വധശിക്ഷ ഫലപ്രദമായ ശിക്ഷാരീതിയല്ല

പന്ത്രണ്ടിൽ താഴെ പ്രായമുള്ള പെൺകുട്ടികളെ ബലാൽസംഗം ചെയ്യുന്നവർക്ക് വധശിക്ഷ  വ്യവസ്ഥ ചെയ്യുന്ന ബിൽ കേന്ദ്ര സർക്കാർ  ഇന്നലെ പാർലമെന്റിൽ അവതരിപ്പിച്ചു. കുട്ടികൾക്കെതിരെയുള്ള ലൈംഗിക  കുറ്റ കൃത്യങ്ങൾ രാജ്യത്ത്  വർധിച്ചു വരുന്ന പശ്ചാത്തലത്തിലാണ് പ്രസ്തുത ബിൽ നിയമമാക്കാനൊരുങ്ങുന്നത്. ജമ്മുകശ്‍മീരിലെ കത്വയിലും ഉത്തർപ്രദേശിലെ ഉന്നാവോയിലും ചെറിയ  കുട്ടികൾ  ഭീകരമായി ആക്രമിക്കപ്പെടുകയും ബലാൽസംഗത്തിനിരയാവുകയും ചെയ്തത് രാജ്യത്ത് വൻ പ്രതിഷേധങ്ങൾക്കിടയാക്കി. കത്വ-ഉന്നാവോ സംഭവങ്ങളിൽ  ജനരോഷം അണപൊട്ടിയൊഴുകി. നിർഭയ സംഭവത്തിനു ശേഷം  രാജ്യത്ത്  ഇത്രയേറെ ചർച്ചചെയ്യപ്പെട്ട  കുറ്റകൃത്യങ്ങളില്ല. കത്വയിലെ കുട്ടി ദിവസങ്ങളോളമാണ് ഭീകരമായ  പീഡനത്തിനിരയാവുന്നതും  കൊല്ലപ്പെടുന്നതും.  നിയമം പാർലമെന്റിൽ  പാസ്സാക്കുന്നതോടെ ബാലികാ ബലാൽസംഗങ്ങൾക്ക്  കാപിറ്റൽ പണിഷ്മെന്റ് നൽകുന്ന പതിനാലാമത്തെ രാജ്യമായി ഇന്ത്യ മാറും. 

