
ന്യൂഡല്‍ഹി: കല്പിത സര്‍വ്വകലാശാലകള്‍ (Deemed Universities) വിദൂര വിദ്യാഭ്യാസരീതിയില്‍ (distance education) എന്‍ജിനീയറിങ് കോഴ്‌സുകള്‍ (engineering courses) നടത്തരുതെന്ന് സുപ്രീംകോടതി (SC) വ്യക്തമാക്കി. ഉന്നത വിദ്യാഭ്യാസമേഖല ശക്തിപ്പെടുത്താനുള്ള മാര്‍ഗരേഖ തയ്യാറാക്കാന്‍ ഒരു മാസത്തിനകം മൂന്നംഗ വിദഗ്ധ സമിതിയുണ്ടാക്കണമെന്ന് കേന്ദ്രത്തിനോട് സുപ്രീംകോടതി നിർദ്ദേശിച്ചു.
കല്പിത സര്‍വ്വകലാശാലകള്‍ ‘സര്‍വ്വകലാശാല’ എന്ന വാക്ക് ഉപയോഗിക്കുന്നത് തടയാന്‍ ഒരുമാസത്തിനകം നടപടി വേണമെന്നും കോടതി ആവശ്യപ്പെട്ടു. അടുത്ത അക്കാദമിക വര്‍ഷം മുതല്‍ ബന്ധപ്പെട്ട അധികൃതരില്‍ നിന്ന് അനുമതിയില്ലാതെ വിദൂര വിദ്യാഭ്യാസ മാതൃകയില്‍ ഒരു കോഴ്‌സും കല്പിത സര്‍വ്വകലാശാലകള്‍ നടത്തരുതെന്നും ഓരോ കോഴ്‌സുകള്‍ക്കും പ്രത്യേകം അനുമതി നേടിയിരിക്കണമെന്നും കോടതി അറിയിച്ചു.
വിദൂര മാതൃകയില്‍ എന്‍ജിനീയറിങ് അനുവദിക്കരുതെന്ന എ.ഐ.സി.ടി.ഇ. നിലപാട് അംഗീകരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും അതിനാല്‍ എ.ഐ.സി.ടി.ഇ.യുടെ മാര്‍ഗരേഖയില്ലാതെ എന്‍ജിനീയറിങ്ങിന് വിദൂര കോഴ്‌സുകള്‍ക്ക് അനുമതി നല്‍കാനാവില്ലെന്നും ജസ്റ്റിസുമാരായ എ.കെ. ഗോയല്‍, യു.യു. ലളിത് എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
എന്‍ജിനീയറിങ് കോഴ്‌സുകളുടെ നട്ടെല്ലാണ് പ്രാക്ടിക്കലെന്നും രണ്ടംഗ ബെഞ്ച് അറിയിച്ചു. 2001-നും 2005-നുമിടയ്ക്ക് മൂന്ന് കല്പിത സര്‍വ്വകലാശാലകള്‍ വിദൂര കോഴ്‌സുകളിലൂടെ നല്‍കിയ എന്‍ജിനീയറിങ് ബിരുദവും സുപ്രീംകോടതി റദ്ദാക്കി. രാജസ്ഥാനിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് ഇന്‍ എജുക്കേഷന്‍, അലഹാബാദ് അഗ്രിക്കള്‍ച്ചറല്‍ ഇൻസ്റ്റിറ്റ്യൂട്ട്, ജെ.ആര്‍.എന്‍. രാജസ്ഥാന്‍ വിദ്യാപീഠ് എന്നിവയുടെ ബിരുദമാണ് കോടതി റദ്ദാക്കിയത്.
പ്രസ്തുത വിദ്യാർത്ഥികള്‍ എ.ഐ.സി.ടി.ഇ.യുടെയും യു.ജി.സി.യുടെയും സംയുക്ത മേല്‍നോട്ടത്തില്‍ നടത്തുന്ന പരീക്ഷ പാസാകുന്നതു വരെയാണ് അവരുടെ ബിരുദം സസ്‌പെന്‍ഡ് ചെയ്തത്. ഈ പരീക്ഷ ജയിക്കാന്‍ പ്രസ്തുത വിദ്യാർത്ഥികള്‍ക്ക് രണ്ട് അവസരങ്ങള്‍ നല്‍കുമെന്നും കോടതി അറിയിച്ചു.