Mohanlal, mammootty, Odiyan, teaser, lal,
in ,

മാണിക്യനെന്താ ബിലാലിന് പഠിക്കുന്നോ? ഒടിയന്റെ പുതിയ ടീസർ കാണുമ്പോൾ തോന്നുന്നത്…

ഇതെന്താ ലാലേട്ടാ, ഒരിക്കലും അവസാനിക്കില്ലെന്നു തോന്നുന്ന ഒരു നീണ്ട നടത്തം? ഇനി ഒരുവേള ഇത് ലാലേട്ടൻ തന്നെയാണോ? ബിഗ് ബിയിൽ മമ്മൂക്ക അവതരിപ്പിച്ച ബിലാലിന്റെ സ്ലോ മോഷൻ സ്റ്റൈൽ അനുകരിച്ചതാണോ താങ്കൾ? ഈ മെല്ലെ നടത്തത്തിൽ ബിലാലിനെ തോൽപ്പിച്ചു കളഞ്ഞുവല്ലോ മാണിക്യൻ. ട്രോളന്മാർക്ക് മറ്റൊരു ചാകരയാകുമല്ലോ ഒടിയന്റെ ( Odiyan ) പുതിയ ടീസർ. നേരത്തെ ബിലാലിന്റെ ആ നടത്തം ട്രോളന്മാർ അലക്കിത്തേച്ച് ചുവരിലൊട്ടിച്ചത് മറന്നിട്ടല്ലല്ലോ, അല്ലേ?

പുലി മുരുകന്റെ റെക്കോർഡുകൾ തകർക്കുമെന്നും കോടികൾ വാരിക്കൂട്ടുമെന്നും ഉദ്‌ഘോഷിച്ചു കൊണ്ട് ചിത്രീകരണം പൂർത്തിയാക്കിയ ഒടിയനെ കാണുവാനായി അത്യന്തം ആകാംക്ഷയോടെ ലാൽ ഫാനുകൾ ഉൾപ്പെടെയുള്ള പ്രേക്ഷകർ കാത്തിരിക്കവെയാണ് ഒടിയന്റെ മറ്റൊരു ടീസർ കൂടി ഇന്നലെ പുറത്തിറങ്ങിയത്. സത്യം പറയണമല്ലോ ഈ ടീസർ പ്രേക്ഷകരെ അത്യന്തം നിരാശരാക്കി.

പുലിമുരുകനിൽ ഡാഡി ഗിരിജയുടെ ഇൻട്രോയുമായി എത്ര നല്ല സാമ്യം. മുരുകനെ പറ്റിയുള്ള  മൂപ്പന്റെ തള്ളു കേൾക്കുവാനായി പാവം വില്ലൻ മൂടിപ്പുതച്ചു പോകുന്ന പോക്കും ഈ സീനും ഇരട്ടപെറ്റതാണോ എന്നൊരു സംശയം.

മോർഫിങിലൂടെയോ മറ്റോ  മാണിക്യനിപ്പോൾ മൃഗമായോ പക്ഷിയായോ മാറുന്ന ഒടിയൻ വിദ്യ കാണാമെന്നു പ്രതീക്ഷിച്ച് ആ നടത്തം മുഴുവൻ ആകാംക്ഷയോടെ വീക്ഷിച്ചെങ്കിലും വെറും പുകമറയായി ഒടിയൻ മറയുന്നത് ഒരു ദീർഘ നിശ്വാസത്തോടെ കണ്ടിരിക്കേണ്ടി വന്ന കാണികൾ ശശിയായെന്നു പറഞ്ഞാൽ മതിയല്ലോ.

നേരത്തെ പുറത്തിറക്കിയ ടീസറിൽ ലാലിൻറെ പുതിയ രൂപവും ഭാവവും പ്രേക്ഷകരെ രസിപ്പിച്ചെങ്കിൽ ഇത്തവണ പുറത്തിറക്കിയ ടീസറിൽ കാണികളെ രസിപ്പിക്കുന്ന ഒന്നും തന്നെയില്ലെന്നു പറയേണ്ടി വരും. ലാൽ ആരാധകർ പോലും ഇക്കാര്യം സമ്മതിച്ചു തരുമെന്നതിൽ സംശയമില്ല.

drushti

ലാൽ എന്ന ബ്രാൻഡ് നെയിമിൽ വമ്പൻ പരസ്യ തന്ത്രങ്ങളോടെ കോടിക്കണക്കിന് രൂപ ചിലവഴിച്ച് പുറത്തിറക്കിയ ചിത്രത്തിൻറെ ടീസർ ഒരല്പം പോലും കൗതുകം സൃഷ്‌ടിച്ചില്ലെന്നത് കഷ്‌ടം തന്നെ.