ബില്ലിനെതിരെ രാജ്യത്ത് പലതലങ്ങളിൽ  ചർച്ചകൾ നടക്കുന്നുണ്ട്. വധശിക്ഷക്കെതിരെ നിലകൊള്ളുന്നവരിൽ നിന്നാണ് ഏറ്റവുമധികം എതിർപ്പുകൾ ഉയർന്നു വരുന്നത്. ഒരു പരിഷ്കൃത സമൂഹത്തിനു ചേർന്നതല്ല  വധശിക്ഷ യെന്നും ഇക്കാര്യത്തിൽ  ലോകം മുഴുവനും  ഉയർന്നുവരുന്ന  എതിർ ശബ്ദങ്ങൾ നാം  കേൾക്കേണ്ടതുണ്ടെന്നും അവർ പറയുന്നു. വധശിക്ഷ ഒഴിവാക്കുന്ന രാജ്യങ്ങളുടെ എണ്ണം  ലോകത്ത് വർധിക്കുകയാണ്. ആംനെസ്റ്റിയുടെ ഏറ്റവും പുതിയ കണക്കനുസരിച്ച് 140 രാജ്യങ്ങളിൽ വധശിക്ഷ  റദ്ദാക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. മധ്യപൗരസ്ത്യ ദേശങ്ങൾ പോലെ തലവെട്ട്,  കല്ലെറിഞ്ഞു കൊല്ലൽ  തുടങ്ങി പ്രാകൃതമായ ശിക്ഷാവിധികൾ തുടരുന്ന രാജ്യങ്ങളെ  മാറ്റി നിർത്തിയാൽ, വധശിക്ഷ നിലവിൽ ഉണ്ടായിരുന്ന രാജ്യങ്ങളിൽ പലതും കൊടും കുറ്റവാളികളെ  ജീവിതകാലം മുഴുവൻ തടവിലിടുന്ന ശിക്ഷാവിധിയിലേക്ക് മാറിക്കഴിഞ്ഞു. കുറ്റവാളികളെ  ഇല്ലായ്മ ചെയ്തതുകൊണ്ട് കുറ്റകൃത്യങ്ങളെ  ‘അറസ്റ്റ് ‘ ചെയ്യാം എന്നത് തെറ്റായ ധാരണയാണെന്നും ഒരു  ജനാധിപത്യ സമൂഹത്തിൽ അതിനു സ്ഥാനമില്ലെന്നും വധശിക്ഷാ വിധിക്കെതിരെ നിലകൊള്ളുന്നവർ പറയുന്നു. പരിഷ്കൃത സമൂഹത്തിൽ  കാലങ്ങളായി നടന്നുവരുന്ന സംവാദങ്ങളെല്ലാം എത്തിനിൽക്കുന്നത് ഈ ശിക്ഷാവിധിക്കെതിരെയാണ്.  കുറ്റകൃത്യത്തെ കാണാതെ കുറ്റവാളിയെ മാത്രം കണക്കിലെടുക്കുന്നതും, കറക്ഷണൽ ഫോഴ്‌സ് ആയി ഒരു നിലക്കും മാറാത്തതുമായ പ്രാകൃത രീതികൾ ഭരണകൂടങ്ങൾ കയ്യൊഴിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നാണ് വാദം. പൗരന്മാരുടെ ജീവനെടുക്കുവാൻ  ഒരു ഭരണകൂടത്തിനും അവകാശമില്ലെന്നും, ഒരു കുറ്റകൃത്യത്തെ നേരിടേണ്ടത് അതിനേക്കാൾ വലിയൊരു  കുറ്റകൃത്യം കൊണ്ടല്ലെന്നും അവർ വാദിക്കുന്നു. ഏതാനും ചില വികസിത മുതലാളിത്ത രാഷ്ട്രങ്ങളിലും ചൈന, ഉത്തര കൊറിയ പോലുള്ള  കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങളിലും മാത്രമാണ് നിലവിൽ  വധശിക്ഷയുള്ളത്. കുറ്റകൃത്യങ്ങൾ ഉണ്ടാകാനും വളർന്നു പെരുകാനും വളം വെച്ചുകൊടുക്കുന്ന മുഴുവൻ സാഹചര്യങ്ങളും ഒരു സമൂഹത്തിൽ  നിലനിൽക്കുകയും വ്യവസ്ഥയപ്പാടെ അതിനെ പൊതിഞ്ഞു സംരക്ഷിക്കുകയും ചെയ്യുമ്പോൾ  വധശിക്ഷ പോലുള്ള ഭീകരവും തിരുത്തലുകൾക്ക് സാധ്യത ഇല്ലാത്തതും അടഞ്ഞതും അശാസ്ത്രീയവും മനുഷ്യത്വവിരുദ്ധവും ആയ ഒരു ശിക്ഷാവിധി നിയമ പുസ്തകങ്ങളിൽ നിന്ന് എടുത്തുകളയണം എന്നാണ് ആവശ്യം. എന്നാൽ, കൊടും കുറ്റവാളികൾക്ക് വധശിക്ഷയിൽ കുറഞ്ഞൊന്നും പോരെന്ന്  മുറവിളി കൂട്ടുന്ന ഒരു പൊതു സമൂഹം ഇവിടെയുണ്ട്.  “സാമൂഹ്യ മനസാക്ഷിയെ തൃപ്തിപ്പെടുത്തുവാൻ മാത്രമായി” കുറ്റവാളികൾക്ക് വധശിക്ഷ വിധിക്കുന്നത്‌ പരമോന്നത  നീതിന്യായ സംവിധാനങ്ങൾ തന്നെയാണ്. ഒന്നല്ല ഒരായിരം തവണ തൂക്കിക്കൊന്നാലും തൃപ്തിവരാത്ത  സാമൂഹ്യ മനഃസാക്ഷിയാണത്. 

പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരെയുള്ള ബലാൽസംഗങ്ങൾ ഗണ്യമായി വർദ്ധിച്ചു വരുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഈ പശ്ചാത്തലത്തിലാണത്രെ കേന്ദ്ര സർക്കാർ പന്ത്രണ്ടിൽ താഴെ പ്രായമുള്ള പെൺകുട്ടികളെ ബലാൽസംഗം ചെയ്യുന്ന കുറ്റവാളികൾക്ക് വധശിക്ഷ വ്യവസ്ഥ ചെയ്യുന്ന ബിൽ കൊണ്ടുവരുന്നത്. ഇതോടെ പെൺകുട്ടികളെ ബലാൽസംഗം ചെയ്യുന്നവരെ വധശിക്ഷക്ക് വിധേയമാക്കുന്ന പതിനാലാമത്തെ രാജ്യമാകും ഇന്ത്യ.

