Movie prime

ഇന്റർനെറ്റ് ബ്ലാക്ക് ഔട്ടുകൾ തുടർക്കഥയാവുന്ന ഡിജിറ്റൽ ഇന്ത്യ

കഴിഞ്ഞവർഷം ലോകത്ത് ഏറ്റവുമധികം ഇന്റർനെറ്റ് ബ്ലാക്ക്ഔട്ടുകൾ അടിച്ചേൽപ്പിച്ച രാജ്യം ഇന്ത്യയാണെന്ന് റിപ്പോർട്ടുകൾ. ഈ വർഷം ജൂൺ വരെ, അതായത് വർഷത്തിന്റെ ആദ്യ പകുതി പിന്നിടുമ്പോഴേക്കും, രാജ്യത്ത് 59 തവണ ഇന്റർനെറ്റ് ഷട്ട് ഡൗൺ ചെയ്തതായി സോഫ്റ്റ് വെയർ ഫ്രീഡം ലോ സെന്ററിന്റെ (എസ് എഫ് എൽ സി ) ഇന്റർനെറ്റ് ഷട്ട് ഡൗൺ ട്രാക്കർ കണക്കുകൾ. ജൂണിൽ മാത്രം 11 തവണ നെറ്റ് ഷട്ട് ഡൗൺ ചെയ്തിട്ടുണ്ട്. ഇതിൽ ഏഴും ജമ്മുകാശ്മീരിലാണ്. രണ്ടെണ്ണം പശ്ചിമ ബംഗാളിൽ, ഓരോന്ന് More
 
ഇന്റർനെറ്റ് ബ്ലാക്ക് ഔട്ടുകൾ തുടർക്കഥയാവുന്ന ഡിജിറ്റൽ ഇന്ത്യ

കഴിഞ്ഞവർഷം ലോകത്ത് ഏറ്റവുമധികം ഇന്റർനെറ്റ് ബ്ലാക്ക്ഔട്ടുകൾ അടിച്ചേൽപ്പിച്ച രാജ്യം ഇന്ത്യയാണെന്ന് റിപ്പോർട്ടുകൾ. ഈ വർഷം ജൂൺ വരെ, അതായത് വർഷത്തിന്റെ ആദ്യ പകുതി പിന്നിടുമ്പോഴേക്കും, രാജ്യത്ത് 59 തവണ ഇന്റർനെറ്റ് ഷട്ട് ഡൗൺ ചെയ്തതായി സോഫ്റ്റ് വെയർ ഫ്രീഡം ലോ സെന്ററിന്റെ (എസ് എഫ് എൽ സി ) ഇന്റർനെറ്റ് ഷട്ട് ഡൗൺ ട്രാക്കർ കണക്കുകൾ. ജൂണിൽ മാത്രം 11 തവണ നെറ്റ് ഷട്ട് ഡൗൺ ചെയ്തിട്ടുണ്ട്. ഇതിൽ ഏഴും ജമ്മുകാശ്മീരിലാണ്. രണ്ടെണ്ണം പശ്ചിമ ബംഗാളിൽ, ഓരോന്ന് ഉത്തർപ്രദേശിലും ഒഡീഷയിലും. എസ് എഫ് എൽ സി ട്രാക്കർ റിപ്പോർട്ടുകൾ പ്രകാരം സ്വതന്ത്ര ഇന്റർ നെറ്റിന്റെ ചരിത്രത്തിലെ ഏറ്റവും മോശം വർഷമായിരുന്നു 2018. 134 തവണയാണ് രാജ്യത്ത് നെറ്റ് ഡൗൺ ചെയ്തത്. ഔദ്യോഗിക കണക്കനുസരിച്ച് 2012-2019 കാലയളവിൽ 331 തവണയാണ് നെറ്റിന് നിയന്ത്രണങ്ങൾ കൊണ്ടുവന്നത്. സർക്കാർ കണക്കുകൾക്ക് യാതൊരു വിശ്വാസ്യതയും ഇല്ലെന്നാണ് സ്വതന്ത്ര ഏജൻസികൾ പറയുന്നത്. മറ്റൊരു രാജ്യവും നെറ്റ് ഉപയോഗത്തിൽ സ്വന്തം പൗരന്മാർക്ക് ഇത്രയേറെ വിലക്കേർപ്പെടുത്തിയിട്ടില്ലെന്ന് കണക്കുകൾ ഉദ്ധരിച്ച് അവർ പറയുന്നു.

