in

രാജ്യത്തെ ഏറ്റവും വലിയ സംയോജിത സ്റ്റാര്‍ട്ടപ് സമുച്ചയം കളമശ്ശേരിയിൽ

കൊച്ചി: സംസ്ഥാനത്ത് നൂതനാശയങ്ങള്‍ക്കും സംരംഭകത്വത്തിനും പരമാവധി ശക്തി പകരുക എന്ന ലക്ഷ്യത്തോടെ രാജ്യത്തെ ഏറ്റവും വലിയ സംയോജിത സ്റ്റാര്‍ട്ടപ് സമുച്ചയമായ  ഇന്‍റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ് കോംപ്ലക്സ് മുഖ്യമന്ത്രി പിണറായി വിജയന്‍ ജനുവരി 13 ഞായറാഴ്ച  കളമശ്ശേരിയിൽ ഉദ്ഘാടനം ചെയ്യും.

കേരള സ്റ്റാര്‍ട്ടപ് മിഷന്‍റെ ( കെഎസ് യുഎം) കളമശ്ശേരിയിലെ ടെക്നോളജി ഇന്നവേഷന്‍ സോണിലാണ് (ടിസ്) അന്തര്‍ ദേശീയ നിലവാരത്തില്‍ 1.80 ലക്ഷം ചതുരശ്ര അടിയില്‍ സമുച്ചയം തയാറാക്കിയിരിക്കുന്നത്. രാവിലെ 11 മണിക്ക് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ കേന്ദ്ര, സംസ്ഥാന  സര്‍ക്കാരുകളുടെ  പ്രതിനിധികള്‍ പങ്കെടുക്കും.

കെഎസ് യുഎമ്മിന്‍റെ സഹകരണത്തോടെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്‍ഡ് മാനേജ്മെന്‍റ് (ഐഐഐടിഎം-കെ) സ്ഥാപിച്ചിട്ടുള്ള മേക്കര്‍ വില്ലേജ്, ഹാര്‍ഡ്വെയര്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കായുള്ള ഇന്ത്യയിലെ ആദ്യ രാജ്യാന്തര ആക്സിലറേറ്ററായ ബ്രിങ്ക്, കാന്‍സര്‍ ചികിത്സയെക്കുറിച്ചുള്ള ഗവേഷണങ്ങള്‍ക്കായുള്ള ഇന്‍കുബേറ്ററായ ബ്രിക്, കെഎസ്യുഎം തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി (ആര്‍ജിസിബി)യുടെ സഹകരണത്തോടെ രൂപീകരിച്ച ബയോടെക് സ്റ്റാര്‍ട്ടപ്പായ ബയോനെസ്റ്റ്, യൂണിറ്റി, സേറാ തുടങ്ങിയ വ്യവസായ സ്ഥാപനങ്ങള്‍ ചേര്‍ന്ന് രൂപം നല്കിയ മികവിന്‍റെ കേന്ദ്രങ്ങള്‍ എന്നിവയാണ് ഈ  സമുച്ചയത്തില്‍ പ്രവര്‍ത്തിക്കുക.

സ്റ്റാര്‍ട്ടപ്പുകളുടെ വികസനത്തിന് ഉന്നത നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പ്രദാനം ചെയ്യാന്‍ 13.5 ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന ടെക്നോളജി ഇന്നവേഷന്‍ സോണില്‍ സ്റ്റാര്‍ട്ടപ് മേഖലയിലെ വിവിധ തലങ്ങളിലുള്ള സ്ഥാപനങ്ങളായ  ഇന്‍കുബേറ്ററുകളും ആക്സിലറേറ്ററുകളും പുത്തന്‍ സാങ്കേതികവിദ്യകളുടെ മേഖലയിലുള്ള മികവിന്‍റെ കേന്ദ്രങ്ങളും പ്രവര്‍ത്തിക്കും. സ്റ്റാര്‍ട്ടപ്പകളുടെ വളര്‍ച്ചയ്ക്കും വികസനത്തിനുമാവശ്യമായ പിന്തുണ ഈ സ്ഥാപനങ്ങള്‍ നല്‍കും.

