പ്രമേഹ രോഗ വ്യാപനം തടയാൻ സെന്റർ ഓഫ് എക്സലൻസ് 

തിരുവനന്തപുരം: പ്രമേഹരോഗ ചികിത്സയിൽ നൂതന സാങ്കേതിക വികാസം സാധ്യമാക്കുന്ന ലോകത്തെ മുൻനിര കമ്പനിയായ റോഷ് ഡയബെറ്റിസ് കെയർ, ജ്യോതിദേവ് ഡയബെറ്റിസ്‌ റിസർച്ച് സെന്ററുമായി (ജെ ഡി സി) യോജിച്ച് സെന്റർ ഓഫ് എക്സലൻസ്  സ്ഥാപിക്കാൻ ധാരണയായി. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലുടനീളം പ്രവർത്തന പദ്ധതിയിടുന്ന  സെന്റർ ഓഫ് എക്സലൻസിന്റെ ലക്ഷ്യം രാജ്യത്തെ പ്രമേഹരോഗ വ്യാപനത്തെ ഫലപ്രദമായി ചെറുക്കുക എന്നതാണ്. 

ആരോഗ്യരക്ഷാ രംഗത്ത് രോഗീകേന്ദ്രിത സമീപനമാണ് ഇരു സ്ഥാപനങ്ങളും മുന്നോട്ടുവെയ്ക്കുന്നത്. പ്രമേഹത്തെക്കുറിച്ചുള്ള അറിവും അവബോധവും വർധിപ്പിക്കുകയും വ്യത്യസ്ത ചികിത്സാ രീതികളിലൂടെ രോഗനിയന്ത്രണം സാദ്ധ്യമാക്കുകയുമാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. നൂതന രീതിയായ സംയോജിത വ്യക്തികേന്ദ്രിത പ്രമേഹരോഗ നിയന്ത്രണം (ഇന്റഗ്രേറ്റഡ് പേഴ്സണലൈസ്ഡ് ഡയബെറ്റിസ് മാനേജ്മെന്റ് ) സംബന്ധിച്ച അറിവും അവബോധവും വർദ്ധിപ്പിക്കുന്ന പരിശീലന ക്ലാസ്സുകൾക്ക് റോഷ് ഇവിടെ വഴിയൊരുക്കും. ഹെൽത്ത് കെയർ പ്രൊഫഷണലുകളുടെ വൈദഗ്ധ്യവും ശേഷിയും മെച്ചപ്പെടുത്തി പ്രമേഹരോഗ ചികിത്സ ഫലപ്രദമാക്കുകയാണ് ലക്ഷ്യം. പ്രമേഹ ചികിത്സയിൽ  ഗവേഷണ പ്രവർത്തനങ്ങൾ നടത്തുന്നതും  രോഗികൾക്ക് പിന്തുണ നൽകുന്നതും നൈപുണ്യ കേന്ദ്രത്തിന്റെ ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നു. 

അന്താരാഷ്ട്ര ഡയബെറ്റിസ് ഫെഡറേഷന്റെ ( ഐ ഡി എഫ് ) കണക്ക് പ്രകാരം ആഗോളതലത്തിൽ 425 ദശലക്ഷം പേർക്കാണ് പ്രമേഹരോഗമുള്ളത്. 2045 ഓടെ രോഗികളുടെ എണ്ണം 629 ദശലക്ഷമായി വർധിക്കുമെന്ന് കരുതപ്പെടുന്നു. 73 ദശലക്ഷം രോഗികളുമായി ആഗോളതലത്തിൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യ ചൈനക്ക് തൊട്ടു പിറകിലാണ്.  

2045 ഓടെ രാജ്യത്തെ പ്രമേഹ രോഗികളുടെ എണ്ണം 134 ദശലക്ഷമായി വർധിക്കുന്നതോടെ ചൈനയെ പിന്നിലാക്കും എന്നാണ് കരുതപ്പെടുന്നത്.

പരീക്ഷിച്ച് തെളിയിക്കപ്പെട്ട സാങ്കേതികവിദ്യകളുടെ പ്രയോഗം, ടെലിമെഡിസിൻ, വിദഗ്ധ ഡോക്ടർമാരുടെ ടീം മേൽനോട്ടം നല്കുന്ന ചികിത്സാ രീതികൾ തുടങ്ങി നിരവധി സവിശേഷതകളുള്ള ജ്യോതിദേവ് ഡയബെറ്റിസ് റിസർച്ച് സെന്ററിന് രണ്ടു ദശാബ്ദക്കാലത്തെ പ്രവർത്തന പാരമ്പര്യമുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ തുടർച്ചയായി നിരീക്ഷിച്ചറിയുകയും അതിനനുസൃതമായി ഓരോ രോഗിയുടേയും ചികിത്സക്ക് അനുയോജ്യവും സവിശേഷവുമായ സംയോജിത ചികിത്സാ മാർഗങ്ങൾ അവലംബിക്കുകയും ചെയ്യുന്നതാണ് ഈ സ്ഥാപനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇൻസുലിൻ, ഇന്സുലിൻ പമ്പുകൾ, ഗ്ലൂക്കോസ് സെൻസറുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള പ്ലാറ്റ്‌ഫോമുകൾ, ഓറൽ മെഡിക്കേഷനുകൾ തുടങ്ങി പ്രമേഹരോഗ നിർണയത്തിലും നിയന്ത്രണത്തിലും ഏറ്റവും ആധുനികവും ഫലപ്രദവും സുരക്ഷിതവുമായ മാർഗങ്ങളാണ് ജെ ഡി സി അവലംബിക്കുന്നത്. 

