Delhi, Arvind Kejriwal, SC, democracy, LG, India, Supreme Court,  leaders, Anna Hazare, Lokpal,
in ,

ജനാധിപത്യത്തിന് നവജീവനേകി ഇന്ദ്രപ്രസ്ഥത്തിൽ നിന്നൊരു ശുഭവാർത്ത

ഡൽഹിയിലെ ലഫ്.ഗവർണറുടെ അധികാരങ്ങൾ നിർവ്വചിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധി ‘ഡല്‍ഹിയിലെ ജനങ്ങളുടെയും ജനാധിപത്യത്തിന്റെയും ( democracy ) വിജയമെന്ന്’ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ട്വിറ്ററിലൂടെ പ്രതികരിച്ചിരിക്കുന്നു. ഡല്‍ഹി സര്‍ക്കാരും ലെഫ്.ഗവര്‍ണറും തമ്മിലുള്ള അധികാര തര്‍ക്കക്കേസിന്റെ വിധിയെ സംബന്ധിച്ച് കെജ്‌രിവാൾ നടത്തിയ പ്രതികരണം അറിഞ്ഞ വേളയിൽ മനസ്സിൽ ചില ഓർമ്മകൾ ഓടിയെത്തുകയാണ്.

സ്കൂൾ-കോളേജ് പഠന കാലത്ത് ഇന്ത്യൻ ജനാധിപത്യത്തെ പറ്റിയും രാഷ്‌ടീയ നേതാക്കന്മാരെപ്പറ്റിയും മനസ്സിലാക്കിയിരുന്നുവെങ്കിലും; മത്സരപരീക്ഷകളുടെ ഭാഗമായി ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗുണദോഷ വശങ്ങൾ കൂടുതൽ മനസിലാക്കാൻ ശ്രമിച്ചുവെങ്കിലും; വൈകിയ വേളയിൽ മാത്രമാണ് കുറച്ചു ഗൗരവത്തോടെ ആ വിഷയങ്ങൾ മനസ്സിൽ പലപ്പോഴും വിചാരണ ചെയ്യപ്പെട്ടത്.

കൊട്ടിഘോഷിച്ചു ഉത്‌ഘാടനം ചെയ്യപ്പെട്ട പല ജനക്ഷേമ പദ്ധതികളും നേതാക്കന്മാരുടെ പിടിപ്പുകേടിനാലും അലംഭാവത്താലും പാതിവഴിയിൽ മുടങ്ങുന്നത്, പത്രത്താളുകളിലെ അഴിമതിക്കഥകളിൽ അഴിമതി നടത്തിയവർ കരസ്ഥമാക്കിയ കള്ളപ്പണത്തെ സംബന്ധിച്ച കണക്കുകളിൽ സംഖ്യകളുടെ എണ്ണം പ്രതിവർഷം കുതിച്ചുയരുന്നത്, ഓരോ തിരഞ്ഞെടുപ്പ് കഴിയുന്ന വേളയിലും കുതിരക്കച്ചവടം പൊടിപൊടിക്കുന്നത്, കാട്ടിക്കൂട്ടുന്ന ജനദ്രോഹ നടപടികളെ യാതൊരു മന:സാക്ഷിക്കുത്തുമില്ലാതെ നേതാക്കന്മാർ ന്യായീകരിക്കുന്നത് ഇങ്ങനെ കലാപരിപാടികൾ മാധ്യമങ്ങളിൽ തുടരവെയാണ് ‘അണ്ണാ ഹസാരെ’ എന്ന സാമൂഹിക പ്രവർത്തകനെ കുറിച്ചുള്ള വാർത്തകളിൽ മനസ്സുടക്കിയത്.

