സാഹസിക ടൂറിസം ആസ്വദിച്ച് പ്രതിരോധ സംഘം

തിരുവനന്തപുരം:  കാനനമേടുകളും കുന്നിന്‍ചരിവുകളും ഓളപ്പരപ്പുകളും കീഴടക്കി കേരളത്തിന്‍റെ വശ്യത ഹൃദയത്തിലേറ്റാന്‍ ഇന്ത്യന്‍ പ്രതിരോധ സേനയിലെ 35 അംഗ സംഘം കേരളത്തിലെത്തി. കേരളത്തിലെ സാഹസിക ടൂറിസം കണ്ടറിയുകയായിരുന്നു ലക്ഷ്യം.

ബ്രിഗേഡിയര്‍ സുധീന്ദ്ര ഇത്നാന്‍റെ  നേതൃത്വത്തിലുള്ള സംഘം സംസ്ഥാന ടൂറിസം വകുപ്പിനു കീഴിലുള്ള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റിയുടെ ക്ഷണത്തെ തുടര്‍ന്നാണ് സന്ദര്‍ശനത്തിനെത്തിയത്.

ചെറായി ബിച്ചിലെ ജലവിസ്മയങ്ങള്‍, തേക്കടിയിലെ രാത്രി ട്രക്കിംഗ്, മൂന്നാര്‍ മീശപ്പുലിമലയിലെ ട്രക്കിംഗ് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു അഞ്ചു ദിവസത്തെ യാത്ര.

ഇത്തരം സംഘങ്ങളെ ക്ഷണിക്കുന്നത് നമ്മുടെ സാഹസിക ടൂറിസം മേഖലയുടെ  പ്രചാരണത്തിന് വഴിതെളിക്കുമെന്ന് സംഘത്തിന്‍റെ യാത്രയ്ക്ക് ആശംസ നേര്‍ന്ന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.   ജഡായുപാറ പോലുള്ള പുത്തന്‍ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കൂടുതല്‍ യുവവിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിന് ഗുണകരമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

സാഹസികത മുഖമുദ്രയാക്കിയ ചെറുപ്പക്കാര്‍ക്ക് ആവേശം പകരുന്ന ഗവി, മുത്തങ്ങ, തെന്‍മല പോലുള്ള നിരവധി വിനോദസഞ്ചാരകേന്ദ്രങ്ങള്‍ കേരളത്തിലുണ്ടെന്ന് ടൂറിസം സെക്രട്ടറി റാണി ജോര്‍ജ് പറഞ്ഞു. സാഹസിക വിനോദസഞ്ചാരകേന്ദ്രങ്ങളെ ലക്ഷ്യമാക്കിയുള്ള യാത്രകളുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണ്. വിനോദസഞ്ചാര രംഗത്തെ ഈ നൂതന പ്രവണത വ്യാപകമാക്കാന്‍ സാധ്യമായ എല്ലാ പ്രവര്‍ത്തനങ്ങളും വകുപ്പിന്‍റെ ഭാഗത്തുനിന്നുണ്ടാകുമെന്നും ഡയറക്ടര്‍  പി ബാലകിരണ്‍ വ്യക്തമാക്കി.

കേരളത്തിലെ സാഹസിക കേന്ദ്രങ്ങളിലേക്ക് പ്രതിരോധ സേനയെ സ്വാഗതം ചെയ്യാന്‍ കേരള ടൂറിസത്തിന് അവസരം കിട്ടിയത് ആദ്യമായാണെന്ന് കേരള അഡ്വവഞ്ചര്‍ ടൂറിസം പ്രൊമോഷണല്‍ സൊസൈറ്റി സിഇഒ  മനേഷ് ഭാസ്കര്‍ പറഞ്ഞു. കേരളത്തില്‍ സാഹസിക വിനോദസഞ്ചാരം ഉണര്‍വ്വിന്‍റെ പാതയിലാണ്. അനന്ത സാധ്യതയുള്ള ഈ മേഖലയിലേക്ക് അനേകം വിനോദസഞ്ചാരികളെ പ്രതീക്ഷിക്കുന്നു. കേരളത്തിന്‍റെ സാഹസിക വിനോദസഞ്ചാര രംഗത്തെ ലക്ഷ്യമിട്ടുളള പ്രതിരോധ സംഘത്തിന്‍റെ സന്ദര്‍ശനം  പ്രോത്സാഹനജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിനോദസഞ്ചാരികള്‍ക്കും പ്രദേശവാസികള്‍ക്കും ശുചീകരണത്തിനുള്ള പ്രചോദനം പകര്‍ന്നുകൊണ്ട്  ചെറായി ബീച്ചിലെ മാലിന്യ നിര്‍മ്മാര്‍ജനത്തിനും സേനാംഗങ്ങള്‍ നേതൃത്വം നല്‍കി. സംഘം കൊച്ചിയിലെത്തിയപ്പോള്‍ മേജര്‍ ജനറല്‍ എംഎ പ്രസാദ് ആണ് സേനാംഗങ്ങളെ ആനയിച്ചത്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ശിഹാബുദ്ധീൻ പൊയ്ത്തുംകടവിൻെറ കുറുങ്കഥകളുടെ പ്രകാശനം ഫെബ്രുവരി 14 ന്

സ്പോര്‍ട്സ് സമുച്ചയത്തിന്‍റേയും ഫെസിലിറ്റി സെന്‍ററിന്‍റേയും നിര്‍മ്മാണോദ്ഘാടനം വ്യാഴാഴ്ച