ഐ എസ് ഒ സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയിട്ടുള്ള ജെ ഡി സി, കേരളത്തിൽ അന്താരാഷ്ട്ര ഡയബെറ്റിസ് ഫെഡറേഷന്റെ  അംഗീകാരത്തോടെ പ്രവർത്തിക്കുന്ന  പ്രമേഹരോഗ ചികിത്സാ രംഗത്തെ സമുന്നത സ്ഥാപനമായി കണക്കാക്കപ്പെടുന്നു. ടെലിമെഡിസിൻ, ഓൺലൈൻ വഴിയുള്ള വെർച്വൽ കൺസൾട്ടേഷൻ തുടങ്ങിയ ആധുനിക തുടർചികിത്സാ സംവിധാനങ്ങൾ വഴി ഇരുപത്തഞ്ചിലേറെ രാജ്യങ്ങളിലെ ആയിരക്കണക്കിന് രോഗികൾ  ജെ ഡി സി യുടെ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നുണ്ട്. വിദഗ്ധ പരിശീലനം സിദ്ധിച്ച ഡോക്ടർമാരും വ്യത്യസ്ത ചികിത്സാ മേഖലകളിൽ പ്രാവീണ്യമുള്ള ആരോഗ്യ വിദഗ്ധരും ചേർന്ന കൂട്ടായ പ്രമേഹ രോഗീ പരിചരണം ജ്യോതിദേവ് ഡയബെറ്റിസ് സെന്ററിനെ ഈ രംഗത്ത് വേറിട്ട് നിർത്തുന്നു. 

പ്രമേഹരോഗ ചികിത്സയിൽ മൗലിക സംഭാവനകൾ നൽകിയ നിരവധി ഗവേഷണ പ്രവർത്തനങ്ങൾ ജെ ഡി സി യുടേതായുണ്ട്. ലോകത്തെ മുൻനിര മെഡിക്കൽ ജേണലുകളിൽ അവ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദേശീയ- അന്തർദേശീയ തലങ്ങളിൽ നടന്ന സുപ്രധാന ശാസ്ത്ര കൺവെൻഷനുകളിൽ ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. യു എസ് എ, യൂറോപ്പ്, ആസ്‌ത്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങൾ അതിൽ ഉൾപ്പെടുന്നു. ഡയബെറ്റിസ് ജെംസ് എന്ന പേരിലുള്ള സൗജന്യ ഓൺലൈൻ ന്യൂസ്‌ലേറ്റർ 2008 മുതൽ ജെ ഡി സി പ്രസിദ്ധീകരിച്ചു വരുന്നു. രോഗികൾക്കും ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും ഒരേ പോലെ ഗുണകരമായ, പ്രമേഹരോഗ സംബന്ധമായ അറിവും അവബോധവും പകർന്നു നൽകുന്ന മികച്ച ന്യൂസ് ലെറ്ററായി ഡയബെറ്റിസ് ജെംസ് പരിഗണിക്കപ്പെടുന്നു.

പ്രമേഹരോഗ ചികിത്സാ രംഗത്തെ ജെ ഡി സിയുടെ മൗലിക സംഭാവനകളെപ്പറ്റി എടുത്തുപറഞ്ഞ റോഷ് ഡയബെറ്റിസ് കെയർ ഇന്ത്യ ജനറൽ മാനേജർ ഗൗരവ് ലറോയ സംയുക്ത സംരംഭത്തെപ്പറ്റി ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. പ്രമേഹരോഗ ചികിത്സയിൽ രാജ്യം നേരിടുന്ന വെല്ലുവിളികളെ നേരിടാൻ റോഷ് ഡയബെറ്റിസ് കെയർ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും, ഈ രംഗത്ത് നിർണായക സ്വാധീനമുള്ള സ്ഥാപനങ്ങളുമായി യോജിച്ചുള്ള പ്രവർത്തനമാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ” പ്രമേഹചികിത്സയ്ക്ക് സർക്കാർ നൽകുന്ന പ്രാധാന്യം ധാരാളം സാദ്ധ്യതകൾ  തുറന്നു തരുന്നുണ്ട്. ഈ രംഗത്തെ വ്യത്യസ്ത സ്റ്റെയ്ക് ഹോൾഡർമാരുമായി യോജിച്ചുള്ള പ്രവർത്തനത്തിലൂടെ പ്രമേഹ ചികിത്സയിൽ രാജ്യം നേരിടുന്ന വെല്ലുവിളികളെ മറികടക്കാനാണ് ശ്രമം. പ്രമേഹരോഗ ചികിത്സയിൽ റോഷ് ഡയബെറ്റിസ് കെയറിനുള്ള  പ്രാഗത്ഭ്യവും രോഗനിയന്ത്രണത്തിൽ ഹോളിസ്റ്റിക് രീതികൾ പ്രയോഗിക്കുന്ന ഡോ. ജ്യോതിദേവിന്റെ സവിശേഷതയും ഒന്നിക്കുകയാണ് സെന്റർ ഓഫ് എക്സലൻസിലൂടെ, ” അദ്ദേഹം വ്യക്തമാക്കി.

