ഗാഡ്ഗിൽ ശരിയെന്ന് സാധാരണക്കാരും മനസ്സിലാക്കി തുടങ്ങി: സി ആർ നീലകണ്ഠൻ

മാർപാപ്പ എഴുതിയ ‘ലൗ ദാത്തോസി ‘ എന്ന ചാക്രിക ലേഖനം വായിക്കുന്ന ഒരാൾക്കും ഗാഡ്ഗിൽ പറഞ്ഞതിനെ അവഗണിക്കാൻ കഴിയില്ല. അത് കൊണ്ട് തന്നെ പിതാക്കന്മാർക്കും ഇനി പഴയതു പോലെ സമരം നയിക്കാൻ കഴിയില്ല. ഇടതുപക്ഷത്തിന് ഫ്രഡറിക് ഏംഗൽസിനെക്കാൾ കൊച്ചുപുരയ്ക്കൽ അച്ചനെ ഇനി ആശ്രയിക്കാൻ കഴിയില്ല.  ഇവർക്കെല്ലാം സ്വീകാര്യനായ എം എസ് സ്വാമിനാഥൻ ഉറപ്പിച്ചു തന്നെ പറയുന്നു, കുട്ടനാടിന്റെ നിലനില്പിനുള്ള തന്റെ പാക്കേജിനൊപ്പം ഗാഡ്ഗിൽ സമിതിയുടെ നിർദ്ദേശങ്ങളും പരിഗണിക്കണമെന്ന്. ഇടുക്കി എം പി ആയിരുന്ന പി ടി തോമസിന്റെ അന്ത്യകർമ്മങ്ങൾ പ്രതീകാത്മകമായി നടത്തിയ മതമേലധ്യക്ഷന്മാർക്കും അവരെ പേടിച്ചു അദ്ദേഹത്തിന് സ്ഥാനാർത്ഥിത്വം  നിഷേധിച്ച കോൺഗ്രസിനും ഇനി മറിച്ചു ചിന്തിക്കേണ്ടി വരും തീർച്ച.

കൊച്ചിയിൽ കഴിഞ്ഞ ദിവസം മാധവ് ഗാഡ്ഗിലുമായി നടത്തിയ  കൂടിക്കാഴ്ചയെ  കുറിച്ച്  പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ

 സി. ആർ. നീലകണ്ഠൻ 

എഴുതിയ കുറിപ്പ്:

മാധവ് ഗാഡ്ഗിൽ പറഞ്ഞത് ശരിയായിരിക്കുമോ എന്ന് സാധാരണ മനുഷ്യർ ചോദിക്കാൻ തുടങ്ങിയത് പ്രളയത്തിന് ശേഷമാണ്. ഗാഡ്ഗിലിനെ തല്ലി ഓടിക്കണം എന്ന് ആക്രോശിക്കുന്നവരുടെ എണ്ണവും ആക്രോശത്തിന്റെ ശക്തിയും കാര്യമായി കുറഞ്ഞിരിക്കുന്നു എന്ന് വ്യക്തമാക്കുന്നതായിരുന്നു ഇക്കഴിഞ്ഞ ദിവസങ്ങളിലെ അദ്ദേഹത്തിന്റെ കേരളസന്ദർശനം. അദ്ദേഹവുമായി ഒരു ഔപചാരിക അഭിമുഖത്തിന്റെ ആവശ്യം ഇനിയില്ല. അത്രയധികം പല മാധ്യമങ്ങളിലായി വന്നു കഴിഞ്ഞു. ഇന്ന് മണിക്കൂറുകളോളം ഒപ്പമിരുന്നു സംസാരിച്ചപ്പോൾ കിട്ടിയ കാര്യങ്ങളിൽ നല്ലൊരു പങ്കും അറിയുന്നവയായിരുന്നു.