ഗാന്ധി ശിഷ്യന്റെ അനുയായി

Delhi, Arvind Kejriwal, SC, democracy, LG, India, Supreme Court,  leaders, Anna Hazare, Lokpal,

അഴിമതിക്കെതിരെ ശക്തമായി പ്രതികരിച്ച അണ്ണാ ഹസാരെ ലോക്‌പാലിനായി നടത്തിയ പോരാട്ടങ്ങൾ മറ്റേതൊരു സാധാരണ പൗരനിലെന്ന പോലെ എന്നിലും ആരാധനയുണർത്തി. ജീവിതം മടുത്ത് ഒരിക്കൽ ആത്മഹത്യയെ പറ്റി ചിന്തിച്ച അദ്ദേഹം തുടർന്ന് സമൂഹനന്മയ്ക്കായി ജീവിതം ഉഴിഞ്ഞു വച്ചത് ശ്രദ്ധിച്ചപ്പോൾ  ഗാന്ധിജിയുടെ ശിഷ്യനായ വന്ദ്യവയോധികനോടുള്ള ബഹുമാനം വർദ്ധിച്ചു.

മരണഭയത്തെ അതിജീവിച്ച അദ്ദേഹത്തോടൊപ്പം ഒരു നിഴൽ പോലെ പ്രവർത്തിച്ച അരവിന്ദ് കെജ്‌രിവാളിനെ കുറിച്ച് കൂടുതൽ അറിഞ്ഞപ്പോൾ ആ നേതാവിന് അധികാരം ലഭിച്ചെങ്കിൽ കൂടുതൽ ജനോപകാരപ്രവർത്തങ്ങൾക്ക് ചുക്കാൻ പിടിച്ചേനെ എന്ന് പലപ്പോഴും തോന്നിയിരുന്നു.

ഒരു ജനപ്രിയ നേതാവിന്റെ ഉദയം

Delhi, Arvind Kejriwal, SC, democracy, LG, India, Supreme Court,  leaders, Anna Hazare, Lokpal, An Insignificant Man, Kejriwal , Movie , release

വർഷങ്ങൾ അധികം കഴിയും മുൻപേ അത് സംഭവിച്ചു. 2006-ൽ ഇൻകം ടാക്‌സ്‌ വകുപ്പിലെ ജോയിന്റ്‌ കമ്മീഷണർ സ്ഥാനം രാജി വച്ച് ഇന്ത്യയിലെ രാഷ്ട്രീയ, പൊതു സമൂഹങ്ങളിലെ അഴിമതിക്കെതിരായ പോരാട്ടത്തിനായി ‘പരിവർത്തൻ’ എന്ന കൂട്ടായ്‌മ രൂപീകരിച്ചു കൊണ്ട് പൊതു പ്രവർത്തനത്തിന് തുടക്കം കുറിച്ച അരവിന്ദ് കെജ്‌രിവാൾ; തുടർന്ന് ജൻലോക്പാൽ ബിൽ അവതരിപ്പിക്കാൻ പാർലമെന്റിനു മേൽ ശക്തമായ സമ്മർദം ചെലുത്തിക്കൊണ്ട് അണ്ണാഹസാരെ സമരത്തിനിറങ്ങിയപ്പോൾ വലംകയ്യായി പ്രവർത്തിച്ച അരവിന്ദ് കെജ്‌രിവാൾ; ലോക്പാൽ ബിൽ പാസ്സാക്കുന്നതിൽ പാർലമെന്റ് പരാജയപ്പെട്ടതിൽ പ്രതിഷേധിച്ച് 2011 ആഗസ്ത് 16-നു നടന്ന സത്യഗ്രഹത്തെ തുടർന്ന് അറസ്റ്റിലാകുന്നു.

തുടർന്ന് 2012 ജൂലൈ മാസത്തിൽ ജന്ദർ മന്തറിൽ അനിശ്ചിതകാല നിരാഹാര സത്യഗ്രഹം നടത്തിയ അരവിന്ദ് കെജ്‌രിവാൾ 2012 സെപ്റ്റംബറിൽ സ്വന്തം രാഷ്ട്രീയ പാർട്ടിയുണ്ടാക്കിക്കൊണ്ട് അധികാരത്തിലേക്കുള്ള ചുവടു വയ്പ്പിന് ആരംഭം കുറിക്കുന്നു.

