തിരുവനന്തപുരം: കാലവർഷത്തെത്തുടർന്നുണ്ടാകാൻ സാധ്യതയുള്ള പകർച്ചവ്യാധികൾ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം നഗരസഭ ലോറി ജെ.സി.ബി. ഉടമകളുടെ സംഘടനയുടെ സഹായത്തോടെ ക്ലീനിങ് ഡ്രൈവ് സംഘടിപ്പിക്കുമെന്ന് മേയർ വി.കെ. പ്രശാന്ത് അറിയിച്ചു.
ഇതിന്റെ ഭാഗമായി നഗരസഭയിലെ എല്ലാ ഹെൽത്ത് സർക്കിളുകളിലും ഈ മാസം 10ന് ആരംഭിച്ച് സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 15ന് അവസാനിക്കത്തക്ക രീതിയിലാണു പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്.
റസിഡൻസ് അസോസിയേഷനുകളുയേും വിവിധ സംഘടനകളുടേയും സഹകരണത്തോടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കൂടിക്കിടക്കുന്ന ഖരമാലിന്യങ്ങൾ ശേഖരിച്ച് സംസ്കരിക്കാൻ ലക്ഷ്യമിടുന്നതാണു പദ്ധതി. ഇതിനാവശ്യമായ ലോറിയും ജെ.സി.ബിയും ഉടമകൾ ലഭ്യമാക്കും. നഗരസഭയുടെ ആരോഗ്യ വിഭാഗം ജീവനക്കാരും തൊഴിലാളികളും ശുചീകരണ പ്രവർത്തനങ്ങൾ ഏറ്റെടുക്കും.
കൂടിക്കിടക്കുന്ന മാലിന്യങ്ങളെ സംബന്ധിച്ച വിവരം റസിഡൻസ് അസോസിയേഷനുകൾ ഓഗസ്റ്റ് 10നകം ഹെൽത്ത് ഇൻസ്പെക്ടർമാർക്കു നൽകണമെന്നും നഗരസഭാ പരിധിയിലുള്ള എല്ലാവരും പരിപാടിയുമായി സഹകരിക്കണമെന്നും മേയർ അഭ്യർഥിച്ചു.
Comments
0 comments