സമൂഹമാധ്യമത്തിൽ ദീപാ നിശാന്തിന് ഭീഷണി; ബിജെപി ഐടി സെല്‍ അംഗം കൂടി അറസ്റ്റിലായി

Deepa Nishanth, BJP  IT cell member,arrest, facebook , post, police station bail,

തൃശ്ശൂര്‍: എഴുത്തുകാരിയും അധ്യാപികയുമായ ദീപാ നിശാന്തിനെതിരെ ( Deepa Nishanth ) ഫെയ്‌സ്ബുക്കില്‍ വധഭീഷണി മുഴക്കിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. ബിജെപിയുടെ ഐടി സെല്‍ ചുമതലക്കാരനായ സംഘപരിവാര്‍ പ്രവര്‍ത്തകനാണ് ഇന്ന് അറസ്റ്റിലായത്.

കേസില്‍ ഇതുവരെ അഞ്ചു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ ശിക്ഷാനിയമം 506 ആം വകുപ്പ്, KP ആക്ട് വകുപ്പ് 120 എന്നിവയാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. വ്യക്തിപരമായി അധിക്ഷേപിച്ചതിനും വധഭീഷണി അടക്കമുള്ള ക്രിമിനല്‍ ഗൂഡാലോചന നടത്തിയതിനുമാണ് ദീപാ നിശാന്ത് പരാതി നൽകിയത്.

ഇന്ന് അറസ്റ്റ് ചെയ്യപ്പെട്ട ബിജു നായര്‍ എന്ന വ്യക്തിയും സമൂഹ മാധ്യമത്തിലൂടെ ദീപാ നിഷാന്തിനെതിരെ വധഭീഷണി മുഴക്കിയിരുന്നതായി കണ്ടെത്തിയിരുന്നു. തുടർന്ന് തിരുവനന്തപുരത്തു നിന്നും തൃശ്ശൂരിലേക്ക് വിളിച്ചു വരുത്തിയാണ് ഇയാളെ അറസ്റ്റു ചെയ്തത്.

തൃശൂര്‍ വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്ത ഇയാളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. വധഭീഷണി, ശല്യപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് ബിജു നായര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

ബിജെപിയുടെ ഐടി സെല്ലിന്റെ ചുമതലക്കാരനാണ് താനെന്ന് ഇയാള്‍ പലതവണ സൂചിപ്പിച്ചിട്ടുണ്ട്. കുമ്മനം രാജശേഖരനുമായും മറ്റ് ബിജെപി നേതാക്കളുമായും ഇയാള്‍ക്ക് അടുത്ത ബന്ധമുള്ളതായി റിപ്പോർട്ടുണ്ട്.

കത്വ വിഷയത്തില്‍ സിപിഐഎം അനുഭാവിയായ ദീപക് ശങ്കരനാരായണന്‍ ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റ് ദീപാ നിശാന്ത് ഷെയര്‍ ചെയ്തതാണ് ഒരു വിഭാഗത്തെ പ്രകോപിപ്പിച്ചത്.

തുടര്‍ന്ന് ഒരു കൂട്ടം ആളുകൾ അശ്ലീല വെബ്‌സൈറ്റുകളില്‍ ദീപാ നിശാന്തിന്റെ ഫോണ്‍ നമ്പര്‍ ഷെയര്‍ ചെയ്തു. കൂടാതെ അശ്ലീല പരാമര്‍ശങ്ങളും ഭീഷണികളും നടന്നതിനെ തുടർന്നാണ് ദീപ പോലീസില്‍ പരാതി നല്‍കിയത്.

സംഘപരിവാര്‍ വിരുദ്ധമായ കുറിപ്പ് പങ്കുവച്ചതിനെ തുടര്‍ന്ന്
രമേഷ് കുമാര്‍ എന്നയാളാണ് ‘ദീപാ നിശാന്തിന്റെ രക്തം വേണമെന്നും അവർ ക്ഷമയുടെ എല്ലാ പരിധികളും ലംഘിക്കുകയാണെന്നും’ കമന്റിട്ടത്.

ഇതിന് താഴെ ബിജെപി ഐടി സെല്‍ പ്രവര്‍ത്തകനായ ബിജു നായര്‍ എന്നയാള്‍ ‘ഞങ്ങള്‍ അതിന് ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന്’ മറുപടി നൽകിയിരുന്നു. ഇതിനെ തുടർന്ന് കമന്റിന് മറുപടിയുമായി ദീപാ നിശാന്തും നേരത്തെ രംഗത്തെത്തിയിരുന്നു.

ഒരു കൊതുകിന്റെ ചിത്രത്തിന് താഴെ ‘ഇത് ഉത്തരേന്ത്യയില്‍ ധാരാളമായി കാണപ്പെടുന്ന ഒരപൂര്‍വ്വ ജീവിയാണെന്നും മനുഷ്യന്റെ രക്തമാണ് പഥ്യമെന്നു’മാണ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍ ദീപാ നിശാന്ത് തിരിച്ചടിച്ചത്.

ഫോട്ടോ മോർഫ് ചെയ്ത് പ്രചരിപ്പിച്ചതിനും അപകീർത്തിപ്പെടുത്തിയതിനും അധിക്ഷേപിച്ചു സംസാരിച്ചതിനുമൊക്കെയായി നിരവധി പരാതികൾ നൽകിയിട്ടുണ്ടെങ്കിലും ഇത് വരെ ഒന്നിലും നടപടി ഉണ്ടായിട്ടില്ലെന്ന് ദീപാ നിശാന്ത് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

നേരത്തെ കേരള വർമ്മ കോളേജിലെ ബീഫ് പ്രശ്നത്തിൽ പ്രതികരിച്ചതിനെ തുടർന്ന് ദീപാ നിശാന്തിനെതിരെ വ്യാപകമായ വിമർശനമുയർന്നിരുന്നു.

തങ്ങൾ വിശ്വസിക്കുന്ന മതത്തെയോ രാഷ്ട്രീയത്തെയോ ആരെങ്കിലും വിമർശിച്ചാൽ സഭ്യതയുടെ എല്ലാ സീമകളും ലംഘിച്ചു കൊണ്ട് സമൂഹമാധ്യമങ്ങളിലൂടെ അവർക്കെതിരെ വ്യക്തിഹത്യ നടത്തുന്ന പ്രവണത സാംസ്‌കാരിക കേരളത്തിൽ വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്.

അതേസമയം, അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിൽ സമൂഹത്തിൽ പ്രശ്നങ്ങൾ സൃഷ്‌ടിക്കാൻ ചിലർ മനഃപ്പൂർവ്വം ശ്രമിക്കുകയാണെന്ന ആരോപണവും പരക്കെ ഉയരുന്നുണ്ട്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

Asian Junior Athletic Meet , Jisna Mathew, Gold, medal, Usha School, Japan,  Asian Junior Athletic Meet 

ഏഷ്യന്‍ ജൂനിയര്‍ അത്ലറ്റിക് മീറ്റിൽ മലയാളി താരം ജിസ്‌ന മാത്യുവിന് സ്വര്‍ണ്ണം

Labour law , T. P. Ramakrishnan , Minister, Labour and Excise,LDF ,

തൊഴിൽ നിയമങ്ങൾ തൊഴിൽ മേഖലയുടെ സംരക്ഷണത്തിനാകണം: മന്ത്രി ടി.പി. രാമകൃഷ്ണൻ