in

ഡിസൈന്‍ സമ്മിറ്റിന് ചൊവ്വാഴ്ച കൊച്ചിയില്‍ തുടക്കം

കൊച്ചി: പ്രളയാനന്തര കേരളത്തിന്‍റെ  സുസ്ഥിര വികസനം ലക്ഷ്യമാക്കി വിവിധ മേഖലകളില്‍  നൂതന രൂപകല്‍പ്പനകളും  സത്വരപരിഹാരങ്ങളും തേടുന്നതിന് കേരള സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഡിസൈന്‍ ഫെസ്റ്റിവലിന് നാളെ (ഡിസംബര്‍ 11 ചൊവ്വാഴ്ച) തുടക്കമാകും.

ഡിസംബര്‍ 11 ന് ഇന്‍ഫോസിസ് സഹസ്ഥാപകനും സംസ്ഥാന സര്‍ക്കാരിന്‍റെ ഉന്നതതല ഐടി സമിതി ചെയര്‍മാനുമായ എസ് ഡി ഷിബുലാല്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയന്‍ 12 ന്(ബുധനാഴ്ച) സമ്മേളനത്തെ അഭിസംബോധന ചെയ്യും.

 സംസ്ഥാന ഐടി സെക്രട്ടറി ശ്രീ എം ശിവശങ്കര്‍, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ ഡോ. സജി ഗോപിനാഥ്, സമ്മര്‍ സ്ക്കൂളിന്‍റെ മേധാവി അന്ന ലോറ ഫാരിയാസ് എന്നിവരും ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കും. ആര്‍ക്കിടെക്ട് ജി ശങ്കറടക്കമുള്ള പ്രമുഖര്‍ ആദ്യ ദിനം ഡിസൈന്‍ സമ്മിറ്റില്‍ പങ്കെടുക്കും.

ഡിസൈന്‍ സമ്മേളനത്തിലെ പ്രധാനപ്പെട്ട ആകര്‍ഷണമായിരിക്കും ഡിസൈന്‍ ഡിസ്ട്രിക്ട് പ്രദര്‍ശനം. ബിനാലെ പ്രദര്‍ശനങ്ങളുടെ മാതൃകയില്‍ സാങ്കേതിക ഉത്പന്നങ്ങള്‍ അതിന്‍റെ ഉപയോഗമടക്കം പ്രദര്‍ശനത്തിന് വച്ചിരിക്കുകയാണ്. പ്രത്യേകമായി ക്യൂറേറ്റ് ചെയ്ത ഈ പ്രദര്‍ശനത്തില്‍ രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രോണിക്സ് ഇന്‍കുബേറ്ററായ മേക്കര്‍വില്ലേജ്, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ എന്നിവരുടെ ഉത്പന്നങ്ങള്‍ കാണികള്‍ക്ക് മുന്നിലെത്തും.

പൂര്‍ണമായും ഓട്ടോമേറ്റഡായ ആശുപത്രി മുറി, പശുവിന്‍റെ രോഗം പാലിലൂടെ നിര്‍ണയിക്കുന്ന ഉപകരണം ഘടിപ്പിച്ച തൊഴുത്ത്, ജലാന്തര്‍ ഭാഗത്തെ നിരീക്ഷണം നടത്തുന്നതിനുള്ള ഡ്രോണ്‍, വാഹനങ്ങളെ ട്രാക്ക് ചെയ്യുന്നത് തത്സമയം കാണിക്കല്‍ തുടങ്ങിയ സാങ്കേതിക ഉത്പന്നങ്ങള്‍ ഡിസൈന്‍ പ്രതിഷ്ഠാപനങ്ങളായി ഡിസൈന്‍ ഡിസ്ട്രിക്ടില്‍ അവതരിപ്പിക്കും. ഡിസൈന്‍ ഫെസ്റ്റിവലിന്‍റെ മുഖ്യ സ്പോണ്‍സറായ പ്രമുഖ സാനിറ്ററിവെയര്‍ കമ്പനി സെറയുടെ ഉത്പന്നങ്ങള്‍ അണിനിരത്തിയുള്ള പ്രതിഷ്ഠാപനവും ഒരുക്കിയിട്ടുണ്ട്.

