in , ,

കാടിന്റെ മക്കളെ വെടിവെച്ച് കൊല്ലാന്‍ ഉത്തരവിടാമായിരുന്നില്ലേ? സികെ ജാനു

ലക്ഷകണക്കിന് ആദിവാസികളെയാണ് സ്വന്തം മണ്ണില്‍ നിന്ന് അടിച്ചു പുറത്താക്കുക. കാരണം ഒരാളുടെ പേരില്‍ വനാവകാശ രേഖയ്ക്ക് അഞ്ചും ആറും കുടുംബങ്ങളുണ്ടാകാം. ഇവരൊന്നും രേഖകളില്ലാത്തവരായാണ് പരിഗണിക്കുക.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി വനാവകാശ രേഖയില്ലാത്ത ആദിവാസികളെ വനത്തില്‍ നിന്ന് കുടിയിറക്കണമെന്ന സുപ്രിം കോടതി ഉത്തരവ് വിവാദമായിരിക്കുകയാണ്.

ഭൂമിയെ സ്വകാര്യ സ്വത്തായി കാണാത്ത, പൊതുസ്വത്തായി മാത്രം കരുതുന്ന ആദിവാസി ജനത ‘രേഖകള്‍’ ഇല്ലാത്തതിന്റെ പേരില്‍ തെരുവിലേക്കാണ് കുടിയിറക്കപ്പെടുന്നത്. ഇന്ത്യയില്‍ ആകമാനം പത്ത് ലക്ഷം ആദിവാസി കുടുംബങ്ങളും, കേരളത്തില്‍ 894 കുടുംബങ്ങളുമാണ് കുടിയിറക്കപ്പെടുകയെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ ഈ കണക്കുകളിലൊന്നും ഒതുങ്ങില്ല കുടിയിറക്കലുകളെന്നും കോര്‍പ്പറേറ്റുകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ നടത്തിയ ഒത്തുകളി ഒരു വംശത്തെ തന്നെ ഇല്ലാതാക്കുന്നതാണെന്ന്  ആദിവാസി നേതാവ്  സികെ ജാനു  ബി ലൈവ് ന്യൂസിനോട്  പറഞ്ഞു.

”വനാവകാശ നിയമത്തെ പുതിയ സുപ്രിംകോടതി ഉത്തരവിലൂടെ അട്ടിമറിക്കുകയാണ് ചെയ്യുന്നത്. ആദിവാസികള്‍  പാരമ്പര്യമായി ജീവിച്ചുകൊണ്ടിരിക്കുന്ന ഭൂമിയില്‍ നിന്നാണ് അവരെ കൂട്ടത്തോടെ കുടിയിറക്കാന്‍ പോകുന്നത്. കേന്ദ്രസര്‍ക്കാര്‍ ഈ കേസ് കൈകാര്യം ചെയ്ത രീതി നമ്മള്‍ കണ്ടു. വാദം നടക്കുമ്പോള്‍ വക്കീല്‍ പോലും ഹാജരായില്ല. അതായത് കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി ആദിവാസികളെ ഉന്‍മൂലനം ചെയ്യാന്‍ ബിജെപി സര്‍ക്കാര്‍ ഒത്തുകളിച്ചുവെന്ന് വേണം മനസിലാക്കാന്‍. കേന്ദ്രസര്‍ക്കാരിന്റെ ആദിവാസി ദളിത് വിരുദ്ധനയത്തിന്റെ ഭാഗമായാണ് ഈ നിലപാട്” സി കെ ജാനു വ്യക്തമാക്കുന്നു.

”അതിജീവനത്തിന് തന്നെ പോരടിച്ചുകൊണ്ടിരിക്കുന്ന ഒരു ജനതയാണ് എന്റേത്. വനാവകാശ രേഖയ്ക്ക് അപേക്ഷ കൊടുത്തവര്‍ ആയിരക്കണക്കിന് ഇപ്പോഴും പുറത്ത് നില്‍ക്കുകയാണ്. അപ്പോഴാണ് കിട്ടിയവര്‍ പോലും മതിയായ രേഖകളില്ലെന്ന് പറഞ്ഞ് പുറത്താകുന്നത്.ഇത് വെറും പത്ത് ലക്ഷത്തില്‍ നില്‍ക്കില്ല. സുപ്രിംകോടതി ഉത്തരവിന് ശേഷം പലരും പറയും പോലെയല്ല. ലക്ഷകണക്കിന് ആദിവാസികളെയാണ് സ്വന്തം മണ്ണില്‍ നിന്ന് അടിച്ചുപുറത്താക്കുക. കാരണം ഒരാളുടെ പേരില്‍ വനാവകാശ രേഖയ്ക്ക് അഞ്ചും ആറും കുടുംബങ്ങളുണ്ടാകാം. ഇവരൊന്നും രേഖകളില്ലാത്തവരായാണ് പരിഗണിക്കുക. 

