in , ,

കിള്ളിയാറൊരുമ: തെളിനീരൊഴുക്കിന് വഴിതെളിച്ച് ശുചീകരണ യജ്ഞം

മാലിന്യങ്ങളിൽനിന്ന് മോചിപ്പിച്ച്, തെളിനീരൊഴുക്കിന് വഴിതെളിച്ച്  കിള്ളിയാറിന് പുഴ സ്‌നേഹികളുടെയും നാട്ടുകാരുടെയും വിഷുക്കൈനീട്ടം. മാലിന്യങ്ങൾ വാരിമാറ്റി മേടപ്പുലരിയിൽ ഒഴുകുന്ന കിള്ളിയാറിനെ നാടിനു കണികാണാനൊരുക്കി നാട്ടുകാർ. കിള്ളിയാറിന്റെ നീരൊഴുക്കിനെ തടസപ്പെടുത്തുന്ന മാലിന്യങ്ങൾ നീക്കം ചെയ്ത ഏകദിന ശുചീകരണ യജ്ഞം ‘ കിള്ളിയാറൊരുമ ‘ യിൽ പതിനായിരത്തിലധികം പേർ പങ്കാളിയായി. പുഴയെ മാലിന്യമുക്തമായി കാത്തുസൂക്ഷിക്കുമെന്ന് പ്രതിജ്ഞയെടുത്തു.

കരിഞ്ചാത്തി മൂല മുതൽ വഴയില പാലം വരെയുള്ള 22 കിലോമീറ്റർ ദൂരം നാട്ടുകാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വിവിധ രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക-യുവജന-തൊഴിലാളി സംഘടനകളും ചേർന്നാണ് വൃത്തിയാക്കിയത്. ആറിന്റെ ഒഴുക്കുതടഞ്ഞ മരങ്ങളുടെ കൊമ്പുകൾ മാറ്റിയും പുഴയിലെ പ്ലാസ്റ്റിക് കുപ്പികൾ അടക്കമുള്ള മാലിന്യങ്ങൾ വാരി മാറ്റിയും പുഴയ്ക്ക് ഒഴുകാനുള്ള വഴിയൊരുക്കി.

14Sideവഴയിലയിൽ ദേവസ്വം-സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ശുചീകരണയജ്ഞം ഫഌഗ് ഓഫ് ചെയ്തു. കിള്ളിയാറിന്റെ പുനരുജ്ജീവനത്തിന് ജനകീയ മാതൃകയായി കിള്ളിയാർ മിഷൻ മാറിയെന്നും വൃത്തിയാക്കിയ സ്ഥലങ്ങളിൽ വീണ്ടും മാലിന്യം ഇടുന്ന അവസ്ഥ ഒഴിവാക്കാൻ എല്ലാവരും ജാഗ്രത കാട്ടണമെന്നും മന്ത്രി പറഞ്ഞു. സി. ദിവാകരൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. ഐ.ബി. സതീഷ് എം.എൽ.എ., ആസൂത്രണ ബോർഡ് അംഗം ഡോ. കെ.എൻ. ഹരിലാൽ, ജോർജ് ഓണക്കൂർ, കിള്ളിയാറൊരുമ സമിതി കൺവീനറും നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ ബി. ബിജു, കരകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ്. അനില, ഉദ്യോഗസ്ഥർ, വിവിധ സംഘടനകൾ, പൊലീസ്, ഫയർ ആൻഡ് റസ്‌ക്യൂ, സ്‌കൂൾ എൻ.എസ്.എസ്. വോളന്റിയർമാർ എന്നിവർ ശുചീകരണത്തിൽ പങ്കാളികളായി.

മൂഴിയിൽ ധനകാര്യമന്ത്രി ടി.എം. തോമസ് ഐസക്, പത്താംകല്ലിൽ വനംവകുപ്പ് മന്ത്രി കെ. രാജു, അഴീക്കോട് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസ്, പുത്തൻപാലത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ പരിപാടി ഫ്‌ളാഗ് ഓഫ് ചെയ്തു. എം.എൽ.എ.മാരായ ഡി.കെ. മുരളി, കെ.എസ്. ശബരീനാഥ്, മുൻ ഡെപ്യൂട്ടി സ്പീക്കർ പാലോട് രവി എന്നിവർ പങ്കെടുത്തു. പനവൂരിൽ ഡോ. എ. സമ്പത്ത് എം.പി.യും വാളിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധുവും കുട്ടപ്പാറയിൽ ഡി.ജി.പി. ലോക്‌നാഥ് ബഹ്‌റയും കൊല്ലാങ്കാവിൽ ഹരിതകേരളം മിഷൻ വൈസ് ചെയർപേഴ്‌സൺ ഡോ. ടി.എൻ. സീമയും കലാഗ്രാമത്തിൽ മേയർ അഡ്വ. വി.കെ. പ്രശാന്തും പഴകുറ്റിയിൽ സി.പി.എം. ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും വി.ഐ.പി.യിൽ സി.കെ. ഹരീന്ദ്രൻ എം.എൽ.എ.യും ഫഌഗ് ഓഫ് നിർവഹിച്ചു.

9

മരുതിനകത്ത് കോലിയക്കോട് എൻ. കൃഷ്ണൻ നായരും എട്ടാംകല്ലിൽ അഡ്വ. കരകുളം കൃഷ്ണപിള്ളയും മാടവനയിൽ സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ. ജി.ആർ. അനിലും ഏണിക്കര കടവിൽ മുൻ എം.എൽ.എ. മാങ്കോട് രാധാകൃഷ്ണനും സംവിധായകൻ വി.സി. അഭിലാഷും ആറാംകല്ലിൽ മുൻ എം.എൽ.എ. വി. ശിവൻകുട്ടിയും ഫഌഗ് ഓഫ് നിർവഹിച്ചു. നെടുമങ്ങാട് നഗരസഭാധ്യക്ഷൻ ചെറ്റച്ചൽ സഹദേവൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എം.എസ്. അനില, ഐ. മിനി, ആനാട് സുരേഷ്, ജി.കെ. കിഷോർ എന്നിവർ യജ്ഞത്തിന് നേതൃത്വം നൽകി. 350 പൊലീസുകാർ ശുചീകരണത്തിൽ പങ്കാളികളായി.

വിശിഷ്ടാതിഥികൾ മാലിന്യമുക്തമായി കിള്ളിയാറിനെ സംരക്ഷിക്കുന്നതിനുള്ള പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കലാ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും പങ്കാളികളായി. രാവിലെ എട്ടിന് ആരംഭിച്ച ശുചീകരണപ്രവർത്തനങ്ങൾ ഉച്ചയ്ക്ക് ഒന്നരയോടെയാണ് അവസാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Jaguar , Land Rover , Tata, Britain,  cut ,U.K. workforce,Brexit , production, sale, diesel car, customers, company, temporary workers, Tata Motors, carmaker ,

ബ്രിട്ടനില്‍ കടുത്ത നിയന്ത്രണങ്ങള്‍; ജാഗ്വര്‍ ഫാക്ടറികൾക്ക് വെല്ലുവിളി

govt hospitals, doctors , strike, Chennithala,  circular ,leave, health department , duty, additional chief secretary, patients, hospitals, salary, break in service, termination, order, instructions,

സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സമരം തുടരുന്നു; രോഗികൾ വലയുന്നു