ഇതോടൊപ്പം പ്രളയത്തെ തരണം ചെയ്തവരുടെ അനുഭവങ്ങള്‍ പങ്കു വയ്ക്കുന്ന څലൈഫ് ടോക്ക്چ എന്ന പരിപാടിയും ഏറെ ശ്രദ്ധയാകര്‍ഷിക്കും. പ്രളയത്തിലകപ്പെട്ടവരെ ജീവന്‍ പണയം വച്ച് രക്ഷിച്ച മത്സ്യത്തൊഴിലാളികള്‍ പ്രളയത്തിന്‍റെ അതിജീവനത്തിന്‍റെ പ്രതീകമായി മാറിയ ചേക്കുട്ടി പാവകളുടെ സഹ ഉപജ്ഞാതാവ് ഗോപിനാഥ് പറയില്‍ തുടങ്ങിയവര്‍ തങ്ങളുടെ അനുഭവം വിവരിക്കും.

ഡിസൈന്‍ വീക്കിന്‍റെ വെബ്സൈറ്റ് വഴി സൗജന്യ രജിസ്ട്രേഷന്‍ നടത്തിയവര്‍ക്ക് ഡിസൈന്‍ ഡിസ്ട്രിക്ടില്‍ പ്രവേശിക്കാവുന്നതാണ്. എന്നാല്‍ ഡിസൈന്‍ സമ്മിറ്റില്‍ ഔദ്യോഗിക പ്രതിനിധികള്‍ക്ക് മാത്രമായിരിക്കും പ്രവേശനം. സൗജന്യ രജിസ്ട്രേഷന്‍ നടത്തിയവര്‍ക്ക് ഡിസൈന്‍ ഡിസ്ട്രിക്ടില്‍ നടക്കുന്ന വിദ്വാന്‍ ബാന്‍ഡിന്‍റെ സംഗീത നിശയിലും പങ്കെടുക്കാം.

നവകേരള നിര്‍മ്മാണത്തില്‍ എങ്ങിനെ ഡിസൈന്‍ മേഖലയെ ഉള്‍പ്പെടുത്താം എന്ന ചിന്തയില്‍ നിന്നാണ് ഡിസൈന്‍ സമ്മേളനമെന്ന ആശയം യാഥാര്‍ത്ഥ്യമാകുന്നത്. സമസ്ത മേഖലയുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര- ആഭ്യന്തര വിദഗ്ധര്‍ സമ്മേളനത്തിനെത്തുന്നുണ്ട്. അവര്‍ മുന്നോട്ടു വയ്ക്കുന്ന നിര്‍ദ്ദേശങ്ങളില്‍ നവകേരള നിര്‍മ്മാണത്തിന് അനുയോജ്യമായതെന്ന് കരുതുന്നവ സര്‍ക്കാരിന് സമര്‍പ്പിക്കും.

പ്രശസ്ത ഡിസൈനറും സംരംഭകനുമായ ജോണ്‍ ഫെരേര, പ്രമുഖ ഗവേഷകനും രൂപകല്പനാ കലാകാരനുമായ സൈറസ് ക്ലാര്‍ക്ക്, ബിബിസി ക്രിയേറ്റിവ് ഡയറക്ടര്‍ ഫിലിപ്പോ കുട്ടിക്കോ, അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്കോ ആസ്ഥാനമായുള്ള ആഗോള ഡിസൈന്‍-ഇന്നവേഷന്‍ കമ്പനിയായ ഐഡിയോയുടെ ഡിസൈനര്‍-റിസര്‍ച്ചര്‍ മോമോ മിയാസാക്കി, വേള്‍ഡ് ഡിസൈന്‍ ഓര്‍ഗനൈസേഷന്‍ പ്രസിഡന്‍റ് ശ്രീനി പി ശ്രീനിവാസന്‍, സ്റ്റുഡിയോ 5ബി ഇന്‍ററാക്ഷന്‍ ഡിസൈനര്‍ മനാസ് കരാംബേല്‍കര്‍, ഐഡിയോ ഡിസൈനറും ഓട്ടോഡെസ്ക് ആര്‍ട്ടിസ്റ്റ്-ഇന്‍-റെസിഡന്‍സുമായ ജിമ്മി ചിയോണ്‍, എയര്‍ബസ് ബിസ്ലാബ് ഇന്ത്യ ലീഡര്‍ സിദ്ധാര്‍ഥ് ബാലചന്ദ്രന്‍, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ മുന്‍ ഡയറക്ടര്‍ ഡോ. ഡാര്‍ലി കോശി, ഇന്‍ഫോസിസ് സഹസ്ഥാപകനും സംസ്ഥാന സര്‍ക്കാരിന്‍റെ ഉന്നതതല ഐടി സമിതി ചെയര്‍മാനുമായ എസ് ഡി ഷിബുലാല്‍, സംസ്ഥാന ഐടി-ഇലക്ട്രോണിക്സ് ഐടി സെക്രട്ടറി എം ശിവശങ്കര്‍, കംപാഷണേറ്റ് കേരളം സ്ഥാപകനും കേന്ദ്ര ഡെപ്യൂട്ടി സെക്രട്ടറിയുമായ പ്രശാന്ത്  നായര്‍, കേരള സ്റ്റാര്‍ട്ടപ് മിഷന്‍ സിഇഒ ഡോ സജി ഗോപിനാഥ്, ഹിന്ദുസ്ഥാന്‍ ടൈംസ് മുന്‍ ഫാഷന്‍ എഡിറ്റര്‍ വിനോദ് നായര്‍, ഐബിഎസ് സോഫ്റ്റ്വെയര്‍ സ്ഥാപകനും എക്സിക്യൂട്ടിവ് ചെയര്‍മാനുമായ വി.കെ മാത്യൂസ്, കെടിഡിസി മാനേജിംഗ് ഡയറക്ടര്‍ രാഹുല്‍ ആര്‍, ഏണസ്റ്റ് ആന്‍ഡ് യങിലെ എക്സ്പീരിയന്‍സ് ഡിസൈന്‍ വിഭാഗം എക്സിക്യൂട്ടിവ് ഡയറക്ടര്‍ സതീശ് നായര്‍, ഏണസ്റ്റ് ആന്‍ഡ് യങിലെ ജിഡിഎസ് ഇവന്‍റ് ഇന്ത്യാ ഓപ്പറേഷന്‍സ് ഡയറക്ടര്‍ റിച്ചാര്‍ഡ് ആന്‍റണി,  ആര്‍ക്കിടെംപോ ക്രിയേറ്റിവ് ഡയറക്ടര്‍ അലോക് നന്ദി, ഫാഷന്‍ ഡിസൈന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ പ്രസിഡന്‍റ് സുനില്‍ സേത്തി, ഗ്ലോബസ് ഇന്‍കോര്‍പറ്റേഡ് സിഇഒ സുഹാസ് ഗോപിനാഥ്, കിബാ ഡിസൈന്‍സ് സ്ഥാപകന്‍ അഭിമന്യു നോവാര്‍ തുടങ്ങിയവരാണ് ഡിസൈന്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്.

