കും വെറുപ്പാണ്. മമ്മൂട്ടി മാമാങ്കത്തിൽ ചാവേറായി എത്തി നടത്തുന്ന മികച്ച ഒരു യുദ്ധത്തിലാണ് ചിത്രത്തിന്റെ തുടക്കം. ലക്ഷ്യത്തിലേക്ക് കുതിക്കുന്ന മമ്മൂട്ടിയിൽ നിന്ന് പെട്ടെന്ന് തന്നെ ചാവേറായി പോകാനൊരുങ്ങുന്ന ചന്ത്രോത്ത് പണിക്കരിലേക്കും ചന്തുണ്ണിയിലേക്കും കഥ തിരിയുന്നു. ചാവേറുകളുടെ വീട്ടിലെ സ്ത്രീകളുടെ മാനസിക സംഘർഷങ്ങൾ മനോഹരമായി ചിത്രം വരച്ചിടുന്നു. ഉണ്ണി മുകുന്ദൻ, മണിക്കുട്ടൻ, മണികണ്ഠൻ എന്നിവർ മികച്ച പ്രകടനം നടത്തിയിരിക്കുന്ന ചിത്രത്തിന്റെ ഹൈലൈറ്റ് മാസ്റ്റർ അച്യുതനാണ്. ഗ്രാഫിക്സിലെ ചില പോരായ്മകൾ ഒഴിച്ചു നിർത്തിയാൽ ഒരു ഫീൽ ഗുഡ് മൂവിയാണ്. കുടുംബ പ്രേക്ഷകർക്ക് ധൈര്യമായി കയറാവുന്ന ക്രിസ്മസ് ചിത്രം മാമാങ്കമാണ്.

ഡ്രൈവിങ് ലൈസന്‍സ്

ഒരു ഡ്രൈവിങ് ലൈസന്‍സിനെ ചുറ്റിപ്പറ്റി ലാല്‍ ജൂനിയര്‍ (ജീന്‍ പോള്‍ ലാല്‍) സംവിധാനം ചെയ്ത സിനിമയാണ് ‘ഡ്രൈവിങ് ലൈസന്‍സ്’. ഡ്രൈവിങ് ലൈസന്‍സില്ലാത്ത സൂപ്പര്‍ സ്റ്റാര്‍ ഹരീന്ദ്രന്‍. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായ കുരുവിള അയാളുടെ കടുത്ത ആരാധകരില്‍ ഒരാളാണ്. കുരുവിളയ്ക്ക് തന്റെ സൂപ്പര്‍ സ്റ്റാര്‍ ഹരീന്ദ്രനെ ഒന്നു കാണണം, ഒന്നിച്ചു നിന്നു ഒരു ഫോട്ടോ എടുക്കണം. വേറെ ആഗ്രഹങ്ങളൊന്നുമില്ല. അത്രയും തന്നെ സാധിച്ചാല്‍ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നം സാധ്യമായെന്നാണ് കുരുവിള പറയുന്നത്. മറുവശത്ത് ഏത് കാര്യവും സെക്കന്‍ഡ് കൊണ്ട് സാധിച്ചുകിട്ടുന്ന, എല്ലാ പ്രിവില്ലേജുകളുമുള്ള സൂപ്പര്‍സ്റ്റാര്‍ ഹരീന്ദ്രന്‍. ഡ്രൈവിങ് ലൈസന്‍സ് പെട്ടെന്ന് ലഭ്യമാകണമെങ്കില്‍ ഹരീന്ദ്രന് കുരുവിളയുടെ സഹായം വേണ്ടിവരുന്നു. ഇവിടെ നിന്നാണ് സിനിമ കഥ പറയുന്നത്. ഡ്രൈവിങ് ലൈസന്‍സിന് വേണ്ടിയുള്ള ഹരീന്ദ്രന്റെ ശ്രമങ്ങളും അതില്‍ കുരുവിള ഇടപെടുന്നതും പിന്നീട് ഉണ്ടാകുന്ന സംഭവവികാസങ്ങളുമാണ് സിനിമ ആദ്യം മുതല്‍ പറയുന്നത്. അപ്രതീക്ഷിതമായ ചില സംഭവങ്ങള്‍ സൂപ്പര്‍താരത്തിനും ആരാധകനും ഇടയില്‍ ഉണ്ടാകുന്നു. ഇവിടെനിന്ന് കഥ വികസിക്കുന്നു. ഇരുവരും തമ്മില്‍ ഏറ്റുമുട്ടുന്നു. അതിനിടയിലേക്ക് കടന്നു വരുന്ന ചില കഥാപാത്രങ്ങള്‍. ഇതാണ് ഒറ്റനോട്ടത്തില്‍ ‘ഡ്രൈവിങ് ലൈസന്‍സ്’ എന്ന സിനിമ. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കുരുവിളയായാണ് സുരാജ് വേഷമിടുന്നത്. ഏത് കഥാപാത്രവും തന്റെ കയ്യില്‍ സുരക്ഷിതമാണെന്ന് സുരാജ് വെഞ്ഞാറമൂട് എന്ന നടന്‍ അരക്കിട്ടുറപ്പിക്കുന്നു. പൃഥ്വിരാജിന് വെല്ലുവിളി ഉയര്‍ത്തുന്ന കഥാപാത്രമല്ല സൂപ്പര്‍സ്റ്റാര്‍ ഹരീന്ദ്രന്‍. എങ്കിലും, വളരെ പക്വമായി തന്നെ ആ കഥാപാത്രത്തെ പൃഥ്വിരാജ് അവതരിപ്പിച്ചു. എന്റർടെയ്‌നർ എന്ന നിലയില്‍ മാത്രം ‘ഡ്രൈവിങ് ലൈസന്‍സിനെ’ സമീപിച്ച ലാല്‍ ജൂനിയര്‍ ഒരു പരിധി വരെ അതില്‍ വിജയിക്കുന്നു. പല സീനുകളും വളരെ നാടകീയമാക്കിയത് സംവിധാനത്തിലെ പോരായ്മയായി തോന്നി. സൂപ്പര്‍സ്റ്റാര്‍ ആയതിനാല്‍ തന്നെ ഹരീന്ദ്രന്‍ എന്ന കഥാപാത്രത്തിന് വല്ലാത്തൊരു മാസ് പരിവേഷം നല്‍കാനുള്ള ശ്രമമാണ് സംവിധാനത്തിലെ പോരായ്മ.എങ്കിലും ഒരു തവണ കുടുംബസമേതം കാണാവുന്ന സിനിമയാണ് ഡ്രൈവിംഗ് ലൈസൻസ്.

