in ,

അനില്‍ ആന്റണിയുടെ നിയമനത്തിൽ എന്താണ് തെറ്റ്?: ഡീന്‍ കുര്യാക്കോസ്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയെ കെ.പി.സി.സി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനറായി നിയമിച്ചതില്‍ എന്താണ് തെറ്റെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ്. അനിലിന്റേത് ഒരു രാഷ്ട്രീയ നിയമനമല്ല. അതിനെ യൂത്ത് കോണ്‍ ഗ്രസ് തള്ളിക്കളയാനുമില്ല.

ഒരു സാങ്കേതിക വിഭാഗത്തിന്റെ ചുമതല അനില്‍ ആന്റണിക്ക് നല്‍കിയതിന്റെ പേരില്‍ യൂത്ത് കോണ്‍ഗ്രസിനുള്ളില്‍ ഭിന്നതയുണ്ടെന്ന് പറയുന്നത് ശരിയല്ല. ഒരു വ്യക്തിയെന്ന നിലയില്‍ അനിലിന് രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ അവകാശമുണ്ട്. മക്കള്‍ രാഷ്ട്രീയത്തെ പൂര്‍ണമായും തള്ളിക്കളയാനാവില്ല. പിതാവ് പ്രമുഖ നേതാവാണെന്ന് കരുതി മക്കള്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തരുതെന്ന് പറയാനാകുമോ? ഏതെങ്കിലും തരത്തില്‍ അദ്ദേഹം രാഷ്ട്രീയത്തില്‍ വന്നാല്‍ അതിനെ ആര്‍ക്കും തടയാനാവില്ലെന്നും ഡീന്‍ ബി ലൈവ് ന്യൂസിനോട് പറഞ്ഞു .

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കണം. നിശ്ചിത അവസരങ്ങള്‍ കിട്ടിയ ആളുകളെ മാറ്റി നിര്‍ത്തണം. നോണ്‍ സിറ്റിങ് സീറ്റുകളില്‍ മാത്രമല്ല, സിറ്റിങ് സീറ്റുകളിലും യുവാക്കളെ പരിഗണിക്കണം. പുതിയ തലമുറയുടെ വീക്ഷണങ്ങള്‍ അവതരിപ്പിക്കാന്‍ കഴിയണമെങ്കില്‍ യുവാക്കളുടെ ഒരു നേതൃത്വവും പങ്കാളിത്തവും ആവശ്യമുണ്ട്. പാര്‍ട്ടി അതനുസരിച്ച് നിലപാട് കൈക്കൊള്ളണം.സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ മറ്റുള്ളവര്‍ക്ക് നല്‍കുന്ന അതേ പരിഗണന പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും നല്‍കണമെന്നും ഡീന്‍ ആവശ്യപ്പെട്ടു.

മുന്നോക്ക വിഭാഗങ്ങളിലെ പിന്നോക്കക്കാര്‍ക്ക് സാമ്പത്തിക സംവരണം നല്‍കണം എന്നു തന്നെയാണ് യൂത്ത് കോണ്‍ഗ്രസിന്റെ നിലപാട്. ജാതി സംവരണമാണ് വേണ്ടതെന്ന് വി.ടി.ബല്‍റാം എം എല്‍ എ പറയുന്നത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണ്. അതിനോട് യോജിക്കാനാവില്ല.എന്നാല്‍ ബി ജെ പിയുടെ നീക്കങ്ങള്‍ സംശയാസ്പദമാണ്. മുന്‍പ് പാര്‍ലമെന്റില്‍ കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ ചോദ്യത്തോട് പ്രതികരിക്കാന്‍ പോലും ബി ജെ പി നേതാക്കള്‍ മടിച്ചു. തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് ബില്ല് കൊണ്ടുവരാനുള്ള നീക്കം രാഷ്ട്രീയ ദുരുദ്ദേശത്തോടെയാണെന്നും ഡീന്‍ കുറ്റപ്പെടുത്തി.

വലിയ പാരിസ്ഥിതിക ആഘാതം നേരിടുന്ന ആലപ്പാട്, ഖനനം അനുവദിക്കരുത് എന്നത് തന്നെയാണ് യൂത്ത് കോണ്‍ഗ്രസ് നിലപാട്. പത്ത് വര്‍ഷം മുന്‍പു തന്നെ ജനകീയ സമിതിക്ക് പിന്തുണ നല്‍കിക്കൊണ്ട് സംഘടന സമരം നടത്തിയിട്ടുണ്ട്. ആലപ്പാട് മേഖലയിലും അടുത്തു കിടക്കുന്ന ആലപ്പുഴ ജില്ലയിലെ തീരപ്രദേശങ്ങളിലുമെല്ലാം യൂത്ത് കോണ്‍ഗ്രസ് സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്.

ഖനനം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ചവറയില്‍ നിന്നും സെക്രട്ടേറിയറ്റിലേക്ക് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സൈക്കിള്‍ റാലി നടത്തിയിരുന്നു. ഇപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ആര്‍ മഹേഷ് റിലേ സത്യാഗ്രഹത്തില്‍ പങ്കെടുത്തു.

വളരെക്കുറച്ച് സ്ഥലം മാത്രമേ ഇനി കടലെടുക്കാനുള്ളൂ. അടിയന്തരമായി ഖ ന നം നിര്‍ത്തുകയാണ് ആവശ്യം.പൊതുമേഖലയെ തകര്‍ക്കാനുള്ള ശ്രമം നടക്കുന്നു എന്ന സര്‍ക്കാര്‍ വാദം ശരിയല്ല. അവിടെ ജനങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയുന്നില്ല. ഒരു ചര്‍ച്ചയിലേക്ക് സര്‍ക്കാര്‍ എത്തിയെങ്കില്‍ അത് ജനകീയ സമ്മര്‍ദ്ദത്തിന്റെ ഫലമാണ്. ഖനനം നിര്‍ത്തിക്കൊണ്ടാവണം ജനകീയ സര്‍ക്കാര്‍ തീരുമാനങ്ങള്‍ എടുക്കേണ്ടതെന്നും ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

സുജ സൂസൻ ജോർജിന്റെ ‘എക്സിബിഷനിസ്റ്റ്’ പ്രയോഗത്തിനെതിരെ ജെ ദേവിക 

ആലപ്പാട് ഖനനം: തദ്ദേശ വാസികളുടെ ആശങ്കകള്‍ പരിഹരിക്കണമെന്ന് മുഖ്യമന്ത്രിയോട് രമേശ് ചെന്നിത്തല