ഡിസൈന്‍ സമ്മിറ്റിന്‍റെ ഔദ്യോഗിക  പങ്കാളിയായി കെടിഡിസിയും സഹകരിക്കുന്നുണ്ട്. സംസ്ഥാന ഇലക്ട്രോണിക്സ്, ഐടി വകുപ്പ് കഴിഞ്ഞ മാര്‍ച്ചില്‍ സംഘടിപ്പിച്ച ദ്വിദിന ആഗോള ഡിജിറ്റല്‍ ഉച്ചകോടിയായ  ‘ഫ്യൂച്ചറി’ന്‍റെ തുടര്‍ച്ചയായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. വിദഗ്ധര്‍, സംരംഭകര്‍, സ്റ്റാര്‍ട്ടപ് സ്ഥാപകര്‍, മുന്‍നിര കോര്‍പ്പറേറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങി 2,000 പ്രതിനിധികള്‍ ഭാഗഭാക്കായ ഫ്യൂച്ചറില്‍ കേരളത്തെ ഡിജിറ്റല്‍ കണ്ടുപിടിത്തങ്ങളുടേയും നിക്ഷേപത്തിന്‍റേയും കേന്ദ്രമാക്കുന്നതിനുള്ള റോഡ്മാപ്പ് വികസിപ്പിച്ചിരുന്നു.

ഡിസംബര്‍ 12 മുതല്‍ സമകാലീന കലയുടെ പരിഛേദമായ കൊച്ചി മുസിരിസ് ബിനാലെ ആരംഭിക്കുന്നതിനാല്‍ ബിനാലെയുടെ മുഖ്യവേദികളില്‍ നിന്ന് സൗജന്യമായി ഡിസൈന്‍ ഡിസ്ട്രിക്ടിലേക്ക് ബോട്ട് സര്‍വ്വീസ് ഉണ്ടാകും. ബോള്‍ഗാട്ടി ഐലന്‍ഡിലെ ഡിസൈന്‍ സിസ്ട്രിക്ടില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടാകും.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

പുതിയ സ്‌കൂൾ വർഷം അപകട രഹിതമാക്കാൻ നിർദേശം 

Mollywood, Malayalam film industry, Dileep, controversy, AMMA, actress attack case, police, fans, Chemmeen, Neelakuyil, Ramu Kariat, Mohan Lal, Mammootty, superstars,

ചലച്ചിത്രമേളയ്ക്കിടെ ഹർത്താൽ: ഡി വൈ എഫ് ഐ അപലപിച്ചു