in ,

മാമാങ്കം പദ്മകുമാര്‍ സംവിധാനം ചെയ്യും; സംഭവിച്ചത് എന്ത്? പ്രൊഡ്യൂസര്‍ വേണു കുന്നപ്പിള്ളി സംസാരിക്കുന്നു

മമ്മൂട്ടി നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം മാമാങ്കം ഒരുക്കുക പ്രമുഖ സംവിധായകന്‍ പദ്മകുമാര്‍ ആയിരിക്കുമെന്ന് നിര്‍മാതാവ് വേണു കുന്നപ്പിള്ളി

മുന്‍ സംവിധായകന്‍ സജീവ് പിള്ളയുടെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ്. സംവിധായകന്റെ പരിചയക്കുറവില്‍ വന്‍ നഷ്ടമാണ് ചിത്രത്തിന് സംഭവിച്ചത്. മാമാങ്കം സിനിമയുമായി ഇനി സജീവിന് യാതൊരു ബന്ധവുമില്ല.  മാമാങ്കം സിനിമയുടെ പേരില്‍ സജീവ് എന്തെങ്കിലും വിധത്തിലുമുള്ള പണമിടപാടുകള്‍ നടത്തിയാല്‍ അതിനു കാവ്യാ ഫിലിം കമ്പനി ഉത്തരവാദികളല്ലെന്നും, അദ്ദേഹം ബി ലൈവ് ന്യൂസിനോട് പറഞ്ഞു.

“2017 ജനുവരിയില്‍ ആണ്  സിനിമയുടെ ആദ്യഘട്ട ചര്‍ച്ചകള്‍ നടന്നത്. നൂറ്റാണ്ടുകള്‍ക്ക് മുന്‍പുള്ള ചരിത്ര പ്രാധാന്യമുള്ള കഥയായതിനാല്‍ വലിയ മുതല്‍ മുടക്ക് പ്രതീക്ഷിച്ചു. സീനിയറായ സംവിധായകരെ വെച്ച് പടം ചെയ്യാമെന്ന് തോന്നി. എന്നാല്‍ പ്രമുഖരായ പലരുടെയും അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും സ്വതന്ത്രമായി ചെറിയ സിനിമകള്‍ ചെയ്തിതിട്ടുണ്ടെന്നുമാണ് സജീവ് പറഞ്ഞത്. അതു വിശ്വസിച്ച് സജീവിനെ തന്നെ സംവിധായകനാക്കി .2017 സെപ്റ്റംബറില്‍ ഒരു കരാറില്‍ ഒപ്പുവെച്ചു.”

അത് പ്രകാരം മൂന്ന് ലക്ഷം രൂപ സ്‌ക്രിപ്റ്റിന്റെ പ്രതിഫലമായും ഇരുപത് ലക്ഷം രൂപ സംവിധാനത്തിനുള്ള പ്രതിഫലവുമായാണ് നിശ്ചയിച്ചിരുന്നത്. ഇതില്‍ സ്‌ക്രിപ്റ്റിന്റെ മൂന്ന് ലക്ഷം രൂപ അടക്കം വരുന്ന ഇരുപത്തിമൂന്ന് ലക്ഷത്തില്‍ ഇരുപത്തിയൊന്ന് ലക്ഷത്തി എഴുപത്തയ്യായിരം രൂപയും ഇതുവരെ കൊടുത്തിട്ടുള്ളതാണ്.

കൂടാതെ മൂന്ന് ലക്ഷം പ്രതിഫലം വാങ്ങി സ്‌ക്രിപ്റ്റും അതിനോട് ബന്ധപ്പെട്ടുള്ള എല്ലാ അവകാശങ്ങളും, കഥ, തിരക്കഥ, സംഭാഷണം, കണ്‍സപ്റ്റ്, എല്ലാ വിധത്തിലുമുള്ള കോപി റൈറ്റ്‌സും സംവിധായകന്‍ നിര്‍മാതാവിന് കൊടുത്തിട്ടുള്ളതാണ്, വേണു കുന്നപ്പിള്ളി പറഞ്ഞു.

എന്നാല്‍ ആദ്യ ഷെഡ്യൂളില്‍ തന്നെ സംവിധായകന്റെ പരിചയക്കുറവ് വ്യക്തമായിരുന്നു. പറഞ്ഞുറപ്പിച്ച ബജറ്റിന്റെ മൂന്നിരട്ടി ചിലവായി.ഷൂട്ട് ചെയ്ത ദ്യശ്യങ്ങള്‍ ഒരു തരത്തിലും ഉപയോഗിക്കാന്‍ പറ്റുന്നവണ്ണം ആയിരുന്നില്ല. എഡിറ്റിന് ശേഷമാണ് ക്വാളിറ്റിയെ കുറിച്ച് ഞങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിച്ചത്. സാങ്കേതിക പ്രവര്‍ത്തകര്‍ക്കും അഭിനേതാക്കളും വരെ അക്കാര്യം മനസ്സിലാക്കി. ഏതാണ്ട് നാല് സിനിമയ്ക്കുള്ള ഫുട്ടേജ് ആണ് വളരെ ചെറിയ ഷെഡ്യൂളില്‍ ആത്മ വിശ്വാസക്കുറവ് കാരണം ഈ സംവിധായകന്‍ എടുത്ത് കൂട്ടിയത്.

