in

കായിക രംഗത്തെ സുസ്ഥിരതയ്ക്ക് കോര്‍പ്പറേറ്റ് നിക്ഷേപം അനിവാര്യം

തിരുവനന്തപുരം: കായിക മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിലും പരിശീലനത്തിലും ബോധവല്‍ക്കരണത്തിലും സുസ്ഥിരത കൈവരിക്കണമെങ്കില്‍ കോര്‍പ്പറേറ്റുകളുടെ നിക്ഷേപം അനിവാര്യമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
ജിമ്മി ജോര്‍ജ്ജ് സ്റ്റേഡിയത്തില്‍ നടക്കുന്ന ത്രിദിന രാജ്യാന്തര സ്പോര്‍ട്സ് പ്രദര്‍ശനത്തിന്‍റെ രണ്ടാം ദിനത്തില്‍ സ്പോര്‍ട്സ് രംഗത്തെ സ്റ്റാര്‍ട്ടപ്പുകള്‍ എന്ന വിഷയത്തെ അധികരിച്ചു നടന്ന സെമിനാറിലാണ് വിദഗ്ധര്‍ ഈ അഭിപ്രായം മുന്നോട്ട് വച്ചത്.

സാങ്കേതികവിദ്യ, കായികോപകരണങ്ങളുടെ ഉല്‍പാദനം, അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത എന്നീ മേഖലകളിലാണ് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ശോഭിക്കാനാകുകയെന്ന് സെമിനാറില്‍ മുഖ്യ പ്രഭാഷണം നടത്തിയ 360 കോര്‍പ്പറേറ്റ് ചീഫ് എക്സിക്യുട്ടീവ് ഓഫീസറും ദേശീയ ഫുട്ബോള്‍ മുന്‍താരവുമായ വരുണ്‍ ചന്ദ്രന്‍ വ്യക്തമാക്കി.

 

ഫുട്ബോളിനേയും അത്ലറ്റിക്സിനേയും കൂടുതല്‍ ജനകീയമാക്കാനായാല്‍ നിക്ഷേപം അനായാസം ലഭ്യമാകും. ബ്രസീലില്‍ സംസ്കാരത്തിന്‍റെ ഭാഗമാണ് ഫുട്ബോള്‍. അല്‍പം സ്ഥലമുണ്ടെങ്കില്‍ ഫുട്ബോള്‍ കോര്‍ട്ടുകള്‍ പണിയുന്നതിനാണ് ബ്രസീലിയൻ സർക്കാർ പ്രാധാന്യം നല്‍കുന്നത്. അപ്രകാരം ഇന്ത്യയിലും ഫുട്ബോള്‍ ജനകീയമാക്കണം. ബൃഹത് പരിപാടികളേക്കാള്‍ അടിസ്ഥാന സൗകര്യങ്ങളിലാണ് നിക്ഷേപം നടത്തേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സ്വകാര്യ നിക്ഷേപമുണ്ടെങ്കില്‍ കായികമേഖലയെ സജീവമാക്കാനും ജനകീയവല്‍ക്കരിക്കാനുമാകുമെന്ന് സ്പോര്‍ട്സ്വുഡ് സഹസ്ഥാപകനും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ അരുണ്‍ നായര്‍ വ്യക്തമാക്കി. നിലവില്‍ സ്വകാര്യ വ്യക്തികളുടെ നേതൃത്വത്തില്‍ നിരവധി ടര്‍ഫുകള്‍ സംസ്ഥാനത്ത് നിര്‍മ്മിക്കപ്പെടുന്നുണ്ട്. ഇത് കായികമേഖലയുടെ വളര്‍ച്ചയ്ക്ക് വഴിതെളിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സ്റ്റാര്‍ട്ടപ്പുകളെ നയരൂപീകരണത്തില്‍ ഉള്‍പ്പെടുത്തണമെന്ന് സെമിനാറില്‍ മോഡറേറ്ററായിരുന്ന ദ ഹിന്ദു സീനിയര്‍ കറസ്പോണ്ടന്‍റ് എ വിനോദ് ആവശ്യപ്പെട്ടു.
മുന്‍ ദേശീയ താരം ബോബി അലോഷ്യസ്, കേരള സ്പോര്‍ട്സ് കൗണ്‍സില്‍ അഡ്മിനിസ്ട്രേറ്റീവ് ബോര്‍ഡ് മെമ്പര്‍ കെ.സി ലേഖ എന്നിവരും സെമിനാറില്‍ പങ്കെടുത്തു.

സംസ്ഥാന വരുമാനത്തിന്‍റെ ഒരുശതമാനമെങ്കിലും കായികമേഖലയ്ക്കുവേണ്ടി മാറ്റിവയ്ക്കണമെന്ന് സമാപന സമ്മേളനത്തില്‍ മുഖ്യാതിഥിയായിരുന്ന കേരള പൊലീസ് മുന്‍ മേധാവിയും മുപ്പത്തഞ്ചാമത് ദേശീയ കായികമേളയുടെ ചീഫ് കമ്മീഷണറും പ്രിന്‍സിപ്പല്‍ കോഓര്‍ഡിനേറ്ററുമായിരുന്ന ജേക്കബ് പുന്നൂസ് പറഞ്ഞു. കായികേതര പരിപാടികള്‍ സ്റ്റേഡിയങ്ങളില്‍ നടത്തുമ്പോള്‍ സ്റ്റേഡിയങ്ങള്‍ക്ക് കേടുപാടുകള്‍വരാതെ ശ്രദ്ധിക്കണം.

വലിയ സ്റ്റേഡിങ്ങളല്ല അടിസ്ഥാന സൗകരങ്ങളുറപ്പുവരുത്തുന്ന ചെറിയ കളിസ്ഥലങ്ങള്‍ കേരളത്തിലെ എല്ലാ ഭാഗങ്ങളിലും ഉറപ്പാക്കണം. കൂടാതെ എല്ലാ കുടുംബങ്ങളുടേയും വിനോദമായി കായികയിനങ്ങളെ മാറ്റിയെടുക്കുന്നതിനുള്ള കായികസംസ്കാരം വളര്‍ത്തിയെടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. സ്പോര്‍ട്സ് എക്സ്പോ ഇന്ന് (ശനിയാഴ്ച) വൈകിട്ട് സമാപിക്കും.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

പരിസര കാഴ്ചകൾ വരകളിൽ വിരിയുമ്പോൾ 

ജലസേചന പദ്ധതികൾ വിപുലീകരിക്കും: മന്ത്രി