നോട്ട് നിരോധനത്തിന് രണ്ടു വർഷം: വിടരുതവരെ !!

മോഡി സർക്കാരിന്റെ നോട്ടു നിരോധനത്തിന് ഇന്നേക്ക്  രണ്ടു വർഷം  തികയുന്നു. ഹിമാലയൻ മണ്ടത്തരം എന്ന്  വിലയിരുത്തപ്പെട്ട  2016 ലെ സാമ്പത്തിക രംഗത്തെ  സർജിക്കൽ സ്ട്രൈക്കിന്റെ ദോഷഫലങ്ങൾ രാജ്യമിന്നും അനുഭവിക്കുകയാണ്. മേരി ജോർജിനെപ്പോലെ, മോഹൻലാലിനെപ്പോലെ, വി ടി ബൽറാമിനെപ്പോലെ   വ്യത്യസ്ത മേഖലകളിലെ  നിരവധി പേർ നരേന്ദ്രമോഡി സർക്കാറിന്റെ  തീരുമാനത്തെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു. രാജ്യത്തിൻറെ സാമ്പത്തിക രംഗത്തെ ഒറ്റ രാത്രി കൊണ്ട് അനിശ്ചിതത്വത്തിന്റെ പടുകുഴിയിലേക്ക് വലിച്ചെറിഞ്ഞവരെ ന്യായീകരിച്ച് രംഗത്ത് വന്നവർക്ക് തങ്ങളുടെ  നിലപാടുകളെക്കുറിച്ച് വിശദീകരിക്കാനുള്ള ബാധ്യതയും ഉണ്ടെന്ന് എഴുത്തുകാരൻ പി ജെ ബേബി പറയുന്നു. 

പി ജെ ബേബിയുടെ ഫേസ് ബുക്ക് പോസ്റ്റ് 

നോട്ട് നിരോധനം ഒരൊറ്റ രാത്രി കൊണ്ട് ജനജീവിതത്തെയാകെ മാറ്റി മറിച്ചപ്പോൾ നമുക്കാകെ എന്താണ് വരാൻ പോകുന്നതെന്ന് വിദഗ്ദോപദേശം തരാൻ കനിവു കാട്ടിയ ചിലരുണ്ടായിരുന്നു. അവരിൽ ചില പ്രമുഖരുടെ ഒരു ലിസ്റ്റ്:
1. മേരി ജോർജ് ,സാമ്പത്തിക വിദഗ്ദ
2.വിജയകുമാർ, സാമ്പത്തിക വിദഗ്ദൻ
3 മോഹനവർമ, വീക്ഷണം മുൻ എഡിറ്റർ, നോവലിസ്റ്റ്.
4. കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി, വ്യവസായി, കിഡ്നി ദാതാവ്.
5. മോഹൻലാൽ, സൂപ്പർ – മെഗാസ്റ്റാർ, ആനക്കൊമ്പ് സാമ്രാജ്യ ഉടമ
6 വി ടി ബലറാം, യുവതുർക്കിയായ കോൺഗ്രസ് നേതാവ്
7. ജേക്കബ് തോമസ്, അന്ന് സർക്കാരിന് പ്രിയങ്കരനായ പോലീസ് മേധാവി.
8. ആദി കേശവൻ, ബാങ്ക് മേധാവി.
ഒരു നീണ്ട വിദഗ്ദ ലിസ്റ്റിലെ ആദ്യ പേരുകാർ മാത്രമാണിവർ.

മോഡിയുടെ ധീരതയെയും പുതിയ നോട്ടിലെ നാനോ ചിപ്പിനെയും വാഴ്ത്തിപ്പുകഴ്ത്താൻ “ഉത്തരവാദപ്പെട്ട “സംഘപരിവാർ ചാനൽ വിദഗ്ദ്ധരെ  കവച്ചു വച്ച് കള്ളപ്പണം പിടിക്കുന്നതിലും രാജ്യത്തിന്റെ സമ്പദ്ഘടന റോക്കറ്റ് പോലെ മുകളിലേക്ക് കുതിപ്പിക്കുന്നതിലും നോട്ട് നിരോധനത്തിലെ ധീരതയും യുക്തിയും നാട്ടുകാരെ ബോധ്യപ്പെടുത്താൻ ഇവർ മുന്നിൽ നിന്നു.

ഇപ്പോഴും വിദഗ്ദരും പണ്ഡിതരും നിഷ്പക്ഷരും ആയി ഇവരെല്ലാം നമ്മുടെ സ്വീകരണ മുറികളിൽ നമ്മെ ബോധവൽക്കരിക്കുന്നു. ഈ നടപടിയുടെ പ്രഖ്യാപിത ലക്ഷ്യം എവിടം വരെ നേടി എന്ന് നമ്മോടു പറയാൻ മോഡിക്കോ, മോഡി അനുയായികൾക്കോ ഒരു സമ്മർദവുമില്ലാത്ത സ്ഥിതിയുണ്ടാക്കുന്നതിൽ ഇപ്പോഴും നല്ല സേവനമനുമനുഷ്ഠിക്കുന്നു.

അടിയന്തിരാവസ്ഥയിൽ നിന്ന് ഇന്ത്യൻ നിഷ്പക്ഷബുദ്ധിജീവി പഠിച്ച ഏക പാഠം ഒരു ശക്തമായ ഫാസിസ്റ്റ് നടപടി വന്നാൽ യാതൊരു റിസ്കിനും നിൽക്കരുത്, ഭരണാധികാരിക്ക് സ്തുതി പാടി പട്ടും വളയും വാങ്ങിക്കോളണം എന്നാണെന്നും നമുക്ക് അവർ മനസ്സിലാക്കിത്തന്നു.

നോട്ട് നിരോധനത്തിൽ ഒരു കാര്യവുമില്ലാതെ വെറുതെ പൊലിഞ്ഞു പോയ എണ്ണമറ്റ ജീവനുകളുടെ കാര്യത്തിൽ അല്പസ്വല്പം ചോറക്കറ ഇവരുടെ കൈകളിലുമില്ലേ?

ചോദ്യം പാടില്ല, ഇവർ മഹാന്മാരും മഹതികളുമാണ്.

എങ്കിലും ഞാൻ പറയുക “വിടരുതവരെ ” എന്നാണ്. തല്ലാനോ കൊല്ലാനോ അല്ല.ഒരു ജനാധിപത്യ വ്യവസ്ഥക്കു ചേർന്ന വിധത്തിൽ തങ്ങൾ ചെയ്ത കാര്യത്തിന് ജനങ്ങൾക്കു മുന്നിൽ മറുപടി പറയാൻ അവർക്ക് ബാധ്യതയുണ്ട്.  ഒരു വിശദീകരണത്തിന് അവർക്ക് ബാധ്യതയുണ്ട്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ക്രാഫ്റ്റിന്റെ അനന്ത സാധ്യതകൾ 

ചെമ്പകത്തൈകൾ പൂത്ത മാനത്ത് പൊന്നമ്പിളി ചുംബനം കൊള്ളാനൊരുങ്ങീ