വെല്ലുവിളികളെ  തോൽപ്പിച്ച്  റാംപിൽ 

പ്രതിസന്ധികളിൽ തളരാതെ നിരന്തരം പടവെട്ടിയവർ മാത്രമേ ജീവിത വിജയം കൈവരിച്ചിട്ടുള്ളൂ. പരിമിതികളും തടസങ്ങളും  ജീവിതത്തിനു വെല്ലുവിളികളാവുമ്പോൾ അവയെ സധൈര്യം നേരിടുകയാണ് വേണ്ടത്.

ചെറു പുഞ്ചിരിയോടെ, ധീരതയും നിശ്ചയദാർഢ്യവും കൊണ്ട്  ജീവിതത്തിലെ വെല്ലുവിളികളെ  നേരിട്ട് റാമ്പിൽ എത്തിയ  കുരുന്നു പ്രതിഭകൾ അസാമാന്യമായ ആത്മവിശ്വാസമാണ് പ്രകടമാക്കിയത്.  വിശാലമായ സാധ്യതകളുടെ ലോകമാണ് തങ്ങൾക്ക് മുന്നിലുള്ളതെന്ന്  ആ കുരുന്നുകൾ  പറയാതെ പറയുന്നതുപോലെ തോന്നി. നാനാത്വത്തിൽ ഏകത്വം എന്ന ആശയത്തെ അടിസ്ഥാനമാക്കി സെപ്തംബർ 15 ന് ഫാഷൻ ഡിസൈൻ കൌൺസിൽ ഓഫ് ഇന്ത്യയും  (എഫ്ഡിസിഐ) ഡൽഹിയിലെ ഹയാട്ട് റീജൻസിയും സംയുക്തമായി സംഘടിപ്പിച്ചതായിരുന്നു ആ ഫാഷൻ ഷോ.

ഖാമോഷിയാ എന്ന ബോളിവുഡ് ചിത്രത്തിലെ മനോഹരമായ ടൈറ്റിൽ സോങ്ങ്  ” സ രി  ഗ മ പ ” പാടി  ദിവാകർ ചടങ്ങിന് തുടക്കം കുറിച്ചു. ഭിന്നശേഷിക്കാർക്ക് വേണ്ടിയുള്ള സ്കൂളായ തമന്നയിലെ കുഞ്ഞുങ്ങളാണ് റാംപിൽ മാറ്റുരച്ചത്. അൽപന നീരജ്, അമിത് അഗർവാൾ, കിരൺ ഉത്തം ഘോഷ്, നിതിൻ ബാല ചൗഹാൻ, പായൽ പ്രതാപ് സിംഗ്, രാജേഷ് പ്രതാപ് സിംഗ്, ഗൗതം ഗുപ്ത , ആശാ റാണി ഗുപ്ത, റിധി അറോറ, നമിതാ ബൻസൽ എന്നീ ഡിസൈനർമാർ രൂപകൽപന ചെയ്ത മനോഹര വസ്ത്രങ്ങളണിഞ്ഞാണ് കുട്ടികൾ  റാമ്പിലെത്തിയത്.

പ്രശസ്തമായ ” ഫാഷൻ കാ ഹായ് വാ ജൽവ” എന്ന ഗാനത്തോടെ പരിപാടികൾക്ക് തുടക്കം കുറിച്ചു .  ഇൻഡിപോപ്പ് ഗാനങ്ങളും ബോളിവുഡ് സിനിമകളിലെ സൂപ്പർ ഹിറ്റ്  നമ്പറുകളും  ഷോയ്ക്ക് ആവേശം പകർന്നു. കൈവീശി കാണിച്ചും  ഫ്ലയിങ് കിസ്സുകൾ പറത്തിയും കുഞ്ഞുങ്ങൾ കാണികളെ അക്ഷരാർത്ഥത്തിൽ കൈയിലെടുത്തു.