ഇന്ത്യൻ ജനാധിപത്യത്തിൽ മാറ്റത്തിന്റെ മാറ്റൊലി

പിന്നീട് നടന്നത് ഇന്ത്യൻ രാഷ്ട്രീയത്തിലെ സുവർണ്ണ അധ്യായത്തിൽ കൂട്ടിച്ചേർത്ത ചരിത്രമായിരുന്നു. 2013-ൽ ന്യൂഡൽഹി നിയമസഭാ മണ്ഡലത്തിൽ മത്സരിച്ച അരവിന്ദ് കെജ്‌രിവാൾ ദീർഘകാലം ഡൽഹി മുഖ്യമന്ത്രിയായി റെക്കോർഡിട്ട ഷീല ദീക്ഷിതിനോട് 25864 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ആം ആദ്മി പാർട്ടി എഴുപതു സീറ്റുകളിൽ ഇരുപത്തി എട്ടെണ്ണത്തിൽ വിജയിച്ചു.

എന്നാൽ ഏതാനും ദിവസങ്ങൾ മാത്രം ഡൽഹി ഭരിച്ച അരവിന്ദ് കെജ്‌രിവാൾ ജനലോക്പാൽ ബിൽ പാസ്സാക്കാൻ കഴിയാത്തതിന്റെ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്ത് മുഖ്യമന്ത്രി പദം രാജിവച്ചത് കടുത്ത വിമർശനങ്ങൾക്ക് ഇടയാക്കി. അപക്വമായ ആ തീരുമാനത്തിന് പുറമെ പാർട്ടിയിലെ പടലപ്പിണക്കങ്ങളും അദ്ദേഹത്തിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്പിച്ചു.

എന്നാൽ 2015-ൽ എഴുപത് സീറ്റുകളിൽ അറുപത്തിഏഴിലും വിജയിച്ച് ആം ആദ്‌മി പാർട്ടി ചരിത്ര വിജയം കുറിച്ചു. 57213 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അരവിന്ദ് കെജ്‌രിവാൾ വിജയിച്ചത്. 2015 ഫെബ്രുവരി 14 ന് രാംലീല മൈതാനിയിൽ വൻജനാവലിയെ സാക്ഷിയാക്കി അദ്ദേഹം ജനപ്രിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്തു.

തുടർന്ന് ഒട്ടനവധി ജനക്ഷേമ പദ്ധതികൾ നടപ്പിലാക്കുവാനായി മുന്നിട്ടിറങ്ങിയെങ്കിലും കേന്ദ്രം പലപ്പോഴും വിലങ്ങു തടിയാകുന്ന കാഴ്ചയാണ് ജനങ്ങൾ കണ്ടത്. ജനങ്ങളുടെ ക്ഷേമത്തിനായി കക്ഷി രാഷ്ട്രീയ വൈരം മറന്ന് പ്രവർത്തിക്കണമെന്ന പ്രഥമ പാഠം പലപ്പോഴും ലംഘിക്കപ്പെട്ടു.

കെജ്‌രിവാളിന്റെ രാഷ്ട്രീയ പോരാട്ടം ചലച്ചിത്രത്തിലും

അരവിന്ദ് കെജ്‌രിവാളിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ‘ആൻ ഇൻസിഗ്നിഫിക്കന്റ്‌ മാൻ’ എന്ന ചിത്രം വിവാദങ്ങളെ മറികടന്ന് കഴിഞ്ഞ വർഷം നവംബർ 17-ന് പ്രദർശനത്തിനെത്തിയിരുന്നു.

നോൺ-ഫിക്ഷൻ പൊളിറ്റിക്കൽ ത്രില്ലറായ ചിത്രം സാമൂഹിക പ്രവർത്തകനിൽ നിന്നും രാഷ്ട്രീയത്തിലേക്കുള്ള അരവിന്ദ് കെജ്‌രിവാളിന്റെ വളർച്ചയാണ് വിവരിച്ചത്.