കേരളത്തിൽ വ്യാപകമായുണ്ടായ ഉരുൾ പൊട്ടലിലും പ്രളയത്തിലും നാശം നേരിട്ടത് കർഷകർക്കാണ്. ഈ കർഷകരെ മുന്നിൽ നിർത്തി ഗാഡ്ഗിലിനിതിരെ ആഞ്ഞടിച്ച നേതാക്കളെ ഇപ്പോൾ കർഷകർ വിശ്വസിക്കുന്നില്ല. കാരണം ഗാഡ്ഗിൽ പറഞ്ഞതാണ് ശരി എന്ന് സ്വന്തം അനുഭവത്തിൽ നിന്നും  അവർക്കും തോന്നിത്തുടങ്ങിയിരിക്കുന്നു. അനധികൃതമായി  പാറമടകളും റിസോർട്ടുകളും നിർമ്മിച്ചവർ  ആരും ഒരു ഉരുള്പൊട്ടലിലും മരിച്ചില്ല, അവരുടെ ഒരു സമ്പത്തും നശിച്ചില്ല. അവർക്കു വേണ്ടി വനം വകുപ്പ് ഓഫീസ് കത്തിക്കാൻ മിനക്കെട്ടവർക്കാന് എല്ലാ നഷ്ടവും ഉണ്ടായത്.

മാർപാപ്പ എഴുതിയ ലൗ ദാത്തോസി എന്ന ചാക്രിക ലേഖനം വായിക്കുന്ന ഒരാൾക്കും  ഗാഡ്ഗിൽ പറഞ്ഞതിനെ അവഗണിക്കാൻ കഴിയില്ല. അത് കൊണ്ട് തന്നെ പിതാക്കന്മാർക്കും ഇനി പഴയതുപോലെ സമരം നയിക്കാൻ കഴിയില്ല. ഇടതുപക്ഷത്തിന് ഫ്രഡറിക് ഏംഗല്സിനെക്കാൾ കൊച്ചുപുരയ്ക്കൽ അച്ചനെ ഇനി ആശ്രയിക്കാൻ കഴിയില്ല.  ഇവർക്കെല്ലാം സ്വീകാര്യനായ എം എസ്  സ്വാമിനാഥൻ ഉറപ്പിച്ചു തന്നെ പറയുന്നു, കുട്ടനാടിന്റെ നിലനില്പിനുള്ള തന്റെ പാക്കേജിനൊപ്പം ഗാഡ്ഗിൽ സമിതിയുടെ നിർദ്ദേശങ്ങളും പരിഗണിക്കണമെന്ന്. ഇടുക്കി എം പി ആയിരുന്ന പി ടി തോമസിന്റെ അന്ത്യകർമ്മങ്ങൾ പ്രതീകാത്മകമായി നടത്തിയ മതമേലധ്യക്ഷന്മാർക്കും അവരെ പേടിച്ചു അദ്ദേഹത്തിന് സ്ഥാനാർത്ഥിത്വം  നിഷേധിച്ച കോൺഗ്രസിനും ഇനി മറിച്ചു ചിന്തിക്കേണ്ടി വരും തീർച്ച.

അണക്കെട്ടു തുറന്നതുമായി ബന്ധപ്പെട്ടുകൊണ്ട് ഈ ദുരന്തത്തിന് വ്യാപ്തി കൂടി എന്ന് മാധവ് ഗാഡ്ഗിൽ പറഞ്ഞു. ഓരോ അണക്കെട്ടിന്റെയും ജലനിരപ്പും  അതിന്റെ ക്യാച്ച്മെന്റ് പ്രദേശങ്ങളിൽ പെയ്യുന്ന മഴയുടെയും അവിടെ നിന്നും തുറന്നു വിടുന്ന വെള്ളത്തിന്റെയും കൃത്യമായ കണക്കുകൾ ജനങ്ങളിൽ നിന്നും മറച്ചു പിടിക്കുന്ന സർക്കാർ നയങ്ങളെ അദ്ദേഹം അതിനിശിതമായി വിമർശിച്ചു. ട്രയൽ റൺ നാല് മണിക്കൂർ നേരത്തേക്ക് നടത്തുമെന്നു പറഞ്ഞു തുറന്ന ചെറുതോണി പിന്നെ അടച്ചത് ആഴ്ചകൾക്കു  ശേഷമായതെങ്ങനെ? പെരിങ്ങൽക്കുത്ത്  അണക്കെട്ടു കവിഞ്ഞൊഴുകിയതിനു ആരാണ് ഉത്തരവാദികൾ? ഇങ്ങനെയുള്ള നിരവധി ചോദ്യങ്ങൾക്കു സർക്കാർ കൃത്യമായ മറുപടികൾ നൽകണം. ഗാഡ്ഗിൽ പറയുന്നു. പുതിയ കേരളം നിർമ്മിക്കുമ്പോൾ ഇക്കഴിഞ്ഞ ദിവസം നിയമസഭയിൽ ഉയർന്നു കേട്ട വിചിത്രമായ അഭിപ്രായങ്ങൾക്കാണോ മുൻഗണന കിട്ടുക?

