കേരളത്തിന്റെ ലാപ്‌ടോപ് പദ്ധതി മുന്നോട്ട്

തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ലാപ്‌ടോപ് സര്‍വര്‍ പദ്ധതി കോക്കോണിക്‌സിന്റെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍  കോക്കോണിക്‌സ് നിര്‍മിക്കുന്ന ലാപ്‌ടോപ്പ് മുഖ്യമന്ത്രിക്കു കൈമാറി.  കോക്കോണിക്‌സിന്റെ ആദ്യനിര ലാപ്‌ടോപ്പുകള്‍ ഫെബ്രുവരി 11-നു ഡല്‍ഹിയില്‍ നടക്കുന്ന ഇലക്ട്രോണിക് മാനുഫാക്ചറിങ് ഉച്ചകോടിയിൽ  അവതരിപ്പിക്കും.

പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍, പ്രമുഖ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻസ് സൊല്യൂഷൻസ് കമ്പനിയായ  യു.എസ്.ടി ഗ്ലോബലുമായി കൈകോര്‍ത്തു കൊണ്ടാണ് കേരളത്തില്‍ തന്നെ ഗുണമേന്മയുള്ള ലാപ്‌ടോപ്പുകളും സര്‍വറുകളും ഉത്പാദിപ്പിക്കുന്ന സംരംഭത്തിന് തുടക്കം കുറിക്കുന്നത്. ഇലക്ട്രോണിക്‌സ് ഉപകരണ ഉല്‍പാദന രംഗത്ത് പ്രമുഖരായ ഇന്റല്‍ കമ്പനിയുടെ മാര്‍ഗനിര്‍ദേശവും സാങ്കേതിക സഹായവും ലഭ്യമാക്കികൊണ്ടാണ്   കോക്കോണിക്‌സ് എന്ന പൊതു-സ്വകാര്യ സംരംഭത്തിന് രൂപം നല്‍കിയിട്ടുള്ളത്.

ലാപ്‌ടോപ്പ് സര്‍വര്‍ ഉത്പാദന രംഗത്ത് ഇന്ത്യയിലെ തന്നെ ആദ്യ പൊതു-സ്വകാര്യ സംരംഭമാണ് കോക്കോണിക്‌സ്. കെല്‍ട്രോണ്‍, കെഎസ്‌ഐഡിസി എന്നീ പൊതുമേഖലാ സ്ഥാപനങ്ങളോടൊപ്പം യു.എസ്.ടി ഗ്ലോബല്‍, ആക്‌സിലറോണ്‍ ലാബ്സ് എന്നിവര്‍ കൂടി പങ്കാളികളായുള്ള ഉപകരണോത്പാദന സംവിധാനമാണ് കമ്പനിക്കുള്ളത്.

കെല്‍ട്രോണിന്റെ, തിരുവനന്തപുരത്തു മണ്‍വിളയിലുള്ള സ്ഥാപന സൗകര്യങ്ങള്‍ നവീകരിച്ചു ലഭ്യമാക്കിയ സ്ഥലത്താണ് കമ്പനി പ്രവര്‍ത്തനമാരംഭിക്കുന്നത്. സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്ക് അനുയോജ്യമായ വിവിധ ഇലക്ട്രോണിക് ഉപകരണങ്ങളുടെയും ഉപകരണഘടകങ്ങളുടെയും ഉത്പാദനത്തിനാണ്  പ്രാഥമിക പരിഗണന നല്‍കുന്നത്. പ്രതിവര്‍ഷം രണ്ടരലക്ഷം ലാപ്‌ടോപ്പുകളുടെ ഉത്പാദനത്തിനുള്ള പ്രാരംഭ  ശേഷിയുണ്ട്. ചടുലമായ ഒരു ഇലക്ട്രോണിക് ഹാര്‍ഡ്‌വെയര്‍ ഉത്പാദന ഇക്കോസിസ്റ്റം കേരളത്തില്‍ വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യമാണ്

കമ്പനി മുന്നോട്ടു വയ്ക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നൂതനാശയങ്ങളുള്ള സ്റ്റാര്‍ട്ട് അപ് കമ്പനികളുടേയും സര്‍ക്കാര്‍ – സ്വകാര്യ മേഖലകളിലെ ചെറുതും ഇടത്തരവുമായ ഐടി സംരംഭങ്ങളുടെയും ശേഷികളുടെ സംയോജനത്തിനുള്ള അവസരമാണ്  കോക്കോണിക്‌സ് തുറന്നു നല്‍കുന്നതെന്ന്  വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ ഇലക്ട്രോണിക്‌സ് , ഐടി  സെക്രട്ടറിയും  കോക്കോണിക്‌സ് ചെയര്‍മാനുമായ എം. ശിവശങ്കര്‍,  കോക്കോണിക്‌സ് ഡയറക്ടര്‍മാരായ യു.എസ്.ടി ഗ്ലോബല്‍ കമ്പനിയുടെ ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറും കണ്‍ട്രി ഹെഡ്ഡുമായ അലക്സാണ്ടർ വര്‍ഗീസ്, കെല്‍ട്രോണ്‍ എം.ഡി. ഹേമലത, കെഎസ്‌ഐഡിസി ജനറല്‍ മാനേജര്‍ രവിചന്ദ്രന്‍, ആക്‌സിലറോണ്‍ സി.ഇ.ഒ. പ്രസാദ് എന്നിവരും ഇന്റല്‍ കമ്പനി പ്രതിനിധി സിദ്ധാര്‍ത്ഥ് നാരായണനും പങ്കെടുത്തു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ഉട്ടോപ്യന്‍ യാഥാര്‍ത്ഥ്യവുമായി സ്പാനിഷ് കലാകാരനായ ഡോമെനെക്

രാഷ്ട്രീയ പാർട്ടികൾ ദുരുപയോഗം ചെയ്യുന്നു; പരാതിയുമായി വാട്സ് അപ്പ്