മുൻ സെൻസർ ബോർഡ് തലവൻ ചിത്രം തടഞ്ഞ് വയ്ക്കുകയും അണിയറപ്രവർത്തകരോട് പ്രധാനമന്ത്രി നരേന്ദ്ര മോഡിയിൽ നിന്നും മറ്റ് രാഷ്ട്രീയ നേതാക്കളിൽ നിന്നും അനുമതി തേടാൻ നിർദ്ദേശിക്കുകയും ചെയ്തത് ഏറെ ചർച്ചയായിരുന്നു. ഒടുവിൽ ഫിലിം സർട്ടിഫിക്കേഷൻ അപ്പലേറ്റ് ട്രിബ്യുണൽ ചിത്രത്തിന്റെ തടസ്സങ്ങൾ നീക്കുകയായിരുന്നു.

2016-ലെ ടോറോന്റോ ചലച്ചിത്ര മേളയിലാണ് ‘ആൻ ഇൻസിഗ്നിഫിക്കന്റ്‌ മാൻ’ എന്ന ചിത്രം താൻ ആദ്യം കണ്ടതെന്നും ജനകീയ രാഷ്ട്രീയം മികച്ച രീതിയിൽ കൈകാര്യം ചെയ്ത ചിത്രമായി തനിക്കിത് അനുഭവപ്പെട്ടെന്നും വൈസ് ഡോക്യുമെന്ററി ഫിലിമ്സിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായ ജേസൺ മോജിക പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.

രാഷ്ട്രീയത്തിൽ പ്രശ്നങ്ങൾ കാണുന്ന ഏതൊരാൾക്കും അതിൽ നല്ല മാറ്റങ്ങൾ സൃഷ്‌ടിക്കാൻ തനിക്കും കഴിയുമെന്ന തിരിച്ചറിവുണ്ടാക്കുവാനും അതിലൂടെ പ്രേക്ഷകരിൽ പ്രചോദനം സൃഷ്‌ടിക്കുവാനും ഈ ചിത്രത്തിന് കഴിയുമെന്ന് മോജിക അഭിപ്രായപ്പെട്ടിരുന്നു.

അതിനാൽ നല്ലൊരു മാറ്റത്തിനായി അവർ സ്വയം പരിശ്രമം ആരംഭിക്കുമെന്ന പ്രതീക്ഷയാലാണ് സാമൂഹിക പ്രസക്തമായ ഈ ചിത്രം പ്രേക്ഷകനിലേക്കെത്തിക്കാൻ തങ്ങൾക്ക് പ്രേരണയായതെന്നും മോജിക നേരത്തെ വ്യക്തമാക്കിയിരുന്നു.

ജനാധിപത്യത്തില്‍ അവസാന വാക്ക് ആരുടേത് ?

രാജ്യത്തോട് വികാരഭരിതമായ ചോദ്യവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ കഴിഞ്ഞ ഡിസംബറിൽ രംഗത്തെത്തിയിരുന്നത് ഓർമ്മയുണ്ടാകുമല്ലോ. ആം ആദ്മി സര്‍ക്കാറിന്റെ സാമൂഹ്യ സേവന പദ്ധതിക്ക് കേന്ദ്രം തടസം നിന്നതിനെ തുടർന്നാണ് ‘ജനാധിപത്യത്തില്‍ അവസാന വാക്ക് ആരുടേത്?’ എന്ന സുപ്രധാന ചോദ്യവുമായി അദ്ദേഹം പ്രതികരിച്ചത്.