തെറ്റ്  തിരുത്തി മുന്നോട്ടു പോകാമെന്നുള്ള സജീവിന്റെ ഉറപ്പിലാണ് അദ്ദേഹം ആവശ്യപ്പെട്ട പരിചയ സമ്പന്നരായ രണ്ട് അസോസിയേറ്റ്‌സിനെ ഉള്‍പ്പെടുത്തി രണ്ടാം ഷെഡ്യൂള്‍ ഷൂട്ട് ആരംഭിച്ചത്.

45 ദിവസം പ്ലാന്‍ ചെയ്ത സെക്കന്‍ഡ് ഷെഡ്യൂള്‍ ആരംഭിച്ചതിനു ശേഷം മുന്‍ തീരുമാനങ്ങള്‍ക്ക് വിരുദ്ധമായി പുതിയ രണ്ട് അസോസിയേറ്റ്‌സിന്റെ സേവനം ഉപയോഗപ്പെടുത്തുവാനോ മുതിര്‍ന്ന അഭിനേതാവിന്റെ നിര്‍ദേശങ്ങള്‍ പോലും ചെവിക്കൊള്ളാതെ കര്‍ക്കശ സ്വഭാവം കാണിക്കുകയും ആദ്യ ഷെഡ്യൂള്‍ പോലെ തന്നെ സിനിമയില്‍ ഒരിക്കലും ഉപയോഗിക്കാന്‍ സാധിക്കാത്ത സീനുകള്‍ ആണെന്ന് ബോധ്യപ്പെട്ടതിനാല്‍ ഇരുപത്തിയേഴാം ദിവസം ഷൂട്ടിങ് നിര്‍ത്തിവെച്ചു.

ഈ സിനിമ മുന്നോട്ടു കൊണ്ടുപോകാനായി മുതിര്‍ന്ന അഭിനേതാവിന്റെ മധ്യസ്ഥതയില്‍ പ്രധാനപ്പെട്ട എല്ലാവരും ചേര്‍ന്ന് ഒരു മീറ്റിംഗ് നടത്തുകയും ഒരു ക്രിയേറ്റീവ് ഡയറക്ടറെ വച്ച് മുന്നോട്ടു പോകാന്‍ തീരുമാനിച്ചു പിരിയുകയും ഡയറക്ടര്‍ ഏകപക്ഷീയമായി ഈ തീരുമാനത്തില്‍ നിന്ന് പിന്തിരിയുകയും ഉണ്ടായി. ഇതിനു ശേഷം ഒന്നും സംഭവിച്ചതായി ഭാവിക്കാതെ എന്നാല്‍ പിന്നീട് കോടതിയില്‍ ഉപയോഗിക്കാനാണെന്ന് വ്യക്തമാകുന്ന വിധത്തില്‍ ജൂലൈ 13, ഒക്ടോബര്‍ 7 എന്നീ ദിവസങ്ങളില്‍ ഞാന്‍ ഭംഗിയായി ഷൂട്ട് ചെയ്‌തെന്നും ഇനിയെന്നാണ് അടുത്ത ഷൂട്ടിംഗ് എന്നെല്ലാം ചോദിച്ചു കൊണ്ട് ഡയറക്ടര്‍ ഇമെയില്‍ സന്ദേശം അയച്ചു. ഇതില്‍ നിന്ന് ഇദ്ദേഹവുമായി മുന്നോട്ടു പോകാന്‍ സാധ്യമല്ല എന്ന് ബോധ്യപ്പെട്ടതിനാല്‍ കരാറനുസരിച്ച് 2018 ഒക്ടോബര്‍ 10 ന്  ടെര്‍മിനേഷന്‍ നോട്ടീസ് അയച്ചു, അദ്ദേഹം വിശദമാക്കി.

പിന്നീട് ഫിലിം ചേംബറും ഫെഫ്കയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ചേര്‍ന്നൊരു മീറ്റിംഗ് സംഘടിപ്പിച്ചു. അതില്‍ ഡയറക്ടറും പ്രൊഡ്യൂസറും കൂടാതെ പത്ത് യൂണിയന്‍ പ്രതിനിധികളും ഉണ്ടായിരുന്നു.

ഈ സംവിധായകനെ വച്ചു കൂടുതല്‍ നഷ്ടം വരുത്താന്‍ ഇനിയും കഴിയാത്തതിനാല്‍ സിനിമ ഇവിടെ വച്ചു നിര്‍ത്താന്‍ നിര്‍ബന്ധിതനാവുകയാണ് എന്നും ഇതുവരെ ചെലവായ പണം തന്നാല്‍ മറ്റൊരു നിര്‍മാതാവിന് സിനിമ വില്‍ക്കാം എന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു. സംവിധായകനെ മാറ്റി പകരം മറ്റൊരാളെ നിയോഗിക്കാനുള്ള അധികാരം നിര്‍മാതാവിന് ഉണ്ടായിരിക്കും എന്നിരിക്കെയാണ് ഇത്.

