പ്രളയദുരിതം പരിഹരിക്കാന്‍  സോഫ്റ്റ് വെയർ പിന്തുണ

തിരുവനന്തപുരം: പ്രളയമടക്കമുള്ള പ്രകൃതിദുരന്തങ്ങള്‍ സൃഷ്ടിക്കുന്ന ദുരിതം പരമാവധി കുറയ്ക്കുന്നതിന് കമ്പ്യൂട്ടര്‍ സോഫ്റ്റ് വെയറിലൂടെ പരിഹാരമാര്‍ഗങ്ങള്‍  തേടാനുള്ള അന്താരാഷ്ട്ര ഉദ്യമങ്ങളുടെ ഭാഗമായി  കേരള സ്റ്റാര്‍ട്ടപ് മിഷന്‍ നാസ്കോമിന്‍റെ സഹകരണത്തോടെ   സംസ്ഥാന വ്യാപകമായി കോഡിംഗിനുള്ള ആശയങ്ങള്‍ ക്ഷണിച്ചു. 

കേരളത്തിലെ മഹാപ്രളയത്തിന്‍റെ പശ്ചാത്തലത്തില്‍ ഇതിനായി സെപ്റ്റംബര്‍ ഏഴ്, എട്ട് തിയതികളില്‍ ടെക്നോപാര്‍ക്കിലെ തേജസ്വിനി ബില്‍ഡിംഗിലുള്ള മീറ്റ് അപ് കഫെയില്‍ ‘കോള്‍ ഫോര്‍ കോഡ്കേരള ചലഞ്ച്’ എന്ന പേരില്‍ ഹാക്കത്തോണ്‍ നടത്തും. സ്റ്റാര്‍ട്ടപ്പുകള്‍, അക്കാദമിക് വിദഗ്ധര്‍, സംരംഭകര്‍ എന്നിവര്‍ക്ക് പങ്കെടുക്കാം. അപേക്ഷിക്കാനുള്ള അവസാന തിയതി സെപ്റ്റംബര്‍ നാല് ആണ്. കൂടുതല്‍ വിവരങ്ങള്‍  വെബ്സൈറ്റില്‍.

പ്രകൃതിദുരന്തങ്ങള്‍ നേരിടുന്നതിനുള്ള തയാറെടുപ്പുകള്‍, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ എന്നിവയിലായിരിക്കും സാങ്കേതികവിദ്യയിലൂടെ പരിഹാരമാര്‍ഗങ്ങള്‍ തേടുന്നത്. ബഹുരാഷ്ട്ര കമ്പനിയായ ഐബിഎം-ല്‍നിന്നടക്കമുള്ള വിദഗ്ധര്‍ ഹാക്കത്തോണില്‍ പങ്കെടുക്കുന്നവര്‍ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കും.

‘കോള്‍ ഫോര്‍ കോഡ് ഗ്ലോബല്‍ ചലഞ്ച്’ എന്ന ആഗോള മത്സരത്തിന്‍റെ ഭാഗമായി നടത്തുന്ന ഈ ഹാക്കത്തോണ്‍ കേരളത്തിന്‍റെ പ്രത്യേക സാഹചര്യത്തില്‍ പ്രളയത്തിനു മുന്‍തൂക്കം നല്‍കിയാണ് ചെയ്യുന്നത്. ആഗോള മത്സരവും മനുഷ്യദുരിതം പരമാവധി അകറ്റുന്നത് ലക്ഷ്യമാക്കി സോഫ്റ്റ് വെയര്‍ ഡെവലപ്പര്‍മാരെ പങ്കെടുപ്പിച്ചാണ് നടത്തുന്നത്.

അമേരിക്കയില്‍ സാന്‍ഫ്രാന്‍സിസ്കോയിലെ റീജന്‍സി ബോള്‍റൂമില്‍ ഒക്ടോബര്‍ 29-നാണ് അന്താരാഷ്ട്രമത്സരം നടക്കുക. കേരളത്തിലെ പ്രളയദുരിതത്തിന് പരിഹാരം തേടുന്ന സോഫ്റ്റ്വെയറുകള്‍ക്ക് രൂപം നല്‍കി ഈ ആഗോള ചലഞ്ചില്‍ പങ്കെടുക്കാന്‍ ഡെവലപ്പര്‍മാര്‍ക്ക് കിട്ടുന്ന അപൂര്‍വ അവസരമാണിത്. 

ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ വിഭാഗം, ലിനക്സ് ഫൗണ്ടേഷന്‍, ഡേവിഡ് ക്ലാര്‍ക്ക് ക്ലോസ് എന്നിവയടക്കമുള്ള രാജ്യാന്തര സംഘടനകളാണ് സോഫ്റ്റ്വെയര്‍ ഡെവലപ്പര്‍മാരെ പ്രകൃതി ദുരന്തമടക്കമുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടാനായി ഒരു വേദിയില്‍ അണിനിരത്തുന്നത്.

സ്റ്റാര്‍ട്ടപ്പുകള്‍, അക്കാദമിക് വിദഗ്ധര്‍, സംരംഭകര്‍ എന്നിവര്‍ ഇവരില്‍ പെടും. ഐബിഎം ആണ് ഈ ഉദ്യമത്തിന്‍റെ സ്ഥാപകാംഗം. 

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

പ്രളയക്കെടുതി നേരിടാന്‍ 325 പുതിയ താത്ക്കാലിക ആശുപത്രികള്‍

ദുരിതാശ്വാസനിധിയിലേക്ക് കുടുംബശ്രീ വനിതകളുടെ 5 കോടി രൂപ