സാമൂഹിക സേവനങ്ങള്‍ വീട്ടു വാതില്‍ക്കല്‍ എത്തിക്കുന്നതിനുള്ള ഡല്‍ഹി സര്‍ക്കാര്‍ പദ്ധതിക്ക് അംഗീകാരം നല്‍കാതെ തിരിച്ചയച്ച ലഫ്റ്റനന്റ് ഗവര്‍ണറുടെ നടപടിയെ വിമര്‍ശിച്ചു കൊണ്ടാണ് കെജ്‌രിവാൾ ആ ചോദ്യം ട്വീറ്റ് ചെയ്തത്.

Delhi, Arvind Kejriwal, SC, democracy, LG, India, Supreme Court,  leaders, Anna Hazare, Lokpal,

വ്യത്യസ്ത സമരമുറയുമായി മുഖ്യമന്ത്രിയും മന്ത്രി സംഘവും

ജൂൺ മാസത്തിൽ ഒമ്പത് ദിവസത്തോളം ലഫ്റ്റന്റ് ഗവര്‍ണറുടെ ഔദ്യോഗിക വസതിയില്‍ അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള മന്ത്രിസംഘം ലഫ്. ഗവര്‍ണര്‍ അനില്‍ ബൈജാലിന്റെ വസതിയില്‍ സമരം നടത്തിയത് അടുത്തിടെ വൻ വാർത്താ പ്രാധാന്യം നേടിയിരുന്നു. ഐഎഎസ് ഓഫീസര്‍മാരുടെ നിസഹകരണം അവസാനിപ്പിക്കുന്നതിന് ലഫ്. ഗവര്‍ണറുടെ ഇടപെടല്‍ ആവശ്യപ്പെട്ടായിരുന്നു സമരം.

നാലു മാസമായി ജോലിയില്‍ നിന്നു വിട്ടുനില്‍ക്കുന്ന ഐഎഎസ് ഉദ്യോഗസ്ഥരോട് ജോലിയില്‍ തിരിച്ചു കയറാന്‍ നിര്‍ദ്ദേശിക്കുക, റേഷന്‍ കാര്‍ഡുടമകള്‍ക്ക് റേഷന്‍ വീട്ടുപടിക്കല്‍ എത്തിച്ചു നല്‍കാനുള്ള തീരുമാനത്തിന് അംഗീകാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങളില്‍ തീര്‍പ്പുണ്ടാക്കാനായി നടത്തിയ സമരത്തിൽ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, മന്ത്രിമാരായ സത്യേന്ദ്ര ജെയിന്‍, ഗോപാല്‍ റായ് എന്നിവരും അരവിന്ദ് കെജ്‌രിവാളിനൊപ്പമുണ്ടായിരുന്നു.

എന്നാൽ ആ സമരത്തെ കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ആരോഗ്യനില മോശമായതോടെ മനീഷ് സിസോദിയ, സത്യേന്ദ്ര ജെയിന്‍ എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനു പിന്നാലെ ജൂൺ 19-ന് സമരം അവസാനിപ്പിച്ചിരുന്നു.

സുപ്രധാന വിധിയുമായി സുപ്രീം കോടതി

ആം ആദ്‌മി പാർട്ടിക്കും ഡൽഹിയിലെ ജനങ്ങൾക്കും ആശ്വാസമേകുന്ന പുതിയ വിധിയുമായാണ് സുപ്രീം കോടതി ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനാണ് ശരിയായ അധികാരമെന്നാണ് സുപ്രീം കോടതി വിധി. മന്ത്രിസഭയുടെ തീരുമാനങ്ങള്‍ അംഗീകരിക്കാന്‍ ലെഫ്. ഗവര്‍ണര്‍ തയ്യാറാകണമെന്നും കോടതി നിരീക്ഷിച്ചു.