പ്രതി പൂവന്‍കോഴി

കുടുംബചിത്രം എന്നതിലുപരി നല്ലൊരു സ്ത്രീപക്ഷ സിനിമയാണ് പ്രതി പൂവൻകോഴി. ഉയർന്ന ബൗദ്ധിക തലത്തിൽ ചിന്തിച്ച് ആസ്വദിക്കേണ്ട ചിത്രമായാണ് സംവിധായകൻ റോഷൻ ആൻഡ്രൂസ് ഒരുക്കിയിട്ടുള്ളത്. മഞ്ജു വാര്യരുടെ അഭിനയ മികവു കൊണ്ടും റോഷന്‍ ആന്‍ഡ്രൂസിന്‍റെ സംവിധാന മികവു കൊണ്ടും ‘പ്രതി പൂവന്‍കോഴി’ മികച്ച ഒരനുഭവമായി മാറുന്നു.
‘പ്രതി പൂവന്‍കോഴി’യിലെ ഒരു സസ്പെന്‍സ്, സംവിധായകനായ റോഷന്‍ ആന്‍ഡ്രൂസ്സ് തന്നെ ആന്റ്റപ്പന്‍ എന്ന വില്ലന്‍ കഥാ പാത്രമായി ക്യാമറക്ക് മുന്നിലെത്തുന്നു എന്നതാണ്. സംവിധാനത്തില്‍ മാത്രമല്ല അഭിനയത്തിന് വലിയൊരു സാധ്യത തുറന്നിടുന്ന ആന്റപ്പന്‍ എന്ന കഥാപാത്രത്തിലൂടെ എന്ന കഥാപാത്രത്തിലൂടെ നല്ലൊരു നടൻ കൂടിയാണെന്ന് റോഷന്‍ ആന്‍ഡ്രൂസ്സ് തെളിയിക്കുന്നുണ്ട് ഇന്ത്യയിലെ പൊതു സാഹചര്യത്തില്‍ നിന്നും ‘പ്രതി പൂവന്‍കോഴി’യെ വിലയിരുത്താന്‍ കഴിയും. തെരുവുകളിലും ബസ്സുകളിലും എന്തിനു സ്വന്തം സുരക്ഷിത സ്ഥാനങ്ങളില്‍ വരെ സ്ത്രീകള്‍ അനുഭവിക്കേണ്ടി വരുന്ന അരക്ഷിതാവസ്ഥയുടെ ഒരാവിഷ്ക്കാരം ചലച്ചിത്രത്തിലുണ്ട്.

