in

ഡിസൈന്‍ സമ്മര്‍ സ്കൂള്‍: രജിസ്ട്രേഷന്‍ ശനിയാഴ്ച അവസാനിക്കും 

കൊച്ചി: രൂപകല്‍പനയിലും ഡിജിറ്റല്‍ സാങ്കേതികവിദ്യകളിലൂം നൂതന പരിശീലനം ലക്ഷ്യമാക്കി കോപ്പന്‍ഹേഗന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ററാക്ഷന്‍ ഡിസൈന്‍ (സിഐഐഡി)-ന്‍റെ  സഹകരണത്തോടെ കേരള സ്റ്റാര്‍ട്ടപ് മിഷന്‍  കൊച്ചിയില്‍ നടത്തുന്ന സമ്മര്‍ സ്കൂളിലേയ്ക്കുള്ള റജിസ്ട്രേഷന്‍ നവംബര്‍ 10 ശനിയാഴ്ച അവസാനിക്കും.

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള  വിദഗ്ധരെ ഉള്‍പ്പെടുത്തി ഡിസംബര്‍ 3 മുതല്‍ 21 വരെ ഇന്‍ററാക്ഷന്‍ ഡിസൈന്‍,  സര്‍വീസ് ഡിസൈന്‍, ബ്ലോക്ചെയ്നോടൊപ്പമുള്ള ഡിസൈനിംഗ്, മെഷീന്‍ ലേണിംഗ്, ഡിസൈനിംഗ് കണക്ട്ഡ് പ്രോഡക്ട് തുടങ്ങിയ നൂതന വിഷയങ്ങളില്‍  10 ശില്‍പശാലകള്‍ ഇതിന്‍റെ ഭാഗമായി നടത്തും.

എല്ലാ ആഴ്ചയും വ്യത്യസ്ത തരത്തിലുള്ള മൂന്നോ നാലോ ശില്‍പശാലകള്‍ ഉണ്ടാകും. പങ്കെടുക്കുന്നവര്‍ക്ക് ഇവയില്‍നിന്ന് തിരഞ്ഞെടുക്കാം. ഓരോ ആഴ്ചയിലേയും ശില്‍പശാലകളില്‍ വ്യത്യസ്ത വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിനാല്‍ ഒന്നോ രണ്ടോ  അല്ലെങ്കില്‍  മൂന്നാഴ്ചയിലെ ഏതെങ്കിലും ശില്‍പശാലകളില്‍ പങ്കെടുത്താല്‍ മതിയാകും. പങ്കെടുക്കുന്നവര്‍ക്ക് തങ്ങളുടെ സൗകര്യപ്രകാരം ഒരാഴ്ചയോ അല്ലെങ്കില്‍ തുടര്‍ച്ചയായ രണ്ടോ മൂന്നോ ശില്പശാലകളോ തെരഞ്ഞെടുത്ത് സ്വന്തം പാഠ്യപദ്ധതിയുണ്ടാക്കാം.

തിങ്കളാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ രാവിലെ 9  മുതല്‍ വൈകുന്നേരം 5 മണിവരെയാണ് ശില്‍പശാല ക്രമീകരിച്ചിരിക്കുന്നത്. രൂപകല്‍പ്പനയും നവീന സാങ്കേതിക വിദ്യയുടെ ഉപയോഗവും മനസ്സിലാക്കുന്നതിനാവശ്യമായ ആശയവിനിമയവും പ്രായോഗിക സെഷനുകളും ശില്‍പശാലകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സമ്മര്‍ സ്കൂളിന്‍റെ ഭാഗമായി പൊതുജനങ്ങള്‍ക്കും പങ്കെടുക്കാവുന്ന രീതിയില്‍ ചൊവ്വാഴ്ചകളില്‍ പ്രഭാഷണങ്ങള്‍ നടത്തും. ഡിസംബര്‍ 4, 11, 18 തീയതികളിലായാണ് ഇത് നടത്തുന്നത്.  കൂടാതെ വെളളിയാഴ്ചകളിലായി ഡിസംബര്‍ 7, 14, 21 തീയതികളില്‍ സമ്മര്‍ സ്കൂളില്‍ പങ്കെടുക്കുന്നവരുടെ സൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കുന്ന എക്സിബിഷനിലും പൊതുജനങ്ങള്‍ക്ക് പങ്കെടുക്കാം.

ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന ഡിസൈന്‍ സ്കൂളുകളില്‍ പ്രശസ്ത സ്ഥാപനമാണ് 2008 ല്‍ ഡെന്‍മാര്‍ക്കില്‍ ആരംഭിച്ച സിഐഐഡി. പരമ്പരാഗത രൂപകല്‍പ്പനയില്‍ സാമൂഹിക-സാങ്കേതിക തരംഗങ്ങള്‍ സംയോജിപ്പിച്ചുള്ള ഇന്‍ററാക്ഷന്‍ ഡിസൈനിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കലയിലും സംഗീതത്തിലും മനഃശാസ്ത്രത്തിലും സാങ്കേതികവിദ്യ ഉപയോഗിക്കുന്ന അപൂര്‍വ്വ സ്ഥാപനങ്ങളില്‍ ഒന്നാണിത്.

കൂടുതല്‍ വിവരങ്ങള്‍ ഇവിടെ.

Leave a Reply

Your email address will not be published. Required fields are marked *

നെഹ്റു ട്രോഫി വള്ളം കളി: അല്ലു അര്‍ജ്ജുൻ എത്തും 

ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സ്റ്റാര്‍ട്ടപ്പുകൾ: മേക്കര്‍ വില്ലേജ് സെമിനാര്‍