സംസ്ഥാന സര്‍ക്കാരുമായി ലെഫ്.ഗവര്‍ണര്‍ പൊരുത്തപ്പെട്ട് പ്രവര്‍ത്തിക്കണമെന്നും മനഃപൂര്‍വം തടസ്സങ്ങള്‍ സൃഷ്ടിക്കരുതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഭൂമി. പോലീസ്, ക്രമസമാധാനം എന്നീ വിഷയങ്ങളിലല്ലാതെ മറ്റൊന്നിലും സ്വതന്ത്രമായ തീരുമാനമെടുക്കാനുള്ള അധികാരം ലെഫ്. ഗവര്‍ണറിനില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ഡല്‍ഹി സര്‍ക്കാരിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്നതും ലെഫ്. ഗവര്‍ണറുടെ അധികാരങ്ങള്‍ പരിമിതപ്പെടുത്തിക്കൊണ്ടുമാണ് വിധി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജഡ്ജിമാരായ എ.കെ. സിക്രി, എ.എം. ഖാന്‍വില്‍കര്‍, ഡി.വൈ. ചന്ദ്രചൂഢ്, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വിധിപറഞ്ഞത്.

അതേസമയം, ഡല്‍ഹിക്ക് പൂര്‍ണ്ണ സംസ്ഥാന പദവി നല്‍കാനാകില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ലഫ്. ഗവര്‍ണറാണ് ഡല്‍ഹിയുടെ ഭരണത്തലവന്‍ എന്ന ഡല്‍ഹി ഹൈക്കോടതി വിധി ചോദ്യം ചെയ്ത് കെജ്‌രിവാള്‍ സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് ഈ സുപ്രധാന വിധി.

സംസ്ഥാന ഗവര്‍ണര്‍ക്ക് തുല്യമല്ല ലഫ്റ്റനന്റ് ഗവര്‍ണര്‍ പദവിയെന്നും ഭരണഘടനയുടെ 239 എഎ പ്രകാരം ലഫ്റ്റനന്റ് ഗവര്‍ണര്‍ സര്‍ക്കാരിന്റെ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കേണ്ടതെന്നും സര്‍ക്കാര്‍ തീരുമാനങ്ങള്‍ തടസ്സപ്പെടുത്തുന്നയാളായി ലഫ്റ്റനന്റ് ഗവര്‍ണര്‍ പെരുമാറരുതെന്നും കോടതി വ്യക്തമാക്കിയത് ഡൽഹി സർക്കാരിന് തുണയായി.

ഡല്‍ഹി സര്‍ക്കാരിന് അധികാരമുള്ള വിഷയങ്ങളില്‍ കാലതാമസമില്ലാതെ ഗവര്‍ണര്‍ തീരുമാനമെടുക്കണമെന്നും ഭരണപരമായ തീരുമാനങ്ങള്‍ ഗവര്‍ണര്‍ വൈകിക്കരുതെന്നും കോടതി സൂചിപ്പിച്ചു. ജനാധിപത്യ സംവിധാനത്തില്‍ അരാജകത്വം പാടില്ലെന്നും സര്‍ക്കാരും ഗവര്‍ണറും ഒരുമിച്ച് പോകണമെന്നും കോടതി നിർദ്ദേശിച്ചു.

എല്ലാ ഭരണഘടനാ സ്ഥാപനങ്ങളും ഭരണഘടനയുടെ അന്തസത്ത ഉള്‍ക്കൊള്ളണമെന്നും എന്നാൽ ഭരണഘടനയ്ക്ക് വിധേയമല്ലാത്ത തീരുമാനങ്ങള്‍ ഉണ്ടായാല്‍ ലഫ്. ഗവര്‍ണര്‍ക്ക് ഇടപെടാമെന്നും കോടതി അഭിപ്രായപ്പെട്ടു.

കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി ചിദംബരം, ഗോപാല്‍ സുബ്രഹ്മണ്യം, രാജീവ് ധവാന്‍, ഇന്ദിര ജയ്‌സിംഗ് എന്നിവര്‍ എഎപി സര്‍ക്കാരിനു വേണ്ടി ഹാജരായപ്പോൾ കേന്ദ്രസര്‍ക്കാരിന് വേണ്ടി അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ മനീന്ദര്‍ സിംഗാണ് ഹാജരായത്.