വികസന പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ അഞ്ചുലക്ഷത്തോളം ചുതുരശ്ര അടി നിര്‍മ്മാണ മേഖലയുമായി രാജ്യത്തെ  സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സംരംഭക പരീക്ഷണത്തിനും പ്രവര്‍ത്തനത്തിനും ഉപജീവനത്തിനും വേണ്ടി സമര്‍പ്പിക്കപ്പെടുന്ന ഏറ്റവും വലിയ വര്‍ക്ക്-ലീവ്-പ്ലെ മേഖലയായി ഇതു മാറും.

വളര്‍ച്ചയുടെ വിവിധ ഘട്ടത്തിലുള്ള നൂറോളം സ്റ്റാര്‍ട്ടപ്പുകള്‍ മൂന്ന് ഇന്‍കുബേറ്ററുകളിലായി ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.  മേക്കര്‍ വില്ലേജില്‍ ആരംഭിച്ച ഇലക്ട്രോണിക്സ് ഇന്‍കുബേറ്ററില്‍ ഇലക്ട്രോണിക് ഹാര്‍ഡ് വെയര്‍ സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന 65 സ്റ്റാര്‍ട്ടപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിന്‍റെ  സഹായവും ഇതിനുണ്ട്.

ബയോനെസ്റ്റില്‍ ബയോടെക്നോളജിയിലും അനുബന്ധമേഖലയിലും ഗവേഷണങ്ങള്‍ നടത്തുന്ന 20 കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.  ബയോടെക്നോളജി ഇന്‍ഡസ്ട്രി റിസര്‍ച്ച് അസിസ്റ്റന്‍സ് കൗണ്‍സിലിന്‍റേയും കേന്ദ്ര സര്‍ക്കാരിന്‍റെ ബയോടെക് വകുപ്പിന്‍റേയും സാമ്പത്തിക സഹായം ബയോനെസ്റ്റിനുണ്ട്. വളര്‍ച്ചയുടെ ഉയര്‍ന്ന ഘട്ടത്തിലേക്ക് കടക്കുന്ന (സ്കെയില്‍ അപ്) സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ഇവിടെ 10,000 ചതുരശ്ര അടിയില്‍  സജ്ജീകരിച്ചിട്ടുള്ള പൊതു ഉദ്ദേശ ഇന്‍കുബേറ്ററില്‍ ഇരുപതിലധികം കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ടിസില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ് കമ്പനികള്‍ കഴിഞ്ഞ 12 മാസത്തെ പ്രവര്‍ത്തനങ്ങളിലൂടെ പേറ്റന്‍റിനായി 30 അപേക്ഷകള്‍ സമര്‍പ്പിച്ച്  ഇതിനെ രാജ്യത്തെ ഏറ്റവും വലിയ  ബൗദ്ധിക സ്വത്ത് അധിഷ്ഠിത ഇന്‍കുബേഷന്‍ കേന്ദ്രമാക്കി മാറ്റിയിട്ടുണ്ട്.

 അമേരിക്കയിലെ മാസച്ചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുമായി  സഹകരിച്ച് സ്ഥാപിച്ചിട്ടുള്ള ഫാബ് ലാബ്,  മേക്കര്‍ വില്ലേജിന് പുറത്തു പ്രവര്‍ത്തിക്കുന്ന ഇലക്ട്രോണിക്സ് സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കുന്നതിനായി ബൃഹത്തായ ഇലക്ട്രോണിക് സിസ്റ്റം ഡിസൈന്‍ ആന്‍ഡ് മാനുഫാക്ചറിംഗ് സൗകര്യവും (ഇഎസ്ഡിഎം) ടിസില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വിശദവിവരങ്ങള്‍ www.innovationzone.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

വസന്തോത്സവം’ ജനുവരി 11 മുതൽ 20 വരെ

ബിനാലെ ശബ് ദങ്ങള്‍ കാഴ്ചകള്‍ പോലെ തന്നെ ശക്തം: അടൂര്‍