സുഗന്ധ വ്യഞ്ജന ഗുണ നിലവാരം: കോഡക്സ് കമ്മിറ്റിയുടെ നാലാം  യോഗം കേരളത്തില്‍

തിരുവനന്തപുരം: സുഗന്ധവ്യഞ്ജനങ്ങളുടെ ഗുണനിലവാര മാനദണ്ഡം ഏകീകരിക്കുന്നതിനുള്ള കരട് മാതൃകകള്‍ക്ക് രൂപം നല്കാന്‍  കോഡക്സ് സമിതിയുടെ (സിസിഎസ്സിഎച്ച് ) നാലാമത് യോഗത്തിന് കേരളം വേദിയാകുന്നു.

ആഗോള ഭക്ഷ്യവിപണിയുടെ നിലവാരത്തിനും സുരക്ഷയ്ക്കും അനുയോജ്യമായ രീതിയില്‍ സുഗന്ധവ്യഞ്ജനങ്ങളുടെ ഗുണനിലവാരം രൂപപ്പെടുത്തി  വിപണനം മെച്ചപ്പെടുത്തുന്നതിനുള്ള  ചര്‍ച്ചകള്‍ക്കായാണ് ജനുവരി 21 മുതല്‍ 25 വരെ കോവളം ലീല ഹോട്ടലില്‍ നടക്കുന്ന അഞ്ചു ദിവസത്തെ യോഗം പ്രാമുഖ്യം നല്‍കുക. മുപ്പതോളം രാജ്യങ്ങളുടെ പ്രതിനിധികള്‍  ഈ സമ്മേളനത്തില്‍ പങ്കെടുക്കും.

ജനുവരി 21 ന്  രാവിലെ 9.30 ന്  കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം ഉദ്ഘാടനം ചെയ്യുന്ന യോഗത്തില്‍ കേന്ദ്ര വാണിജ്യ വ്യവസായ വ്യോമയാന മന്ത്രി സുരേഷ് പ്രഭു അദ്ധ്യക്ഷത വഹിക്കും. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ റീത തിയോഷ്യ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ദേവേന്ദ്രകുമാര്‍ സിംഗ്, സ്പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സുഭാഷ് വാസു, സെക്രട്ടറി ഡോ. ഷണ്‍മുഖസുന്ദരം എന്നിവര്‍ ഉദ്ഘാടനചടങ്ങില്‍ സംസാരിക്കും.

സുഗന്ധവ്യഞ്ജനങ്ങളുടെ വിപണനത്തിലെ തടസങ്ങള്‍ തരണം ചെയ്യുന്നതിനും ഭക്ഷ്യ സുരക്ഷയില്‍ വിട്ടുവീഴ്ച ഇല്ലാതെ സുതാര്യതയോടെ ഇവയുടെ ഗുണനിലവാരം ഏകീകരിക്കുന്നതിനും  യോഗം സഹായകമാകുമെന്നും ഇത് ആഗോള ഭക്ഷ്യ മേഖലയെ ശക്തിപ്പെടുത്തുമെന്നും സ്പൈസസ് ബോര്‍ഡ് സെക്രട്ടറി ഡോ. ഷണ്‍മുഖസുന്ദരം പറഞ്ഞു.

2017 ഫെബ്രുവരിയില്‍ ചെന്നൈയില്‍ നടന്ന മൂന്നാമത് യോഗത്തില്‍ രൂപം നല്‍കിയ ഇലക്ട്രോണിക്സ് വര്‍ക്കിങ്  ഗ്രൂപ്പുകള്‍ ചിട്ടപ്പെടുത്തിയ കാട്ടുമറുവ, തുളസി, വെളുത്തുള്ളി, ഇഞ്ചി, വറ്റല്‍മുളക്, ജാതിക്ക, കുങ്കുമപ്പൂ, ഗ്രാമ്പൂ എന്നിവയ്ക്കുള്ള കരട് നിലവാരം യോഗത്തില്‍ ചര്‍ച്ചചെയ്തു നിശ്ചയിക്കും. വിപണിയുടെ ആവശ്യകത മുന്‍നിര്‍ത്തി  മഞ്ഞളിന്‍റെയും ഏലത്തിന്‍റെയും കരട് ഗുണനിലവാര മാനദണ്ഡങ്ങള്‍ ഏകീകരിച്ച്   വിപണി സുതാര്യമാക്കാനുള്ള ചര്‍ച്ചകള്‍ക്കും യോഗം വേദിയൊരുക്കും.

ഐക്യരാഷ്ട്ര സംഘടനയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ലോകാരോഗ്യ സംഘടനയും ഫുഡ് ആന്‍ഡ് അഗ്രിക്കള്‍ച്ചര്‍ ഓര്‍ഗനൈസേഷനും സംയുക്തമായാണ് 1963 ല്‍ ഭക്ഷ്യ സുരക്ഷയും ഉപയോക്താക്കളുടെ ആരോഗ്യവും ഉറപ്പുവരുത്തുന്നതിനും മെച്ചപ്പെട്ട വിപണനരീതികള്‍ അവലംബിക്കുന്നതിനും വേണ്ടി അന്താരാഷ്ട്ര സ്ഥാപനമായ  കോഡക്സ് എലിമെന്‍റാരിയസ് കമ്മീഷന്‍ ആരംഭിച്ചത്.

സുഗന്ധവ്യഞ്ജനങ്ങളുടെ അന്താരാഷ്ട്ര ഗുണനിലവാര സൂചികകള്‍ രൂപീകരിക്കുന്നതിനും  ഈ ഉദ്യമത്തില്‍ രാജ്യാന്തര സ്ഥാപനങ്ങളുടെയും രാജ്യങ്ങളുടെയും അഭിപ്രായം ക്രോഡീകരിക്കുന്നതിനുമായാണ് 100ല്‍ അധികം രാജ്യങ്ങളുടെ പിന്തുണയോടെ 2013ല്‍   കോഡക്സ് സമിതി (സിസിഎസ്സിഎച്ച്) രൂപീകരിച്ചത്. ഇന്ത്യക്കാണ് സമിതിയുടെ നടത്തിപ്പ് ചുമതല. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും യോഗങ്ങള്‍ സംഘടിപ്പിക്കുന്നതിനും വേണ്ടി സ്പൈസസ് ബോര്‍ഡ് സെക്രട്ടറിയേറ്റായി പ്രവര്‍ത്തിക്കുന്നു.

2014-ല്‍ കൊച്ചിയിലും, 2015-ല്‍ ഗോവയിലും, 2017-ല്‍ ചെന്നൈയിലും സംഘടിപ്പിച്ച മൂന്നു യോഗങ്ങളിലൂടെ തോട്ടത്തുളസി, കുരുമുളക്, ജീരകം എന്നീ സുഗന്ധവ്യഞ്ജനങ്ങളുടെ ഗുണനിലവാര സൂചികയ്ക്ക് കോഡക്സ്  എലിമെന്‍റാരിയസ് കമ്മീഷന്‍റെ അംഗീകാരം നേടിയെടുക്കാന്‍ സാധിച്ചിട്ടുണ്ട്. 

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

Indian Football team , Asian Games, Sony,IOA,  Olympic Association, coach, captain, live, broadcast, world cup, competitions, 

കിക്ക് ഓഫ്: രജിസ്ട്രേഷന്‍ ജനുവരി 22 വരെ

നിശബ് ദരുടെ ശബ് ദമായി ശില്‍പ ഗുപ്തയുടെ ബിനാലെ പ്രതിഷ്ഠാപനം