പുനർചിന്തയ്ക്ക് സമയമായെന്ന ഓർമ്മപ്പെടുത്തൽ

Delhi, Arvind Kejriwal, SC, democracy, LG, India, Supreme Court,  leaders, Anna Hazare, Lokpal,

തിരഞ്ഞെടുക്കപ്പെട്ട ഡല്‍ഹി ഗവണ്‍മെന്റിനെയും നിയമസഭയെയും ലഫ്റ്റനന്റ് ഗവര്‍ണര്‍ പദവിയാൽ ദുരുപയോഗം ചെയ്ത് നിയന്ത്രിക്കാനും നിഷ്‌ക്രിയമാക്കാനും കേന്ദ്ര സര്‍ക്കാര്‍ നിരന്തരം നടത്തിയ ജനാധിപത്യ വിരുദ്ധ കുതന്ത്രങ്ങള്‍ക്കുള്ള കനത്ത തിരിച്ചടിയാണ് സുപ്രീം കോടതി വിധിയെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തിയിട്ടുണ്ട്.

എന്തായാലും സുപ്രീം കോടതിയുടെ ഈ വിധി ജനാധിപത്യത്തിന്റെ മുന്നോട്ടുള്ള സുഗമമായ പ്രയാണത്തിന് ആക്കം കൂട്ടുമെന്നതിൽ സംശയമില്ല. ജനാധിപത്യത്തിന്റെ നട്ടെല്ല്, സാധാരണക്കാർ കൂടി ഉൾപ്പെടുന്ന ജനങ്ങളാണെന്നും ഏതൊരു ഭരണാധികാരിയുടെയും യഥാർത്ഥ ശക്തി വർദ്ധിച്ച ജനപിന്തുണയാണെന്നും ഈ സംഭവ വികാസങ്ങൾ വ്യക്തമാക്കുന്നു.

സുരക്ഷാ ജീവനക്കാരുടെ അകമ്പടിയില്ലാതെ നി:സങ്കോചം ഇന്ദ്രപ്രസ്ഥത്തിലെ വഴിയോരത്തിലൂടെ സഞ്ചരിക്കുന്ന മുഖ്യൻ തികഞ്ഞ സൗഹൃദ മനോഭാവത്തോടെ ആളുകളോട് കുശലം ചൊല്ലുന്ന ചിത്രങ്ങൾ കാണുമ്പോൾ അതാണ് മനസ്സിൽ തെളിയാറുള്ളതും.

ചില പോരായ്മകൾ ഉണ്ടെന്നാകിലും ( സമ്പൂർണ്ണരാകാൻ ആർക്കാനാകുക? വിയോജിപ്പുകളും വിമർശങ്ങളും ഉയരുക സാധാരണം ) ജനപക്ഷത്തു നിന്ന് ചിന്തിച്ച് അവർക്കായി അവിരാമം പരിശ്രമിക്കുന്ന നല്ല നേതാക്കന്മാർ ഇനിയുമുണ്ടാകട്ടെ എന്ന് നാം വോട്ടർമാർ ആത്മാർത്ഥമായി ആഗ്രഹിക്കുന്നത് ജനങ്ങളിൽ നിന്നകന്ന് ദന്തഗോപുരങ്ങളിൽ നിവസിക്കുന്ന ഭൂരിപക്ഷം നേതാക്കന്മാരും ഇനിയെങ്കിലും തിരിച്ചറിഞ്ഞെങ്കിൽ എത്ര നന്നായേനെ, അല്ലേ?

ശാലിനി വി എസ് നായർ

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

സങ്കര വൈദ്യം പിൻവാതിലിലൂടെ കൊണ്ടുവന്നാൽ ശക്തമായി നേരിടും: ഐ എം എ

ഉണക്കി പൊടിച്ച ചാണകം ഇനി പരിസ്ഥിതിസൗഹൃദ പാക്കറ്റിൽ