ന്യൂയോർക് സിറ്റിയിൽ ആദ്യമായി ദളിത് ചലച്ചിത്ര മേള 

ന്യൂയോർക്: അമേരിക്കൻ ഐക്യനാടുകളിലും കാനഡയിലുമുള്ള ദളിത് അംബേദ്‌കർ ഗ്രൂപ്പുകളും  സംഘടനകളും ന്യൂയോർക്ക് സിറ്റിയിൽ ദളിത് ചലച്ചിത്രോത്സവം നടത്തുന്നു.  ദളിത് ജീവിതാനുഭവങ്ങളുടെ സർഗാത്മകമായ ആവിഷ്ക്കാരങ്ങളെ ലോകത്തിനു മുൻപിൽ അവതരിപ്പിക്കുകയാണ് ലക്ഷ്യം. ജീവിതം, അന്തസ്സ്,  സ്വാതന്ത്ര്യം  എന്നീ ആശയങ്ങളെ മുൻനിർത്തിയുള്ള രചനകൾ  മേളയുടെ ഭാഗമാകും. ഇതേ ആശയപരിസരങ്ങളിൽ നിന്നുള്ള സംവാദാത്മകമായ മുന്നേറ്റങ്ങൾക്ക് മേള പ്രചോദനമാകും. അമേരിക്കയിലെ അംബേദ്കറൈറ്റ് ഗ്രൂപ്പുകളെല്ലാം ഒന്നിച്ചാണ് മേള സംഘടിപ്പിക്കുന്നത്. ഫെബ്രുവരി 23,24 തിയ്യതികളിലായി നടക്കുന്ന  പരിപാടി  അംബേദ്‌കർ- ബുദ്ധിസ്റ്റ് സംഘടനകളുടെ  സമാഗമ വേദികൂടിയായി മാറും.

പോപ്പുലർ കലാപ്രകടനങ്ങളുടെ വ്യാപനത്തിനിടയിൽ പിന്തള്ളപ്പെട്ടുപോയ ദളിത് കലാരൂപങ്ങളുടെ പുനരുജ്ജീവനവും മേള ലക്ഷ്യമാക്കുന്നുണ്ട്. മുഖ്യ ധാരാ ഇന്ത്യൻ, തെക്കനേഷ്യൻ സിനിമാ വ്യവഹാരങ്ങളിൽ  ഇടം പിടിച്ചിട്ടില്ലാത്ത വൈവിധ്യപൂർണമായ ദളിത്, പിന്നാക്ക, അധഃസ്ഥിത  ജീവിതാനുഭവങ്ങളെ ആവിഷ്കരിക്കാനുള്ള ഇടം മേള  രൂപപ്പെടുത്തും. സിനിമയടക്കമുള്ള പോപ്പുലർ ജനപ്രിയ മാധ്യമങ്ങളെ  ഉപയോഗപ്പെടുത്തി ദളിതരും അധഃസ്ഥിതരുമായ ജനവിഭാഗങ്ങളുമായി ഐക്യപ്പെടാനുള്ള മാർഗം കൂടിയാണ് തുറക്കപ്പെടുന്നത്.

 

ജാതി, വർഗം എന്നീ  ആശയങ്ങളെ ആധാരമാക്കിയുള്ള ദളിത് ചലച്ചിത്ര പ്രവർത്തകരുടെ രചനകളാണ് മുഖ്യമായും മേളയിൽ ഇടം പിടിക്കുക. ചലച്ചിത്രങ്ങൾക്കൊപ്പം  ഡോക്യുമെന്ററികളും  മേളയിൽ പ്രദർശിപ്പിക്കും. മസാൻ, ഫാൻഡ്രി, കാല എന്നീ ചിത്രങ്ങൾ ഷെഡ്യൂളിൽ  ഇടം പിടിച്ചിട്ടുണ്ട്. പ്രശസ്ത തമിഴ് ഡോക്യുമെന്ററി മേക്കറായ ദിവ്യഭാരതിയുടെ കക്കൂസ്, രോഹിത് വെമുലയുടെ മരണത്തെ തുടർന്ന് ദീപ ധൻരാജ് സംവിധാനം  ചെയ്ത ‘ മരിക്കാൻ വേണ്ടിയല്ല ഞങ്ങളിവിടെ വന്നിരിക്കുന്നത് ‘ എന്നീ ചിത്രങ്ങളും പ്രദർശിപ്പിക്കുന്നുണ്ട്. ദളിത് ചിത്രകാരന്മാർ, എഴുത്തുകാർ, ഫോട്ടോഗ്രാഫേഴ്സ് എന്നിവരുടെ രചനകളും മേളയിൽ പ്രദർശിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

തിരുവനന്തപുരം മെഡിക്കല്‍ കോളേജിൽ  10 നൂതന സംവിധാനങ്ങള്‍

കോക്കോണിക്സ് ലാപ്‌ടോപ്പുകളുടെ ആദ്യനിര ഡൽഹി ഇലക്ട്രോണിക്സ് ഉല്പന്ന ഉച്ചകോടിയിൽ അവതരിപ്പിച്ചു