നവകേരള നിർമ്മിതി എങ്ങനെ ആകണം? രണ്ട് പതിറ്റാണ്ട് മുമ്പ് ജനകീയാസൂത്രണത്തിന്റെ ആരംഭകാലത്തു കില ( പ്രാദേശിക ഭരണ പരിശീലനത്തിനായുള്ള കേരള സ്ഥാപനം) യിൽ നടന്ന പരിശീലനകാലം അദ്ദേഹം ഇന്നും ഓർക്കുന്നു. നീർത്തടാധിഷ്ഠിത വികസനം എന്ന മഹനീയ സങ്കൽപം ഓരോ ഗ്രാമസഭയിലും  അന്ന് ചർച്ച ചെയ്തിരുന്നു . അത് മുന്നോട്ടു പോയിരുന്നെങ്കിൽ ഈ ദുരന്തം ഒരു പരിധി വരെ ഒഴിവാക്കാമായിരുന്നു. ഗ്രാമസഭകളിൽ തൻറെ നേതൃത്വത്തിലുള്ള സമിതി നൽകിയ റിപ്പോർട്ടു മലയാളത്തിലാക്കി ചർച്ച ചെയ്യണമെന്ന പ്രധാന നിർദ്ദേശം നടപ്പിലാക്കാൻ സർക്കാരുകൾ തയ്യാറാകാതിരുന്നതെന്തു കൊണ്ട്? വികേന്ദ്രീകൃത ജനാധിപത്യം എന്ന സ്വരാജ് സങ്കൽപം നമുക്ക് കൈവിട്ടു പോകാൻ പാടില്ല.

ലഭ്യമാകുന്ന പ്രകൃതി വിഭവങ്ങളുടെ വിനിയോഗത്തിൽ കാര്യമായ നിയന്ത്രണം  ഉണ്ടാകണം. അത് വരും തലമുറകൾക്കു കൂടി അവകാശപ്പെട്ടതാണ്.പണമുള്ള കുറച്ചു പേർക്ക് ഇതെല്ലാം ഒറ്റയടിക്ക് വാങ്ങി ഉപയോഗിക്കാൻ കഴിയുന്ന വികസനം വിനാശമാണ്. യുവാക്കൾ ഈ വിഷയങ്ങളിൽ കൂടുതൽ താല്പര്യം കാണിക്കുന്നു എന്നതിലാണ് തന്റെ പ്രതീക്ഷ എന്നും പറഞ്ഞു.

നോർവേ എന്ന രാജ്യത്ത് വരിയിൽ നിന്നും പൊതു വാഹനങ്ങളിൽ കയറുന്ന പ്രധാനമന്ത്രിയെ കണ്ട കാര്യം അദ്ദേഹം ഓർക്കുന്നു. അങ്ങനെയാണ് ആഗോളതാപനത്തെ ചെറുക്കേണ്ടത്. ഇനിയും ഒട്ടനവധി കാര്യങ്ങൾ അദ്ദേഹം പറഞ്ഞതിലുണ്ട്. സുന്ദരമായ കേരളത്തിന്റെ നിലനിൽപ്പിനു വേണ്ടി ഉഴറുന്ന ആ മഹാരാഷ്ട്രക്കാരന്റെ മനസ്സു കാണാൻ നമുക്ക് കഴിയേണ്ടതല്ലേ?

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

അടിമത്തത്തിലേക്കോ നമ്മുടെ പുരോഗതി?

കേരളം കാണാനിരിക്കുന്നത് വിദ്യാഭ്യാസ വായ്പയെടുത്തവരുടെ ആത്മഹത്യകളോ?