
അമൃത്സര്‍: ഇറാഖിൽ ഐഎസ് ഭീകരന്മാർ വധിച്ച 38 ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ ( dead bodies ) ബാഗ്‌ദാദിൽ നിന്ന് ഇന്ത്യയിലെത്തിച്ചു. ഇന്ന് മൂന്നു മണിയോടെ മൃതദേഹങ്ങള്‍ വഹിച്ചു കൊണ്ടുള്ള പ്രത്യേക വിമാനം അമൃത്സര്‍ വിമാനത്താവളത്തില്‍ ഇറങ്ങി.
കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ. സിങ്ങിന്‍റെ നേതൃത്വത്തിലുള്ള കേന്ദ്രസംഘം ഇറാഖിലെ മൊസൂളിലെത്തിയാണ് പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തീകരിച്ച് ഫ്രീസറില്‍ സൂക്ഷിച്ചിരുന്ന 39 മൃതദേഹങ്ങളില്‍ 38 എണ്ണം ഏറ്റുവാങ്ങിയത്.
ഡി.എന്‍.എ പരിശോധനയില്‍ തീര്‍പ്പാകാത്തതിനാല്‍ ഒരാളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്ന് അധികൃതർ വ്യക്തമാക്കി. ഇന്ത്യയിലെത്തിച്ച മൃതദേഹങ്ങള്‍ പ്രത്യേക ആംബുലന്‍സുകളില്‍ ഉടൻ തന്നെ കുടുംബാംഗങ്ങളുടെ അടുത്തെത്തിക്കുമെന്ന് അധികൃതർ അറിയിച്ചു.
മൃതദേഹങ്ങള്‍ കണ്ടെത്താനും ഡി.എന്‍.എ പരിശോധന നടത്തി ഇന്ത്യയില്‍ തിരിച്ചെത്തിക്കാനും ഇറാഖ് സര്‍ക്കാര്‍ നല്‍കിയ സഹായത്തിന് വി.കെ.സിംഗ് നന്ദി പറഞ്ഞു. കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്കുള്ള സര്‍ക്കാറിന്‍റെ ധനസഹായം ഇന്ന് പ്രഖ്യാപിക്കുമെന്ന് വി.കെ. സിംഗ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മൊസൂളിന് സമീപം ആരംഭിച്ച പദ്ധതിയില്‍ ജോലി ചെയ്യുന്നതിനാണ് പഞ്ചാബ്, പശ്ചിമ ബംഗാൾ, ഹരിയാന, ഹിമാചല്‍ പ്രദേശ്, ബീഹാർ എന്നീ സംസ്ഥാങ്ങളിൽ നിന്നുള്ള 40 ഇന്ത്യാക്കാർ ഇറാഖിലെത്തിയത്. എന്നാൽ പിന്നീട് ഇവരെ കാണാതാവുകയായിരുന്നു.
2014-ൽ മൊസൂളിൽ നിന്ന് ഭീകരർ ബന്ദികളാക്കി തട്ടിക്കൊണ്ടു പോയ 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി മാര്‍ച്ച് 20നാണ് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് രാജ്യസഭയിൽ അറിയിച്ചത്. ഭീകരര്‍ തട്ടിക്കൊണ്ടു പോയ 40 പേരില്‍ പഞ്ചാബ് സ്വദേശി ഹര്‍ജിത് മാസി മാത്രമാണ് രക്ഷപ്പെട്ടത്.
ഐസിസില്‍ നിന്ന് ഇറാഖി സേന തിരിച്ചു പിടിച്ച മൊസൂളിലെ ബാദുഷ് പ്രവിശ്യയിലാണ് ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മണ്‍കൂനയില്‍ ജഡങ്ങള്‍ കൂട്ടത്തോടെ മറവ് ചെയ്‌ത നിലയിലായിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
റഡാര്‍ ഉപയോഗിച്ച് മണ്ണിനടിയില്‍ നടത്തിയ പരിശോധനയില്‍ മുടി, വസ്‌ത്രങ്ങള്‍, ചെരുപ്പുകള്‍, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ കണ്ടെത്തിയതിനെ തുടര്‍ന്ന് മാര്‍ട്ടിയര്‍ ഫൗണ്ടേഷന്റെ സഹായത്തോടെ കഴിഞ്ഞ ഒക്‌ടോബറില്‍ ഇന്ത്യയിലെ ബന്ധുക്കളുടെ ഡി.എന്‍.എ ശേഖരിച്ച് പരിശോധന നടത്തിയാണ് മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞത്.
38 പേരുടെയും ഡി.എന്‍.എ 100 ശതമാനം യോജിച്ചു. എന്നാൽ ഒരാളുടെ ഡി.എന്‍.എ സാമ്പിള്‍ 70 ശതമാനം മാത്രമാണ് യോജിച്ചത്. കാണാതായ 39 ഇന്ത്യക്കാരുടെ കാര്യത്തില്‍ നാല് വര്‍ഷമായി അനിശ്ചിതത്വം നിലനില്‍ക്കുകയായിരുന്നു.
എന്നാൽ അപ്പോഴെല്ലാം ഇവര്‍ ജീവനോടെയുണ്ടെന്നും ഇവരെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നുമാണ് സര്‍ക്കാര്‍ മറുപടി നല്‍കിയത്. കാണാതായ ഇന്ത്യക്കാര്‍ ഇറാഖിലെ ബാദുഷ് ജയിലില്‍ ഉണ്ടെന്ന് ഇവരുടെ ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെ സുഷമാ സ്വരാജ് നേരത്തെ അറിയിച്ചിരുന്നു.