ബലാൽസംഗത്തിന് വധശിക്ഷ ഉറപ്പാക്കുന്നതോടെ വലിയ ആശങ്കകളും ഉയർന്ന് വന്നിട്ടുണ്ട്. അത് ക്രൂരതക്ക് വിധേയമാക്കപ്പെടുന്ന കുട്ടികളെ കൊന്നുകളയാനുള്ള സാധ്യതയെക്കുറിച്ചാണ്. പലപ്പോഴും ഇങ്ങിനെയുള്ള കേസ്സുകളിൽ ഏക സാക്ഷികൾ ഇരകളാക്കപ്പെടുന്ന കുട്ടികൾ മാത്രമായിരിക്കുമല്ലോ.

കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ്‌ ശിക്ഷിക്കപ്പെടുന്നതെങ്കിലും ഇന്ത്യയിലെ വർണ-ജാതി വ്യവസ്ഥയുടെ അടിസ്ഥാനത്തിലുള്ള സാമൂഹ്യ പദവി ശിക്ഷാവിധികളെ നേരിട്ടു സ്വാധീനിക്കുക തന്നെ ചെയ്യും. ആസിഫ സംഭവത്തിൽ തന്നെ പ്രതികളെ സംരക്ഷിക്കാൻ അഭിഭാഷക സമൂഹവും സംഘപരിവാർ സംഘടനകളും പ്രത്യക്ഷത്തിൽ തന്നെ രംഗത്തിറങ്ങിയത് ഇക്കാര്യത്തിൽ പരിഗണിക്കപ്പെടേണ്ട വിഷയമാണ്.

ഇന്ത്യയിൽ ഇതര കുറ്റങ്ങൾക്ക് വധശിക്ഷ നൽകപ്പെടുന്നവരിൽ ഭൂരിഭാഗവും ദലിതുകളും മുസ്ലിങ്ങളുമടങ്ങുന്ന ജനവിഭാഗങ്ങളാണെന്ന വസ്തുതകൾ കൂടി ഇതിനോടു് ചേർത്ത് വായിക്കേണ്ടതുണ്ട്.  അമേരിക്കയിലേയും പല മൂന്നാം ലോകരാജ്യങ്ങളിലേയും വധശിക്ഷക്കു പിന്നിൽ വർണവിവേചനത്തിന്റേയും വംശീയതയുടേയുമൊക്കെ മുദ്രകൾ പേറുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

വധശിക്ഷക്കെതിരെ  ലോക മനസ്സാക്ഷി തന്നെ ഉണർന്നു കഴിഞ്ഞിരിക്കുന്ന സന്ദർഭമാണിത്. ആംനെസ്റ്റിയുടെ ഏറ്റവും പുതിയ കണക്കനുസരിച്ച് 140 രാജ്യങ്ങളിൽ വധശിക്ഷ തന്നെ റദ്ദാക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു.

പത്തൊമ്പതാം നൂറ്റാണ്ടിൽ യൂറോപ്പിൽ ഉണ്ടായ ജനാധിപത്യ പ്രസ്ഥാനങ്ങളും തൊഴിലാളി വർഗ മുന്നേറ്റങ്ങളും വധശിക്ഷക്കെതിരെയുള്ള മനോഭാവം ഉയർത്തിക്കൊണ്ടുവരികയുണ്ടായി. അങ്ങിനെ 1889 ൽ ഇറ്റലിയിൽ വധശിക്ഷ തന്നെ റദ്ദാക്കപ്പെടുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട്  മുസ്സോളിനി അത് തിരിച്ചു കൊണ്ടുവന്നു. ദണ്ഡ നീതിക്ക് പകരം കുറ്റവാളികൾക്ക് തെറ്റ് തിരുത്താനുള്ള  ശിക്ഷണമാണ് കൊടുക്കേണ്ടത് എന്ന് യൂറോപ്യൻ ജനത തിരിച്ചറിയുന്നത് 1940 കളിൽ ആണ്. ഫാസിസം പരാജയപ്പെട്ടതും ജനാധിപത്യാവബോധത്തിന്റെ വ്യാപനവും വധശിക്ഷക്കെതിരെയുള്ള മനോഭാവം വ്യാപകമായി ഉയർന്ന് വരാൻ ഇടയാക്കി. ഇതിലൂടെ യൂറോപ്യൻ ജനതക്ക്  മനുഷ്യാവകാശ സംരക്ഷകർ എന്ന നിലക്ക് തങ്ങളെ തന്നെ പുനർ നിർവ്വചിക്കേണ്ടതായി വന്നു. ബഹു ഭൂരിപക്ഷം യൂറോപ്യൻ രാജ്യങ്ങളിലും അങ്ങിനെ വധശിക്ഷ നിർമാർജനം ചെയ്യപ്പെട്ടു.