ജൂലൈ ഒന്നാം തിയ്യതി ഉത്തർപ്രദേശിലെ മീററ്റിൽ നെറ്റ് ഡൗൺ ചെയ്തിരുന്നു. വർധിച്ചുവരുന്ന ആൾക്കൂട്ടക്കൊലകൾക്കെതിരെ പ്രതിഷേധിക്കാനായി ഒരു പ്രാദേശിക സംഘടന ഹർത്താലിന് ആഹ്വാനം നൽകിയപ്പോഴാണ് സർക്കാർ നെറ്റ് ഡൗൺ ചെയ്തത്. ജമ്മു കശ്‍മീരിലാണ് നിലവിൽ ഏറ്റവുമധികം നിയന്ത്രണങ്ങളും വിലക്കുകളും ഉള്ളത്. ഈ വർഷം ഇതേവരെ കശ്‍മീരിൽ 44 തവണ നെറ്റ് ബ്ലാക്ക് ഔട്ട് നടന്നിട്ടുണ്ട്. ബംഗാളിൽ മൂന്നു തവണ നെറ്റിന് വിലങ്ങുകൾ വീണു, ജൂണിൽ രണ്ടു തവണയും ഏപ്രിലിൽ ഒരു തവണയും. പശ്ചിമ ബർധ്മാൻ ജില്ലയിലെ അസൻസോളിൽ ഇരു വിഭാഗം ജനങ്ങൾക്കിടയിലെ ഏറ്റുമുട്ടലുകളെ തുടർന്നാണ് ഇന്റർനെറ്റ് നിയന്ത്രണം കൊണ്ടുവന്നത്. സോഷ്യൽ മീഡിയ വഴി അപവാദങ്ങൾ പ്രചരിപ്പിക്കുന്നത് തടയാനെന്നായിരുന്നു ഔദ്യോഗിക ഭാഷ്യം. യു പി യിൽ ഈ വർഷം മാത്രം മൂന്ന് തവണ ബ്ലാക്ക് ഔട്ടുണ്ടായി. എ ഐ എം ഐ എം നേതാവ് അസാസുദ്ധീൻ ഒവൈസിയുടെ അലിഗർ സർവകലാശാല സന്ദർശനത്തിന്റെ പശ്ചാത്തലത്തിലാണ് യോഗി ആദിത്യ നാഥ്‌ സർക്കാർ സാമൂഹ്യ മാധ്യമങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. 2019 ലെ പുതുവത്സര ദിനത്തിൽ തന്നെ മഹാരാഷ്ട്രയിൽ നെറ്റ് ഷട്ട് ഡൗൺ ചെയ്തിരുന്നു. ഭീമ കൊറേഗാവോൺ ദിനാചരണങ്ങളുടെ ഭാഗമായ സംഘർഷ സാധ്യത കണക്കിലെടുത്താണ് നിയന്ത്രണങ്ങൾ എന്നായിരുന്നു സർക്കാർ അറിയിപ്പ്. ഒഡീഷയിൽ ജനുവരിയിലും ജൂണിലുമായി രണ്ടു തവണയാണ് ഇന്റർനെറ്റ് ഉപയോഗം തടസ്സപ്പെട്ടത്.

2017 ആഗസ്റ്റിലാണ് പുതുക്കിയ ടെലികോം-ഇന്റർനെറ്റ് സേവന ചട്ടങ്ങൾ കേന്ദ്രസർക്കാർ പരസ്യപ്പെടുത്തുന്നത്. എന്നാൽ നിയന്ത്രണങ്ങൾ എപ്പോഴെല്ലാം ഏർപ്പെടുത്താം എന്നത് സംബന്ധിച്ച വ്യക്തത ചട്ടങ്ങളിലില്ല.

ഇന്റർനെറ്റ് ഉപയോഗത്തിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത് ആവിഷ്കാര സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണെന്ന് നിയമ വിദഗ്‌ധർ അഭിപ്രായപ്പെടുന്നു. ഇന്ത്യൻ കൗൺസിൽ ഫോർ റിസർച്ച് ഓൺ ഇന്റർനാഷണൽ ഇക്കണോമിക് റിലേഷൻസിന്റെ (ഐ സി ആർ ഐ ഇ ആർ) ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നത് 2012നും 2017 നും ഇടയിൽ ഇന്റർനെറ്റ് ഷട്ട് ഡൗൺ മൂലം 16,315 ഓൺലൈൻ മണിക്കൂറുകൾ ഇന്ത്യക്ക് നഷ്ടമായി എന്നാണ്. ഇതു മൂലം 3.04 ബില്യൺ ഡോളറിന്റെ സാമ്പത്തിക നഷ്ടവും രാജ്യത്തിനുണ്ടായി.

ഇക്കാര്യത്തിൽ ഡിജിറ്റൽ ഇന്ത്യ എന്ന സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യത്തിനു തന്നെ വിരുദ്ധമായാണ് കേന്ദ്ര സർക്കാർ പ്രവർത്തിക്കുന്നതെന്ന് ശശി തരൂർ എം പി കുറ്റപ്പെടുത്തി. ഇന്റർനെറ്റ് സേവനങ്ങൾ തടസ്സമില്ലാതെ ലഭ്യമായെങ്കിൽ മാത്രമേ ഡിജിറ്റൽ ഇന്ത്യ എന്ന യാഥാർഥ്യത്തിലേക്ക് മുന്നേറാനാകൂ. എന്നാൽ അടിക്കടിയുള്ള ഇന്റർനെറ്റ് ബ്ലാക്ക് ഔട്ടുകൾ ജനങ്ങളുടെ മൗലികാവകാശത്തിന് തന്നെ വെല്ലുവിളിയാവുകയാണ്. സ്റ്റാൻഫോർഡ് സർവകലാശാലയിൽ നടന്ന ഒരു പഠനം പറയുന്നത് ബ്ലാക്ക് ഔട്ടുകൾ ലോകത്ത് എവിടെയും അക്രമങ്ങൾക്ക് പ്രോത്സാഹനം നൽകുന്നെന്നാണ്.

കാമറൂൺ, കോംഗോ, ചാഡ്, സുഡാൻ, സിംബാബ്‌വെ തുടങ്ങിയ രാഷ്ട്രങ്ങളിലും കഴിഞ്ഞ വർഷം ഇന്റർനെറ്റ് സ്വാതന്ത്ര്യം നിരന്തരമായി തടസ്സപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു.

കടപ്പാട്: ദി ക്വിൻറ്