എന്നാല്‍ മറ്റൊരു നിര്‍മാതാവിനെ കൊണ്ടുവരാന്‍ തനിക്കാവില്ലെന്ന് സജീവ് പിള്ള തുറന്നു സമ്മതിച്ചു. ഒടുവില്‍ മറ്റൊരു  സീനിയര്‍ സംവിധായകനെ കൊണ്ടുവന്ന് സിനിമ പൂര്‍ത്തിയാക്കണം എന്നും അസോസിയേഷനുകൾ അഭിപ്രായപ്പെട്ടു. അങ്ങനെ പദ്മകുമാറിനെ വിളിച്ചു.

ഏറ്റെടുക്കുന്നതിനു മുന്‍പ് മുന്‍ സംവിധായകന്‍ സജീവ് പിള്ളയുമായി അസോസിയേഷന്‍ ഭാരവാഹികള്‍ക്കൊപ്പം പദ്മകുമാര്‍ സംസാരിക്കുകയും സജീവ് പിള്ള സഹകരിക്കാമെന്ന് പറയുകയും ചെയ്തതിനെ തുടര്‍ന്നാണ് എം. പദ്മകുമാര്‍ ഈ സിനിമ ചെയ്യാന്‍ സമ്മതം അറിയിച്ചത്. തുടര്‍ന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ എം. പദ്മകുമാറിനെ വച്ച് സിനിമ പൂര്‍ത്തിയാക്കുവാന്‍ തീരുമാനിച്ചു.

ഈ ഉറപ്പിനെ തുടര്‍ന്ന് നാലിടത്തായി സെറ്റ് വര്‍ക്കുകള്‍ വീണ്ടും ആരംഭിക്കുകയും ആയിരത്തോളം തെഴിലാളികള്‍ പണിയെടുത്ത്  മൂന്ന് കോടിയോളം ചെലവില്‍ മൂന്നാം ഷെഡ്യൂള്‍ സെറ്റ് വര്‍ക്ക് അവസാന ഘട്ടത്തിലെത്തുകയും ചെയ്തു. ജനുവരി 25ന് ഷൂട്ട് തുടങ്ങാനിരിക്കുമ്പോഴാണ്  ജനുവരി  16 ന് സജീവ് പിള്ളയുടെ വക്കീല്‍ നോട്ടീസ് എനിക്ക് കിട്ടുന്നത്.

വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പരാമര്‍ശിച്ചു കൊണ്ട് ഭീഷണി സ്വരത്തിലായിരുന്നു ഈ നോട്ടീസ്. ഇതു വരെയായി നിര്‍മാതാവ് സംവിധായകന് തുക ഒന്നും തന്നെ കൊടുത്തിട്ടില്ലെന്നും മറ്റുമുള്ള പച്ച കള്ളങ്ങളായിരുന്നു ഈ നോട്ടീസില്‍. 25 ന് നിശ്ചയിച്ച ഷൂട്ടിങ് മുടക്കുവാനായി അദ്ദേഹമയച്ച വക്കീല്‍ നോട്ടീസിന്റെ മറുപടി കൈപ്പറ്റാതിരിക്കാന്‍ സാധ്യത ഉള്ളതിനാല്‍ അദ്ദേഹത്തിന്റെ വിലാസം ഉറപ്പു വരുത്തിയതിനു ശേഷമാണ് മറുപടി അയച്ചത്.

സജീവ് കമ്പനിക്ക് വരുത്തി വെച്ച വലിയ നഷ്ടങ്ങള്‍ക്കും കമ്പനിയുടെ സല്‍പ്പേര് ഇല്ലാതാക്കാന്‍ നടത്തിക്കൊണ്ടിരിക്കുന്ന നിരന്തര ശ്രമങ്ങളും കരാര്‍ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ സിനിമയെ കളങ്കപ്പെടുത്താന്‍ നടത്തുന്ന ശ്രമങ്ങളും കണക്കിലെടുത്ത് നഷ്ട പരിഹാരം ഈടാക്കുന്നതിനായി നിയമ നടപടികളിലേക്ക് കമ്പനി കടക്കുകയാണ്. മാമാങ്കം സിനിമയുമായി ഇനി സജീവിന് യാതൊരു ബന്ധവുമില്ല. 

എം. പദ്മകുമാര്‍ എന്ന മികച്ച സംവിധായകന്റെ മികവില്‍ മികച്ച സാങ്കേതിക വിദ്യ ഉപയോഗിച്ച് മാമാങ്കം രാജ്യാന്തര നിലവാരത്തില്‍ തന്നെ പുറത്തിറക്കുമെന്നും വേണു കുന്നപ്പിള്ളി പറഞ്ഞു. 

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ജിയോ ഫോണ്‍ ഉപയോക്താക്കള്‍ക്കായി ജിയോ റെയില്‍ ആപ്

ഡിഫ്ത്തീരിയ: പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി ആരോഗ്യ വകുപ്പ്