കുറ്റവാളികളെ സൃഷ്ടിക്കുന്ന സാമൂഹ്യ സാഹചര്യങ്ങളെ ഇല്ലാതാക്കുന്ന നയങ്ങളാണ് മാവോയുടെ ചൈന പിൻതുടർന്നത് . എന്നാൽ മുതലാളിത്തം അധികാരം പിടിച്ചെടുത്തതോടെ ചൈനയിൽ 1981 മുതൽ വധശിക്ഷ തിരിച്ചു കൊണ്ടുവന്നു. ഇന്ന് വധശിക്ഷയുടെ കാര്യത്തിൽ ഒന്നാം സ്ഥാനം ചൈനയ്ക്കും അഞ്ചാം സ്ഥാനം അമേരിക്കയ് ക്കുമാണ്. വധശിക്ഷ നടപ്പിലാക്കുന്ന രാജ്യങ്ങളിലാണ് ലോകത്ത്  ഏറ്റവുമധികം കുറ്റകൃത്യങ്ങൾ നടക്കുന്നത് എന്ന വസ്തുത കൂടി കണക്കിലെടുക്കണം. അതുകൊണ്ടു തന്നെ ഇത് ഫലപ്രദമായ ഒരു ശിക്ഷാ രീതിയാണെന്ന് കരുതാനാവില്ല.

ആഗോളവത്ക്കരണ നയങ്ങളാകട്ടെ മൂന്നാം ലോക രാജ്യങ്ങൾക്കായി മുന്നോട്ടുവെച്ച  വരുമാനമാർഗങ്ങളിൽ ഒന്നായി സെക്സ് ടൂറിസത്തെയാണ് പ്രൊമോട്ട് ചെയ്യുന്നത്. അതുകൊണ്ടു തന്നെ സ്ത്രീകളും കുട്ടികളുമൊക്കെ ലൈംഗിക കമ്പോളത്തിലെ വെറും ശരീരങ്ങളോ  ഉപകരണങ്ങളോ മാത്രമാണെന്നതാണ് വസ്തുത . ഇത്തരം സ്വാധീനങ്ങളും ഇന്ത്യ പോലുള്ള രാജ്യത്ത് നിലനിൽക്കുന്ന വർണ ജാതി വ്യവസ്ഥയും പുരുഷാധിപത്യവും അടങ്ങുന്ന ജീർണ സംസ്കാരമാണ് ഇന്ന് കാണുന്ന ബാലപീഢനങ്ങൾക്കടക്കം ഹേതുവായി തീരുന്നത്. അതുകൊണ്ടു തന്നെ ജീർണവും രോഗാതുരവുമായ സംസ്കാരത്തെ ചെറുത്ത്  തോൽപ്പിച്ചു കൊണ്ടു മാത്രമെ ബലാൽസംഗ സംസ്കാരത്തെ കുഴിച്ചുമൂടാനാകൂ.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

Kerala Police , controversy, efforts, trolls, facebook post, DGP, Udayakumar, case, lock-up death, reforms, 

വിവാദങ്ങൾക്കിടയിലും ജനത്തിന് ആശ്രയമരുളി കേരള പോലീസ്

കെടിഡിസി ഹോസ്റ്റസ്: ഇന്ത്യയിലാദ്യമായി സ്ത്രീകള്‍ക്കായി സ്ത്രീകള്‍ നടത്തുന്ന ഹോട്ടല്‍