ഒരു കുടുംബത്തിലെ ഒരാളുടെ പേരില്‍ മാത്രമാണ് രേഖകളുള്ളത്. അങ്ങിനെ വന്നാല്‍ കേരളത്തില്‍ മാത്രം 894 കുടുംബങ്ങളാണ് കുടിയിറക്കുക എന്നത് ശരിയല്ല. കേരളത്തില്‍ മാത്രം ആയിരക്കണക്കിന് കുടുംബങ്ങള്‍ സ്വന്തം മണ്ണ് വിട്ട് തെരുവിലിറങ്ങേണ്ടി വരും. എന്നാല്‍ ആദിവാസിയുടെ മണ്ണും കാടും കയ്യേറിയവര്‍ക്കൊക്കെ ഇന്ന് പട്ടയമുണ്ട്. ആദിവാസിക്ക് പട്ടയം നല്‍കിയാല്‍ വിറ്റുതുലയ്ക്കുമെന്ന് പറഞ്ഞ് മാറി മാറി വന്ന സര്‍ക്കാരുകള്‍ പട്ടയം ഇതുവരെ നല്‍കിയിട്ടുമില്ല. സ്വന്തം പേരില്‍ ഒരിഞ്ച് ഭൂമി പോലുമില്ലാത്തവര്‍ വഴിയാധാരമാകാനാണ് പോകുന്നത്. സുപ്രിംകോടതിയ്ക്ക് കാടിന്റെ മക്കളെ വെടിവെച്ച് കൊല്ലാന്‍ ഉത്തരവിടാമായിരുന്നില്ലേ”’ സികെ ജാനു ചോദിക്കുന്നു. 

കുടിയിറക്കിനെതിരെ സുപ്രിംകോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് ”ഇടത് സര്‍ക്കാരിന്റെ നിലപാടിനെ സ്വാഗതം ചെയ്യുന്നു. തങ്ങള്‍ക്ക് വേണ്ടി ആര് ശബ്ദിച്ചാലും ഇപ്പോള്‍ കേള്‍ക്കും. പക്ഷെ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും പോഷക സംഘടനകളുണ്ടാക്കി അംഗങ്ങളെ വര്‍ധിപ്പിക്കാനും വോട്ടിനുവേണ്ടിയും മാത്രമാണ് ആദിവാസിയെ തേടി എത്തുന്നത്.” 

അതേസമയം കുടിയിറക്ക് ഉത്തരവിനെതിരെ സംഘടിതമായി തന്നെ പ്രതിരോധിക്കാനാണ് തീരുമാനമെന്ന് സികെ ജാനു പറയുന്നു.

” മറ്റ് വിഷയങ്ങളെല്ലാം മറന്ന് എല്ലാ ആദിവാസികെേളയും സംഘടനാ നേതാക്കളെയും ഒരു കുടക്കീഴില്‍ നിര്‍ത്തി ഒന്നിച്ചുപോരാടാനാണ് തീരുമാനം. ഇതിനായി ദേശീയതലത്തില്‍ തന്നെ പ്രതിഷേധ കൂട്ടായ്മ ഉണ്ടാക്കും. ആദ്യഘട്ടമെന്ന നിലയില്‍ എല്ലാ കളക്ട്രേറ്റുകള്‍ക്ക് മുമ്പില്‍ സമരം തുടങ്ങാനാണ് തീരുമാനം,നിയമപരമായി വിധിയെ നേരിടുന്നതിനെ കുറിച്ചും ആലോചിക്കുന്നുണ്ട്” സികെ ജാനു പറഞ്ഞു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

പെരിയയും രാഷ്ട്രീയ കൊലപാതകങ്ങളുടെ പട്ടികയില്‍ ഇടം നേടുമ്പോള്‍ 

പ്രമേഹത്തെ ചെറുക്കാൻ കറ്റാർവാഴ ജ്യൂസ്