ദീപാ നിശാന്തിന്റെ ഒറ്റമരപ്പെയ്ത്ത് നാളെ പ്രകാശനം ചെയ്യും 

കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിർ എന്ന  ഒറ്റ കൃതിയിലൂടെ  മലയാളികളുടെ  പ്രിയപ്പെട്ട എഴുത്തുകാരിയായി മാറിയതാണ് ദീപ നിശാന്ത്.

ഫേസ് ബുക്കിലൂടെ അവർ പങ്കുവെച്ച കൊച്ചു കുറിപ്പുകൾക്ക് വായനക്കാർ ഏറെയുണ്ടായിരുന്നു.

മലയാളി ഗൃഹാതുരതയുടെ പൾസറിഞ്ഞുള്ള ഫേസ് ബുക്  കുറിപ്പുകൾ പുസ്തകരൂപത്തിൽ  പുറത്തിറങ്ങിയപ്പോൾ അക്ഷരാർത്ഥത്തിൽ ചൂടപ്പം പോലെയാണ്  വിറ്റഴിഞ്ഞത്

ഓൺലൈനിലൂടെ ഏറ്റവും അധികം വിറ്റഴിഞ്ഞ മലയാള കൃതി എന്ന ബഹുമതികൂടിയുണ്ട് ഭൂതകാലക്കുളിരിന്.

കുഞ്ഞുകുഞ്ഞനുഭവങ്ങളും ജീവിതത്തിൽ പലപ്പോഴായി കണ്ടുമുട്ടിയവരെക്കുറിച്ചുള്ള സുഖകരമായ  സ്മരണകളും വേർപാടിൻറെ  തീവ്രതയും  സൗഹൃദങ്ങളുടെ  നേരും നന്മയുമെല്ലാം  ലാളിത്യമുള്ള ഭാഷയിൽ പങ്കുവച്ചപ്പോൾ  വായനാ ലോകം അതേറ്റെടുത്തു.

ആത്മകഥാംശമുള്ള  കൊച്ചുകൊച്ചു കുറിപ്പുകൾക്കും സുഖമുള്ള  വായനക്കും വായനക്കാർ ഏറിവരുന്ന ഇക്കാലത്ത് അത്തരം ഒരെഴുത്തിന് ജനപ്രീതി കൈവരിക്കാൻ അധിക സമയം വേണ്ടിവന്നില്ല.

 

ഫേസ് ബുക്ക് കുറിപ്പുകളുടെ വിപണന സാധ്യത മലയാള പ്രസാധകരെ ബോധ്യപ്പെടുത്തിയ കൃതി കൂടിയായിരുന്നു അത്.

കൈരളി ബുക്സിലൂടെ പുറത്തുവന്ന ആദ്യപുസ്തകത്തിന്റെ  പ്രസാധന -വിതരണാവകാശങ്ങൾ പിന്നീട് ഡി സി ബുക്സിനാണ് ലഭിച്ചത്.

ഭൂതകാലക്കുളിർ വലിയ  വിജയമായി മാറിയതോടെ ആ ജോണറിലുള്ള സോഷ്യൽ മീഡിയ എഴുത്തു പുസ്തകങ്ങൾ  നിരവധിയാണ് പിന്നീട്  പുറത്തിറങ്ങിയത്.

ഫേസ് ബൂക്കിലൂടെ ദീപ നിശാന്ത് തന്നെ പങ്കുവെച്ച  അനുഭവ കുറിപ്പുകളാണ് പിന്നീട്  ഡി സി ബുക്ക്സ്  നനഞ്ഞു തീർത്ത മഴകൾ എന്ന പേരിൽ പുറത്തിറക്കിയത്.

അതിന്റെ തുടർച്ചയായി ഒറ്റമര പെയ്ത്തിനെയും  കരുതാം.

നാളെ  വൈകീട്ട്  കേരള  സാഹിത്യ അക്കാദമിയിൽ വെച്ചാണ്  ഒറ്റമരപ്പെയ്ത്തിൻ്റെ പ്രകാശനം.

 

പുസ്തകം നേരത്തെ തന്നെ പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും പ്രകാശനച്ചടങ്ങ്  ഇപ്പോഴാണ് നടക്കുന്നത്.

ഡി സി ബുക്സിൻ്റെ നാൽപ്പത്തിനാലാം വാർഷികാഘോഷച്ചടങ്ങാണ് വേദി.

എം മുകുന്ദൻ പുസ്തകം പ്രകാശിപ്പിക്കും. ബെന്യാമിൻ  ഏറ്റുവാങ്ങും.

നേരത്തെ തന്നെ പുസ്തകം  പലരുടേയും കയ്യിലെത്തിയിട്ടുണ്ടെന്നറിയാമെന്നും  ഔപചാരികമായ ഒരു ചടങ്ങ് എന്ന നിലയിൽ മാത്രം ഇതിനെ കണ്ടാൽ മതിയെന്നും  ദീപ നിശാന്ത് തന്റെ ഫേസ് ബുക്കിൽ  കുറിച്ചു . ഔദ്യോഗിക പ്രകാശനത്തിനു മുൻപ് തന്നെ  പുസ്തകം രണ്ടാം പതിപ്പിന് തയ്യാറായിരിക്കുന്നതിന്റെ  സന്തോഷവും അവർ വായനക്കാരോട് പങ്കുവെക്കുന്നുണ്ട്

അരുന്ധതി റോയി, ആനന്ദ്, ടി എം കൃഷ്ണ, പ്രകാശ് രാജ്, സാറ ജോസഫ് , സേതു, സുഭാഷ്  ചന്ദ്രൻ , ടി പി രാജീവൻ , ബെന്യാമിൻ , സിസ്റ്റർ ജെസ്മി, സംഗീത ശ്രീനിവാസൻ തുടങ്ങിയവരുടെ  പുസ്തകങ്ങളും  ഇതേ വേദിയിൽ  പ്രകാശനം ചെയ്യപ്പെടും.ഇരുപതാമത് ഡി സി കിഴക്കേമുറി സ്മാരക പ്രഭാഷണം ജെ ദേവിക നിർവഹിക്കും. ഡി സി നോവൽ അവാർഡ് പ്രഖ്യാപനവും നടക്കും. വി കെ ശ്രീരാമൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ വെച്ച് സാറ ജോസഫ് അവാർഡ് ദാനം നിർവഹിക്കും.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

നവകേരള സൃഷ്ടി: ഐസിടി അക്കാദമിയുടെ ദ്വിദിന രാജ്യാന്തരസമ്മേളനം വെള്ളിയാഴ്ച മുതല്‍

ഉപതിരഞ്ഞെടുപ്പ്: അന്തിമ വോട്ടര്‍ പട്ടിക അപേക്ഷകള്‍ നവംബര്‍ 1 വരെ നല്‍കാം