ഗൗരവപൂർവം കണക്കിലെടുക്കേണ്ട അസുഖമാണ് പ്രമേഹമെന്ന് ജ്യോതിദേവ്സ് ഡയബെറ്റിസ് റിസർച്ചിന്റെ സ്ഥാപക ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ജ്യോതിദേവ് കേശവദേവ് പറഞ്ഞു. “ലഭ്യമായ ജീവൻരക്ഷാ മരുന്നുകളുടെയും നൂതനമായ സാങ്കേതിക വിദ്യയുടെയും ഉപയോഗത്തിലുള്ള അപര്യാപ്തതയാണ് നിലവിലെ ചികിത്സാ രീതികളിൽ പലതും പരാജയപ്പെടാൻ കാരണം. സെന്റർ ഓഫ് എക്സലൻസ് ഈ കുറവ് പരിഹരിക്കും. ജീവൻ രക്ഷാ സാങ്കേതികത ഫലപ്രദമായ രീതിയിൽ ഉപയുക്തമാക്കും. മരുന്നുകളും ബിഹേവിയറൽ തെറാപ്പിയുമെല്ലാം ഗുണം ചെയ്യുന്നത് രോഗികൾക്ക് എളുപ്പത്തിൽ കൈകാര്യം ചെയ്യാനാവുന്ന ഉപകരണങ്ങളും അതേപ്പറ്റി ഡോക്ടർമാർക്കുള്ള  ധാരണകളും ഫലപ്രദമായ രീതിയിൽ കണ്ണി ചേരുമ്പോഴാണ്. ആധുനിക പരിശീലനത്തിലൂടെ കൈവരുന്ന വൈദഗ്ധ്യം പ്രയോജനമെടുത്തി സമൂഹത്തെ സേവിക്കാൻ ഡോക്ടർമാരെ പ്രാപ്തരാക്കാനും രോഗികൾക്ക്  ചെലവ് കുറഞ്ഞ ചികിത്സ നൽകി അവരുടെ ജീവൻരക്ഷ ഉറപ്പാക്കാനും ഈ പങ്കാളിത്തം സഹായകമാകും”,  സെന്റർ ഓഫ് എക്സലൻസിനെപ്പറ്റി ഡോ. ജ്യോതി ദേവ് അഭിപ്രായപ്പെട്ടു.

“ശാസ്ത്ര സാങ്കേതിക വികാസത്തിന്റെയും രോഗനിർണ- നിരീക്ഷണ- ചികിത്സാ രംഗങ്ങളിൽ വന്ന നൂതനമായ മാറ്റത്തിന്റെയും ഫലമായി പ്രമേഹരോഗ ചികിത്സ മുമ്പത്തേക്കാളേറെ ഫലപ്രദമായിട്ടുണ്ട്. എന്നാൽ പലർക്കും അവ അപ്രാപ്യമായതിനാൽ  സങ്കീർണമായ പ്രത്യാഘാതങ്ങൾ  ഉടലെടുക്കുന്നുണ്ട്. രോഗത്തെപ്പറ്റിയുള്ള ശരിയായ അവബോധം, ചികിത്സയുടെ ഫലപ്രാപ്തിയിൽ  രോഗിക്കുള്ള  പങ്ക്,  ഹ്രസ്വകാല – ദീർഘകാല ആരോഗ്യ പ്രശ്നങ്ങൾ നേരിടാനുള്ള നിരന്തര ഗവേഷണം എന്നിവ  ഈ രംഗത്ത് സുപ്രധാനമാണ്.  രോഗികൾ മുതൽ ശുശ്രൂഷകർ വരെ മുഴുവൻ പേരെയും ബന്ധിപ്പിച്ചുള്ളതും  ഹോളിസ്റ്റിക്കും ആയ സമീപനമാണ് ഞങ്ങൾ പിന്തുടരുന്നത്,” അദ്ദേഹം കൂട്ടിച്ചേർത്തു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

വിപ്രോ ഐ ഐ ഒ ടി സെന്റർ ഓഫ് എക്സലൻസ് കൊച്ചിയിൽ 

വെസ്റ്റ് നൈല്‍ വൈറസ്: പകര്‍ച്ച വ്യാധികള്‍ക്കെതിരെ ജാഗ്രത നിര്‍ദേശം