ചിത്രത്തെ പറ്റി പടുത്തുയർത്തിയ പ്രതീക്ഷകൾ ചീട്ടുകൊട്ടാരം പോലെ തകരുമോ എന്നും ഇനി കണ്ടറിയണം. ഈ ചിത്രത്തെ പറ്റി പ്രേക്ഷകർ വാനോളം കെട്ടിപ്പൊക്കിയ സങ്കൽപ്പങ്ങൾ നിലംപൊത്താതിരിക്കട്ടെ എന്നാശിക്കാം.

ഒരു ചിത്രം കാണാൻ പ്രേരിപ്പിക്കുന്ന എന്തെങ്കിലും ഉൾപ്പെടുത്തിയാണ് സാധാരണയായി ലോകമെമ്പാടും ടീസറുകൾ പുറത്തിറക്കുക. ഒരു മോശം ചിത്രമാണെങ്കിൽ കൂടിയും പ്രേക്ഷകരെ ആ ചിത്രം കാണാനായി പ്രേരിപ്പിക്കുന്ന തരത്തിൽ എന്തെങ്കിലും ലൊട്ടുലൊടുക്ക് വിദ്യകൾ ടീസറിൽ കൂട്ടിച്ചേർക്കാറാണ് പതിവ്.

പരസ്യത്തിന്റെ അടിസ്ഥാന തത്വം പോലും തിരിച്ചറിയാത്തവരാണോ ഈ ടീസർ ഒരുക്കിയതെന്ന സംശയമാണ് ഇതു കണ്ടശേഷം ബാക്കിയായത്.

കോടിക്കണക്കിന് രൂപയുടെ ബഡ്ജജിൽ ചിത്രീകരിച്ചെന്നും മറ്റുമുള്ള വാദമുഖങ്ങൾ ഉയർത്തിയാൽ പിന്നെ ആ ചിത്രത്തിന് എന്തെങ്കിലും സവിശേഷത കൈവരുമെന്ന പുതിയൊരു കാഴ്ചപ്പാട് ചലച്ചിത്രപ്രവർത്തകർക്കിടയിൽ ഉടലെടുത്തുവോ എന്ന സംശയം സ്ഥിരീകരിക്കുന്ന വാർത്തകളാണ് ഇപ്പോൾ ധാരാളമായി മോളിവുഡിൽ നിന്നു പോലും പുറത്തു വരുന്നത്.odiyan1

രണ്ടാമൂഴം, കർണ്ണൻ, കുഞ്ഞാലിമരയ്ക്കാർ എന്നീ ചിത്രങ്ങളെ പറ്റി അടുത്തിടെയായി പുറത്തിറങ്ങുന്ന ചലച്ചിത്ര വാർത്തകളിലൊക്കെയും ഉയർന്നു കേട്ടത് അതിൽ പണം മുടക്കാനെത്തിയ കോടീശ്വരന്മാരായ നിർമ്മാതാക്കളുടെ വിജയകഥകളായിരുന്നു.

വളരെ ചെറിയ ബഡ്ജറ്റിൽ പോലും മികച്ച ചിത്രങ്ങളൊരുക്കിയ മലയാള പാരമ്പര്യം മൺമറയുകയാണോ എന്ന ചിന്തയാണ് പലപ്പോഴും ഇത്തരം വാർത്തകളിലൂടെ കണ്ണോടിക്കവെ മനസ്സിൽ തെളിയുക.

ഒരു ചിത്രത്തിൻറെ ചിത്രീകരണ വിശേഷങ്ങളിൽ കോടിക്കിലുക്കത്തിന് പ്രാധ്യാന്യം നൽകുന്ന പ്രവണത അടുത്തിടെയായി വർധിക്കുകയാണ്.

സൂപ്പർസ്റ്റാർ ചിത്രമെന്ന പേരിൽ എന്തും പടച്ചു വിട്ടാൽ അതിനെല്ലാം പ്രേക്ഷകർ ആർത്തിരമ്പി തീയേറ്ററുകളിൽ തള്ളിക്കയറുമെന്ന മൂഢ വിശ്വാസത്താൽ ചലച്ചിത്രങ്ങൾ സൃഷ്‌ടിക്കുന്നവർ കൂടുതൽ ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു എന്നാണ് നേരത്തെ പുറത്തിറങ്ങി തകർന്നടിഞ്ഞ പല വമ്പൻ ചിത്രങ്ങളുടെയും ചരിത്ര പരാജയം ഇതിനോടകം തെളിയിച്ചിരിക്കുന്നത്.