ജാപ്പനീസ് അംബാസിഡർ കെൻജി ഹിരാമസുവായിരുന്നു പരിപാടിയുടെ  മുഖ്യാതിഥി.  പ്രത്യേകമായി ഡിസൈൻ ചെയ്‌ത ജാപ്പനീസ് സ്കാർഫ്, പാന്റ്സ്, ജാക്കറ്റ്, സോക്സ്, ഗ്ലാസ്, പെർഫ്യൂംസ് ഉൾപ്പെടെ അടിമുടി ജപ്പാൻകാരനായാണ് എഫ് ഡി സി ഐ  ചെയർമാൻ സുനിൽ സേതി ഷോയിൽ പങ്കെടുത്തത്. ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളെ സാമൂഹ്യ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്താൻ ജാപ്പനീസ് സർക്കാർ തങ്ങളുടെ രാജ്യത്ത് ഇത്തരം പരിപാടികൾ ധാരാളമായി സംഘടിപ്പിക്കുന്നുണ്ടെന്നും അതിനോടുള്ള ആദരസൂചകമായാണ് താൻ  ജാപ്പനീസ് വസ്ത്രങ്ങൾ അണിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

പരിപാടിയിൽ കെൻജി ഹിരാമസുവിനെ കൂടാതെ അദ്ദേഹത്തിന്റെ ഭാര്യ പട്രീഷ്യ ഹിരാമസുവും പങ്കെടുത്തു.  ഓസ്ട്രേലിയൻ ഹൈക്കമ്മീഷണർ ഹരീന്ദർ സിംഗ് സിദ്ദു,  ന്യൂസിലാൻഡ് ഹൈകമ്മീഷണർ ജോഹന്ന കേമ്പ്കർസ് എന്നിവർ ചടങ്ങിൽ  വിശിഷ്ടാതിഥികൾ ആയിരുന്നു. കുട്ടികളോടൊപ്പം ഇരുവരും റാമ്പ് വോക്  നടത്തി.

” ഒന്നിന്റെയും കുറവ് നമുക്കില്ല എന്ന്  ഓർമിപ്പിക്കാനാണ് ഈ കുഞ്ഞുങ്ങൾ നമുക്കിടയിൽ  ജനിച്ചിരിക്കുന്നത്. ഇവരുടെ ഹൃദയത്തിന്റെ നന്മ നാം കണ്ടറിയണം ”   തമന്ന സ്ഥാപകയും പ്രസിഡന്റുമായ ശ്യാമ ചോന പറഞ്ഞു. പദ്മശ്രീ , പദ്മഭൂഷൻ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുള്ള ഡോ.ശ്യാമ 1984-ലാണ് തമന്നയ്ക്കു തുടക്കം കുറിക്കുന്നത്. ഭിന്നശേഷിക്കാർക്കും ഓട്ടിസം പോലുള്ള അസുഖങ്ങൾ ബാധിച്ചവർക്കുമായി തമന്ന  നിരവധി  സേവനങ്ങൾ അനുഷ്ഠിക്കുന്നു . ഭിന്നശേഷിക്കാർക്കിടയിലെ പ്രവർത്തന മികവിന് ഐക്യരാഷ്ട്രസഭയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്.

സെറിബ്രൽ പാൽസി എന്ന അസുഖവുമായാണ് ശ്യാമയുടെ മകൾ തമന്ന ചോന ജനിച്ചത്. കഠിനമായ പ്രയത്നത്തിലൂടെ   മകളുടെ ജീവിതത്തിലെ  തടസ്സങ്ങളെല്ലാം മറികടക്കാൻ  അവർക്കു  സാധിച്ചു.തന്റെ മകളെപ്പോലെ  ജീവിത ദുരിതമനുഭവിക്കുന്ന കുഞ്ഞുങ്ങളുടെയെല്ലാം  ജീവിതത്തിൽ വെളിച്ചം പകർന്നു നൽകാനാണ് തമന്ന ചാരിറ്റബിൾ സൊസൈറ്റിക്ക്  അവർ തുടക്കമിടുന്നത്.  അമിത് അഗ്ഗർവാൾ ഡിസൈൻ ചെയ്ത വസ്ത്രം ധരിച്ച്  തമന്ന ചോനയും  റാംപിൽ എത്തിയിരുന്നു.

കടപ്പാട്: HT 

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

Government Ayurveda College Hospital for Women & Children, Poojappura, delivery, pregnant, health minister, labour room , baby, mother, 

ആയുര്‍വേദ ആശുപത്രികളില്‍ ബ്രഡ് ഒഴിവാക്കി സമ്പുഷ്ട ഭക്ഷണം

പ്രിയനന്ദനൻറെ പുതിയ ചിത്രം വൈശാഖന്റെ സൈലൻസർ