വലിയ പെരുന്നാള്‍

മൂന്നു മണിക്കൂർ പത്ത് മിനിട്ട് ദൈർഘ്യം ഡിമൽ ഡെന്നീസ് ഒരു രണ്ടു മണിക്കൂറിലേക്ക് ചുരുക്കിയിരുന്നെങ്കിൽ സുന്ദരമായി ആസ്വദിക്കാമായിരുന്ന ചിത്രമാണ് വലിയ പെരുന്നാൾ. ഒരു സ്വർണ കവർച്ചയും അതിന്റെ പുറകിലെ രഹസ്യങ്ങളും, അതിന്റെ പിന്നിലുള്ളവരുടെ കഥകളുമൊക്കെ വളരെ രസകരമായി പറയുന്ന സിനിമയാണ് നവാഗതനായ ഡിമൽ ഡെന്നിസ് സംവിധാനം ചെയ്ത ‘വലിയ പെരുന്നാള്‍’. ഷെയിൻ നിഗം, ജോജു ജോർജ്, ഹിമിക ബോസ് എന്നിവരാണ് ‘വലിയ പെരുന്നാളി’ലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതെങ്കിലും, പേരറിയാത്ത ഒരു കൂട്ടം അഭിനേതാക്കൾ ഈ ചിത്രത്തിൽ ഉടനീളം കഥാപാത്രങ്ങളായി നിറഞ്ഞു നിൽക്കുന്നുണ്ട്. ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി തുടങ്ങിയ പ്രദേശങ്ങളുടെ പശ്ചാത്തലത്തിൽ എടുത്ത ‘അന്നയും റസൂലും,’ ‘പറവ’ തുടങ്ങിയ ചിത്രങ്ങളുടെ തുടര്‍ച്ചയായി വേണമെങ്കില്‍ ഈ ചിത്രത്തെ കണക്കാക്കാം. മട്ടാഞ്ചേരിയിലെയും ഫോർട്ട് കൊച്ചിയിലെയും ജനവിഭാഗങ്ങളുടെ ജീവിത സാഹചര്യങ്ങളും, സാമൂഹിക അവസ്ഥയും ചിത്രത്തിൽ പ്രതിഫലിപ്പിക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.

തൃശൂർ പൂരം

ലാലിസത്തിന്റെ സംവിധായകനായ രതീഷ് വേഗയുടെ തിരക്കഥയിൽ നവാഗതനായ രാജേഷ് മോഹനൻ തുമ്പിയെക്കൊണ്ട് കല്ലെടുപ്പിച്ച ചിത്രമാണ് തൃശൂർ പൂരം. പൂരത്തിന്റെ ആവേശമോ ത്രസിപ്പിക്കുന്ന കാഴ്ചകളോ സമ്മാനിക്കാതെ പേരിൽ മാത്രം തൃശൂർ പൂരവുമായെത്തിയ പുള്ള് ഗിരി ആവർത്തന വിരസത സമ്മാനിക്കുന്നു. ഇമോഷണൽ കണക്ട് നഷ്ടപ്പെട്ട ചിത്രം വേണമെങ്കിൽ മാത്രം കാണാവുന്ന സിനിമയാണ്.പുള്ള് ഗിരി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ജയസൂര്യ അവതരിപ്പിക്കുന്നത്. കുട്ടിക്കാലത്ത് നടത്തിയ ഒരു കൊലയാണ് ഗുണ്ടാജീവിതത്തിലേക്ക് ഗിരിയെ എത്തിക്കുന്നത്. തൃശൂർ നഗരത്തിലെ പ്രമുഖ ക്രിമനൽ വക്കീലായ രാജലക്ഷ്മിയുടെ പരിചരണത്തിലാണ് കുഞ്ഞ് ഗിരിയും അവന്റെ അമ്മയും. വക്കീലമ്മ എന്ന് ഗിരി സ്നേഹത്തോടെ വിളിക്കുന്ന രാജലക്ഷ്മിയെ കൊല്ലാൻ വരുന്ന ഗുണ്ടയുടെ കുത്തേറ്റ് ഗിരിയുടെ അമ്മ മരിക്കുന്നു. അതോടെ ഗിരിയുടെ ജീവിതം മാറുകയാണ്.അമ്മയെ കൊന്നവനോടുള്ള പക കുഞ്ഞ് ഗിരിയെ പ്രതികാരദാഹിയാക്കുന്നു. ഒടുവിൽ അമ്മയുടെ കൊലയാളിയെ സമർത്ഥമായി തന്നെ ഗിരി കൊല്ലുകയാണ്. കേസിൽ ശിക്ഷിക്കപ്പെട്ട് ജുവനൈൽ ഹോമിൽ എത്തുന്ന ഗിരിയ്ക്ക് അവിടെനിന്ന് എന്തിനും കൂടെ നിൽക്കുന്ന കുറച്ചു സുഹൃത്തുക്കളെ ലഭിക്കുന്നു. ശിക്ഷ കഴിഞ്ഞ് തിരിച്ചെത്തുന്ന ഗിരി സ്ഥലത്തെ പ്രധാന ഗുണ്ടാനേതാവാകുന്നു. ഈ ലിസ്റ്റിൽ ഏറ്റവും അവസാനം തിരഞ്ഞെടുക്കാവുന്നത് തൃശൂർ പൂരം തന്നെ.