Kunjali Marakkar Mammootty Shankar Ramakrishnan

അത്ഭുത അഭിനയ പ്രതിഭകളായ ലാലേട്ടനും മമ്മൂക്കയുമൊക്കെ ഞങ്ങൾ പ്രേക്ഷകരുടെ ചങ്കും കരളുമൊക്കെ തന്നെയാണ്. എന്നാൽ അവരുടെ പ്രശസ്തിയും സ്വാധീനവും മുതലാക്കി എന്തെങ്കിലുമൊക്കെ തട്ടിക്കൂട്ടി വമ്പൻ ചിത്രമെന്ന വിപണന തന്ത്രവുമായി മലയാളി പ്രേക്ഷകരുടെ കണ്ണുകളിൽ പൊടിയിടാമെന്ന് ചലച്ചിത്ര രംഗത്തെ ബൂർഷ്വാകൾ തെറ്റിദ്ധരിക്കേണ്ട കേട്ടോ.

അത്തരക്കാരോട് ‘പോ മോനേ ദിനേശാ’ എന്നും ‘ചന്തുവിനെ തോൽപ്പിക്കാൻ ആവില്ല മക്കളേ’ എന്നും പറയാൻ തെല്ലും മടിയില്ലാത്തവരാണ് മലയാളികൾ എന്ന് വല്ലപ്പോഴും ഒന്ന് ഓർക്കുന്നത് നന്നായിരിക്കും എന്നാണ് യഥാർത്ഥ ചലച്ചിത്ര പ്രേമികളുടെ മുന്നറിയിപ്പ്.

അതെ, ഒരു കാര്യം സത്യമാണ്. ചരിത്ര പ്രാധാന്യമുള്ള ചിത്രങ്ങൾ ഒരുക്കേണ്ടി വരുമ്പോൾ ധാരാളം പണം ഒഴുക്കേണ്ടി വരും. എന്നാൽ ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റായി ഒഴുക്കിയ പണത്തെ പറ്റി കൊട്ടിഘോഷിക്കവേ എന്തോ എവിടെയോ ഒരു തകരാറുള്ളതു പോലെ തോന്നാറില്ലേ? പണമെറിഞ്ഞു കണക്കിലധികം പണം കൊയ്യൽ നടത്തുവാനുള്ള കളരി മാത്രമല്ലല്ലോ സിനിമ.

ആയിരക്കണക്കിന് ചലച്ചിത്ര പ്രവർത്തകർക്ക് അന്നമേകുന്ന ചലച്ചിത്ര മേഖലയ്ക്ക് കലാപരമായും ചില ലക്ഷ്യങ്ങളില്ലേ? വിനോദോപാധി എന്നതിനേക്കാൾ അതിന് സമൂഹത്തോടും ചില കടപ്പാടുകളില്ലേ?

സൂപ്പർസ്റ്റാർ പരിവേഷത്തിൽ മുങ്ങി നല്ല പല കഥാപാത്രങ്ങളും തിരശ്ശീലയിൽ ദയാവധത്തിന് ഇരയാകവേ; പണക്കൊഴുപ്പിൽ സിനിമയിലെ കലയ്ക്ക് ദോഷം സംഭവിക്കവേ മണ്മറയുന്നത്‍ ബോളിവുഡും ടോളിവുഡും ഉൾപ്പെടെയുള്ള ചലച്ചിത്ര ലോകം പാടിപ്പുകഴ്ത്തിയ മലയാള ചലച്ചിത്ര പാരമ്പര്യമാണെന്ന് കാശിന്റെ   ധാരാളിത്തത്തോടെ ചലച്ചിത്ര മേഖലയെ സമീപിക്കുന്ന ബിസിനസുകാർ ഒരു വേള ചിന്തിച്ചിരുന്നെങ്കിൽ എത്ര നന്നായേനെ!

Leave a Reply

Your email address will not be published. Required fields are marked *

സർക്കാർ സ്കൂളുകൾക്ക് യു എസ് ടി ഗ്ലോബലിന്റെ കൈത്താങ്ങ്; ശ്രദ്ധേയമായി അഡോപ്റ്റ് എ സ്‌കൂൾ

ISRO spy case , Nambi Narayanan, CBI, SC, investigation,  Kerala government , re-investigate , SIT officers,former scientist , ISRO,

വിവാദ ഐഎസ്‌ആര്‍ഒ ചാരക്കേസ്; അന്വേഷണം ആവശ്യപ്പെട്ട് സിബിഐ