തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച് കെ.പി.സി.സി മുന്‍ പ്രസിഡന്റ് വി.എം.സുധീരന് ( VM Sudheeran ) പത്രസമ്മേളനം നടത്തി. പരസ്യ പ്രസ്താവനയ്ക്ക് വിലക്കുള്ള സാഹചര്യത്തിൽ വി.എം.സുധീരന് ഉമ്മൻ ചാണ്ടിയും ഹസനും ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെ ആഞ്ഞടിച്ചു.
കേരളാ കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കാനുള്ള കോണ്‍ഗ്രസിന്റെ തീരുമാനം അധാര്‍മികമാണെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യസഭയില്‍ യു.പി.എയുടെ ഉള്ള അംഗബലം കുറയ്ക്കാനുള്ള തീരുമാനം സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും അംഗീകരിക്കാനാവില്ലെന്നും ഇതിന്റെ പ്രത്യാഘാതങ്ങള്‍ വളരെ വലുതായിരിക്കുമെന്നും സുധീരന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
തിരഞ്ഞെടുപ്പിന് 11 മാസം മാത്രം അവശേഷിക്കവെ ഒരു സീറ്റ് മര്‍മ്മ പ്രധാനമാണെന്നും സുധീരന് ചൂണ്ടിക്കാട്ടി. മോഡി സര്‍ക്കാറിനെ പുറത്താനുള്ള കഠിന പ്രയത്നങ്ങളുമായി രാഹുല്‍ ഗാന്ധി മുന്നോട്ടു പോകുമ്പോൾ ആ ശ്രമങ്ങളെ പരാജയപ്പെടുത്തുന്ന സമീപനമാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്റേതെന്ന് വി.എം. സുധീരന് ആരോപിച്ചു.
പരസ്യപ്രസ്താവന പാടില്ലെന്ന കെപിസിസിയുടെ നിര്‍ദ്ദേശം മറികടന്നാണ് കടുത്ത വിമര്‍ശനങ്ങളുമായി വീണ്ടും വി.എം സുധീരന് രംഗത്തെത്തിയത്. കെപിസിസി പ്രസിഡന്റായിരുന്ന ഘട്ടത്തില്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി തന്നോട് കാട്ടിയത് ക്രൂരമായ നിസ്സംഗതയായിരുന്നുവെന്ന് സുധീരന് തുറന്നടിച്ചു.
കെപിസിസി അധ്യക്ഷനായ അന്ന് മുതല്‍ തനിക്ക് ഏറെ സ്നേഹമുള്ള അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തന്നോട് നിസ്സഹരണമാണ് കാട്ടിയതെന്നും ജനപക്ഷ യാത്രയെ പരാജയപ്പെടുത്താന്‍ ഉമ്മന്‍ ചാണ്ടി ശ്രമിച്ചതായും സുധീരന് കുറ്റപ്പെടുത്തി.
ഗ്രൂപ്പ് മാനേജര്‍മാരുടെ വെട്ടിനിരത്തലാണ് തദ്ദേശ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് ഇടയാക്കിയതെന്നും അദ്ദേഹം ആരോപിച്ചു. യുപിഎയുടെ നഷ്ടം ബിജെപിയുടെ നേട്ടമാകുന്നതായും മാണി നാളെ ബിജെപിക്കൊപ്പം പോകില്ലെന്ന് എന്തുറപ്പാണുള്ളതെന്നും സുധീരന് ആരാഞ്ഞു.
രാജ്യസഭാ സീറ്റ് വിട്ടുകൊടുത്ത് അംഗബലം കുറച്ചത് ഹിമാലയന്‍ മണ്ടത്തരമാണെന്നും സാമാന്യബുദ്ധിയും പക്വതയുമുള്ള ഒരു രാഷ്ട്രീയ നേതൃത്വത്തിനും ഇമ്മാതിരിയുള്ള ഒരു തീരുമാനം കൈക്കൊള്ളാനാകില്ലെന്നും സുധീരൻ അഭിപ്രായപ്പെട്ടു.
ആര്‍എസ്പി വന്നപ്പോള്‍ ലോക്സഭാ സീറ്റ് വിട്ടുകൊടുത്ത കാര്യം അദ്ദേഹം പരാമർശിച്ചു. ചാഞ്ചാട്ടമില്ലാത്തൊരു പാര്‍ട്ടിയാണ് ആര്എസ്പിയെന്നും എന്നാൽ മാണി ചാഞ്ചാട്ടക്കാരനാണെന്നും ഇക്കാര്യത്തില്‍ മുന്‍കരുതല്‍ എടുക്കുന്നതില്‍ കോൺഗ്രസിന് പാളിച്ചയുണ്ടായതായും സുധീരൻ ആരോപിച്ചു.
ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് രാഹുല്‍ ഗാന്ധിയുടെ പരിശ്രമങ്ങളെ ശക്തിപ്പെടുത്താനല്ല പകരം ദുര്‍ബലപ്പെടുത്താനാണ് നേതാക്കള്‍ ശ്രമിച്ചതെന്നും സങ്കുചിത താത്പര്യമാണ് അവര്‍ വച്ചു പുലര്‍ത്തുന്നതെന്നും സുധീരൻ അഭിപ്രായപ്പെട്ടു.
കോണ്‍ഗ്രസില്‍ ആരും തന്നെ ഈ സ്ഥാനത്ത് വരരുത് എന്ന ഒളി അജണ്ട മാത്രമായിരുന്നു അവര്‍ക്കുണ്ടായിരുന്നതെന്നും അതാണ് അവര്‍ നടത്തിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഗ്രൂപ്പ് രാഷ് ട്രീയത്തിന്റെ തടവറയിലാണ് നേതൃത്വമെന്നും ഗ്രൂപ്പ് വ്യത്യാസമില്ലാതെ രാഷ് ട്രീയകാര്യ സമിതിയിലും നേതൃയോഗത്തിലും സീറ്റ് വിട്ടുകൊടുക്കുന്നതിനെ എല്ലാവരും എതിര്‍ക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കുകയാണ് നേതൃത്വം ചെയ്യേണ്ടതെന്നും അതിന് പകരം പരസ്യപ്രസ്താവന പാടില്ല എന്ന ഒറ്റമൂലിയുമായി അവര്‍ ഇറങ്ങിയിരിക്കുകയാണെന്നും സുധീരൻ അഭിപ്രായപ്പെട്ടു.
പരസ്യപ്രസ്താവന കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ എന്നുമുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. മുൻപ് താന്‍ പരസ്യപ്രസ്താവന പാടില്ലെന്ന് പറഞ്ഞപ്പോള്‍ തൊട്ടു പിന്നാലെ കെപിസിസി ഓഫീസില്‍ വാര്‍ത്താസമ്മേളനം നടത്തിയത് ഇന്നത്തെ കെപിസിസി പ്രസിഡന്റായ തന്റെ അടുത്ത സുഹൃത്താണെന്നും സുധീരൻ വ്യക്തമാക്കി.
ചില കാര്യങ്ങളില്‍ പോരായ്മയുണ്ടാകുമ്പോള് പരസ്യമായി തന്നെ താന്‍ പറയുമെന്നും കോണ്‍ഗ്രസിനെ സ്നേഹിക്കുന്നവരുടെ വികാരം തിരിച്ചറിയുന്നതില്‍ ചില നേതാക്കന്മാർ പരാജയപ്പെട്ടിരിക്കുന്നതായും അദ്ദേഹം അറിയിച്ചു.
വിഴിഞ്ഞം കരാറിനെ പറ്റിയും സുധീരൻ സൂചിപ്പിച്ചു. എ ഐ സി സി യുടെ താല്പര്യത്തിന് വിരുദ്ധമായാണ് ഉമ്മൻ ചാണ്ടി വിഴിഞ്ഞം കരാറുമായി മുന്നോട്ടു പോയതെന്നും സുധീരൻ ആരോപിച്ചു.
അതേസമയം, സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യപ്രസ്താവനകള്‍ നടത്തരുതെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണെന്നും വിഎം സുധീരന് ഇന്ന് നടത്തിയ പ്രസ്താവനകളോട് പ്രതികരിക്കാനില്ലെന്നും കെപിസിസി അധ്യക്ഷന്‍ എംഎം ഹസന് വ്യക്തമാക്കി.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഒരുക്കുന്ന ഇഫ്താര്‍ വിരുന്നില്‍ പങ്കെടുക്കാനാണ് ഹസന് ഡൽഹിയിലെത്തിയത്. സുധീരന് എല്ലാ പരിധിയും ലംഘിച്ചുവെന്നും നഴ്സറി കുട്ടികളെ പോലെയാണ് സുധീരന് പെരുമാറുന്നതെന്നും കെ.സി.ജോസഫ് കുറ്റപ്പെടുത്തി.
Comments
0 comments