പരിസ്ഥിതി സംരക്ഷണത്തില്‍ നൂതന സാങ്കേതികവിദ്യ: ഇന്ത്യ ഇനിയും മെച്ചപ്പെടാനുണ്ടെന്ന് വിദഗ്ധര്‍

തിരുവനന്തപുരം: മാലിന്യനിവാരണത്തിലും പരിസരശുചിത്വത്തിലും നൂതന സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്നതിലും വാണിജ്യമാതൃകകള്‍ സൃഷ്ടിക്കുന്നതിലും ഇന്ത്യ ഏറെ മുന്നോട്ടുപോകാനുണ്ടെന്ന് ടെക്നോപാര്‍ക്കില്‍ നടക്കുന്ന ഗ്ലോബല്‍ ഇംപാക്ട് ചലഞ്ചില്‍  (ജിഐസി) വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. 

കേരള സ്റ്റാര്‍ട്ടപ് മിഷനും അമേരിക്കയിലെ സിംഗുലാരിറ്റി സര്‍വകലാശാലയും തെരഞ്ഞെടുക്കപ്പെട്ട സ്റ്റാര്‍ട്ടപ്പുകള്‍ക്കായി നടത്തുന്ന പരിപാടിയായ ജിഐസിയില്‍ പരിസ്ഥിതി, ആരോഗ്യപരിരക്ഷ, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ സ്റ്റാര്‍ട്ടപ്പുകളുടെ സാങ്കേതികവിദ്യകളാണ് പരീക്ഷിക്കപ്പെടുന്നത്.

ഏഷ്യയില്‍ പരിസ്ഥിതി സംരക്ഷണ സാങ്കേതികവിദ്യകള്‍ (ക്ലീന്‍ടെക്) വികസിപ്പിക്കുന്നതില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ഏറെ പണം ചെലവാക്കപ്പെടുന്നുണ്ടെന്ന് വില്‍ഗ്രോ ഇന്നവേഷന്‍സ് ഫൗണ്ടേഷനിലെ ഊര്‍ജവിഭാഗം മുഖ്യ ഉപദേഷ്ടാവ് അനന്ത് അറവമുദന്‍ പറഞ്ഞു. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അമേരിക്കയില്‍ സാന്‍ഫ്രാന്‍സിസ്കോയിലുള്ള ക്ലീന്‍ടെക് ഗ്രൂപ്പ് പുറത്തിറക്കിയ ഏറ്റവും പുതിയ ആഗോള ക്ലീന്‍ടെക് നൂതനത്വ സൂചകയനുസരിച്ച് ഇന്ത്യയുടെ സ്ഥിതി ഏറെ മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സ്വകാര്യ നിക്ഷേപത്തിലൂടെ ക്ലീന്‍ടെക് സാങ്കേതികവിദ്യ മെച്ചപ്പെടുത്താനുള്ള ഇടപെടലുകള്‍ വേണമെന്നും പാരമ്പര്യേതര ഊര്‍ജമേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും വേണം.

സ്റ്റാര്‍ട്ടപ്പുകള്‍ തങ്ങളുടെ ഉപയോക്താക്കളെ മനസില്‍ കണ്ട് വാണിജ്യമാതൃകകള്‍ക്കു രൂപം നല്‍കണമെന്നും ഇത്തരം മാതൃകകള്‍ മാറ്റങ്ങള്‍ക്ക് വിധേയമാകുന്നവ ആയിരിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

നിര്‍മിതബുദ്ധിയില്‍ അധിഷ്ഠിതമായ വിലയിരുത്തല്‍ സാങ്കേതികവിദ്യകളും വിപുലമായ വിവരശേഖരവും ക്ലിനിക്കല്‍ മേഖലയില്‍ തീരുമാനങ്ങളെടുക്കുന്നതിനു സഹായിക്കുമെന്ന് ആരോഗ്യമേഖലയെക്കുറിച്ചു നടന്ന സെഷനില്‍ നെക്സ്റ്റ്ജെന്‍ ഡയറക്ടര്‍ ചന്ദ്രശേഖര്‍ റെഡ്ഡി പറഞ്ഞു. വിവിധ സംസ്ഥാനങ്ങളില്‍നിന്ന് അവസാനറൗണ്ടിലേയ്ക്ക്  തെരഞ്ഞെടുക്കപ്പെട്ട 25 സ്റ്റാര്‍ട്ടപ്പുകളുടെ അവതരണവും വിലയിരുത്തലും വെള്ളിയാഴ്ച നടക്കും. ശനിയാഴ്ചയാണ് മികച്ച സ്റ്റാര്‍ട്ടപ്പുകളുടെ തെരഞ്ഞെടുപ്പ്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

മെഡിക്കല്‍ കോളേജ്  എം.എം.ബി.എസ് പ്രവേശനം 

നഴ്‌സിംഗ് കോളേജുകളുടെ വികസനത്തിന് 89.52 ലക്ഷം രൂപ