വ്യത്യസ്ത ജീവിത വീക്ഷണവുമായി സൈറസ് കബീറു 

കൊച്ചി: ആഫ്രിക്കന്‍ രാജ്യമായ കെനിയയുടെ തലസ്ഥാനമായ നെയ്റോബിയിലെ ചേരിയില്‍ വളര്‍ന്ന സൈറസ് കബീറു എന്ന കലാകാരന് മാലിന്യവും പാഴ് വസ്തുക്കളും ജീവിതത്തിന്‍റെ ഭാഗമാണ്. ഈ പാഴ് വസ്തുക്കള്‍ കൊണ്ട് കണ്ണടകള്‍ ഉണ്ടാക്കിയാണ് തന്‍റെ സ്വത:സിദ്ധമായ കലാവാസന കബീറു പ്രദര്‍ശിപ്പിക്കുന്നത്. കൊച്ചി-മുസിരിസ് ബിനാലെയിലെ ഏറെ കൗതുകം ഉളവാക്കുന്ന പ്രദര്‍ശനങ്ങളിലൊന്നാണിത്.

എല്ലാ ദിവസവും സൈറസ് കബീറു ഉറക്കമുണരുന്നത് കിടപ്പു മുറിയുടെ ജനാലയ്ക്ക് വെളിയില്‍ തള്ളുന്ന മാലിന്യത്തിന്‍റെ ശബ്ദം കേട്ടിട്ടാണ്. മാലിന്യവും പാഴ്വസ്തുക്കളും തനിക്കേറെ ഇഷ്ടമാണെന്ന് കബീറു പറഞ്ഞു. ഉപേക്ഷിക്കപ്പെട്ടതിനെ വീണ്ടും മനോഹരമാക്കാന്‍ കിട്ടുന്ന അവസരമായാണ് ഇതിനെ കാണുന്നത്.

ഇലക്ട്രോണിക്സ് പാഴ്വസ്തുക്കള്‍ കൊണ്ട് കണ്ണട ഉണ്ടാക്കുകയാണ് കബീറു ചെയ്യുന്നത്. ഏറെ കൗതുകകരമാണ് ഈ സൃഷ്ടികള്‍. ഈ വസ്തുക്കള്‍ കൊണ്ടുണ്ടാക്കിയ കണ്ണടകള്‍ സ്വയം വച്ച് ഫോട്ടോയെടുത്ത് പ്രദര്‍ശിപ്പിച്ചതാണ് കബീറുവിന്‍റെ പ്രതിഷ്ഠാപനം. ലോകം വിവിധ ഉത്പന്നങ്ങള്‍ കൊണ്ടുണ്ടാക്കിയ ഫ്രെയിമിലെ പ്ലാസ്റ്റിക്ക് ഗ്ലാസിലൂടെയാണ്  കാണുന്നത്. ഈ കാഴ്ചയാണ് താന്‍ മാറ്റാനുദ്ദേശിക്കുന്നതെന്ന് കബീറു പറഞ്ഞു.

നയ്റോബിയിലെ യുവജനതയുടെ വീക്ഷണവും മനോഭാവവും ഒപ്പിയെടുക്കുന്നതാണ് ഈ പ്രതിഷ്ഠാപനമെന്ന് കബീറു പറഞ്ഞു. ഇവരുടെ സാംസ്ക്കാരിക മൂല്യം, സാമര്‍ത്ഥ്യം, വിഭവശേഷി എന്നിവ വരച്ച് കാട്ടിയിരിക്കുന്നു.

ആഫ്രിക്കയുടെ ഭാവിയിലെ പരിണാമമാണ് കബീറുവിന്‍റെ കലാസൃഷ്ടികളുടെ പ്രത്യേകത. ആഫ്രിക്കയുടെ കണ്ണിലൂടെയാണ് കബീറു ഉണ്ടാക്കിയ കണ്ണടയിലെ ദൃശ്യങ്ങള്‍. ശാസ്ത്രകഥ, മനോരാജ്യം, ചരിത്ര കഥ എന്നിവയുടെ മിശ്രണമാണിത്. ഉണ്ടാക്കിയ കണ്ണട ധരിക്കുന്നതിനു മുമ്പ് താന്‍ സൈറസാണ്. എന്നാല്‍ കണ്ണട ധരിച്ചു കഴിഞ്ഞാല്‍ മറ്റൊരാളായി മാറും.

ഈ കണ്ണടയിലൂടെ കാണുന്നത് വ്യത്യസ്തമായ വീക്ഷണമാണ്.  രണ്ട് ഗ്ലാസുകള്‍ എങ്ങിനെയാണ് മനുഷ്യന്‍റെ വീക്ഷണത്തെ സ്വാധീനിക്കുന്നതെന്ന് ഇതിലൂടെ മനസിലാകും. സ്വന്തം ആഫ്രിക്കന്‍ നഗരത്തിന്‍റെയും താന്‍ സഞ്ചരിച്ച വിവിധ ദേശങ്ങളുടെയും കഥ കൂടിയാണ് കബീറു സൃഷ്ടിക്കുന്നത്. ഇത് ഒരു തരത്തില്‍ കബീറുവിന്‍റെ സ്വപ്നങ്ങള്‍ കൂടിയാണ്. കുട്ടിയായിരിക്കുമ്പോള്‍ യഥാര്‍ത്ഥ കണ്ണട കിട്ടാനായി താന്‍ ഏറെ കൊതിച്ചിട്ടുണ്ട്. എന്നാല്‍ അച്ഛന്‍ ഒരിക്കലും ഇത് വാങ്ങിത്തന്നിട്ടില്ല. കലാസൃഷ്ടിയായി കണ്ണട നിര്‍മ്മിക്കാനുള്ള പ്രധാന കാരണം ഇതാണെന്ന് കബീറു പറഞ്ഞു.

ഇന്ന് ലോകത്തിന് ഏറ്റവും വലിയ ഭീഷണിയാണ് ഇലക്ട്രോണിക് മാലിന്യങ്ങളെന്ന് കബീറു പറഞ്ഞു. ഇതിനെ പുനരുപയോഗിക്കാന്‍ നാം പഠിക്കേണ്ടിയിരിക്കുന്നു. ഈ ചിന്തയില്‍ നിന്നാണ് ഇലക്ട്രോണിക് മാലിന്യത്തില്‍ നിന്ന് കലാസൃഷ്ടികള്‍ ഉണ്ടാക്കാനുള്ള പ്രചോദനം ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

സ്പോര്‍ട്സ് സമുച്ചയത്തിന്‍റേയും ഫെസിലിറ്റി സെന്‍ററിന്‍റേയും നിര്‍മ്മാണോദ്ഘാടനം വ്യാഴാഴ്ച

ചെറുകിട വ്യവസായങ്ങള്‍ക്ക് അനന്ത സാധ്യതകള്‍ വാഗ്ദാനം ചെയ്ത് കേന്ദ്രസര്‍ക്കാര്‍