പരമ്പരാഗത രചന രീതിയിലൂടെ ആധുനികതയെ വരച്ചുകാട്ടി മാധ്വി പരേഖ് 

കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെയുടെ പ്രധാനവേദിയായ ഫോര്‍ട്ട്കൊച്ചി ആസ്പിന്‍വാള്‍ ഹൗസില്‍ മാധ്വി പരേഖിന്‍റെ പ്രദര്‍ശനയിടത്തില്‍ കയറുമ്പോള്‍ തന്നെ കണ്ണിലുടക്കുന്നത് വെള്ളനിറത്തിലുള്ള ചെറുതൂണുകള്‍ പോലുള്ള രൂപങ്ങളാണ്. തികച്ചും പരമ്പരാഗത ചിത്രരചനാ രീതിയില്‍ തയ്യാറാക്കിയിരിക്കുന്ന ഈ വരകളും പ്രതിമാരൂപങ്ങളും ഏറ്റവും ആധുനികമായ വിഷയങ്ങളെയാണ് കൈകാര്യം ചെയ്യുന്നത്.

കുട്ടികള്‍ വരയ്ക്കുന്ന രൂപങ്ങള്‍ക്ക് സമാനമാണ് മാധ്വി പരേഖിന്‍റെ രചനകള്‍. ഗുജറാത്തിലെ തന്‍റെ കുട്ടിക്കാലം സമ്മാനിച്ച ഗ്രാമീണ ചിത്രരചനാ രീതികളാണ് ഇന്നും മാധ്വിയുടെ സൃഷ്ടികള്‍ക്ക് ആധാരം. ഗുജറാത്തില്‍ നിന്നും വിവാഹശേഷം കൊല്‍ക്കത്തയിലേക്ക് ജീവിതം മാറിയപ്പോഴും പടിഞ്ഞാറന്‍ ഇന്ത്യയിലെ കലാരചനാ രീതികളില്‍ മാധ്വി മാറ്റം വരുത്തിയില്ല.

അഹമ്മദാബാദിനടുത്ത് സഞ്ജയ എന്ന ഗ്രാമത്തിലാണ് മാധ്വി പരേഖ് ജനിച്ചത്. ഇന്നും ആ ഗ്രാമത്തിന്‍റെ ശബ്ദങ്ങളും കാഴ്ചകളും തന്നില്‍ നിന്നകന്നു പോയിട്ടില്ലെന്ന് അവര്‍ പറഞ്ഞു. സ്ക്കൂളില്‍ നിന്ന് തിരിച്ചു വരുമ്പോള്‍ കാണുന്ന അസ്തമയ സൂര്യനാണ് ഉള്ളില്‍ കലയോടുള്ള ദീപം തെളിയിച്ചതെന്ന് 77 കാരിയായ മാധ്വി പറഞ്ഞു.

ഗ്രാമത്തിലെ നാടോടിക്കഥകളാണ് മാധ്വി ക്യാന്‍വാസിലാക്കിയത്. ഗ്രാമക്കാഴ്ചകള്‍, അവിടുത്തെ മൃഗങ്ങളും മനുഷ്യരും, ദൈനംദിന ജീവിതത്തിലെ കാഴ്ചകള്‍ തുടങ്ങിയവ വ്യത്യസ്തമായ ദൃശ്യഭാഷയാണ് രചിക്കുന്നത്. ഇവയെല്ലാം സ്വയാര്‍ജ്ജിതമായ ചിത്രരചനാ രീതികളിലൂടെ മാധ്വി പകര്‍ത്തി. പ്രശസ്ത ആര്‍ട്ടിസ്റ്റും ഭര്‍ത്താവുമായ മനു പരേഖിന്‍റെ പ്രോത്സാഹനം അവര്‍ക്ക് ഇരട്ടിമധുരമായി.

കരിയും അക്രലിക് നിറങ്ങളുമാണ് ബിനാലെയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന സൃഷ്ടികളില്‍ മാധ്വി ഉപയോഗിച്ചിരിക്കുന്നത്. പ്രതലത്തില്‍ കൃത്യമായ ഇടത്തു നിന്നല്ല മാധ്വി ചിത്രം വരച്ച് തുടങ്ങുന്നത്. ക്യാന്‍വാസിന്‍റെ ഏതെങ്കിലും സ്ഥലത്തു നിന്നും തുടങ്ങിയാണ് ചിത്രം രൂപാന്തരപ്പെടുന്നത്. ചിത്രങ്ങളിലധികവും ഗ്രാമീണ കാഴ്ചകളാണ് വര്‍ണിച്ചിരിക്കുന്നത്. എന്നാല്‍ മുളയില്‍ കടലാസ് കുഴച്ച് നിര്‍മ്മിച്ചിരിക്കുന്ന നാല് പ്രതിമാരൂപങ്ങള്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. ഗ്രാമീണ മൂല്യങ്ങളാണ് ഇതിലൂടെ അവര്‍ വരച്ച് കാട്ടുന്നത്.

മൃണാളിനി മുഖര്‍ജി, നീലിമ ഷേഖ്, നളിനി മാലിനി, അര്‍പിത സിംഗ്, നസ്രീന്‍ മൊഹമ്മദി, അമൃത ഷെര്‍ഗില്‍ തുടങ്ങി 20-ാം നൂറ്റാണ്ടിലെ മികച്ച കലാകാരന്മാര്‍ക്കിടയിലാണ് മാധ്വിയുടെ സ്ഥാനം. കൊല്‍ക്കത്തയിലെ കെമൗള്‍ഡ് ആര്‍ട്ട് ഗാലറിയിലാണ് മാധ്വി തന്‍റെ ആദ്യ പ്രദര്‍ശനം നടത്തിയത്. തുടര്‍ന്ന് ഇന്ത്യയ്ക്കകത്തും പുറത്തുമായി നിരവധി പ്രദര്‍ശനങ്ങള്‍ അവര്‍ നടത്തി. ലളിതകലാ അക്കാദമിയുടെ ദേശീയ പുരസ്ക്കാരാവും  മാധ്വിയ്ക്ക് ലഭിച്ചിട്ടുണ്ട്.

 

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ശുഭരാത്രിയിൽ ദിലീപിന്റെ നായികയായി അനുസിത്താര 

പെരുമാറ്റച്ചട്ടം; ജില്ലാതല സ്‌ക്വാഡുകൾ പ്രവർത്തനം തുടങ്ങി